സിൽവർലൈൻ:'മോദിക്ക് മുന്നിൽ കേരളത്തിലെ ബിജെപി സമരം ചെയ്യുമോ? ആകെ കാപട്യം’
'സിൽവർലൈൻ കേരളത്തിനു ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും. വൈദേശിക, സ്ഥാപിത താൽപര്യങ്ങളാണിതിനു പിന്നിൽ. കോവിഡും പ്രളയവുമൊക്കെ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നട്ടെല്ലൊടിഞ്ഞു കിടക്കുമ്പോൾ, ഇത്തരമൊരു ആർഭാട പദ്ധതിക്കായി ഒരു ലക്ഷത്തോളം കോടി രൂപ ചെലവിടുകയല്ല വേണ്ടത്. സമയം അത്ര വലിയ പ്രശ്നമല്ല. അത്യാവശ്യക്കാർക്ക്, കീശ കാലിയാകാതെ തന്നെ കണ്ണൂരിൽനിന്നു വിമാനത്തിൽ തിരുവനന്തപുരത്തെത്താമല്ലോ?'
'സിൽവർലൈൻ കേരളത്തിനു ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും. വൈദേശിക, സ്ഥാപിത താൽപര്യങ്ങളാണിതിനു പിന്നിൽ. കോവിഡും പ്രളയവുമൊക്കെ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നട്ടെല്ലൊടിഞ്ഞു കിടക്കുമ്പോൾ, ഇത്തരമൊരു ആർഭാട പദ്ധതിക്കായി ഒരു ലക്ഷത്തോളം കോടി രൂപ ചെലവിടുകയല്ല വേണ്ടത്. സമയം അത്ര വലിയ പ്രശ്നമല്ല. അത്യാവശ്യക്കാർക്ക്, കീശ കാലിയാകാതെ തന്നെ കണ്ണൂരിൽനിന്നു വിമാനത്തിൽ തിരുവനന്തപുരത്തെത്താമല്ലോ?'
'സിൽവർലൈൻ കേരളത്തിനു ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും. വൈദേശിക, സ്ഥാപിത താൽപര്യങ്ങളാണിതിനു പിന്നിൽ. കോവിഡും പ്രളയവുമൊക്കെ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നട്ടെല്ലൊടിഞ്ഞു കിടക്കുമ്പോൾ, ഇത്തരമൊരു ആർഭാട പദ്ധതിക്കായി ഒരു ലക്ഷത്തോളം കോടി രൂപ ചെലവിടുകയല്ല വേണ്ടത്. സമയം അത്ര വലിയ പ്രശ്നമല്ല. അത്യാവശ്യക്കാർക്ക്, കീശ കാലിയാകാതെ തന്നെ കണ്ണൂരിൽനിന്നു വിമാനത്തിൽ തിരുവനന്തപുരത്തെത്താമല്ലോ?'
കണ്ണൂർ∙ സിപിഎമ്മും ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയപാർട്ടികളെല്ലാം രഹസ്യമായെങ്കിലും അതിവേഗ റെയിൽപാതയ്ക്കു പിന്തുണ നൽകുന്നവരാണെന്ന് മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രതിരോധ സമര നേതാവ് ശശികാന്ത് സോണാവനെ. നിലവിലുള്ള റെയിൽവേ സംവിധാനം ശക്തിപ്പെടുത്തി, സിൽവർലൈനിനു പകരം സംവിധാനം തേടണം. ഇടതായാലും വലതായാലും മധ്യത്തിലായാലും പ്രതിപക്ഷമില്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. സിൽവർലൈനായാലും ബുള്ളറ്റ് ട്രെയിനായാലും സിപിഎമ്മിന്റെ നയം ഇരട്ടത്താപ്പാണ്. ബിജെപിയാകട്ടെ മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുകൂലമാണ്, കേരളത്തില്‍ സിൽവർലൈനിന് എതിരും. കോൺഗ്രസും എൻസിപിയുമൊക്കെ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ പ്രസ്താവന നടത്തുന്നുവെങ്കിലും മഹാരാഷ്ട്രയിൽ അവരുടെ സർക്കാരാണ് അതിനു വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ, ബുള്ളറ്റ് ട്രെയിനിനെതിരെ സമരരംഗത്തുള്ള സംഘടനകളുടെ കൂട്ടായ്മയായ ‘ഭൂമിപുത്ര ബചാവ് ആന്തോള’ന്റെ നേതാവും ഭൂമി സേന, യുവഭാരത് എന്നീ സംഘടനകളുടെ പ്രവർത്തകനുമാണ് ശശികാന്ത് സോണാവാനെ. സിൽവർലൈൻ പ്രതിരോധസമിതിയുടെ, കണ്ണൂർ, കാസർകോട് ജില്ലകളിലെ കാൽനടജാഥയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. സിൽവർലൈൻ പ്രതിഷേധം കേരളത്തിൽ ശക്തമാകുന്ന സാഹചര്യത്തിൽ അദ്ദേഹം നയം വ്യക്തമാക്കുന്നു...
∙ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൽ സിപിഎമ്മിന്റെ നിലപാടെന്താണ്? ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ മാത്രമാണ് എതിർപ്പെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കണ്ണൂരിൽ പറഞ്ഞിരുന്നു?
സിപിഎമ്മിന്റെ നയം ഇരട്ടത്താപ്പാണ്. അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ പ്രതിരോധ സമരത്തിൽ നേരത്തേ അവർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അവരുടെ സംസ്ഥാന സെക്രട്ടറി തന്നെ തുറന്ന പ്രസ്താവനയുമായി എത്തിയിരുന്നു. ആവശ്യത്തിലധികം നഷ്ടപരിഹാരം നൽകാൻ അവിടെ ബന്ധപ്പെട്ട കമ്പനികൾ തയാറാണ്. സിപിഎമ്മിന്റെ ആവശ്യപ്രകാരം, നഷ്ടപരിഹാരം വർധിപ്പിച്ചതിനു ശേഷം അവർ പഴയതുപോലെ പ്രകടമായി രംഗത്തില്ല. അതേസമയം, അവരുടെ അണികൾ ഞങ്ങൾക്കൊപ്പം ഇപ്പോഴുമുണ്ടു താനും. നഷ്ടപരിഹാരം മാത്രമല്ല, അവിടുത്തെ ജനങ്ങളുടെ പ്രശ്നം എന്ന് ഇതിൽനിന്നു വ്യക്തമാണല്ലോ.
വൈരുധ്യം സിപിഎമ്മിന്റെ മാത്രം കാര്യമല്ല. കേരളത്തിൽ സിൽവർലൈനിനെതിരെ സമരം നടത്തുന്ന ബിജെപി, അതിവേഗ റെയിൽ വേണ്ടെന്ന ആവശ്യവുമായി മോദിക്കു മുന്നിൽ പ്രകടനം നടത്തുമോ? അവർ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുകൂലമാണ്. ഇവിടെ ആത്മാർഥതയില്ലാതെ എതിർക്കുന്നുവെന്നു മാത്രം. കോൺഗ്രസും എൻസിപിയുമൊക്കെ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ പ്രസ്താവന നടത്തുന്നുവെങ്കിലും മഹാരാഷ്ട്രയിൽ അവരുടെ സർക്കാരാണ് അതിനു വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നത്.
വികസനത്തിന്റെ പേരിൽ നിർമാണം നടത്തുകയും കമ്മിഷൻ അടിച്ചു മാറ്റുകയും ചെയ്യുക മാത്രമാണ് ഇവരുടെ ലക്ഷ്യം. ബുള്ളറ്റ് ട്രെയിനും സിൽവർലൈനുമൊക്കെ വെള്ളാനകളാണ്. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനും ജപ്പാൻ വായ്പയാണ്. 0.1% പലിശ, 15 വർഷ മൊറട്ടോറിയം എന്നിവയാണു പ്രത്യേകതകളായി മോദി എടുത്തു പറയുന്നത്. പക്ഷേ, തിരിച്ചടവ് വിദേശനാണ്യത്തിലാണ്. അതിന്റെ നിരക്കിലുണ്ടാകുന്ന വർധനയെപ്പറ്റി മോദി മൗനത്തിലാണ്. അവർക്ക്, അവരുടെ പേരിൽ വലിയൊരു പദ്ധതി വേണം. അതു സാധാരണക്കാർക്കു പ്രയോജനപ്പെടുന്നുണ്ടോയെന്നൊന്നും പ്രശ്നമല്ല. പക്ഷേ, അതിനുപയോഗിക്കുന്നതു പൊതുജനങ്ങളുടെ പണമാണ്.
∙ ഇത്തരം പദ്ധതികളോടുള്ള സിപിഎം നിലപാടിൽ വൈരുധ്യമുണ്ടോ?
തീർച്ചയായും. ജന്മികളിൽ നിന്നു ഭൂമി പിടിച്ചെടുത്തു കർഷകനു കൊടുത്ത സിപിഎം ആണ്, അതിപ്പോൾ തിരിച്ചു വാങ്ങുന്നത്. അതാണേറ്റവും വലിയ വൈരുധ്യം. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം വർധിപ്പിച്ച ശേഷവും മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎ, ഞങ്ങളുടെ പ്രതിഷേധ വേദിയിൽ പങ്കെടുത്തിട്ടുണ്ട്. ഇതു ജനങ്ങളുടെ വികാരം മനസ്സിലാക്കിയതു കൊണ്ടായിരിക്കണം. അതേസമയം,പ്രധാനപ്പെട്ട സിപിഎം നേതാക്കൾ സമരത്തിൽ സജീവമായി പങ്കെടുക്കാറുമില്ല. ഒളിച്ചു കളി വ്യക്തമാണ്. മഹാരാഷ്ട്രയിലെ സിപിഎമ്മിൽ നിന്നു വ്യത്യസ്തമാണോ കേരളത്തിലെ സിപിഎം? ഇടതുപാർട്ടികൾ വലതു നിലപാടാണെടുക്കുന്നത്. പുതിയ ഉദാരീകരണ ലോകത്ത്, ‘നിർമാണം, നിർമാണം, നിർമാണം’ എന്ന മന്ത്രം സിപിഎമ്മിനെയും ബാധിച്ചിരിക്കുന്നു.
∙ അതിവേഗ ട്രെയിനുകൾ കാർബൺ മലിനീകരണം കുറയ്ക്കുമെന്നാണല്ലോ വാദം?
മുംബൈയിലേതടക്കം ലോകത്തൊരു മെട്രോയും അതിവേഗ ട്രെയിനും റോഡ് ഗതാഗത പ്രശ്നങ്ങളോ കാർബൺ മലിനീകരണമോ കുറച്ചിട്ടില്ല. ചൈനയും ജപ്പാനുമൊക്കെ അത്തരം പാതകളിൽ നിന്നു പിന്മാറി. യുഎസ് ആകട്ടെ, പരിഗണിച്ച പദ്ധതി വേണ്ടെന്നു വച്ചു. അതിവേഗ ട്രെയിൻ വന്നതു കൊണ്ട്, കാറുകളുടെയെണ്ണം കുറയില്ല. ജപ്പാൻ തന്നെ വേണ്ടെന്നു വച്ച അതിവേഗ ട്രെയിൻ സാങ്കേതിക വിദ്യയാണ് ഇന്ത്യയ്ക്കു നൽകുന്നത്. അവരിപ്പോൾ പരിഗണിക്കുന്നതു മാഗ്‌നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യയിൽ, മണിക്കൂറിൽ 650 കിലോമീറ്റർ വേഗമുള്ള ട്രെയിനുകളാണ്. അവിടെ വേണ്ടാത്തതാണ് ഇവിടെ പ്രയോഗിക്കുന്നതെന്നർഥം. ചൈനയും ഇതേ ലൈനിലാണ്.
∙ കേരളത്തിലെ സിൽവർലൈനിനെ പറ്റി?
സിൽവർലൈൻ കേരളത്തിനു ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും. വൈദേശിക, സ്ഥാപിത താൽപര്യങ്ങളാണിതിനു പിന്നിൽ. കോവിഡും പ്രളയവുമൊക്കെ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നട്ടെല്ലൊടിഞ്ഞു കിടക്കുമ്പോൾ, ഇത്തരമൊരു ആർഭാട പദ്ധതിക്കായി ഒരു ലക്ഷത്തോളം കോടി രൂപ ചെലവിടുകയല്ല വേണ്ടത്. സമയം അത്ര വലിയ പ്രശ്നമല്ല. അത്യാവശ്യക്കാർക്ക്, കീശ കാലിയാകാതെ തന്നെ കണ്ണൂരിൽനിന്നു വിമാനത്തിൽ തിരുവനന്തപുരത്തെത്താമല്ലോ? സമയമെന്നൊക്കെ പറഞ്ഞ്, എന്തിനാണ് ഇത്രയും പ്രകൃതി വിഭവങ്ങൾ നശിപ്പിക്കുന്നത്? അവകാശപ്പെടുന്ന തരത്തിലുള്ള യാത്രക്കാർ സിൽവർലൈനിൽ കയറാനിടയില്ല. അഹമ്മദാബാദ് – മുംബൈ സെക്ടറിൽ, റെയിൽ, റോഡ്, വിമാന സൗകര്യങ്ങളുടെ ശേഷിയിൽ 65% മാത്രമാണ് നിലവിൽ ഉപയോഗിക്കപ്പെടുന്നത്. ബുള്ളറ്റ് ട്രെയിനിൽ കയറുമെന്ന് പറയുന്ന രത്നവ്യാപാരികൾ, ജീവനക്കാർക്കു ബെൻസ് കാറാണു ബോണസായി നൽകുന്നത്. സ്വന്തമായി ജെറ്റ് വിമാനമുള്ള മുതലാളിമാരെന്തിനാണു ബുള്ളറ്റ് ട്രെയിനിൽ കയറുന്നത്?
∙ ഇവയ്ക്കെല്ലാം പകരം എന്തെങ്കിലും നിർദേശം?
200 കിലോമീറ്റർ വേഗശേഷിയുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകളുണ്ടാക്കുന്നതിനുള്ള പ്രാഥമിക പദ്ധതിക്ക് 150 കോടി രൂപ മാത്രമാണു ചെലവ്. നമ്മുടെ എൻജിനീയർ, നമ്മുടെ നാടിന് അനുസൃതമായുണ്ടാക്കിയ ട്രെയിൻ. ഇതിനനുസരിച്ച്, നിലവിലുള്ള പാതകളും റെയിൽവേ സ്റ്റേഷനുകളും വികസിപ്പിക്കുകയാണു വേണ്ടത്. ഡൽഹി–വാരാണസി സെക്ടറിൽ മണിക്കൂറിൽ 130–140 കിലോമീറ്റർ വേഗത്തിൽ ഇന്ത്യയിൽ നിലവിൽ ട്രെയിൻ ഓടുന്നുണ്ട്. അതാണു കൂടുതൽ പ്രയോജനം ചെയ്യുക. അതിനു വേണ്ടി പണവും ശേഷിയും വിനിയോഗിക്കുകയാണു വേണ്ടത്. പണച്ചെലവും പ്രയോജനവും തമ്മിൽ താരതമ്യം ചെയ്ത്, യാഥാർഥ്യ ബോധമുള്ള റെയിൽ യാത്രാ പദ്ധതികളാണു വേണ്ടത്.
സബ്സിഡിയോടെയാണെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും ചെലവു കുറഞ്ഞ മാർഗം. അത്യാവശ്യക്കാർക്ക് വിമാനത്തിൽ യാത്ര ചെയ്യാമല്ലോ. വിമാനയാത്ര ഇപ്പോൾ അത്ര ചെലവേറിയതല്ല താനും. ബുള്ളറ്റ് ട്രെയിൻ പദ്ധതി അവലോകനത്തിനായി എത്തിയ ജപ്പാൻ സംഘത്തോടു ഞാൻ സംസാരിച്ചിരുന്നു. പഴകിയ സാങ്കേതിക വിദ്യയ്ക്കായി ഒരു ലക്ഷം കോടി രൂപ വായ്പ നൽകുന്നതിനു പകരം, ഇതു നിലവിൽ ഇന്ത്യയിലുള്ള റെയിൽവേ പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനു നൽകിക്കൂടേയെന്നാണ് ഞാൻ ചോദിച്ചത്. ഈ തുക കൊണ്ട്, ഇന്ത്യയിലെ മൊത്തം റെയിൽവേ ശൃംഖല വേഗ ട്രെയിനുകൾക്കായി നവീകരിക്കാൻ കഴിയും. സ്റ്റേഷനുകളിലെ സൗകര്യങ്ങൾ ഉയർത്താനും കഴിയും.
∙ സിൽവർലൈൻ കേരളത്തിൽ എന്തൊക്കെ പ്രത്യാഘാതങ്ങളാണുണ്ടാക്കുക?
ഓരോ മലയാളിയും വൻ തുകയുടെ കടക്കെണിയിൽ പെടും. ചിറ കെട്ടുന്നതോടെ, വെള്ളപ്പൊക്കവും പ്രളയവുമുണ്ടാകും. കടൽജലനിരപ്പുയരുന്ന സാഹചര്യത്തിൽ, വെള്ളപ്പൊക്ക സാധ്യത വീണ്ടും വർധിക്കും. മണ്ണും കല്ലുമടക്കം ഒരുപാടു പ്രകൃതിവിഭവങ്ങൾ മണ്ണിനടിയിലാകും. അതു കുഴിച്ചെടുക്കുന്ന സ്ഥലത്തുണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. ഇതൊക്കെ, അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനും ബാധകമാണ്. ആകാശപ്പാതയാണെന്നു പറയുന്നു. എത്രമാത്രം കോൺക്രീറ്റും സ്റ്റീലുമാണുപയോഗിക്കേണ്ടി വരിക? ഇതൊക്കെ പ്രകൃതിക്കു ദോഷമേയുണ്ടാക്കൂ.
∙ ഹരിത രാഷ്ട്രീയ പാർട്ടിക്ക് ഇന്ത്യയിൽ സാധ്യതയുണ്ടോ?
മനുഷ്യനോടാണോ കാലാവസ്ഥയോടാണോ നീതി പുലർത്തേണ്ടത് എന്നതാണു പ്രധാന ചോദ്യം. രണ്ടു ഘടകങ്ങളോടും നീതി പുലർത്തിക്കൊണ്ട് ഹരിതരാഷ്ട്രീയ പാർട്ടികൾക്കു നിലനിൽക്കാനാകുമോയെന്നു കണ്ടറിയണം. ഹരിത രാഷ്ട്രീയം വന്നേക്കാം എന്നേ പറയാൻ കഴിയൂ.
English Summary: Mumbai-Ahmedabad BulletTrain and Silverline: Interview with Environmentalist Shashikant Sonawane