മരതകദ്വീപ് എന്നാണ് ശ്രീലങ്ക അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് കിലോമീറ്ററുകൾ മാത്രമകലെ സമുദ്രത്താൽ വലയം ചെയ്ത ഈ സുവർണ്ണദ്വീപിന്റെ കണ്ണുനീരാണ് ഇന്നു ലോകം കാണുന്നത്. സാമ്പത്തികമായി തകർന്ന, അന്നത്തിനും എണ്ണയ്ക്കുമായി മറ്റു രാജ്യങ്ങൾക്കു മുന്നിൽ | Sri Lanka | Sri Lanka Economic Crisis | Gotabaya Rajapaksa | Ranil Wickremesinghe | Manorama Online

മരതകദ്വീപ് എന്നാണ് ശ്രീലങ്ക അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് കിലോമീറ്ററുകൾ മാത്രമകലെ സമുദ്രത്താൽ വലയം ചെയ്ത ഈ സുവർണ്ണദ്വീപിന്റെ കണ്ണുനീരാണ് ഇന്നു ലോകം കാണുന്നത്. സാമ്പത്തികമായി തകർന്ന, അന്നത്തിനും എണ്ണയ്ക്കുമായി മറ്റു രാജ്യങ്ങൾക്കു മുന്നിൽ | Sri Lanka | Sri Lanka Economic Crisis | Gotabaya Rajapaksa | Ranil Wickremesinghe | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരതകദ്വീപ് എന്നാണ് ശ്രീലങ്ക അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് കിലോമീറ്ററുകൾ മാത്രമകലെ സമുദ്രത്താൽ വലയം ചെയ്ത ഈ സുവർണ്ണദ്വീപിന്റെ കണ്ണുനീരാണ് ഇന്നു ലോകം കാണുന്നത്. സാമ്പത്തികമായി തകർന്ന, അന്നത്തിനും എണ്ണയ്ക്കുമായി മറ്റു രാജ്യങ്ങൾക്കു മുന്നിൽ | Sri Lanka | Sri Lanka Economic Crisis | Gotabaya Rajapaksa | Ranil Wickremesinghe | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരതകദ്വീപ് എന്നാണ് ശ്രീലങ്ക അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് കിലോമീറ്ററുകൾ മാത്രമകലെ സമുദ്രത്താൽ വലയം ചെയ്ത ഈ സുവർണ്ണദ്വീപിന്റെ കണ്ണുനീരാണ് ഇന്നു ലോകം കാണുന്നത്. സാമ്പത്തികമായി തകർന്ന, അന്നത്തിനും എണ്ണയ്ക്കുമായി മറ്റു രാജ്യങ്ങൾക്കു മുന്നിൽ കൈനീട്ടേണ്ടിവന്ന ലങ്കയിൽ ഭരണകൂടത്തെ നേരിടാൻ ജനം തെരുവിലാണ്. ആയിരക്കണക്കിനു വർഷങ്ങളുടെ സാംസ്കാരിക അടിത്തറയും ചരിത്രവുമുള്ള ഈ രാജ്യത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന്റെ  ഉത്തരവാദിത്തം ഇന്നത്തെ ചില രാഷ്ട്രീയക്കാരിൽ മാത്രമൊതുങ്ങുന്നതല്ല. ശ്രീലങ്കയിലെ ബ്രിട്ടിഷ് അനന്തര ജനാധിപത്യ സർക്കാരുകളുടെ അവസരവാദരാഷ്ട്രീയവും വംശീയപ്രീണനങ്ങളും അഴിമതികളുമൊക്കെ കാരണമായ, പതിറ്റാണ്ടുകൾ കൊണ്ടുണ്ടായ ആ തകർച്ചയിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ ജനത്തിന്റെ പ്രതിഷേധജ്വാലയിൽ നാടുവിട്ടിറങ്ങേണ്ടിവന്ന രാജപക്സെമാർ.

∙ ചോരക്കളിയുടെ ചരിത്രം

ADVERTISEMENT

ഒന്നേകാൽ ലക്ഷം വർഷങ്ങൾക്കു മുൻപുതന്നെ മനുഷ്യവാസമുണ്ടായിരുന്നു എന്നു ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്ന ശ്രീലങ്കയിൽനിന്ന് 35,000 വർഷം പഴക്കമുള്ള മനുഷ്യ ഫോസിലുകൾ കണ്ടെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ ലിഖിത ചരിത്രം ആരംഭിക്കുന്നത് ബിസി ആറാം നൂറ്റാണ്ടിലാണ്. ആദിമനിവാസികളായ വെദ്ധാ വംശജർ വസിച്ചിരുന്ന ഇവിടേക്ക് ഇൻഡോ-ആര്യൻ വംശജർ എത്തിയതോടെയാണ് കുടിയേറ്റത്തിന്റെ ചോരക്കളി തുടങ്ങുന്നത്. രാമായണത്തിലും ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം എന്നിവയിലും ലങ്കയെപ്പറ്റി പരാമർശങ്ങളുണ്ട്. ബി.സി. 543-ൽ ഗുജറാത്തിലെ സിംഹപുരയിൽനിന്ന് ലങ്കയിലെത്തിയ വിജയബാഹു എന്ന രാജകുമാരന്റെ പിന്മുറക്കാരാണ് സിംഹളരെന്ന് ‘മഹാവംശ’ പറയുന്നു. ഹിന്ദുമത വിശ്വാസികളായിരുന്ന സിംഹളർക്കിടയിൽ ബുദ്ധമതം പ്രചരിപ്പിച്ചത് അശോക ചക്രവർത്തിയുടെ മക്കളായ മഹേന്ദ്രനും സംഘമിത്രയുമായിരുന്നു എന്നും കരുതപ്പെടുന്നു.

കൊളംബോയിലെ പ്രസിഡന്റിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധിക്കുന്നവർ. (Photo: AFP)

തമിഴ്നാട്ടിലെ ധനുഷ്കോടിയിൽനിന്നു ശ്രീലങ്കയിലെ തലൈമന്നാറിലേക്കുള്ള ദൂരം വെറും 27 കിലോമീറ്ററാണ്. ഈ ദൂരക്കുറവു മൂലം ചേര, ചോള, പാണ്ഡ്യന്മാർ പലപ്പോഴായും ലങ്കയുടെ പലഭാഗങ്ങളെയും ആക്രമിച്ചു കീഴടക്കി. തമിഴ് നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന രാജ്യങ്ങൾ തമിഴ് ഈഴങ്ങൾ എന്നാണ് അറിയപ്പെട്ടിരുന്നത്. എഡി പത്താം നൂറ്റാണ്ടോടെ വിജയബാഹു ഒന്നാമൻ ശക്തമായ ഒരു സിംഹള സാമ്രാജ്യം സ്ഥാപിച്ചു. അനുരാധപുരമായിരുന്നു തലസ്ഥാനം. പന്ത്രണ്ടാം നൂറ്റാണ്ടോടെ വടക്കുകിഴക്കൻ മേഖലയിലെ ഉൾനാടുകളിലേയ്ക്ക് തമിഴ് രാജാക്കന്മാരുടെ ഭരണം ചുരുങ്ങി.   

ഇൻഡോ-ആര്യൻ വിഭാഗക്കാരായ സിംഹളർ ബുദ്ധമത വിശ്വാസികളും സംസ്കൃത സ്വാധീനമുള്ള സിംഹളഭാഷ ഉപയോഗിക്കുന്നവരുമായിരുന്നു. ദ്രാവിഡ വിഭാഗത്തിൽപ്പെട്ട തമിഴ് ജനത ദ്രാവിഡ വിഭാഗത്തിൽപ്പെട്ടവരും ഹിന്ദുമത വിശ്വാസികളും തമിഴ് ഉപയോഗിക്കുന്നവരുമായിരുന്നു. മതപരവും ഭാഷാപരവുമായ ഈ ചേരിതിരിവ് അവരുടെ സംസ്കാരങ്ങളിലും പ്രതിഫലിച്ചിരുന്നു. അക്കാലത്താണ് പോർച്ചുഗീസുകാരുടെ വരവ്. പുരാതനകാലം മുതൽ ലങ്കയിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങൾ, രത്നങ്ങൾ തുടങ്ങിയവ കയറ്റുമതി ചെയ്തിരുന്നു. അതാണ് പോർച്ചുഗീസുകാരെ ആകർഷിച്ചത്. അവർ ‘സൈലവോ’ എന്നാണ് ലങ്കയെ വിളിച്ചിരുന്നത്.

∙ പോർച്ചുഗീസ് കാലം

ADVERTISEMENT

ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശവുമായി ഏറെ സമാനതകളുള്ളതായിരുന്നു ശ്രീലങ്കയിലെ പോർച്ചുഗീസ് അധിനിവേശവും.  ലോറൈൻസി ഡ അൽമേഡ എന്ന പോർച്ചുഗീസ് നാവികൻ ശ്രീലങ്കയിൽ കാലുകുത്തുമ്പോൾ തമിഴ് രാജാക്കന്മാരുടെയും സിംഹള രാജാക്കന്മാരുടെയും യുദ്ധഭൂമിയായിരുന്നു ആ ദ്വീപ്. അവരെ തമ്മിലടിപ്പിച്ചും ആക്രമിച്ചും താവളമുറപ്പിച്ച പോർച്ചുഗീസുകാർ ക്രമേണ സിംഹളരും തമിഴരും ഭരിച്ചിരുന്ന ചെറുനാട്ടുരാജ്യങ്ങളെ കീഴടക്കി. പക്ഷേ ശക്തമായ കാൻഡി രാജ്യത്തെ മാത്രം കീഴടക്കുവാൻ കഴിഞ്ഞില്ല. പകരം കാൻഡിയിലെ സിംഹള രാജാവുമായി അവർ കപ്പക്കരാർ ഉണ്ടാക്കി. വൻനികുതികൾ ഏർപ്പെടുത്തിയും അടിമകളെപ്പോലെ പണിയെടുപ്പിച്ചും മതപരിവർത്തനം നടത്തിയും പ്രകൃതിവിഭവങ്ങൾ പരമാവധി ചൂഷണം ചെയ്തുമായിരുന്നു പോർച്ചുഗീസുകാരുടെ ഭരണം. പോർച്ചുഗീസ് ഭാഷ ജനത്തെ നിർബന്ധമായും പഠിപ്പിച്ചു. തമിഴ് ദേശീയതയെയും സിംഹള ദേശീയതയെയും രണ്ടായി നിലനിർത്തിയാണ് ഭരിച്ചിരുന്നതെങ്കിലും ഇരുവിഭാഗങ്ങളുടെയും സാംസ്കാരികപരവും മതപരവുമായ അടിത്തറകളെ അംഗീകരിക്കുവാൻ പോർച്ചുഗീസുകാർ തയാറായിരുന്നില്ല.

പ്രതിഷേധക്കാർക്കും മാധ്യമങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ആളുകൾ പ്രതിഷേധിക്കുന്നു. (Photo: ARUN SANKAR / AFP)

ലങ്കയുടെ തീരമേഖല പോർച്ചുഗീസ് നിയന്ത്രണത്തിലായിരുന്നത് കാൻഡിയുടെ വാണിജ്യതാത്പര്യങ്ങൾക്ക് വലിയ വെല്ലുവിളിയായി. കാൻഡിയിലെ സിംഹളരാജാവായ രാജസിംഹൻ രണ്ടാമൻ ഡച്ചുകാരുമായി ഉടമ്പടിയുണ്ടാക്കി അവർക്കൊപ്പം ചേർന്ന് പോർച്ചുഗീസുകാരെ തോൽപിച്ചു. തുടർന്ന് തീരമേഖല ഡച്ച് നിയന്ത്രണത്തിലാകുകയും പോർച്ചുഗീസ് കോട്ടകളിൽ അവർ താവളമുറപ്പിക്കുകയും ചെയ്തു. പിന്നാലെ, യുദ്ധത്തിലുണ്ടായ നഷ്ടത്തിന്റെ പേരിൽ കാൻഡിയും ഡച്ചുകാരുമായി തർക്കമായി. അതോടെ രാജാവ് ഫ്രഞ്ചുകാരുടെ സഹായം തേടി. ട്രിങ്കോമാലികോട്ട അവർക്കു നൽകുകയും ചെയ്തു. കുപിതരായ ഡച്ചുകാർ ഫ്രഞ്ചുകാരെ ആക്രമിച്ച് കോട്ട സ്വന്തമാക്കി. ശ്രീലങ്കയിലെ തമിഴ് രാജ്യങ്ങളെല്ലാം കീഴ്പ്പെടുത്തിയ ഡച്ചുകാർ അവിടെ യൂറോപ്പിൽ ഏറെ ആവശ്യമുണ്ടായിരുന്ന കറുവപ്പട്ട, പുകയില തുടങ്ങിയവ വ്യാപകമായി കൃഷിചെയ്യുകയും അവയുടെ കയറ്റുമതിയിലൂടെ വൻലാഭം നേടുകയും ചെയ്തു. ഡച്ചുകാർ ശ്രീലങ്കയ്ക്ക് ‘സൈലോൺ’ എന്ന പേരാണ് നൽകിയത്. പോർച്ചുഗീസുകാരിൽനിന്നു വ്യത്യസ്തമായി തമിഴരുടെയും സിംഹളരുടെയും വംശീയതയെ അംഗീകരിച്ചും രണ്ട് സാമ്പത്തിക ഭരണമേഖലകൾ തിരിച്ചുകൊണ്ടുമുള്ള ഭരണമാണ് ഡച്ചുകാർ കാഴ്ചവച്ചത്. 

∙ ബ്രിട്ടിഷ് കാലം; കുടിയേറ്റത്തിന്റെയും

1796 ൽ ബ്രിട്ടിഷുകാർ ശ്രീലങ്കയിലെത്തുമ്പോൾ തമിഴരും സിംഹളരും വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത സാമ്പത്തിക മേഖലകളിലായിരുന്നു. ഡച്ചുകാരെ പരാജയപ്പെടുത്തിയ ബ്രിട്ടൻ രണ്ട് പ്രദേശങ്ങളെയും ഒന്നാക്കി ഭരണം ആരംഭിച്ചു. 1815 ൽ കാൻഡിയെ കീഴടക്കി ശ്രീലങ്ക പൂർണമായിത്തന്നെ ബ്രിട്ടൻ കൈവശപ്പെടുത്തി. അതോടെ 2,300 വർഷം പഴക്കമുള്ള സിംഹള രാജവംശഭരണം ശ്രീലങ്കയിൽ അവസാനിച്ചു. തുടർന്ന് ശ്രീലങ്ക ബ്രിട്ടിഷ് ചക്രവർത്തി ജോർജ് മൂന്നാമന്റെ അധീനതയിലായി. ബ്രിട്ടിഷുകാർ ‘സിലോൺ’ എന്നാണ് ലങ്കയെ വിളിച്ചത്.

ADVERTISEMENT

ബ്രിട്ടിഷുകാർ ലങ്കയിൽ വൻതോതിൽ തേയിലക്കൃഷി തുടങ്ങിയതോടെ തമിഴ്നാട്ടിൽനിന്നു കൂടുതൽ തൊഴിലാളികളെത്തി. വളരെ പരിതാപകരമായിരുന്നു തേയിലത്തോട്ടങ്ങളിലെ ജീവിതം. 1860 ഓടെ കുടിയേറ്റ തൊഴിലാളികളുടെ സംഖ്യ പത്തുലക്ഷം കവിഞ്ഞിരുന്നു. കേരളവും കർണാടകയും ഉൾപ്പെടെ ദക്ഷിണേന്ത്യയുടെ മറ്റു ഭാഗത്തുനിന്നും കുടിയേറ്റമുണ്ടായി. ക്രമേണ പുതിയ തമിഴ് കുടിയേറ്റ തൊഴിലാളികളും ശ്രീലങ്കൻ തമിഴരെപ്പോലെ ബ്രിട്ടിഷ് ഭരണകൂടവുമായി ഇഴുകിച്ചേർന്നു. ഈ തൊഴിലാളികൾ ശ്രീലങ്കയിൽ തുടരേണ്ടത് ബ്രിട്ടന്റെ ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ അവരിൽ ഭൂരിപക്ഷത്തിനും ശ്രീലങ്കൻ പൗരത്വവും ലഭിച്ചു. അവരുടെ പിൻമുറക്കാർ മിഷനറിമാരുടെ സ്കൂളുകളിൽനിന്ന് ഇംഗ്ലിഷ് പഠിക്കുകയും ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തു. ഇത് സർക്കാർ സർവീസുകളിലും വ്യാപാര വ്യവസായ മേഖലകളിലും അവർക്ക് ഉയർച്ച നൽകി. തമിഴരെ അപേക്ഷിച്ച് സമ്പന്നരും അലസരുമായിരുന്ന സിംഹളീയർ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഭൂരിപക്ഷം വരുന്ന തങ്ങളെ ബ്രിട്ടിഷ് ഭരണാധികാരികൾ അവഗണിക്കുകയാണ് എന്ന തോന്നൽ സിംഹളർക്കിടയിൽ രൂപം കൊള്ളുന്നതിനിടയിലാണ് ശ്രീലങ്കയിൽ സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കുന്നത്.

പ്രസിഡൻഷ്യൽ പാലസിനു മുന്നിൽ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ. (Photo: AFP)

∙ ബ്രിട്ടനെതിരായ സ്വാതന്ത്ര്യസമരം

ബ്രിട്ടിഷുകാരുടെ ഭിന്നിപ്പിച്ചുള്ള ഭരണത്തിൽ മനംമടുത്ത ദേശസ്നേഹികൾ ചേർന്ന് 1919 ൽ സിലോൺ നാഷനൽ കോൺഗ്രസ് എന്ന സംഘടനയ്ക്കു രൂപം കൊടുത്തിരുന്നു. സിംഹളരും തമിഴരുമൊക്കെ അംഗങ്ങളായ ഈ പാർട്ടിയുടെ സ്ഥാപക പ്രസിഡന്റ് തമിഴ് വംശജനായ പൊന്നമ്പലം അരുണാചലമായിരുന്നു. സെക്രട്ടറി സർ ജയിംസ് പെരിസും. സംഘടന ശക്തമായതോടെ 1930 കളിൽ സിലോൺ നാഷനൽ കോൺഗ്രസ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളും ശക്തമാക്കി. ഈ കാലയളവിൽത്തന്നെ മാർക്സിസ്റ്റ് ലങ്കാസമാജം എന്ന പാർട്ടിയും സമരരംഗത്തെത്തി. ഇംഗ്ലിഷിനു പകരം സിംഹളയും തമിഴും ഔദ്യോഗിക ഭാഷയാക്കണം എന്നതായിരുന്നു ലങ്കാസമാജത്തിന്റെ ആവശ്യം. അരുണാചലം പിന്നീട് സിലോൺ നാഷനൽ കോൺഗ്രസ് വിട്ട് 1923 ൽ സിലോൺ തമിഴ് ലീഗ് സ്ഥാപിച്ചു. ലെജിസ്ലേറ്റീവ് കൗൺസിലിലെ തമിഴ് പ്രാതിനിധ്യ തർക്കത്തെ തുടർന്നായിരുന്നു ഇത്. 

1946 ൽ ഡോൺ സ്റ്റീഫൻ സേനാനായകെ രൂപംകൊടുത്ത യുണൈറ്റഡ് നാഷനൽ പാർട്ടി (യുഎൻപി) യും ഇക്കാലയളവിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. ജി.ജി.പൊന്നുമംഗലം രൂപീകരിച്ച തമിഴ് നാഷനൽ കോൺഗ്രസ്, ഡോൺ സ്റ്റീഫൻ സേനാനായകെ രൂപീകരിച്ച സിംഹള മഹാസഭ തുടങ്ങിയ വംശീയ പാർട്ടികളും സ്വാതന്ത്ര്യസമരകാലത്തുതന്നെ രൂപം കൊണ്ടിരുന്നു. സ്വാതന്ത്ര്യാനന്തരം ശ്രീലങ്കയുടെ ഭാവി എന്താണ് എന്നതിന്റെ സൂചനകളായിരുന്നു ഭാഷയെയും വംശത്തെയും പ്രതിനിധീകരിച്ചുകൊണ്ട് ഉടലെടുത്ത ഈ രാഷ്ട്രീയ പാർട്ടികൾ.

∙ സ്വാതന്ത്ര്യം; ജനാധിപത്യത്തിലെ പോരാട്ടങ്ങളും

രണ്ടാംലോകമഹായുദ്ധം രൂക്ഷമായതോടെ ശ്രീലങ്കയിലെ സ്വാതന്ത്ര്യ സമരവും ശക്തി പ്രാപിച്ചു. യുദ്ധം അവസാനിച്ചതോടെ ബ്രിട്ടൻ പല കോളനികളും ഉപേക്ഷിക്കാൻ തുടങ്ങി. 1948 ഫെബ്രുവരി നാലിന് ശ്രീലങ്കയും  ഡൊമിനിൻ പദവിയോടെ ബ്രിട്ടനിൽനിന്നു മോചനം നേടി. വിരുദ്ധ സംസ്കാരവും ഭാഷയും ഉള്ളിൽ അതൃപ്തിയുമുള്ള സിംഹളരും തമിഴരും ജനാധിപത്യത്തിൽ എത്രത്തോളം ചേർന്നു പ്രവർത്തിക്കുമെന്ന സംശയം അക്കാലത്തുതന്നെ ഉടലെടുത്തിരുന്നു.

സ്വാതന്ത്ര്യാനന്തരം ആദ്യം പ്രധാനമന്ത്രിയായത് യുഎൻപി നേതാവ് സ്റ്റീഫൻ സേനാനായകെയായിരുന്നു. ശ്രീലങ്കയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു സേനാനായകെ. 1947 ലെ തെരഞ്ഞെടുപ്പിൽ യുഎൻപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാൽ കേവല ഭൂരിപക്ഷം ലഭിച്ചില്ല. തുടർന്ന് സിംഹള ദേശീയപാർട്ടിയായ സിംഹള മഹാസഭയുടെയും ജി.ജി. പൊന്നമ്പലം എന്ന തമിഴ് നേതാവ് നേതൃത്വം നൽകുന്ന ഓൾ സിലോൺ തമിഴ് കോൺഗ്രസിന്റെയും പിന്തുണയോടെയാണ് സേനാനായകെ അധികാരത്തിലെത്തിയത്.

ശ്രീലങ്കൻ ജനാധിപത്യത്തിലെ രാഷ്ട്രീയ മുതലെടുപ്പുകളുടെ ചരിത്രം തുടങ്ങുന്നതും വിരുദ്ധ ചിന്താഗതിക്കാരെ കൂടെ നിർത്തിയുള്ള ഭരണം സേനാനായകെ ആരംഭിച്ചതു മുതൽക്കാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടു ബാങ്കുകളെ ലക്ഷ്യം വച്ച് ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ചതുരംഗക്കളി ആരംഭിച്ച അന്നുമുതൽ ശ്രീലങ്ക എന്ന കൊച്ചു ദ്വീപുരാഷ്ട്രത്തിനു മുകളിൽ എപ്പോൾ വേണമെങ്കിലും പെയ്തിറങ്ങാവുന്ന വിദ്വേഷത്തിന്റെ കറുത്ത മേഘങ്ങൾ രൂപംകൊണ്ടുതുടങ്ങി. 

∙ വംശീയതയുടെ ചതുരംഗക്കളി

സേനാനായകെയുടെ ഭരണകൂടം അധികാരമേറ്റ് അധികകാലം പിന്നിടും മുൻപ് 1948 ൽ ശ്രീലങ്കയിലെ തമിഴ് തോട്ടംതൊഴിലാളികളുടെ പൗരാവകാശങ്ങൾ എടുത്തുകളഞ്ഞു. തദ്ദേശീയ തമിഴർ മാത്രമാണ് ശ്രീലങ്കൻ പൗരന്മാരെന്നും ബ്രിട്ടിഷ് ഭരണകാലത്ത് കുടിയേറിയ തമിഴർ പൗരന്മാരല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. ശ്രീലങ്കൻ തമിഴ് വംശജരെന്നും കുടിയേറ്റ തമിഴ് വംശജരെന്നുമുള്ള തരംതിരിവ് നിലനിർത്തി തമിഴരെ ഭിന്നിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതോടെ കേവലം 5,000 കുടിയേറ്റ തമിഴർക്കു മാത്രമാണ് പൗരത്വം ലഭിച്ചത്. മൂന്നും നാലും തലമുറകളായി ശ്രീലങ്കയിലുള്ള 7,00,000 ത്തിലധികം തമിഴ് കുടിയേറ്റക്കാർക്കു പൗരത്വം നിഷേധിക്കപ്പെട്ടു. ഇതിനെതിരെ സിലോൺ ഇന്ത്യൻ കോൺഗ്രസ്, ഓൾ സിലോൺ തമിഴ് കോൺഗ്രസ് തുടങ്ങിയ പാർട്ടികളും ഇടതു സിംഹള പാർട്ടി നേതാക്കളും ശബ്ദമുയർത്തി.

കൊളംബോയിൽ ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കാൻ ക്യൂവിൽ കാത്തുനിൽക്കുന്നവർ. (Photo: ARUN SANKAR / AFP)

1949 ൽ ഇന്ത്യ ആൻഡ് പാക്കിസ്ഥാൻ ആക്ട് എന്നൊരു നിയമവും വന്നു. ശ്രീലങ്കയിൽ 10 വർഷം തുടർച്ചയായി താമസിക്കുന്നവർക്കും വിവാഹിതരായി തുടർച്ചയായി 7 വർഷം താമസിക്കുന്നവർക്കും ഒരു നിശ്ചിത തുകയിലും കൂടുതൽ വരുമാനമുള്ളവർക്കും മാത്രം പൗരത്വം എന്നതായിരുന്നു ഈ നിയമം. ഇന്ത്യയിലേക്ക് പലപ്പോഴും വന്നുപോകുന്നവരായിരുന്നു തമിഴ് കുടിയേറ്റക്കാർ. വലിയ വരുമാനമില്ലാത്തവരുമായിരുന്നു ഈ ജനവിഭാഗം. അതുകൊണ്ടുതന്നെ വീണ്ടും ഭൂരിപക്ഷം തമിഴർക്കും പൗരത്വം ലഭിക്കാതെ വന്നു. പൗരത്വമുള്ള ശ്രീലങ്കൻ കുടിയേറ്റ തമിഴ് വംശജരുടെ സംഖ്യ പരമാവധി കുറച്ചു എന്നുറപ്പാക്കിയ ശേഷം 1949 ൽ തന്നെ സർക്കാർ പാർലമെന്റിൽ പുതിയൊരു ഭേദഗതി അവതരിപ്പിച്ചു. വോട്ടുചെയ്യുന്നതിൽനിന്നു തമിഴ് തോട്ടം തൊഴിലാളികളെ വിലക്കുന്ന ബില്ലായിരുന്നു അത്.

തദ്ദേശീയ തമിഴരും കുടിയേറ്റ തമിഴരും ചേർന്ന് ഭൂരിപക്ഷമായി ഭീഷണിയാകുമെന്നു സംശയിച്ച സിംഹളർ അവരെ ഒറ്റപ്പെടുത്തുവാനും ദുർബലരാക്കുവാനുമാണ് ശ്രമിച്ചത്. ബ്രിട്ടിഷ് കാലത്തു തദ്ദേശീയ തമിഴർ കരസ്ഥമാക്കിയ നേട്ടങ്ങളിലും സിംഹളർ അസ്വസ്ഥരായിരുന്നു. സേനാനായകെ സർക്കാർ തമിഴരെ തഴഞ്ഞ് സിംഹളരെ മാത്രം സംരക്ഷിക്കുന്ന നടപടികളിലേക്ക് കടന്നു. തന്റെ വോട്ടു ബാങ്കിൽ ഭൂരിപക്ഷവും സിംഹളർ ആണെന്ന ചിന്തയും അതിനു പിന്നിലുണ്ടായിരുന്നു. 

അപ്പോഴും, ഇത്തരം വംശീയ പീഡനങ്ങൾ ശ്രീലങ്കയുടെ അഖണ്ഡതയെ ബാധിക്കരുതെന്ന ആഗ്രഹമായിരുന്നു പല തമിഴ് നേതാക്കളുടേതും. അതുകൊണ്ടുതന്നെ അവർ സേനാനായകെയുടെ സർക്കാരിൽ പങ്കാളികളായി. ഓൾ സിലോൺ തമിഴ് കോൺഗ്രസ് സ്ഥാപകനേതാവായ ഗണപതിപ്പിള്ളൈ ഗംഗാസർ പൊന്നുമംഗലം എന്ന ജി.ജി.പൊന്നുമംഗലം സേനാനായകെ മന്ത്രിസഭയിൽ വ്യവസായ, മൽസ്യബന്ധന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 

സിലോൺ പൗരത്വ ബില്ലിനെ പാർലമെന്റിൽ നഖശിഖാന്തം എതിർക്കുകയും സേനാനായകെയെ വംശീയവാദി എന്ന വിളിക്കുകയും ചെയ്തശേഷം ആ മന്ത്രിസഭയിൽ ജി.ജി.പൊന്നുമംഗലം അംഗമായതിനോട് വിയോജിപ്പുള്ള നേതാക്കളും അണികളും ഓൾ സിലോൺ നാഷനൽ കോൺഗ്രസിലുണ്ടായിരുന്നു. തമിഴ് ദേശീയതയെക്കാൾ പൊന്നുമംഗലത്തിന് പ്രധാനം അധികാരമാണെന്ന ധാരണയും ഇതോടെ ഒരു വിഭാഗം തമിഴ് വംശജർക്കിടയിൽ ഉടലെടുത്തു. തുടർന്ന് സി.വന്നിയ സിംഹം, ചെൽവനായകം, ഇ.എം.വി.നാഗനാഥൻ തുടങ്ങിവർ ചേർന്ന് തമിഴ് ദേശീയത ഉയർത്തിപ്പിടിച്ച് തമിഴ് അരസു കക്ഷി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. ഇതോടെ ഓൾ സിലോൺ തമിഴ് കോൺഗ്രസിനെ പിന്തുണച്ചിരുന്നവരിൽ ഒരു വിഭാഗം തമിഴ് അരസു കക്ഷിയിലെത്തി. 

സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയ, വംശീയ പ്രശ്നങ്ങൾ ശ്രീലങ്കയിൽ ഉടലെടുത്തു. ഇവ ഭാവിയിൽ രക്തച്ചൊരിച്ചിലിനു കാരണമാകുമെന്ന് ഗാന്ധിയൻ സാമുവൽ ജയിംസ് സെൽവനായകവും ജി.ജി.പൊന്നുമംഗലവും ഉൾപ്പെടെ പലരും പറഞ്ഞിട്ടും സേനാനായകെ സിംഹള പ്രീണനം തുടർന്നു. ഭൂരിപക്ഷ വോട്ടായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തമിഴ് അനുകൂല നിലപാടെടുത്താൽ, പാർട്ടിയിലെ മറ്റൊരു ഗ്രൂപ്പായിരുന്ന, സോളമൻ ബന്ദാരനായകെ എന്ന നേതാവും സംഘവും അവസരം മുതലെടുക്കുമെന്നും സേനാനായകെയ്ക്ക് ആശങ്കയുണ്ടായിരുന്നു. അതു സത്യമായി. ബന്ദാരനായകെയും സംഘവും യുഎൻപിയെ പിളർത്തി ശ്രീലങ്കൻ ഫ്രീഡം പാർട്ടി രൂപീകരിച്ചു. സിംഹള ദേശീയതയ്ക്ക് സേനാനായകെ വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നതായിരുന്നു അവരുടെ വാദം. വംശീയതയും സിംഹള ഭൂരിപക്ഷ വോട്ടുബാങ്കും ശ്രീലങ്കൻ രാഷ്ട്രീയക്കാരുടെ തുറുപ്പുചീട്ടായിരുന്നു. സേനാനായകെയുടെ നിലപാടുകൾക്കും ബന്ദാരനായകെയുടെ നിലപാടുകൾക്കും യഥാർഥത്തിൽ ഒരേ സ്വരം തന്നെയായിരുന്നു– സിംഹള വംശീയത.

പ്രസിഡൻഷ്യൽ പാലസ് വളപ്പിനുള്ളിലെ സ്വിമ്മിങ്പൂളിൽ കുളിക്കുന്നവർ. (Photo: AFP)

∙ കുടുംബവാഴ്ചയുടെ തുടക്കം

1952 മാർച്ച് 22 ന്, ശ്രീലങ്കയുടെ പിതാവ് എന്നറിയപ്പെട്ട ഡോൺ സ്റ്റീഫൻ സേനാനായകെ അന്തരിച്ചു. പ്രഭാതസവാരിക്കിടെ കുതിരപ്പുറത്തുനിന്നു വീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേനാനായകെയുടെ അപ്രതീക്ഷിത മരണം കൊളംബോയിൽ ആശയക്കുഴപ്പങ്ങൾക്കും അധികാരത്തർക്കങ്ങൾക്കുമിടയാക്കി. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ തുടക്കവും ഇവിടെനിന്നായിരുന്നു. സേനാനായകെയുടെ അനന്തരവനും പാർലമെന്റിലെ മുതിർന്ന അംഗവും ഗതാഗതമന്ത്രിയുമായ ജോൺ കൊട്ടാലാവാലയും കൃഷിമന്ത്രിയും സേനാനായകെയുടെ മകനുമായ ഡഡ്‌ലി സേനാനായകെയും പ്രധാനമന്ത്രി പദത്തിന് അവകാശമുന്നയിച്ചു. 

തർക്കം നീണ്ടപ്പോൾ ബ്രിട്ടിഷ് ഗവർണർ ജനറൽ സോൾബറി പ്രഭു ഇടപെടുകയും ഡഡ്‌ലി സേനാനായകെയെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു. മുതിർന്ന പാർലമെന്റ് അംഗവും പാർട്ടിയിലെ സീനിയർ നേതാവുമായ തന്നെ അവഗണിച്ചത് കൊട്ടാലാവാലയെ പ്രകോപിതനാക്കി. അദ്ദേഹം രാജിഭീഷണി മുഴക്കുകയും പാർട്ടി പിളർത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ചു. തുടർന്ന് അർധമനസ്സോടെ കൊട്ടാലാവാല ഡഡ്‌ലി സേനാനായകെ മന്ത്രിസഭയിൽ അംഗമായി.

കൊട്ടാലാവാല എന്നും തനിക്കു ഭീഷണിയാണെന്നു തിരിച്ചറിഞ്ഞ ഡഡ്‌ലി സേനാനായകെ തിരഞ്ഞെടുപ്പിനു തയാറെടുത്തു. 1952 മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ പിതാവിന്റെ മരണത്തിന്റെ സഹതാപതരംഗത്തിൽ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തി. യുഎൻപിയിൽ നിന്നു വിഘടിച്ചുപോയ ബന്ദാരനായകെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിക്ക് 9 സീറ്റു മാത്രമേ നേടുവാൻ കഴിഞ്ഞുള്ളു എന്നതും  ഡഡ്‌ലി  സേനാനായകെയ്ക്കു ആശ്വാസം പകർന്നു. ജനവിധി തിരിച്ചറിഞ്ഞ ജോൺ കൊട്ടാലാവാല വീണ്ടും മന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു. 

∙ ‘അരി വില’യിൽനിന്ന് പടർന്ന കലാപം

സ്വതന്ത്ര ശ്രീലങ്കയിൽ ആദ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത് 1953 ൽ ആണ്. ശ്രീലങ്കയെ നിശ്ചലമാക്കിയ ആദ്യ ഹർത്താലിനും ഈ പ്രതിസന്ധി വഴിയൊരുക്കി. രണ്ടാം ലോകമഹായുദ്ധകാലം മുതൽ ശ്രീലങ്കയിൽ അരിക്ക് സബ്സിഡി നൽകിയിരുന്നു. 1952 ലെ യുഎൻപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന് അരി വില കൂട്ടില്ല എന്നായിരുന്നു. ഡഡ്‌ലി അധികാരമേറ്റെടുത്ത് അധികകാലം കഴിയും മുൻപേ ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തു. ബജറ്റിന്റെ മൂന്നിലൊന്നും അക്കാലത്ത് ഭക്ഷ്യ സബ്സിഡിക്കാണ് നീക്കിവച്ചിരുന്നത്. ഭക്ഷ്യ സബ്സിഡി വെട്ടിക്കുറച്ചും സാമൂഹികക്ഷേമ പദ്ധതികളിൽ കുറവുവരുത്തിയും സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള തീരുമാനമനുസരിച്ച് അരി വില 25 സെന്റിൽനിന്ന് 75 സെന്റായി വർധിപ്പിച്ചു. ഇതോടൊപ്പം സ്കൂൾ കുട്ടികളുടെ സൗജന്യ ഭക്ഷണം നിർത്തലാക്കിയതും തപാൽ നിരക്കും റെയിൽവേ നിരക്കും കുത്തനെ ഉയർത്തിയതും ജനത്തെ കൂടുതൽ രോഷാകുലരാക്കി.

1953 ജൂലൈ 23 ന് ധനമന്ത്രി ജെ.ആർ.ജയവർധനെ പാർലമെന്റിൽ ‌‌ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ബന്ദാരനായകെയുടെ നേതൃത്വത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ഒരു പ്രതിഷേധയോഗം ചേർന്നു. അതിൽ പങ്കെടുത്ത ആയിരങ്ങൾ പാർലമന്റിലേക്കു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ അക്രമാസക്തമായി. സർക്കാർ വിരുദ്ധ കലാപം കത്തിപ്പടർന്നു. പ്രതിപക്ഷത്തെ ലങ്ക സമ സമാജ പാർട്ടി, വിപ്ലവ ലങ്കാ സമാജ പാർട്ടി, ഫെഡറൽ പാർട്ടി, യുണൈറ്റഡ് ഫ്രണ്ട് തുടങ്ങിയ പാർട്ടികൾ ഓഗസ്റ്റ് 12 ന് ദേശവ്യാപകമായ ഹർത്താലിന് ആഹ്വാനം ചെയ്തു. ഹർത്താൽ രാജ്യത്തെ സമ്പൂർണമായും നിശ്ചലമാക്കി. പ്രതിഷേധക്കാർ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാക്കി, വൈദ്യുതിബന്ധങ്ങൾ വിച്ഛേദിച്ചു, റെയിൽവേ പാളങ്ങളും തകരാറിലാക്കി. ഇന്ധനം നിറച്ചു വന്ന റെയിൽ വാഗണു തീയിട്ടു. സർക്കാർ സ്ഥാപനങ്ങൾക്കു നേരെയും വ്യാപക ആക്രമണങ്ങളുണ്ടായി. ഹർത്താൽ കലാപമായതോടെ മന്ത്രിസഭയുടെ അടിയന്തരയോഗം ചേർന്ന്, സൈന്യത്തെ വിളിക്കുവാൻ തീരുമാനിച്ചു. സൈന്യം രംഗത്തിറങ്ങിയതോടെ കലാപം അവസാനിച്ചു.

ഗാലെയിൽ ഗ്യാസ് സിലിണ്ടറുകൾ വാങ്ങാൻ കാത്തിരിക്കുന്നവർ. (Photo: ISHARA S. KODIKARA / AFP)

ഒറ്റദിവസം കൊണ്ട് ശ്രീലങ്കയെ അടിമുടി പിടിച്ചുലച്ച ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് ശക്തമായ ജനപിന്തുണ ഉണ്ടായിരുന്നു എന്നാണ്. ഇടതുകക്ഷികൾക്ക് തൊഴിലാളി വർഗത്തിനിടയിൽ അത്യാവശ്യം വേരോട്ടമുണ്ടായിരുന്നെങ്കിലും യുഎൻപി പോലെയോ ഫ്രീഡം പാർട്ടി പോലെയോ ശ്രീലങ്കയിലങ്ങോളമിങ്ങോളം ശക്തമായ വേരോട്ടമൊന്നുമുണ്ടായിരുന്നില്ല. വോട്ടവകാശം നിഷേധിക്കപ്പെട്ട വടക്കുകിഴക്കൻ മേഖലയിലെ തമിഴരും ക്രിസ്ത്യൻ സഭകളും സാധാരണജനങ്ങളുമെല്ലാം  വംശീയ ചേരിതിരിവ് പോലും മറന്ന് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ  പ്രക്ഷോഭകാരികളെ പിന്തുണച്ചതാണ് അക്രമാസക്തമായിരുന്നിട്ടും പത്തോളം പേർ കൊല്ലപ്പെട്ടിട്ടും ഹർത്താൽ വിജയിച്ചതിന്റെ പ്രധാന കാരണം.

∙ തുറുപ്പുചീട്ടായി ‘സിംഹള മാത്രം’

ഹർത്താൽ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ഡഡ്‌ലി സേനാനായകെയുടെ ജനസമ്മതി ഇടിഞ്ഞു. അദ്ദേഹം രോഗബാധിതനുമായി. ആരോഗ്യപരമായ കാരണങ്ങൾ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ശ്രീലങ്കയിൽ അധികാരത്തിലിരിക്കെ രാജിവയ്ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി ഡഡ്‌ലി സേനാനായകെ മാറിയപ്പോൾ പകരം വന്നത് ഏറെക്കാലമായി പ്രധാനമന്ത്രി സ്ഥാനം മോഹിച്ചിരുന്ന ജോൺ കൊട്ടാലാവാലയായിരുന്നു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കൊട്ടാലാവാലയുടെ സ്ഥാനാരോഹണം.

കൊട്ടാലാവാല അധികാരമേറ്റെടുത്ത ഉടൻ തന്നെ അരിവില കുറച്ചുകൊണ്ട് ജനരോഷം തണുപ്പിച്ചു. ഹർത്താലിൽ ഇടതുപാർട്ടികൾക്കു ലഭിച്ച ജനപിന്തുണ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടാക്കാൻ അവർക്കു കഴിഞ്ഞില്ല. 1956 ലെ തിരഞ്ഞെടുപ്പിൽ ബന്ദാരനായകെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി നയിച്ച മുന്നണി വംശീയ കാർഡ് വീണ്ടും പുറത്തെടുത്തു.‘സിംഹള മാത്രം’ ( 'Simhala Only' ) എന്ന മുദ്രാവാക്യവുമായാണ് ബന്ദാരനായകെ നയിച്ച മഹാജന ഏകസത് പെരുമന എന്ന മുന്നണിയും ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും തിരഞ്ഞെടുപ്പു ഗോദയിലിലേക്കിറങ്ങിയത്. ഇംഗ്ലിഷിനെ ഭരണഭാഷാപദവിയിൽനിന്നു മാറ്റി  സിംഹള ഭാഷ മാത്രം ഭരണഭാഷയാക്കുക എന്നതായിരുന്നു സിംഹള മാത്രം മുദ്രാവാക്യമാക്കിയവരുടെ ആവശ്യം. സിംഹളർ ഭൂരിപക്ഷവും ‘സിംഹള മാത്രം’ മുദ്രാവാക്യത്തിന് വോട്ടുചെയ്തതോടെ, പ്രതിപക്ഷ നേതാവായിരുന്ന ബന്ദാരനായകെ 1956 ഏപ്രിൽ 12-ന് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 

കുടിയേറ്റ തമിഴർക്ക് വോട്ടവകാശമില്ലാത്തതിനാൽ തമിഴ് പാർട്ടികൾക്ക് വലിയ മുന്നേറ്റമുണ്ടാക്കുവാൻ കഴിഞ്ഞില്ല. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായത് എൽഎൽഎസ്പിയായിരുന്നു. കൊട്ടാലാവാലയുടെ യുഎൻപിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആദ്യ തിരഞ്ഞെടുപ്പുകാലം മുതൽക്കേ ശ്രീലങ്കൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒളിഞ്ഞും തെളിഞ്ഞും കേട്ടത് സിംഹള ദേശീയതയായിരുന്നു. ബന്ദാരനായകെ അതൊരു പരസ്യ മുദ്രാവാക്യമാക്കി മാറ്റിയതോടെ സിംഹള വികാരം ശ്രീലങ്കൻ തിരഞ്ഞെടുപ്പുകളിലെ മുഖ്യഘടകമായി. അത് ആ രാജ്യത്തിന്റെ ഹൃദയത്തെ രണ്ടായി മുറിക്കും എന്നകാര്യം മാത്രം അധികാരമോഹികളായ രാഷ്ട്രീയ നേതൃത്വങ്ങൾ ഓർത്തില്ല. 'സിംഹള മാത്രം' മുദ്രാവാക്യത്തിന് ആ രാജ്യം പിന്നീട് വലിയ വില കൊടുക്കേണ്ടിവന്നു എന്നതാണ് യാഥാർഥ്യം! 

(പരമ്പര തുടരും)

English Summary: Sri Lanka Economic Crisis and the history of the Island - Special web series

(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT