‘ചിറ്റൂരിനോട് സർക്കാർ വാക്ക് പാലിക്കണം; ജനത്തിന്റെ കൂടെയാര്? സമരം നിർത്തരുത്’
കോട്ടയം ∙ കൊല്ലം ചിറ്റൂരിലെ ജനതയ്ക്കു പരസ്യമായി നൽകിയ വാക്ക് സംസ്ഥാന സർക്കാർ പാലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. മലിനീകരണത്താൽ നശിച്ച ഭൂമി ഏറ്റെടുക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും നിഷേധാത്മകമായ നിലപാടാണു സംസ്ഥാനം - NK Premachandran, CR Neelakandan, Acid Gramam, Acid Village, KMML, Manorama News
കോട്ടയം ∙ കൊല്ലം ചിറ്റൂരിലെ ജനതയ്ക്കു പരസ്യമായി നൽകിയ വാക്ക് സംസ്ഥാന സർക്കാർ പാലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. മലിനീകരണത്താൽ നശിച്ച ഭൂമി ഏറ്റെടുക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും നിഷേധാത്മകമായ നിലപാടാണു സംസ്ഥാനം - NK Premachandran, CR Neelakandan, Acid Gramam, Acid Village, KMML, Manorama News
കോട്ടയം ∙ കൊല്ലം ചിറ്റൂരിലെ ജനതയ്ക്കു പരസ്യമായി നൽകിയ വാക്ക് സംസ്ഥാന സർക്കാർ പാലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. മലിനീകരണത്താൽ നശിച്ച ഭൂമി ഏറ്റെടുക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും നിഷേധാത്മകമായ നിലപാടാണു സംസ്ഥാനം - NK Premachandran, CR Neelakandan, Acid Gramam, Acid Village, KMML, Manorama News
കോട്ടയം ∙ കൊല്ലം ചിറ്റൂരിലെ ജനതയ്ക്കു പരസ്യമായി നൽകിയ വാക്ക് സംസ്ഥാന സർക്കാർ പാലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. മലിനീകരണത്താൽ നശിച്ച ഭൂമി ഏറ്റെടുക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും നിഷേധാത്മകമായ നിലപാടാണു സംസ്ഥാനം കൈക്കൊള്ളുന്നതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. മന്ത്രിമാരുടെയോ മറ്റോ വാഗ്ദാനങ്ങളെ ജനം അപ്പടി വിശ്വസിക്കരുതെന്നും കാര്യം നേടുന്നതുവരെ സമരം തുടരണമെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സി.ആർ.നീലകണ്‌ഠൻ പറഞ്ഞു. ചവറ കെഎംഎംഎൽ കരിമണൽ സംസ്കരണ ഫാക്ടറിയിലെ ആസിഡ് മാലിന്യത്താൽ നരകിക്കുന്ന ചിറ്റൂരിനെക്കുറിച്ച് മനോരമ ഓൺലൈൻ തയാറാക്കിയ ‘ആസിഡ് ഗ്രാമം’ എന്ന വിഡിയോയോടു പ്രതികരിക്കുകയായിരുന്നു ഇരുവരും.
∙ ഭൂമിയേറ്റെടുക്കലാണ് പരിഹാരം: എൻ.കെ.പ്രേമചന്ദ്രൻ
ചിറ്റൂരിൽ പരിസ്ഥിതി മലിനീകരണം ഉണ്ടെന്നതു വസ്തുതയാണ്. അക്കാര്യത്തിൽ രണ്ടഭിപ്രായമില്ലല്ലോ. പല സമയങ്ങളിലായി കെഎംഎംഎലിൽനിന്ന് ആസിഡ് ഇവിടെ ഒഴുകിപ്പരന്നിട്ടുണ്ട്. മലിനീകരണത്തെ തുടർന്നു ഭൂമി കൃഷി ചെയ്യാനോ മറ്റാവശ്യത്തിനോ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ അവസ്ഥയിൽ ഭൂമി ഏറ്റെടുക്കേണ്ടതു സർക്കാരിന്റെ ബാധ്യതയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ സമയത്തുതന്നെ ആ പ്രദേശത്തെ വസ്തു ഏറ്റെടുക്കാൻ ഉത്തരവായതാണ്. ബജറ്റിൽ പണവും അനുവദിച്ചു. ചിറ്റൂരിലെ മുഴുവൻ ആളുകളോടും പ്രമാണം ഹാജരാക്കാൻ പറഞ്ഞതനുസരിച്ച് അതും ചെയ്തു.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയായെങ്കിലും ഒന്നാം പിണറായി വിജയൻ സർക്കാർ ഏകപക്ഷീയമായി നിർത്തിവയ്ക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി രണ്ടുമാസം പിന്നിട്ടപ്പോൾ വ്യവസായ മന്ത്രി പി.രാജീവ് പ്രദേശം സന്ദർശിച്ചു. അദ്ദേഹത്തിനോടു നാട്ടുകാരും ജനപ്രതിനിധികളായ ഞങ്ങളും കാര്യങ്ങൾ നേരിട്ടു വിശദീകരിച്ചതാണ്. മൂന്നു മാസത്തിനകം ഭൂമി ഏറ്റെടുക്കുമെന്നു കെഎംഎംഎൽ അങ്കണത്തിലെ പൊതുയോഗത്തിൽ പി.രാജീവ് ഉറപ്പുംം നൽകി. നാളിതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. പല ഘട്ടങ്ങളിലായി നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളുമാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
പാർലമെന്റിൽ ഞാൻ ഈ വിഷയം അടുത്തിടെയും ഉന്നയിച്ചിരുന്നു. ചിറ്റൂരിലെ ഭൂമി ഏറ്റെടുക്കണമെന്നു കേന്ദ്രസർക്കാർ നിർദേശവും നൽകി. എന്നാൽ വളരെ നിഷേധാത്മകമായ നിലപാടാണു സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. ഇതിനേക്കാൾ മലിനീകരണം കുറഞ്ഞ ഇടപ്പള്ളിക്കോട്ട പ്രദേശത്തെ 45 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുമുണ്ട്. അതുപക്ഷേ, ആരുടെയൊക്കെയോ സ്വാധീനത്താൽ ഏറ്റെടുത്തതാണ്. ചിറ്റൂരിൽ എഴുന്നൂറോളം കുടുംബങ്ങളാണു ദുരിതത്തിൽ കഴിയുന്നത്. ഈ ഭൂമി ഏറ്റെടുത്തിട്ട് വലിയ മെച്ചമൊന്നും ഇല്ലെന്നു തോന്നിയതിനാലാകാം സർക്കാർ നടപടി സ്വീകരിക്കാത്തത്. നേരത്തേ എറ്റെടുത്ത 45 ഏക്കർ വെറുതെ കിടക്കുകയാണ്. ഭാവിയിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചിറ്റൂർ മേഖലയെ ഉപയോഗപ്പെടുത്താനാകും.
കമ്പനി നടന്നുപോകണം എന്നുണ്ടെങ്കിൽ ചിറ്റൂരിലെ ഭൂമി ഏറ്റെടുക്കണം. ഇല്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭം അവിടെയുണ്ടാകും. അതോടെ കമ്പനിക്കു തുറന്നു പ്രവർത്തിക്കാനാകില്ല. കമ്പനിയോ സർക്കാരോ ജനങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. സർക്കാരിന്റെ സാമൂഹിക ഉത്തരവാദിത്തമാണിത്. ഇത്രയും ആളുകൾക്കായി മറ്റൊരു സ്ഥലം കണ്ടെത്തിക്കൊടുക്കേണ്ട കാര്യമൊന്നുമില്ല. അവരുടെ ആകെയുള്ള ഭൂമിയും വീടും ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകിയാൽ നാട്ടുകാർ മറ്റിടങ്ങളിൽ പോകും. 99 ശതമാനം പേരും പ്രമാണം വരെ സർക്കാരിനു കൈമാറി കാത്തിരിക്കുകയാണ്. പ്രദേശവാസികൾക്കു പലവിധ അസുഖങ്ങളുണ്ട്. ഇതിനെല്ലാമുള്ള ഏക പരിഹാരം ഭൂമിയേറ്റെടുത്ത് അവരെ മാറ്റിപ്പാർപ്പിക്കുക എന്നതാണ്. മന്ത്രി നേരിട്ടെത്തി നൽകിയ വാഗ്ദാനം പാലിക്കണം.
∙ രാഷ്ട്രീയക്കാർ ജനത്തിനൊപ്പമല്ല: സി.ആർ.നീലകണ്‌ഠൻ
മുൻപേതന്നെ ചിറ്റൂരിലെ ദുരിതം ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. വളരെ ഗുരുതരമായ പ്രശ്നമാണിത്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറയുമ്പോഴും കെഎംഎംഎലിന്റെ മലിനീകരണത്തെപ്പറ്റി കാര്യമായി ആരും ചർച്ച ചെയ്യാറില്ല. തൊഴിലായാലും യൂണിയനായാലും, രാഷ്ട്രീയ പാർട്ടികളെല്ലാം കെഎംഎംഎലിനെ ആശ്രയിച്ചു നിൽക്കുന്നവരാണ്. അതുകൊണ്ടാണ് കരിമണൽ ഖനനത്തിലായാലും ചിറ്റൂരിലെ മലിനീകരണ വിഷയത്തിലായാലും രാഷ്ട്രീയക്കാർ മിണ്ടാത്തത്. മലിനീകരണ നിയന്ത്രണ ബോർഡ് ഒരുകാലത്തും ഇവിടെ വേണ്ടത്ര പരിശോധന നടത്തിയിട്ടില്ല.
ഈ പ്രദേശത്തു ജീവിക്കുക ബുദ്ധിമുട്ടാണ്, ജീവിതത്തിന് ഒരു സാധ്യതയുമില്ല. കൊല്ലങ്ങളായി അവിടെ ആസിഡ് കെട്ടിക്കിടക്കുന്നു. കിണറുകളിലൊന്നും വെള്ളമില്ല. വെള്ളമുള്ള കിണറുകളിലാകട്ടെ ആസിഡാണ്. മലിനീകരണ നിയന്ത്രണ ബോർഡ് എന്ന സ്ഥാപനം ഉണ്ടോയെന്നു ചോദിക്കേണ്ടി വരിക ചിറ്റൂരിൽ എത്തുമ്പോഴാണ്. എത്രയോ പരാതി കൊടുത്തു, സമരങ്ങളുണ്ടായി, പ്രശ്നങ്ങളുണ്ടായി... മലിനീകരണ നിയന്ത്രണ ബോർഡ് ആ ഭാഗത്തേക്കു പോകാറില്ല. പഞ്ചായത്ത് ഉൾപ്പെടെ ഒരു ഏജൻസിയും ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നില്ല. ഇതുതന്നെയാണ്, വിഡിയോയിൽ കാണുന്നപോലെ, ജനം ഇന്നും ദുരിതം അനുഭവിക്കുന്നതിന്റെ പ്രധാന കാരണം.
രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ കൂടെയില്ലെന്നതാണു സത്യം. ജനത്തിനൊപ്പം രാഷ്ട്രീയക്കാരും ഉണ്ടായിരുന്നെങ്കിൽ, മലിനീകരണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമായിരുന്നു. പുനരധിവാസം വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. മലിനീകരണം ഒഴിവാക്കി അവിടെ ജീവിക്കുകയെന്നതു സാധ്യമല്ല. അപകടസ്ഥിതിയിലാണു കാര്യങ്ങൾ. കെഎംഎംഎലിനെ ഇവിടെനിന്നു മാറ്റുക അസാധ്യമായതിനാൽ ജനത്തെ മാറ്റിപ്പാർപ്പിക്കണം. ഇവിടുത്തെ വെള്ളം കുടിക്കാൻ പറ്റില്ല, വായു ശ്വസിക്കാൻ പറ്റില്ല, എല്ലാവർക്കും അസുഖങ്ങൾ... ഈ സാഹചര്യത്തിൽ വിശദമായ മെഡിക്കൽ, മലിനീകരണ സർവേകൾ സർക്കാർ നടത്തണം. അതിലെ കണ്ടെത്തലനുസരിച്ചു അതിവേഗം നടപടിയെടുക്കണം.
കേരളത്തിൽ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎംഎംഎൽ എന്നാണ് അവകാശവാദം. അപ്പോൾ തീർച്ചയായും കമ്പനിയിൽനിന്നു കുറച്ചു ഫണ്ട് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്കും കൊടുക്കാമല്ലോ. ഇതിനാണു രാഷ്ട്രീയക്കാരും മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ശ്രമിക്കേണ്ടത്. ഡിഎംഒ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ട്. ഇതൊന്നും സാധ്യമല്ലെങ്കിൽ മന്ത്രിസഭ സ്വയമേവ തീരുമാനമെടുക്കണം. നിലവിൽ താഴെനിന്നും മുകളിൽനിന്നും ആരും ഒന്നു ചെയ്യുന്നില്ലെന്നതാണ് അവസ്ഥ.
സമരം ചെയ്താൽ കമ്പനി പൂട്ടിപ്പോകുമെന്നുള്ള പ്രചാരണവും നാട്ടിലുണ്ടെന്നാണ് അറിയാനായത്. കമ്പനി പൂട്ടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. നാട്ടുകാരെ പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യം. കർഷക സമരം പോലെ, കാര്യം നടക്കുന്നതുവരെ ജനം സമരവുമായി മുന്നോട്ടു പോകണം. മന്ത്രിയുടെയോ മറ്റോ ഉറപ്പു കിട്ടുമ്പോൾ സമരം അവസാനിപ്പിക്കരുത്. എൻഡോസൾഫാൻ ഇരകൾക്ക് കൊടുത്ത ഉറപ്പ് എത്ര കാലം കഴിഞ്ഞാണു സർക്കാർ പാലിച്ചത്? ജനങ്ങൾ ഇടർച്ചയില്ലാതെ സമരം ചെയ്യുമെന്ന് ഉറപ്പ് കിട്ടിയാലേ മറ്റു ജില്ലകളിലെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കു പിന്തുണയുമായി വരാനാകൂ. നാട്ടുകാർ ശക്തിയോടെ പോരാട്ടം തുടരണം.
English Summary: NK Premachandran, CR Neelakandan comments on ‘Acid Gramam’ video about Chittoor in Kollam