ഐഎസ് തലവൻ പീഡിപ്പിച്ച കെയ്‌ല; ക്രൂരമായി കഴുത്തറുത്ത ‘ജോൺ’, തേടിപ്പിടിച്ച് കൊന്നൊടുക്കി യുഎസ്
ജയിംസ് ഫോളിയുടെ മരണത്തോടെയാണ് ഐഎസിലെ ‘ബീറ്റിൽസിന്റെ’ ക്രൂരതയുടെ മുഖം ലോകമറിയുന്നത്. അതിനു പിന്നാലെയായിരുന്നു അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകരായ കെയ്‌ല മ്യൂളറെയും പീറ്റർ കാസിഗിനെയും കൊലപ്പെടുത്തിയത്. അതിക്രൂരമായ ഈ കൊലപാതകങ്ങളുടെ വിഡിയോ ലോകമെങ്ങും ഐഎസ് എത്തിച്ചു–കെയ്‌ലയുടെ ഒഴികെ. കെയ്‌ലയെ ഐഎസ് സ്ഥാപകൻ അബൂബക്കർ അൽ–ബാഗ്ദാദി പല തവണ ക്രൂരപീഡനത്തിനിരയാക്കിയെന്ന് യുഎസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു...
ജയിംസ് ഫോളിയുടെ മരണത്തോടെയാണ് ഐഎസിലെ ‘ബീറ്റിൽസിന്റെ’ ക്രൂരതയുടെ മുഖം ലോകമറിയുന്നത്. അതിനു പിന്നാലെയായിരുന്നു അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകരായ കെയ്‌ല മ്യൂളറെയും പീറ്റർ കാസിഗിനെയും കൊലപ്പെടുത്തിയത്. അതിക്രൂരമായ ഈ കൊലപാതകങ്ങളുടെ വിഡിയോ ലോകമെങ്ങും ഐഎസ് എത്തിച്ചു–കെയ്‌ലയുടെ ഒഴികെ. കെയ്‌ലയെ ഐഎസ് സ്ഥാപകൻ അബൂബക്കർ അൽ–ബാഗ്ദാദി പല തവണ ക്രൂരപീഡനത്തിനിരയാക്കിയെന്ന് യുഎസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു...
ജയിംസ് ഫോളിയുടെ മരണത്തോടെയാണ് ഐഎസിലെ ‘ബീറ്റിൽസിന്റെ’ ക്രൂരതയുടെ മുഖം ലോകമറിയുന്നത്. അതിനു പിന്നാലെയായിരുന്നു അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകരായ കെയ്‌ല മ്യൂളറെയും പീറ്റർ കാസിഗിനെയും കൊലപ്പെടുത്തിയത്. അതിക്രൂരമായ ഈ കൊലപാതകങ്ങളുടെ വിഡിയോ ലോകമെങ്ങും ഐഎസ് എത്തിച്ചു–കെയ്‌ലയുടെ ഒഴികെ. കെയ്‌ലയെ ഐഎസ് സ്ഥാപകൻ അബൂബക്കർ അൽ–ബാഗ്ദാദി പല തവണ ക്രൂരപീഡനത്തിനിരയാക്കിയെന്ന് യുഎസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു...
‘ഓൾ വി ആർ സേയിങ് ഈസ്, ഗിവ് പീസ് എ ചാൻസ്– സമാധാനത്തിന്റെ ഗാനമായിരുന്നു അത്. ‘ദ് ബീറ്റിൽസ്’ ബാൻഡിലെ ജോൺ ലെനൻ എഴുതിയത്. 1970കളിൽ അമേരിക്കൻ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളിൽ ജനം കയ്യടിച്ച് ഉറക്കെയുറക്കെ പാടിയ പാട്ട്. ലോകസമാധാനത്തിനു വേണ്ടിയായിരുന്നു ബീറ്റിൽസിന്റെ പാട്ട്. ജോൺ ലെനൻ, പോൾ മക്കാർട്ടിനി, റിംഗോ സ്റ്റർ, ജോർജ് ഹാരിസൻ എന്നിവരുടേതായിരുന്നു ലോകപ്രശസ്തമായ ആ ബ്രിട്ടിഷ് റോക്ക് ബാൻഡ്. പക്ഷേ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പിറവിക്കു ശേഷം ലോകം മറ്റൊരു ബീറ്റിൽസിനെപ്പറ്റി കേട്ടു–ജോൺ, പോൾ, റിംഗോ, ജോർജ് എന്നിങ്ങനെയായിരുന്നു അവരുടെയും പേര്. അവർ പക്ഷേ സമാധാനത്തിനു വേണ്ടിയല്ല നിലകൊണ്ടത്. മറിച്ച് ഐഎസിലെ ഏറ്റവും ക്രൂരമായ സംഘം. യാതൊരു ദാക്ഷിണ്യവുമില്ലാതെ ബന്ദികളുടെ തല വെട്ടുന്നവർ, അവരെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയവർ. ആ ക്രൂരത അതിരു കടന്നപ്പോൾ 2014ൽ റിംഗോ സ്റ്റർ തന്നെ അവർക്കെതിരെ രംഗത്തെത്തി ആഞ്ഞടിച്ചു– ‘‘ബീറ്റിൽസ് എന്നും നിലകൊണ്ടത് സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയായിരുന്നു. അതിനു നേർ വിപരീതമാണ് ഇവർ ചെയ്യുന്നത്. എന്തസംബന്ധമാണിത്...’’. അന്ന് റിംഗോ സ്റ്ററിന്റെ വാക്കുകൾക്ക് പിന്തുണയുമായി ഒട്ടേറെ ബീറ്റിൽസ് ആരാധകരും രംഗത്തു വന്നു. ആരാണ് യഥാർഥ ബീറ്റിൽസിനെ ദേഷ്യം പിടിപ്പിച്ച ഐഎസിലെ ‘ബീറ്റിലുകൾ’? എന്തുകൊണ്ടാണവർ ക്രൂരതയുടെ മറുപേരായി അറിയപ്പെട്ടത്? ഐഎസിന്റെ ബീറ്റില്‍സ് സംഘത്തിൽ റിംഗോ എന്ന പേരിലറിയപ്പെട്ടിരുന്ന എൽ ഷെഫീ എൽഷെയ്ഖിനെ കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിനു ശിക്ഷിച്ച് യുഎസ് കോടതി വിധി വന്നിരുന്നു. ‘മനുഷ്യത്വരഹിതവും അതിക്രൂരവുമായ പ്രവൃത്തികൾ ചെയ്തയാൾ’ എന്നാണ് വിധിക്കു ശേഷം ജഡ്ജി ഇയാളെ വിശേഷിപ്പിച്ചത്. അതോടെ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ചർച്ചകളിലേക്കെത്തിയിരിക്കുകയാണ് കൊടുംക്രൂരതയുടെ ഈ ബീറ്റിൽസ് സംഘം!
∙ തുടങ്ങി ‘ബീറ്റിൽസ്’ വേട്ട
ഇസ്‌ലാമിക് സ്റ്റേറ്റ് ആദ്യമായി കൊലപ്പെടുത്തുന്ന അമേരിക്കൻ പൗരനായിരുന്നു ജയിംസ് റൈറ്റ് ഫോളി. സിറിയൻ യുദ്ധകാലത്ത് ഫ്രീലാൻസ് ജേണലിസ്റ്റായി പ്രവർത്തിച്ചിരുന്ന ഫോളിയെ വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് 2012 നവംബറിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു വർഷത്തോളം തടവിൽ പീഡിപ്പിച്ചതിനു ശേഷം 2014 ഓഗസ്റ്റിൽ അദ്ദേഹത്തെ തലയറുത്തു കൊലപ്പെടുത്തി. ആ കൊലയ്ക്കു പിന്നിൽ ആരാണെന്നു കണ്ടെത്തിയത് ‘ദ് വാഷിങ്ടൻ പോസ്റ്റ്’ ആയിരുന്നു–2015ൽ. മുഹമ്മദ് എംവാസി എന്നായിരുന്നു അയാളുടെ പേര്. ഐഎസ് ഭീകരർക്കിടയിൽ ജിഹാദി ജോൺ എന്ന പേരിൽ അറിയപ്പെട്ടിരുന്നയാൾ.
ഇംഗ്ലണ്ട് പൗരനായ ഇയാൾ ഐഎസ് ശക്തി പ്രാപിച്ച കാലത്ത് സിറിയയിലേക്കു കടന്നതാണ്. ഫോളിയെ കൊലപ്പെടുത്തിയതു താനാണെന്നു പറഞ്ഞ് ഒരു വിഡിയോയിലും ഇയാൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഫോളിയുടേത് മാത്രമല്ല, അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകരുടെ കൊലപാതകത്തിനു പിന്നിലും ജിഹാദി ജോണാണെന്ന് പിന്നീട് തെളിഞ്ഞു. അന്നു മുതൽ യുഎസിന്റെയും യുകെയുടെയും ഇന്റലിജൻസ് ചാരക്കണ്ണുകളുടെ ലക്ഷ്യങ്ങളിലൊന്ന് ഇയാളായിരുന്നു. ഫോളിയെ കൊലപ്പെടുത്തി ഒരു വർഷത്തിനിപ്പുറം ജോണിന്റെ നീക്കങ്ങളെല്ലാം യുഎസ് കൃത്യമായി കണ്ടെത്തി. 2015 നവംബർ 12ന് സിറിയയിലെ റഖായിലെ ഒരു കെട്ടിടത്തിൽനിന്നിറങ്ങി വാഹനത്തിലേക്കു കയറുകയായിരുന്നു ജോൺ. ഒരൊറ്റ നിമിഷം– യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ ജോണ്‍ സഞ്ചരിച്ച വാഹനം തകർന്നു തരിപ്പണമായി. ആദ്യം ഐഎസ് സമ്മതിച്ചില്ല ആ മരണം. 2016 ജനുവരിയിൽ പക്ഷേ അവരും പറഞ്ഞു– മരിച്ചത് ജിഹാദി ജോൺ ആണ്. യുഎസിന്റെ ‘ബീറ്റിൽസ്’ വേട്ടയ്ക്കു തുടക്കമിടുന്നത് അവിടെനിന്നായിരുന്നു.
∙ ആരാണ് ജോർജ്, ആരാണ് റിംഗോ?
കണ്ണിൽച്ചോരയില്ലാത്ത കൊലപാതകങ്ങളിലായിരുന്നു ജിഹാദി ജോണിനു താൽപര്യം. എന്നാൽ ബീറ്റിൽസ് സംഘത്തിലെ ജോർജ് അങ്ങനെയായിരുന്നില്ല. മതഗ്രന്ഥം ആവർത്തിച്ചു വായിക്കുന്നതായിരുന്നു അയാളുടെ രീതി. മാത്രവുമല്ല, ഐഎസിന്റെ പ്രൊപ്പഗാൻഡ പ്രചരിപ്പിക്കുന്നതിലും മുന്നിൽനിന്നു. അബു മുഹറെബ് അഥവാ പോരാളിയെന്നാണ് ഐഎസ് ഭീകരർക്കിടയിൽ ഇയാൾ അറിയപ്പെട്ടിരുന്നത്. ലണ്ടനിൽനിന്നായിരുന്നു ഇയാളും സിറിയയിലെത്തിയത്. അബ്ദൽ–മജീദ് അബ്ദെൽ ബാരിയെന്നാണ് ഇയാളുടെ പേരെന്നും പ്രചാരണമുണ്ടായിരുന്നു. മുഹമ്മദ് എംവാസിയെന്ന സുഹൃത്തിനൊപ്പമാണ് ഇയാൾ സിറിയയിലേക്കു കടന്നത്.
എന്നാൽ 2016ൽ പാശ്ചാത്യ മാധ്യമങ്ങൾ കണ്ടെത്തിയ വിവരം പ്രകാരം അലക്സാണ്ട കോട്ടി എന്നയാളാണ് അബു മുഹറെബ് എന്ന പേരിൽ ഐഎസിൽ ചേർന്നതെന്നു കണ്ടെത്തി. ഇയാളും ‘ബീറ്റിൽസിലെ’ അംഗമായിരുന്നു. ഇയാളോടൊപ്പം മറ്റൊരു പേരും ആ സമയത്ത് ഉയർന്നു വന്നു– എൽ ഷെഫീ എൽഷെയ്ഖ്. 1990കളിൽ സുഡാനിൽനിന്ന് ബ്രിട്ടനിലേക്കു പലായനം ചെയ്തവരാണ് എൽ ഷെഫീയുടെ കുടുംബം. 2012ൽ സിറിയയിലേക്ക് കടന്ന് ഐഎസിൽ ചേർന്നു. അലക്സാണ്ടയാണോ അതോ എൽ ഷെഫീയാണോ ബീറ്റില്‍സ് സംഘത്തിലെ ജോർജ് എന്ന കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്.
2012–15 കാലമാണ് ബീറ്റിൽസ് സംഘത്തിന്റെ ക്രൂരത അതിന്റെ പാരമ്യതയിലെത്തിയത്. 2019ൽ പക്ഷേ സിറിയൻ ഡമോക്രാറ്റിക് ഫോഴ്സ് അതിന് അറുതി വരുത്തി. ഇറാഖ് അതിർത്തിയിൽ വച്ച് എൽ ഷെഫീയെയും കോട്ടിയെയും പിടികൂടി യുഎസിനു കൈമാറി. എൽ ഷെഫീയാണ് ജോർജ് എന്നാണ് ബന്ദിയായ ഒരു മുൻ ബ്രിട്ടിഷ് പൗരൻ പറഞ്ഞത്. എന്നാൽ എൽ ഷെഫീയ്ക്കെതിരെയുള്ള കോടതി രേഖകളിൽ അയാളുടെ മറുപേര് രേഖപ്പെടുത്തിയിരിക്കുന്നത് റിംഗോ എന്നാണ്. ഈ പേരു തർക്കം ഉൾപ്പെടെ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. അതിൽ പ്രതിഷേധിച്ചു കൂടിയാണ് യഥാർഥ റിംഗോ സ്റ്റർ ഒരിക്കൽ ‘ഐഎസ് ബീറ്റിൽസിനെതിരെ’ പൊട്ടിത്തെറിച്ചതും!
∙ നാലാമൻ പോൾ
‘ബീറ്റിൽസ്’ ക്രൂര സംഘത്തിലെ നാലാമനായിരുന്നു ജിഹാദി പോൾ. പക്ഷേ സംഘത്തിൽ കാര്യമായ പരിഗണയൊന്നും കിട്ടിയിരുന്നില്ല. അയ്ൻ ലെസ്‌ലി ഡേവിസ് എന്നായിരുന്നു ഇയാളുടെ യഥാർഥ പേര്. ബ്രിട്ടിഷ് പൗരൻ. ഐഎസിൽ ചേരും മുൻപ് മയക്കുമരുന്ന് കള്ളക്കടത്തായിരുന്നു പ്രധാന പണി. അനധികൃതമായി ആയുധം കയ്യിൽ വച്ചതിന് ഇയാൾക്കെതിരെ കേസുമുണ്ട്. ഭീകരർക്കു ധനസഹായം നൽകിയതിന് ഇയാളുടെ ഭാര്യയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2015ലാണ് തുർക്കിയിൽ വച്ച് അയ്ൻ ലെസ്‌ലി അറസ്റ്റിലാകുന്നത്. എന്നാൽ തനിക്ക് ഐഎസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇയാളുടെ വാദം.
2013ൽ സിറിയയിലെ ഇദ്‌ലിബിൽ ആയുധധാരിയായ ഒരാളോടൊപ്പം നിൽക്കുന്ന ഇയാളുടെ ഫോട്ടോ പുറത്തുവന്നത് തിരിച്ചടിയായി. ഒരു തമാശയ്ക്ക് എടുത്തതാണ് അതെന്നു പറഞ്ഞെങ്കിലും കോടതി ഇയാളെ ശിക്ഷിച്ചു. അതിനിടെ 2018ൽ, ഐഎസ് ബീറ്റിൽസിന്റെ ക്രൂരതയ്ക്കിരയായവർ യുകെയിൽ കോടതിയെ സമീപിച്ചു. തുടർന്ന് അയ്ൻ ലെസ്‌ലിയെ വിട്ടുകിട്ടാൻ യുകെ നടത്തിയ ശ്രമം 2022 ഓഗസ്റ്റിൽ ഫലം കണ്ടു. നിലവിൽ യുകെ കോടതിയിൽ വിചാരണ നേരിടുകയാണ്. ടെററിസം ആക്ട് പ്രകാരവും ഭീകർക്ക് പണം എത്തിച്ചതിനും ആയുധങ്ങൾ കൈവശം വച്ചതിനുമെല്ലാമാണ് വിചാരണ.
∙ അമേരിക്കയെ ലക്ഷ്യമിട്ട ‘ബീറ്റിൽസ്’
2014ൽ ജയിംസ് ഫോളിയുടെ മരണത്തോടെയാണ് ബീറ്റിൽസിന്റെ ക്രൂരതയുടെ മുഖം ലോകമറിയുന്നത്. അമേരിക്കൻ മാധ്യമപ്രവർത്തകനായ സ്റ്റീവൻ സോറ്റ്‌ലോഫിനെയും ജിഹാദി ജോൺ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലോകത്തെ ഞെട്ടിച്ചു. അതിനു പിന്നാലെയായിരുന്നു അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകരായ കെയ്‌ല മ്യൂളറെയും പീറ്റർ കാസിഗിനെയും കൊലപ്പെടുത്തിയത്. അതിക്രൂരമായ ഈ കൊലപാതകങ്ങളുടെ വിഡിയോ ലോകമെങ്ങും ഐഎസ് എത്തിച്ചു–കെയ്‌ലയുടെ വിഡിയോ ഒഴികെ. എന്നാൽ കെയ്‌ലയെ ഐഎസ് സ്ഥാപകനായ അബൂബക്കർ അൽ–ബാഗ്ദാദി വിവാഹം ചെയ്ത് പല തവണ ക്രൂരബലാത്സംഗത്തിനിരയാക്കിയെന്ന് യുഎസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. 2013ൽ സിറിയയിലെ ആലപ്പോയിൽ ബന്ദിയാക്കപ്പെടുമ്പോൾ 26 വയസ്സായിരുന്നു കെയ്‌ലയ്ക്ക്. ബഗ്ദാദിയെ 2019ല്‍ വേട്ടപ്പട്ടികളും യുഎസ് സൈനികരും പിന്തുടർന്നു കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിൽ കെട്ടിവച്ച ബോംബ് സ്വയം പൊട്ടിത്തെറിപ്പിച്ചായിരുന്നു അയാളുടെ മരണം.
ബ്രിട്ടിഷ് സാമൂഹിക പ്രവർത്തകരായ ഡേവിഡ് ഹെയിൻസ്, അലൻ ഹെന്നിങ്, ജാപ്പനീസ് മാധ്യമപ്രവർത്തകരായ ഹരുന യുകാവ, കെൻജി ഗോട്ടോ എന്നിവരുടെ മരണത്തിനു പിന്നിലും ജിഹാദി ജോണും സംഘവുമായിരുന്നു. ലോകം കണ്ട ഏറ്റവും മനുഷ്യത്വരഹിതമായ കൊലപാതകങ്ങളിലൊന്ന് എന്നാണ് ഈ കൊലപാതക പരമ്പരയെ വിവിധ രാജ്യങ്ങൾ അപലപിച്ചത്. പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള ബന്ദികളെ അവിടെനിന്നുള്ള ഐഎസ് ഭീകരരെക്കൊണ്ടു തന്നെ കൊല ചെയ്യിപ്പിക്കുക എന്നതായിരുന്നു ഐഎസിന്റെ രീതി. അങ്ങനെയാണ് യുകെയിൽനിന്നെത്തിയ നാലംഗ ‘ബീറ്റിൽസ്’ സംഘത്തെ അതിനായി ചുമതലപ്പെടുത്തുന്നത്.
∙ മരണംകൊണ്ടു വീർപ്പുമുട്ടിച്ചവർ
റാഖയിലെ ഇരുപതോളം സെല്ലുകളിലായിരുന്നു ബന്ദികളെ പാർപ്പിച്ചിരുന്നത്. ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ മറ്റു സൗകര്യങ്ങളോ ഒന്നും ലഭിക്കില്ല. വൃത്തികെട്ട കൂട് പോലെയായിരുന്നു സെല്ലുകള്‍. മറ്റ് ഐഎസ് കാവൽക്കാരേക്കാൾ ഭീകരതയായിരുന്നു ഇവിടെ ബീറ്റിൽസ് സംഘം പ്രയോഗിച്ചിരുന്നത്. എപ്പോഴെല്ലാം ബീറ്റിൽസ് സംഘം എത്തുന്നോ, അപ്പോഴെല്ലാം കൊടുംക്രൂരമായ പീഡനമുറകൾ അരങ്ങേറുമെന്നു പറയുന്നു പിന്നീട് മോചിപ്പിക്കപ്പെട്ട ബന്ദികൾ. ഇലക്ട്രിക് ഗണുകളുപയോഗിച്ച് ഷോക്കടിപ്പിക്കുക, മുഖം തുണികൊണ്ടു മൂടി മുഖത്തേക്ക് വെള്ളമൊഴിച്ച് ശ്വാസം മുട്ടിക്കുക തുടങ്ങിയ രീതികളായിരുന്നു പ്രധാനമായും. പലരെയും ഉടൻ കൊലപ്പെടുത്തുമെന്ന രീതിയിൽ ഭീഷണി മുഴക്കുന്നതും അതിനായി അവരെ ഒരുക്കുന്നതും ബീറ്റിൽസിന്റെ രീതിയായിരുന്നു. മരണത്തിന്റെ തൊട്ടടുത്തു വരെയെത്തി, ഭയംകൊണ്ടു ‘വീർപ്പുമുട്ടിക്കുന്ന’ ഈ രീതി പലരെയും മാനസികമായി പിന്നീട് ഏറെക്കാലം വേട്ടയാടിയിരുന്നു.
ദിവസവും ബന്ദികളെ ക്രൂരമായി മർദിച്ചിരുന്നു. രണ്ടു പേരിൽ ഒരാളുടെ ബോധം നഷ്ടപ്പെടും വരെ ബന്ദികളെ തമ്മിൽത്തല്ലിക്കുന്നതും ബീറ്റിൽസിന്റെ രീതിയായിരുന്നു. അതോടൊപ്പമാണ് കൊല്ലപ്പെടുത്തിയ മറ്റു ബന്ദികളുടെ ചിത്രങ്ങൾ നിര്‍ബന്ധിച്ചു കാണിക്കുന്നത്. നായ്ക്കളുടെ പേരിട്ടായിരുന്നു ബന്ദികളെ വിളിച്ചിരുന്നത്. ‘ഹോട്ടൽ കലിഫോർണിയ’ എന്ന പോപ് ഗാനത്തെ ‘ഹോട്ടൽ ഒസാമ’ എന്നു മാറ്റി പാടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. ഇങ്ങനെ മാനസികവും ശാരീരികവുമായ ഒട്ടേറെ കൊടുംപീഡനങ്ങൾ.
∙ കാശാണു ലക്ഷ്യം
ക്രൂരത അങ്ങേയറ്റമായതോടെ ഒരു ഘട്ടത്തിൽ ബീറ്റില്‍സ് സംഘത്തെ കാവൽ ജോലിയിൽനിന്നു വരെ ഐഎസ് നീക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. പല യൂറോപ്യൻ രാജ്യങ്ങളും ഇവർക്ക് ദശലക്ഷക്കണക്കിന് ഡോളർ നൽകിയിരുന്നുവെന്നാണ് ബന്ദികളിൽ ചിലർ പിന്നീട് വെളിപ്പെടുത്തിയത്. ബന്ദികളെ മോചിപ്പിക്കുന്നതിനായിരുന്നു ഈ പണം. ബന്ദികളുടെ ബന്ധുക്കൾക്ക് ഇമെയില്‍ അയച്ചായിരുന്നു പണം ആവശ്യപ്പെട്ടിരുന്നത്. ബന്ദികളുടെ പടവും ഇമെയിലിനൊപ്പമുണ്ടാകും. ലഭിച്ച പണംകൊണ്ട് വേണമെങ്കിൽ ഏതെങ്കിലും രാജ്യത്തു പോയി സുഖമായി ജീവിക്കാമെന്നു വരെ വീമ്പടിച്ചിരുന്നു ബീറ്റിൽസ് സംഘം. ബീറ്റിൽസിന്റെ കാലത്ത് 26 വിദേശികളെ ബന്ദികളാക്കി വച്ചിരുന്നുവെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടു, ചിലരെ മാത്രം മോചനദ്രവ്യം നൽകി മോചിപ്പിച്ചു.
ഇങ്ങനെ വിട്ടയച്ചവരിൽ ചിലരാണ് ബീറ്റില്‍സ് അംഗങ്ങളുടെ ‘യുകെ കണക്‌ഷൻ’ കണ്ടെത്താൻ സഹായിച്ചത്. 2011ൽ ബ്രിട്ടനിൽ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിൽ കോട്ടിയും എൽ ഷെഫീയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതിന്റെ വിഡിയോയും പ്രചരിക്കപ്പെട്ടിരുന്നു. ആ വിഡിയോ കണ്ട, മോചിപ്പിക്കപ്പെട്ട ബന്ദികളാണ് ഇരുവരെയും തിരിച്ചറിഞ്ഞതും പൊലീസിനെ വിവരമറിയിച്ചതും. കോട്ടിയും എൽ ഷെഫീയും യുകെയിൽ ഒന്നിനുപിറകെ ഒന്നായുള്ള കേസുകളിൽ കോടതി നടപടി നേരിടുകയാണിപ്പോൾ. എല്‍ ഷെഫീക്കെതിരെ കഴിഞ്ഞാഴ്ചയാണ് യുഎസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനോടകം എട്ടു ജീവപര്യന്തം, പരോളില്ലാതെ, ഇയാൾക്കു വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കോട്ടിക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. യുഎസിൽ ശിക്ഷയ്ക്കു വിധേയരാകുന്ന ഐഎസിലെ ഏറ്റവും ഉയർന്ന റാങ്കിലുണ്ടായിരുന്ന രണ്ടു പേരാണ് ഇരുവരും. ഐഎസിലെ ഏറ്റവും ക്രൂരന്മാരായിരുന്നവരും. ഇവരെ പിന്നാലെക്കൂടി കൊലപ്പെടുത്തിയതും അസാധാരണമായ നീക്കങ്ങളിലൂടെയായിരുന്നു.
∙ പിന്നാലെക്കൂടി പിടികൂടി
സിറിയയിലെ റഖാ ആയിരുന്നു ബീറ്റിൽസ് സംഘത്തിന്റെ മുഖ്യകേന്ദ്രം. അക്കാലത്തു യൂറോപ്പിൽ പലയിടത്തും ആക്രമണം നടത്തുന്നതിനുള്ള ഐഎസ് പദ്ധതികൾ തയാറായത് റഖായിലെ വീടുകളിലും ഇന്റർനെറ്റ് കഫെകളിലുമായിരുന്നു. അത്രയേറെ ശക്തമായിരുന്നു ഐഎസ് സാന്നിധ്യം അവിടെ. ബീറ്റിൽസ് സംഘവും ഇവിടെയുണ്ടെന്ന് അന്വേഷണ സംഘത്തിന് ആദ്യമായി മനസ്സിലായത് ഒരു വിഡിയോയിൽനിന്നായിരുന്നു. സിറിയയിൽനിന്ന് പലായനം ചെയ്ത ഒരാൾ മൊബൈലിൽ പകർത്തിയതായിരുന്നു ഇത്. ജിഹാദി ജോൺ ഉൾപ്പെടെയുള്ള മൂന്ന് ബീറ്റിൽസ് അംഗങ്ങൾ ഒരു റസ്റ്ററന്റിൽ ഫോൺ ചാർജ് ചെയ്തിരിക്കുന്നതായിരുന്നു ദൃശ്യം.
2015ൽ ജോണിനെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി. അതേ വർഷം തന്നെ പോളിനെ തുർക്കി പൊലീസ് പിടികൂടി. 2018ഓടെ ഇറാഖിലെയും സിറിയയിലെയും ശക്തികേന്ദ്രം വിട്ട് ഭീകരരെല്ലാം പലായനം ചെയ്തു. യുഎസ് പിന്തുണയോടെ സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസും ആക്രമണം ശക്തമാക്കിയതോടെ ഓസ്ട്രേലിയയിൽനിന്നും യുകെയിൽനിന്നും യുഎസിൽനിന്നുമെത്തി ഐഎസിൽ ചേർന്ന ഭീകരരും പല രാജ്യങ്ങളിലേക്കായി പലായനം ചെയ്തു. ഇതിനിടയിൽനിന്ന് എൽ ഷെഫീയെയും കോട്ടിയെയും പിടികൂടുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
2018 ആയപ്പോഴേക്കും സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അന്ത്യനിമിഷങ്ങൾ ഏറെക്കുറെ അടുത്തിരുന്നു. ഐഎസ് ഭീകരർ ഓരോരുത്തരായി പിടിക്കപ്പെട്ടു. അമേരിക്കൻ പിന്തുണയോടെ കുർദിഷ് പോരാളികൾ മുന്നേറി. ദിവസവും പിടിയിലാകുന്ന ഭീകരർക്കായി വലിയ ജയിലുകൾ തുറക്കപ്പെട്ടു. സിറിയ–ഇറാഖ് അതിർത്തിയിൽനിന്ന് 2018 ജനുവരിയിൽ ഒരു സംഘം പിടിക്കപ്പെട്ടു. അവരെ ചോദ്യം ചെയ്യാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ ഉൾപ്പെടെ എത്തി. അക്കാലത്തു പിടിയിലാകുന്ന എല്ലാ മുഖങ്ങളും ശ്രദ്ധിക്കണം. പലരും ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരാണ്. ചിലരുടെ മുഖം പോലും ഇന്നേവരെ ലോകം കണ്ടിട്ടില്ല. അത്തരമൊരു പരിശോധനയ്ക്കിടെയാണ് സിഐഎ കണ്ടെത്തുന്നത്, തങ്ങൾക്കു മുന്നിലിരിക്കുന്നത് കുപ്രസിദ്ധ ബീറ്റിൽസ് സംഘത്തിലെ അലക്സാണ്ട കോട്ടിയും എൽ ഷെഫീ എൽഷെയ്ഖുമാണ്.
സംഘത്തിലെ ജിഹാദി ജോണ്‍ നേരത്തേ കൊല്ലപ്പെട്ടു, പോളും പിടിയിലായി. മുന്നിലുള്ളവരിൽ ഒരാൾ ജോർജ്, പിന്നൊരാൾ റിംഗോ. പിടിയിലായതിനു പിന്നാലെ ഇരുവരുടെയും ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി വ്യക്തിത്വം സ്ഥിരീകരിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ എല്ലാം തുറന്നു പറയാൻ തയാറായിരുന്നു ഇരുവരും. എന്നാൽ അതിനു മുൻപേ തന്നെ ബീറ്റിൽസിന്റെ ക്രൂരതയ്ക്കിരയായവരിൽനിന്നു പൊലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. തങ്ങളുടെ പൗരന്മാരെ കൊലപ്പെടുത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ യുകെ, യുഎസ് ചാരസംഘം സിറിയയൊട്ടാകെ എൽ ഷെഫീയ്ക്കും കോട്ടിയ്ക്കും വേണ്ടി വല വിരിച്ചിരുന്ന നേരവുമായിരുന്നു അത്. പിടിക്കപ്പെട്ടില്ലെങ്കിൽ ഐഎസിലെ തന്നെ ഉയർന്ന റാങ്കുകളിലേക്ക് ഇവർ കയറിപ്പോകുമെന്ന ആശങ്കയും യുഎസിനും യുകെയ്ക്കുമുണ്ടായിരുന്നു. തുർക്കിയിലേക്കു കടക്കാൻ ലക്ഷ്യംവച്ചുള്ള പലായനത്തിനിടെയാണ് ഇരുവരും പിടിയിലാകുന്നതും ഇപ്പോൾ എന്നന്നേക്കുമായി തടവറയ്ക്കുള്ളിലാകുന്നതും.
(With Inputs from Reuters/PTI)
English Summary: The Dreadful Story of ISIS's Notorious Terrorist Cell 'The Beatles'