ചൈനയെ ‘തകർക്കുമോ’ ടാറ്റ–വിസ്ട്രൺ കൂട്ട്? ഐഫോൺ ഇന്ത്യയിലെത്തുമ്പോൾ വൻ മാറ്റം
ചൈനയെ ലക്ഷ്യമിട്ടാണോ ടാറ്റയുടെ പുതിയ നീക്കം? ഐഫോൺ നിർമാണത്തിലേക്ക് ടാറ്റ കടന്നാൽ എന്തായിരിക്കും സംഭവിക്കുക? ഇന്ത്യയിൽ ഐഫോണിന്റെ വില കുറയുന്നതിന് ഇതു സഹായിക്കുമോ? ഐഫോൺ നിർമാണം ആരംഭിച്ചാൽ ടാറ്റയുടെ ഏതൊക്കെ ഓഹരികളാകും ഇതിൽനിന്നു മെച്ചമുണ്ടാക്കുക? ഇന്ത്യയിൽ വൻതോതിൽ ഐഫോൺ നിർമാണം ആരംഭിച്ചാൽ നേട്ടമുണ്ടാക്കാനിടയുള്ള മറ്റ് ഓഹരികൾ ഏതൊക്കെയാകും?ടാറ്റയുടെ ഐഫോൺ ഇന്ത്യൻ വിപണിയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും?
ചൈനയെ ലക്ഷ്യമിട്ടാണോ ടാറ്റയുടെ പുതിയ നീക്കം? ഐഫോൺ നിർമാണത്തിലേക്ക് ടാറ്റ കടന്നാൽ എന്തായിരിക്കും സംഭവിക്കുക? ഇന്ത്യയിൽ ഐഫോണിന്റെ വില കുറയുന്നതിന് ഇതു സഹായിക്കുമോ? ഐഫോൺ നിർമാണം ആരംഭിച്ചാൽ ടാറ്റയുടെ ഏതൊക്കെ ഓഹരികളാകും ഇതിൽനിന്നു മെച്ചമുണ്ടാക്കുക? ഇന്ത്യയിൽ വൻതോതിൽ ഐഫോൺ നിർമാണം ആരംഭിച്ചാൽ നേട്ടമുണ്ടാക്കാനിടയുള്ള മറ്റ് ഓഹരികൾ ഏതൊക്കെയാകും?ടാറ്റയുടെ ഐഫോൺ ഇന്ത്യൻ വിപണിയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും?
ചൈനയെ ലക്ഷ്യമിട്ടാണോ ടാറ്റയുടെ പുതിയ നീക്കം? ഐഫോൺ നിർമാണത്തിലേക്ക് ടാറ്റ കടന്നാൽ എന്തായിരിക്കും സംഭവിക്കുക? ഇന്ത്യയിൽ ഐഫോണിന്റെ വില കുറയുന്നതിന് ഇതു സഹായിക്കുമോ? ഐഫോൺ നിർമാണം ആരംഭിച്ചാൽ ടാറ്റയുടെ ഏതൊക്കെ ഓഹരികളാകും ഇതിൽനിന്നു മെച്ചമുണ്ടാക്കുക? ഇന്ത്യയിൽ വൻതോതിൽ ഐഫോൺ നിർമാണം ആരംഭിച്ചാൽ നേട്ടമുണ്ടാക്കാനിടയുള്ള മറ്റ് ഓഹരികൾ ഏതൊക്കെയാകും?ടാറ്റയുടെ ഐഫോൺ ഇന്ത്യൻ വിപണിയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും?
ഉപ്പുതൊട്ട് ഇലക്ട്രിക് വാഹനങ്ങൾ വരെ നിർമിക്കുന്നവരാണ് ടാറ്റ. ഉൽപന്നനിരയിലെ ടാറ്റയുടെ മേൽക്കോയ്മയ്ക്കു പിന്നിൽ ടാറ്റ എന്ന ബ്രാൻഡിനോടും കമ്പനിയോടും ഇന്ത്യക്കാർക്കുള്ള വിശ്വാസവും സ്നേഹവുമെല്ലാമുണ്ട്. അതുകൊണ്ടുതന്നെ, ടാറ്റ ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നു എന്ന റിപ്പോർട്ടുകളെ ഇന്ത്യക്കാർ അഭിമാനത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐഫോണിന്റെ കരാർ നിർമാതാക്കളായ തായ്‌വാനിലെ വിസ്ട്രൺ കമ്പനിയുമായി ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ട് പുറത്തുവിട്ടത് ബ്ലൂംബെർഗാണ്. വിസ്ട്രണുമായുള്ള സംയുക്ത സംരംഭമായാകും ടാറ്റയുടെ ഇന്ത്യയിലെ ഐഫോൺ നിർമാണം. മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിസ്ട്രണുമായുള്ള സംയുക്ത സംരംഭത്തിനു പിന്നിലും ടാറ്റയ്ക്കു പ്രത്യേക ലക്ഷ്യങ്ങളുണ്ട്. കൂടുതൽ ഉൽപാദനം, സ്മാർട്ഫോൺ നിർമാണത്തിലെ വൈദഗ്ധ്യം, മികച്ച സപ്ലൈ ചെയിൻ, ഘടകങ്ങളുടെ അസംബ്ലിങ് എന്നിവയിൽ ഈ തായ്‌വനീസ് കമ്പനിക്കുള്ള പ്രാവീണ്യത്തിൽ ടാറ്റ ഗ്രൂപ്പിന് സംശയമില്ല. വിസ്ട്രൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലെയും ചൈനയിലെയും ഐ ഫോണിന്റെ ഏറ്റവും വലിയ ഉൽപാദകർ. എന്നാൽ റിപ്പോർട്ടിൽ ടാറ്റയുടെ ഭാഗത്തുനിന്നുള്ള സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളു. ആപ്പിൾ കമ്പനിയുടെ അറിവോടെയാണോ ടാറ്റ–വിസ്ട്രൺ ഡീൽ എന്നതിനും വ്യക്തത വരാനുണ്ട്. ഐ ഫോൺ നിർമാണത്തിലേക്ക് ടാറ്റ കടന്നാൽ എന്തായിരിക്കും സംഭവിക്കുക? ഇന്ത്യയിൽ ഐഫോണിന്റെ വില കുറയുന്നതിന് ഇതു സഹായിക്കുമോ?
ഐ ഫോൺ നിർമാണത്തിലേക്ക് ടാറ്റ കടന്നാൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഐഫോണുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകുമെന്നതാണ് വലിയ നേട്ടം. ഐഫോൺ ഇറക്കുമതി കുറയ്ക്കുന്നത് നേരിയ തോതിലെങ്കിലും വില കുറയാനുമിടയാക്കും. എന്തായാലും ടാറ്റ ഐഫോൺ നിർമിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നതിന്റെ ത്രില്ലിലാണ് നിക്ഷേപകർ. ഇപ്പോൾ വലിയ അദ്ഭുതങ്ങൾ കാണിക്കാറില്ലെങ്കിലും ദീർഘകാല നിക്ഷേപകരെ എപ്പോഴും കൂടെ നിർത്തുന്ന ടാറ്റ ഓഹരികൾ വിപണിയിൽ എന്നും പ്രിയപ്പെട്ടവയാണ്. ഐഫോൺ നിർമാണം ആരംഭിച്ചാൽ ടാറ്റയുടെ ഏതൊക്കെ ഓഹരികളാകും ഇതിൽ നിന്നു മെച്ചമുണ്ടാക്കുക? ഇന്ത്യയിൽ വൻതോതിൽ ഐഫോൺ നിർമാണം ആരംഭിച്ചാൽ നേട്ടമുണ്ടാക്കാനിടയുള്ള മറ്റ് ഓഹരികൾ ഏതൊക്കെയാകും? ടാറ്റയുടെ ഐഫോൺ ഇന്ത്യൻ വിപണിയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും? ഇവയെല്ലാം വിശദമായി പരിശോധിക്കാം.
∙ രണ്ടു മാസത്തിനുള്ളിൽ ടാറ്റയുടെ ഐഫോൺ14?
അടുത്ത രണ്ടു മാസത്തിനുള്ളിൽ ഐഫോൺ 14 ശ്രേണിയിലെ മോഡലുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഇതുവഴി ഫോൺ നിർമാണത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നതു കുറയ്ക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ആപ്പിൾ ഈ ലക്ഷ്യവുമായി മുന്നോട്ടുപോകുമ്പോഴാണ് ടാറ്റയും വിസ്ട്രണും തമ്മിലുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നത്. നിർമാണത്തിൽ ചൈനയോടുള്ള അമിത ആശ്രയത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി, ആപ്പിൾ പുതിയ മോഡലുകൾ വളരെ വേഗത്തിൽ ഇന്ത്യയിൽ നിർമിക്കുന്നതിനായി വിതരണക്കാരുമായി സഹകരിച്ചേക്കുമെന്നും ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ടാറ്റ ഹൗസിൽ നിർമിച്ച ഐഫോൺ കിട്ടാൻ ഇന്ത്യക്കാർക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്നുള്ളതിന്റെ മറ്റൊരു കാരണം ഇതാണ്.
ആപ്പിൾ ടാറ്റയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ടോ എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ആപ്പിൾ–ടാറ്റ സഹകരണം ഉടനുണ്ടാകുമെന്ന സൂചനയാണ് കോർപറേറ്റ് ലോകത്തുള്ളത്. ആപ്പിളിന്റെ ഏറ്റവും പ്രധാന വിതരണക്കാരിൽ ഒരാളാണ് തയ്‌വാൻ ആസ്ഥാനമായ വിസ്ട്രൺ. ഇലക്ട്രോണിക്സ് ഡിവൈസ് നിർമാണത്തിനായുള്ള സംയുക്ത സംരംഭം ആരംഭിക്കുന്നതിനും ഐഫോൺ അസംബ്ൾ ചെയ്യുന്നതിനുമുള്ള ചർച്ചയാണ് ടാറ്റയും വിസ്ട്രണുമായി ഇപ്പോൾ നടക്കുന്നത്.
ഒരു ഘട്ടത്തിൽ യുദ്ധത്തിന്റെ വക്കോളമെത്തിയ ചൈന–തയ്‌വാൻ ബന്ധത്തിലെ ഉലച്ചിലുകൾ ആപ്പിളിനു വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതും ടാറ്റയുടെ പദ്ധതിയുമായി ആപ്പിൾ ഉടൻ സഹകരിക്കാനുള്ള സാധ്യത കൂട്ടുന്നു. ഐഫോൺ 14 ന്റെ നിർമാണം വരുന്ന രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇന്ത്യയിൽ നടത്താൻ ആപ്പിൾ വിതരണക്കാരുമായി ചർച്ച നടത്തുന്ന സാഹചര്യത്തിൽ ടാറ്റയും നടപടികൾ വേഗത്തിലാക്കിയേക്കും. ടാറ്റ–വിസ്ട്രൺ കരാർ യാഥാർഥ്യമായാൽ ടാറ്റ ആദ്യം നിർമിച്ചു തുടങ്ങുക ഏറ്റവും പുതിയ ഐഫോൺ14 ശ്രേണിയിലെ മോഡലുകളാകും.
∙ വിട്ടുകളയില്ല, ടാറ്റയുടെ വിശ്വാസ്യത
ഇന്ത്യൻ വിപണികളിലും ജനമനസ്സിലും ഒരുപോലെ ഇടമുണ്ട് ടാറ്റയ്ക്ക്. അതുകൊണ്ടുതന്നെ ആപ്പിൾ–ടാറ്റ ഡീൽ അധികം വൈകിയേക്കില്ലെന്നാണു സൂചന. വിസ്ട്രണുമായി ചേർന്നുള്ള സംയുക്ത സംരംഭത്തിന് ആപ്പിൾ ഉടൻ പച്ചക്കൊടി കാട്ടിയേക്കും. നിലവിൽ രാജ്യത്തെ സോഫ്‌റ്റ്‌വെയർ മേഖലയിൽ ടാറ്റ അതികായകരാണ്. ടാറ്റയുടെ ഐടി കമ്പനി ടിസിഎസിനു ലോക ടെക് ലോകത്തുതന്നെ നിർണായക സ്ഥാനമുണ്ട്. വിസ്ട്രണുമായി ചേർന്നുള്ള സംയുക്ത സംരംഭം ആരംഭിച്ചാൽ ടെക്നോളജി രംഗത്ത് ടാറ്റ വലിയ മുന്നേറ്റമുണ്ടാക്കും.
ടാറ്റയ്ക്ക് റീടെയ്‌ൽ രംഗത്തും വലിയ സ്വാധീനമുണ്ട്. ടാറ്റയുടെ അനുബന്ധ സ്ഥാപനമായ ഇൻഫിനിറ്റി റീട്ടെയ്‌ലിനു കീഴിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റീട്ടെയ്ൽ ശൃംഖലയായ ക്രോമയും കരാർ യാഥാർഥ്യമായാൽ ടാറ്റയ്ക്ക് ഉപയോഗപ്പെടുത്താനാകും. ഇപ്പോൾ വിസ്ട്രൺ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ എണ്ണം കുറഞ്ഞത് 5 ഇരട്ടിയെങ്കിലും വർധിപ്പിക്കുകയായും ടാറ്റയുമായുള്ള സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. വിസ്ട്രണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ഓഹരി സ്വന്തമാക്കാനുള്ള ശ്രമവും ടാറ്റയിൽ നിന്നുണ്ടായേക്കും. ഇത് ഐഫോൺ അംസംബ്ലിങ്ങിനും അപ്പുറത്തേക്കുള്ള ലക്ഷ്യം ടാറ്റയുടെ മുന്നിലുണ്ടെന്നതിന്റെ സൂചനയാണ്.
ഉപ്പും ഉപഭോക്തൃ ഉൽപന്നങ്ങളും കാറും സ്വർണാഭരണങ്ങളും അടക്കമുള്ളവ ടാറ്റ ഗ്രൂപ്പിനുണ്ടെങ്കിലും വൈവിധ്യവൽക്കരണത്തിൽ ടാറ്റ പിന്നിലാണെന്നു ചിന്തിക്കുന്നവരും കുറവല്ല. പതിറ്റാണ്ടുകൾക്കു മുൻപേ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ടാറ്റയുടെ വളർച്ച മറ്റ് കോർപറേറ്റ് ഗ്രൂപ്പുകളെപ്പോലെ വേഗത്തിലാകാത്തതിന്റെ കാരണം കാലോചിതമായ മാറ്റങ്ങൾ വരുത്താത്തതുകൊണ്ടാണെന്നാണു വിമർശനം. ഐഫോൺ അസംബ്ലിങ്ങിൽ വിസ്ട്രണുമായുള്ള സഹകരണം ഈ വിമർശകരുടെയെല്ലാം വായടപ്പിക്കുന്നതാകും. ഐ ഫോൺ നിർമാണത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ കമ്പനി എന്ന നേട്ടം ടാറ്റയ്ക്കു പുതിയ മേഖലകൾ തുറക്കാനും വളർച്ചയ്ക്കും സഹായകരമാകും.
∙ രാജ്യത്തെ ആദ്യ ഐഫോൺ നിർമാതാക്കൾ
ഐഫോൺ നിർമാണത്തിലേക്കു കടന്നാൽ ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും. എന്നാൽ ഇടപാട് എങ്ങനെയായിരിക്കുമെന്നതിൽ വ്യക്തത വരാനുണ്ട്. ചിലപ്പോൾ വിസ്ട്രണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ടാറ്റ ഓഹരി വാങ്ങുകയാകും ചെയ്യുന്നത്. ഇനി ടാറ്റ പുതിയ പ്ലാന്റ് സ്ഥാപിക്കുമോ എന്നും കണ്ടറിയണം. ടാറ്റയുടെ ഇല്ക്രോണിക്സ് റീടെയ്‌ലറായ ക്രോമ ഐഫോൺ 14 ന്റെ പ്രീഓർഡറിൽ പ്രത്യേക ഓഫറുകളും മത്സരങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതും വരാൻപോകുന്ന കരാറിന്റെ സൂചനയായി കാണുന്നവരുണ്ട്.
ബ്രേക്ഫാസ്റ്റ് വിത് ആപ്പിൾ എന്നതാണു ക്രോമയുടെ പുതിയ ക്യാംപെയ്ൻ. നിലവിൽ ഐഫോൺ12, ഐഫോൺ13, ഐഫോൺ എസ്ഇ തുടങ്ങിയ മോഡലുകൾ ആപ്പിൾ വിതരണക്കാരുടെ സഹായത്തോടെ ഇന്ത്യയിൽ അസംബ്ൾ ചെയ്യുന്നുണ്ട്. ഫോക്സ്കോൺ, വിസ്ട്രൺ, പെഗാട്രൺ തുടങ്ങിയ വിതരണക്കാരുമായുള്ള പാർട്ണർഷിപ് വഴിയാണ് അസംബ്ലിങ്. ഇതിൽ പ്രമുഖ ഗ്രൂപ്പായ തയ്‌വാൻ വമ്പൻ വിസ്ട്രണുമായാണ് ടാറ്റയുടെ ചർച്ചകൾ എന്നതും ശ്രദ്ധേയമാണ്. കരാർ യാഥാർഥ്യമായാൽ ടാറ്റയുടെ ആദ്യത്തെ സ്മാർട്ഫോൺ സംരംഭമെന്ന പ്രത്യേകതയുമുണ്ട്.
രാജ്യത്തെ ഐഫോൺ നിർമാതാക്കളാകാനുള്ള അവസരം ടാറ്റ വിട്ടുകളയാനും സാധ്യതയില്ല. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉപകരണ നിർമാണത്തിനും ഇലക്ട്രോണിക്സ് മേഖലയിലേക്കും ഇനി കൂടുതൽ പ്രാധാന്യം കൊടുക്കുമെന്ന് ടാറ്റ ഗ്രൂപ്പ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഐഫോൺ ഘടകഭാഗങ്ങൾ എത്തിച്ചുകൊടുക്കുന്ന ബിസിനസ് ഗ്രൂപ്പ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നിന്ന് കരാറിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആപ്പിൾ കരാറിനായി ഇതുവരെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ല.
∙ ആപ്പിൾ–ടാറ്റ ഡീൽ: ഓഹരികൾ കുതിക്കും
ഐഫോൺ നിർമാണത്തിനുള്ള കരാറായാൽ ടാറ്റ ഓഹരികൾ വലിയ കുതിപ്പു നടത്തിയേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ടാറ്റ ഗ്രൂപ്പ് കമ്പനികളെല്ലാം കരാർ വഴി നേട്ടമുണ്ടാക്കും. സോഫ്റ്റ്‌വെയർ കമ്പനിയായ ടിസിഎസായിരിക്കും ഗ്രൂപ്പിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തുക. ടാറ്റ എല്‍ക്സി, ടാറ്റയുടെ റീടെയ്ൽ കമ്പനികൾ എന്നിവയുടെ ഓഹരികളിലും നേട്ടമുണ്ടാകും. റെഡിങ്ടൺ ആണ് പ്രതീക്ഷ വയ്ക്കാവുന്ന ടാറ്റ ഗ്രൂപ്പിനു പുറത്തുള്ള കമ്പനി. നിലവിൽ റെഡിങ്ടൺ ഇന്ത്യയിലെ ഐഫോൺ നിർമാണവുമായി സഹകരിക്കുന്നണ്ട്.
ടാറ്റയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഐഫോൺ നിർമാണം ആരംഭിച്ചാൽ ഉൽപാദനം ഏതാണ്ട് അഞ്ച് ഇരട്ടിയാകും. ഇത് റെഡിങ്ടണിന്റെ ബിസിനസ് കൂട്ടും. കമ്പനി ഓഹരികൾക്ക് വലിയ നേട്ടമുണ്ടാക്കാനാകും. ആപ്പിൾ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമിക്കുന്നുവെന്ന പ്രഖ്യാപനം മൂന്നാഴ്ച മുൻപു നടത്തിയപ്പോൾ 10 ശതമാനമാണ് റെഡിങ്ടൺ ഓഹരികൾ നേട്ടമുണ്ടാക്കിയത്.
ടാറ്റ കൺസൽറ്റൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്– ഓഹരി വില 3169 രൂപ), ടാറ്റ സ്റ്റീൽ ലിമിറ്റഡ് (ഓഹരി വില 106 രൂപ), ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് (വില–443 രൂപ), ടൈറ്റൻ കമ്പനി ലിമിറ്റഡ് (വില 2603 രൂപ), ടാറ്റ പവർ ലിമിറ്റഡ് (243 രൂപ), ടാറ്റ കെമിക്കൽസ് ലിമിറ്റഡ് (1113 രൂപ), ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (312 രൂപ), ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് (816 രൂപ), ടാറ്റ കമ്യൂണിക്കേഷൻസ് ലിമിറ്റഡ് (1250 രൂപ), വോൾട്ടാസ് ലിമിറ്റഡ് (966 രൂപ), ട്രെന്റ് ലിമിറ്റഡ് (1379 രൂപ), ടാറ്റ സ്റ്റീൽസ് ലോങ് പ്രോഡക്ട്സ് (616 രൂപ), ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (1828 രൂപ), ടാറ്റ മെറ്റാലിക്സ് ലിമിറ്റഡ് (800 രൂപ), ടാറ്റ എൽക്സി (8816 രൂപ), നെൽകോ ലിമിറ്റഡ് (972 രൂപ), ടാറ്റ കോഫി (238 രൂപ) എന്നിവയാണ് ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികൾ. വിസ്ട്രണുമായുള്ള ഇടപാട് ഗ്രൂപ്പിന്റെ പുതിയ വൈവിധ്യവൽക്കരണമായതിനാൽ എല്ലാ കമ്പനികളും ആനുപാതിക നേട്ടമുണ്ടാക്കിയേക്കും.
∙ വിസ്ട്രണിനും ഗുണകരം
ഫോക്സ്കോണിന്റെ അതേ സ്ഥിതിയാണ് ഇന്ത്യയിൽ തയ്‌വാൻ വമ്പൻ വിസ്ട്രണിനും. ഇന്ത്യയിലെ ബിസിനസ് നഷ്ടത്തിൽ തന്നെ. ടാറ്റയുമായി വിസ്ട്രൺ സഹകരിക്കുമെന്ന് കോർപറേറ്റ് ലോകം ഉറപ്പിക്കുന്നത് ഈ സാഹചര്യംകൊണ്ടു കൂടിയാണ്. പേരും പെരുമയും കൈയിൽ പണവുമുള്ള ടാറ്റ പോലുള്ള ഒരു ഗ്രൂപ്പിന്റെ സാന്നിധ്യം ഇന്ത്യയിലെ നിർമാണ ബിസിനസ് നേട്ടത്തിലാക്കാൻ വിസ്ട്രണിനെ സഹായിച്ചേക്കും. നിലവിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ ടാറ്റയ്ക്ക് ഒന്നാം സ്ഥാനമുണ്ട്. ഈ മേഖലയിലേക്കു കൂടി വിസ്ട്രൺ പോലുള്ള ഇലക്ട്രോണിക്സ് കമ്പനി കണ്ണുവയ്ക്കുന്നുണ്ടാകും.
ഇരു കമ്പനിക്കും ഭാവിയിൽ നേട്ടമുണ്ടാക്കിക്കൊടുക്കുന്നതായിരിക്കും കരാർ. 2017 മുതലാണ് വിസ്ട്രൺ ഇന്ത്യയിൽ ഐഫോൺ നിർമിച്ചു തുടങ്ങിയത്. പ്രാദേശികതലത്തിൽ ഐഫോൺ നിർമിക്കാനുള്ള ആപ്പിളിന്റെ ശ്രമഫലമായായിരുന്നു കർണാടകയിൽ വിസ്ട്രൺ ഐ ഫോൺ പ്ലാന്റ് ആരംഭിക്കുന്നത്. തൊഴിലാളി സമരം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഐഫോൺ പ്ലാന്റിലുമുണ്ടായി. എന്നാൽ ടാറ്റ പോലുള്ള വിശ്വസ്ത തൊഴിൽ സ്ഥാപനത്തിന്റെ സഹകരണം ഈ പ്രശ്നങ്ങളെയൊക്കെ അതിജീവിച്ചേക്കാം.
∙ ചൈനയ്ക്കു കടുത്ത വെല്ലുവിളി
അമേരിക്കയുമായി നാളുകളായി തുടരുന്ന വ്യാപാരയുദ്ധം, തയ്‌വാൻ സംഭവത്തിനു ശേഷം വീണ്ടും വഷളായ അമേരിക്കൻ ബന്ധം, കോവിഡ് നിയന്ത്രണങ്ങൾ മൂലം താറുമാറായ വിതരണ ശൃംഖല, വ്യാപാരമേഖലയിലെയും ഉൽപാദനമേഖലയിലെയും മന്ദത, സാമ്പത്തിക മാന്ദ്യം... ഇത്തരത്തിൽ, നിലവിൽ അത്ര സുഖകരമല്ല ചൈനയിലെ കാര്യങ്ങൾ. ഇലക്ട്രോണിക്സ് ഉൽപന്ന നിർമാണ രംഗത്ത് ചൈനയ്ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത അപ്രമാദിത്തം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് ഏതാണ്ട് നഷ്ടമാക്കുന്ന സ്ഥിതിയാണുള്ളത്.
രണ്ടാം ഘട്ട കോവിഡ് നിയന്ത്രണങ്ങളാണ് ചൈനയ്ക്ക് തിരിച്ചടിയായത്. ലോകം കോവിഡിനെ അതിജീവിച്ച് സാവധാനം മുന്നോട്ടു നീങ്ങിയപ്പോൾ ചൈന സീറോ കോവിഡ് നയം പ്രഖ്യാപിച്ച് വീണ്ടും ലോക്ഡൗണിലേക്കു പോയി. ഇതോടെ ആഗോള വിതരണ ശൃംഖല തന്നെ താറുമാറായി. സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം അടച്ചിട്ട് രാജ്യം കോവിഡ് മുക്തമാക്കാനുള്ള ശ്രമം ചൈന നടത്തിയപ്പോൾ ലോകം അതിവേഗം മുന്നോട്ടുപോയി.
ഇപ്പോൾ ഇന്ത്യയിൽനിന്ന് ടാറ്റ പോലുള്ള ഒരു കമ്പനി വിസ്ട്രൺ കോർപ്പുമായി ചേർന്ന് ഐഫോൺ അസംബ്ലിങ് യൂണിറ്റ് തുടങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് ചൈനയ്ക്കു വീണ്ടും വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല. ഐഫോൺ നിർമാണത്തിൽ ചൈനയിൽ നിന്നുള്ള അമിതാശ്രിതത്വം കുറയ്ക്കണണെന്ന് ആഗ്രഹിക്കുന്നത് ആപ്പിൾ മാത്രമല്ല, അമേരിക്ക കൂടിയാണ്. ടാറ്റ–വിസ്ട്രൺ കരാർ യാഥാർഥ്യമായാൽ മറ്റ് ഇലക്ട്രോണിക്സ് ഭീമൻമാരും ഇന്ത്യയിൽ ഉൽപന്നങ്ങൾ നിർമിക്കാൻ മുന്നോട്ടുവന്നേക്കും. ഇന്ത്യയിലെ വൻകിട ബിസിനസ് സാമ്രാജ്യങ്ങൾ സംയുക്ത സംരംഭത്തിനായി മുന്നോട്ടുവരികയും ചെയ്യും. ഇത് ചൈനയ്ക്കുണ്ടാക്കുന്ന തിരിച്ചടി ചെറുതായിരിക്കില്ല.
ആപ്പിളിന് ടാറ്റ– വിസ്ട്രൺ കരാറുമായി നേരിട്ടു ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും പ്രാദേശിക കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതാണ് ആപ്പിളിന്റെ നയമെന്നത് കരാർ അതിവേഗം യാഥാർഥ്യമാകുമെന്ന സൂചനകൾക്കു ബലം നൽകുന്നുണ്ട്. ടാറ്റയും ആപ്പിളും വിസ്ട്രണും ഇതുവരെ കരാർ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
English Summary: Tata Group in talks with Wistron for Manufacturing iPhones in India; Major Changes soon