പത്തുമാസത്തോളമായി തുടരുന്ന, എന്ന് അവസാനിക്കുമെന്ന് ഇപ്പോഴുമറിയാത്ത യുദ്ധത്തിൽ നീറുന്ന യുക്രെയ്ൻ ജനതയുടെ കണ്ണീരാണ് 2022നെ കളങ്കപ്പെടുത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ‘സുരക്ഷിത പാളയങ്ങളി’ലിരുന്ന് ആയുധങ്ങൾ നൽകിയും ഉപരോധങ്ങൾ കൊണ്ടു ഭീഷണിപ്പെടുത്തിയും ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ

പത്തുമാസത്തോളമായി തുടരുന്ന, എന്ന് അവസാനിക്കുമെന്ന് ഇപ്പോഴുമറിയാത്ത യുദ്ധത്തിൽ നീറുന്ന യുക്രെയ്ൻ ജനതയുടെ കണ്ണീരാണ് 2022നെ കളങ്കപ്പെടുത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ‘സുരക്ഷിത പാളയങ്ങളി’ലിരുന്ന് ആയുധങ്ങൾ നൽകിയും ഉപരോധങ്ങൾ കൊണ്ടു ഭീഷണിപ്പെടുത്തിയും ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തുമാസത്തോളമായി തുടരുന്ന, എന്ന് അവസാനിക്കുമെന്ന് ഇപ്പോഴുമറിയാത്ത യുദ്ധത്തിൽ നീറുന്ന യുക്രെയ്ൻ ജനതയുടെ കണ്ണീരാണ് 2022നെ കളങ്കപ്പെടുത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ‘സുരക്ഷിത പാളയങ്ങളി’ലിരുന്ന് ആയുധങ്ങൾ നൽകിയും ഉപരോധങ്ങൾ കൊണ്ടു ഭീഷണിപ്പെടുത്തിയും ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തുമാസത്തോളമായി തുടരുന്ന, എന്ന് അവസാനിക്കുമെന്ന് ഇപ്പോഴുമറിയാത്ത യുദ്ധത്തിൽ നീറുന്ന യുക്രെയ്ൻ ജനതയുടെ കണ്ണീരാണ് 2022 ലെ ദുരന്തചിത്രം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ‘സുരക്ഷിത പാളയങ്ങളി’ലിരുന്ന് ആയുധങ്ങൾ നൽകിയും ഉപരോധങ്ങൾ കൊണ്ടു ഭീഷണിപ്പെടുത്തിയും ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ അതൊന്നും വകവയ്ക്കാതെ മുന്നോട്ടുപോകുകയാണ് റഷ്യ. ഇന്ത്യയെ കോളനിവത്കരിച്ച ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഒരു ഇന്ത്യൻ വംശജൻ അധികാരമേറ്റെടുത്തത് ഇന്ത്യക്കാരെ സംബന്ധിച്ച് ഈ വർഷത്തെ സുന്ദരദൃശ്യം എന്നു വിശേഷിപ്പിക്കാം. ഒരു യുഗത്തിന്റെ അന്ത്യം കൂടിയായിരുന്നു ബ്രിട്ടിഷ് രാജ്ഞി എലിസബത്തിന്റെ വിയോഗം. ഭൂമിയെ സംരക്ഷിക്കാനുള്ള കാലാവസ്ഥാ ഉച്ചകോടിയും ലോക ജനസംഖ്യ 800 കോടിയായതും നമ്മൾ കണ്ടു. അല്‍ ഖായിദ തലവൻ അയ്മാൻ അൽ സവാഹിരിയെ വധിച്ചതിനും ജപ്പാന്റെ ജനപ്രിയ പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയുടെ മരണത്തിനും 2022 സാക്ഷ്യം വഹിച്ചു. ഒട്ടേറെ സംഭവവികാസങ്ങൾക്കു സാക്ഷ്യം വഹിച്ച 2022 വിടപറയുകയാണ്. വായിക്കാം 2022നെ നടുക്കിയ, ഈ വർഷത്തെ പ്രാധാന്യമുള്ളതാക്കുന്ന 10 സംഭവങ്ങളെക്കുറിച്ച്.

റഷ്യയെ ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിൽ സ്ഫോടനം നടന്നപ്പോൾ. 2022 ഒക്ടോബർ 8ലെ ചിത്രം. (Photo by AFP)

∙ റഷ്യ – യുക്രെയ്ൻ യുദ്ധം

ADVERTISEMENT

2014 ൽ യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രൈമിയയെ റഷ്യ അടർത്തിയെടുത്ത സംഘർഷകാലത്തിനുശേഷം പതിയെപ്പതിയെ മൂർച്ഛിച്ചുവന്ന പ്രശ്നങ്ങൾ 2022 ഫെബ്രുവരി 24ന് യുദ്ധത്തിലേക്കെത്തി. റഷ്യ യുക്രെയ്ന്റെ മേഖലകളിലേക്ക് അതിക്രമിച്ചുകയറി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് റഷ്യയുടെ അധിനിവേശം വരുത്തിവച്ചത്. എന്നാൽ യുക്രെയ്ൻ ശക്തമായി ചെറുത്തു. അതിപ്പോഴും തുടരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ യുക്രെയ്ൻ തലസ്ഥാനമായ കീവ് വീഴ്ത്താമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മോഹം സഫലമായില്ല.

ഖാർക്കിവിലെ റെയിൽവേ ഡിപ്പോകളിലൊന്ന് റഷ്യൻ മിസൈലാക്രമണത്തിൽ തകർന്ന് തീപിടിച്ചപ്പോൾ. 2022 സെപ്റ്റംബറിലെ കാഴ്ച SERGEY BOBOK / AFP

ഇതേത്തുടർന്ന് ക്രൈമിയയിലേക്ക് കരമാർഗം സഞ്ചരിക്കാനുള്ള വഴിയൊരുക്കുന്നതിനായി തെക്കു–കിഴക്കൻ യുക്രെയ്ന്റെ ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കാനാണ് പുട്ടിന്റെ ശ്രമം. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽ ഹിതപരിശോധന നടത്തുകയും കൂട്ടിച്ചേർക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് യുക്രെയ്ൻ തിരിച്ചടിച്ചതോടെ ഹേഴ്സൻ നഗരത്തിൽനിന്നു പിന്മാറിയ റഷ്യൻ സേന നിപ്പെർ നദിയോടു ചേർന്ന് ക്രൈമിയയുടെ ഭാഗത്തേക്ക് പിൻവലിഞ്ഞു. എന്നാൽ കീവിനും മറ്റു പ്രധാന നഗരങ്ങൾക്കും നേരെ ഇപ്പോഴും റഷ്യ മിസൈൽവർഷം നടത്തുന്നു. മിക്കതും യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തുകളയാറുണ്ടെങ്കിലും ചിലതൊക്കെ വൻ നാശം വരുത്തിവയ്ക്കാറുണ്ട്.

കിഴക്കന്‍ യുക്രെയ്നിൽ റഷ്യൻ സൈന്യത്തിനു നേരെ നടക്കുന്ന ആക്രമണം. 2022 ജൂണിലെ ദൃശ്യം: ARIS MESSINIS / AFP

യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുരാജ്യങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഇതിനിടയിൽ 300,000 പേരടങ്ങുന്ന ഒരു റിസർവ് സൈന്യത്തെ സജ്ജമാക്കാൻ റഷ്യ ശ്രമം തുടങ്ങി. ഇത് രാജ്യത്തുനിന്ന് യുവാക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. ആക്രമണം നടന്ന യുക്രെയ്ന്റെ പ്രദേശങ്ങളിൽ വൈദ്യുതി, ജലവിതരണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ റഷ്യ നശിപ്പിക്കുന്നത് പുനരധിവാസം ഉടനെ അസാധ്യമാക്കുന്നു. ലോകത്ത് ആകെ വിതരണം ചെയ്യുന്ന ധാന്യങ്ങളിൽ 45 ദശലക്ഷം ടൺ വരുന്നത് യുക്രെയ്നിൽനിന്നാണ്. ബാർലി, ചോളം, ഗോതമ്പ് എന്നിവയുടെ കയറ്റുമതിയിൽ ആഗോള തലത്തിൽ ആദ്യത്തെ 5 രാജ്യങ്ങളുെട പട്ടികയിൽ യുക്രെയ്ൻ ഉണ്ട്. യുദ്ധത്തിന്റെ ഫലമായി, ആഗോള ഭക്ഷ്യവിപണിയിലേക്ക് ഇവ എത്തുന്നത് കുറഞ്ഞു. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ വക്കിലായിരുന്നു ലോകം. കരിങ്കടൽ കരാർ യാഥാർഥ്യമായതോടെ പ്രതിസന്ധിക്ക് കുറച്ച് അയവു വന്നു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി (Photo by Sergei SUPINSKY / AFP)

ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കു പകരം ഊർജ വിതരണം കുറയ്ക്കുകയാണ് റഷ്യ ചെയ്തത്. ശൈത്യകാലത്ത് യൂറോപ്പിൻ വൻപ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടായത്. യൂറോപ്പിൽ പലയിടങ്ങളിലും കേട്ടുകേൾവിപോലും ഇല്ലാതിരുന്ന ‘ലോഡ് ഷെഡ്ഡിങ്’ സ്ഥിരമായി.

ഓസ്കർ വേദിയിൽ വിൽ സ്മിത് ക്രിസ് റോക്കിനെ അടിച്ചപ്പോൾ. (Photo - Twitter/@GenePark)
ADVERTISEMENT

∙ അവതാരകന് അടി; ബോഡി ഷെയ്മിങ്ങിന് വിൽ സ്മിത്തിന്റെ മറുപടി

ഹോളിവുഡ് സൂപ്പര്‍ താരവും ഓസ്കര്‍ ജേതാവുമായ വിൽ സ്‍മിത്ത് ഓസ്കര്‍ പുരസ്കാരദാന ചടങ്ങില്‍ അവതാരകനായ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചത് ലോകത്തെ ഞെട്ടിച്ചു. മാർച്ച് 28നായിരുന്നു സംഭവം. അലോപേഷ്യ എന്ന രോഗം കാരണം മുടികൊഴിയുന്ന അവസ്ഥയുള്ളതിനാൽ പ്രത്യേക രീതിയിലുള്ള കേശാലങ്കാരത്തോടെയാണ് വിൽ സ്‌മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് ചടങ്ങിനെത്തിയത്. ഭാര്യയെ പരിഹസിച്ച് അവതാരകന്‍ സംസാരിച്ചതിൽ പ്രകോപിതനായാണ് സ്മിത്ത് മുഖത്തടിച്ചത്. സംഭവത്തില്‍ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് വിൽ സ്മിത്തിന് ഓസ്കര്‍ ചടങ്ങുകളില്‍ പത്തുവര്‍ഷത്തേക്ക് അക്കാദമി വിലക്കേര്‍പ്പെടുത്തി. അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍സ്മിത്ത് അറിയിക്കുകയും ചെയ്തു.

ഋഷി സുനക് (Photo by Daniel LEAL / AFP)


∙ ഇന്ത്യൻ വംശജനായ യുകെ പ്രധാനമന്ത്രി – ഋഷി സുനക്

ഒക്ടോബർ മുതൽ യുകെയുടെ പ്രധാനമന്ത്രിയാണ് ഇന്ത്യൻ വംശജനായ ഋഷി സുനക്. 2015 മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) പാർലമെന്റ് അംഗം. ബോറിസ് ജോൺസൻ മന്ത്രിസഭയില്‍ അംഗമായിരുന്നു. ജോൺസൻ രാജിവച്ചതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന പേരുകളിൽ പ്രമുഖർ ലിസ് ട്രസും സുനകുമായിരുന്നു. എന്നാൽ സെപ്റ്റംബറിൽ അന്നത്തെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ തിരഞ്ഞെടുത്തത് ട്രസിനെയാണ്. പക്ഷേ, നയങ്ങൾ തിരിച്ചടിച്ചതോടെ അവർക്കു രാജിവയ്ക്കേണ്ടിവന്നു. പിന്നാലെ ഋഷി സുനക് അധികാരത്തിലെത്തി.

ADVERTISEMENT

ബ്രിട്ടൻ കണ്ട ഏറ്റവും ധനാഢ്യന്മാരായ പ്രധാനമന്ത്രിമാരിലൊരാൾ എന്ന വിശേഷണം സുനകിനു സ്വന്തമാണ്. ഹെഡ്ജ് ഫണ്ട് മാനേജർ പദവിയിൽ ജോലി ചെയ്തു നേടിയ സമ്പാദ്യമത്രയും വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കുന്ന ഋഷി സുനകിനെ അതിസമ്പന്നനാക്കുന്നത് ഭാര്യ അക്ഷത മൂർത്തിക്ക് ഐടി ഭീമന്മാരായ ഇൻഫോസിസിലുള്ള ഓഹരി പങ്കാളിത്തമാണ്. ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ എൻ.ആർ.നാരായണ മൂർത്തിയുടെ മകളാണ് അക്ഷത.

ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്സിൽ 2001 മുതൽ 2004 വരെ ജോലിചെയ്ത സുനക് പിന്നീട് ദ് ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലേക്കു ചേക്കേറി. 2006 സെപ്റ്റംബറിൽ സ്ഥാപനത്തിലെ പങ്കാളിയായെങ്കിലും പഴയ സഹപ്രവർത്തകർക്കൊപ്പം തെൽമി പാർടണേഴ്സിൽ ചേരാനായി 2009 നവംബറിൽ രാജിവച്ചു. ഭാര്യാപിതാവായ നാരായണ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള നിക്ഷേപക സ്ഥാപനമായ കറ്റമരൻ വെഞ്ച്വേഴ്സിന്റെ ഡയറക്ടറായും സുനക് പ്രവർത്തിച്ചിരുന്നു. സ്വന്തം മണ്ഡലമായ നോർത്ത് യോർക്ക്ഷെറിൽ വിശാലമായ ജോർജിയൻ ശൈലിയിലുള്ള വീട് അടക്കം ഒട്ടേറെ വസ്തുവകകളും സുനക് - അക്ഷത ദമ്പതിമാർക്കുണ്ട്. സാമ്പത്തിക സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് സുനക് അതെല്ലാം വിട്ട് 33–ാം വയസ്സിൽ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്.

2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിക്ക് കാലാവധി അവശേഷിച്ചിട്ടുള്ളത്. ഇതിനു മുമ്പ് പുതിയ പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തിരഞ്ഞെടുപ്പിനെ നേരിടാം. നിലവിൽ 357 എംപിമാരുടെ ഭൂരിപക്ഷമുള്ള ടോറികൾക്ക് കാര്യമായ പ്രശ്നങ്ങളില്ലാതെ കാലാവധി പൂർത്തിയാക്കാനാകും. അതിനാൽതന്നെ ബ്രിട്ടനിൽ ഉടൻ ഒരു പൊതു തിരഞ്ഞെടുപ്പിന് ആരും സാധ്യത കാണുന്നില്ല.

ഷി ചിൻപിങ് പാർട്ടി കോൺഗ്രസ് വേദിയിൽ. (Photo by Matthew WALSH / AFP)

∙ ഷി ചിൻപിങ്, ചൈനയുടെ സർവാധികാരി

ചരിത്രം കുറിച്ച് ഷി ചിൻപിങ് (69) മൂന്നാമതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി; ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തും മൂന്നാം ഊഴം ഉറപ്പിച്ചു. 5 വർഷമാണ് ഒരു ടേം. ചൈനീസ് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മാവോ സെദുങ്ങിനു ശേഷം ആദ്യമായാണ് ഒരാൾ 10 വർഷം പിന്നിട്ടിട്ടും പ്രസിഡന്റായി തുടരുന്നത്. മാവോ കഴിഞ്ഞാൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവായി ഷി ഇതോടെ മാറുകയാണ്. മാവോയെപ്പോലെ ആജീവനാന്ത പ്രസിഡന്റാകാനുള്ള സാധ്യതയുമേറി. ഏക പാർട്ടി റിപ്പബ്ലിക്കായ ചൈന, ഏക നേതാവിന്റെ കീഴിലേക്കു മാറുകയാണെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ചൈനീസ് സൈന്യത്തിന്റെ പരിപൂർണ നിയന്ത്രണം നിർവഹിക്കുന്ന സെൻട്രൽ മിലിറ്ററി കമ്മിഷൻ ചെയർമാനായും ഷിയെ വീണ്ടും തിരഞ്ഞെടുത്തു. പാർട്ടിയുടെയും സർക്കാരിന്റെയും എല്ലാ തലങ്ങലും ഷിക്ക് സമ്പൂർണ ആധിപത്യമായി.

എലിസബത്ത് രാജ്ഞി (Photo by Jane Barlow / POOL / AFP)

∙ യുഗാന്ത്യം; എലിസബത്ത് രാജ്ഞിക്ക് വിട

ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച ജനകീയ രാജ്ഞി എലിസബത്ത് (96) സെപ്റ്റംബർ എട്ടിന് വിടവാങ്ങി. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്നു ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു രാജ്ഞി. ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു ജൂലൈയിൽ ബാൽമോറലിലേക്കു മാറിയിരുന്നു.

പിൽക്കാലത്ത് ജോർജ് ആറാമൻ രാജാവായിത്തീർന്ന ആർബർട്ട് ഫ്രഡറിക് ആർതർ ജോർജിന്റെയും എലിസബത്തിന്റെയും മകളായി 1926 ഏപ്രിൽ 21ന് ലണ്ടനിലെ മേഫെയറിലുള്ള വസതിയിലായിരുന്നു എലിസബത്തിന്റെ ജനനം. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ 1936ൽ സ്ഥാനത്യാഗം ചെയ്തപ്പോൾ എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായി. 1952ൽ അദ്ദേഹം അന്തരിച്ചപ്പോൾ 25 ാം വയസ്സിൽ എലിസബത്ത് ബ്രിട്ടിഷ് രാജ്‍ഞിയായി സ്ഥാനമേറ്റു. 1952 ഫെബ്രുവരി 6 മുതൽ മരിക്കും വരെ 70 വർഷവും 214 ദിവസവും ഭരണത്തിലിരുന്നു.

ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99–ാം വയസ്സിലാണ് അന്തരിച്ചത്. മൂത്തമകൻ ചാൾസ് (73), ചാൾസ് മൂന്നാമൻ എന്ന പേരിൽ അടുത്ത രാജാവായി അധികാരമേറ്റു. ആൻ, ആൻഡ്രൂ, എഡ്വേഡ് എന്നിവരാണു മറ്റു മക്കൾ.

മഹ്സ അമിയുടെ ചിത്രവുമായി ഇറാനിൽ പ്രതിഷേധിക്കുന്നവർ. 2022 സെപ്റ്റംബർ 20ലെ ചിത്രം. (Photo by Ozan KOSE / AFP)

∙ മഹ്സ അമിനിയുടെ മരണത്തിൽ ‘കത്തുന്ന’ ഇറാൻ

നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയെ സെപ്റ്റംബർ 16 നാണ് ഇറാനിലെ ‘മത പൊലീസ്’ ആയ 'ഗഷ്‌തെ ഇര്‍ഷാദ്(ഗൈഡന്‍സ് പട്രോള്‍) അറസ്റ്റു ചെയ്തത്. ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽ മഹ്‌സ ക്രൂര മർദനത്തിന് ഇരയായെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പുവരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.

മഹ്സയെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. മഹ്സയുടെ മരണത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ടെഹ്റാനിലേക്ക് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തി. ചലച്ചിത്ര, കായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും മഹ്സയുടെ മരണത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. ഹിജാബ് പരസ്യമായി കത്തിച്ചും മുടിമുറിച്ചും അവര്‍ പ്രതിഷേധിച്ചു. മതകാര്യ പൊലീസിന്റെ വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും മതകാര്യ പൊലീസിനെ നിരോധിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. പൊലീസ് ഉരുക്കുമുഷ്ടി പ്രയോഗിച്ചിട്ടും പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല. രണ്ടുമാസത്തിനിടെ മുന്നൂറോളം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. രാജ്യാന്തര സമൂഹവും ഇറാനെതിരെ രംഗത്തെത്തി. ഖത്തര്‍ ലോകകപ്പില്‍ ഇറാന്‍ ദേശീയ ടീമും ഭരണകൂടത്തോടുള്ള പ്രതിഷേധം ദേശീയഗാനം ആലപിക്കാതെ പ്രകടിപ്പിച്ചിരുന്നു.

നീതി നേടി ‘മഹ്സ അമിനി’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ പേർഷ്യൻ ഭാഷയിൽ ട്രെൻഡിങ്ങായിരുന്നു. പ്രക്ഷോഭം ശക്തമായതിനു പിന്നാലെ രണ്ടാഴ്ചമുൻപ് മതകാര്യ പൊലീസ് സംവിധാനം ഇറാൻ ഭരണകൂടം നിർത്തലാക്കി. 2006ല്‍ മഹ്മൂദ് അഹ്മദി നെജാദ് പ്രസിഡന്റായിരുന്ന കാലത്താണ് മതകാര്യ പൊലീസിനു രൂപം നല്‍കിയത്. വസ്ത്രധാരണത്തിലുള്‍പ്പെടെ ഇസ്‍ലാമിക ആചാരങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. അതിനു പിന്നാലെ സ്ത്രീസ്വാതന്ത്ര്യം വലിയ രീതിയില്‍ ഹനിക്കപ്പെട്ടിരുന്നു.

ലോക കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഷാം എൽ ഷെയ്ഖ് രാജ്യാന്തര കൺവൻഷൻ കേന്ദ്രത്തിൽനിന്ന്. (Photo by MOHAMMED ABED / AFP)

∙ ലോകത്തിനു പ്രതീക്ഷയേകി കാലാവസ്ഥാ ഉച്ചകോടി

കാലാവസ്ഥാമാറ്റം മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾ നേരിടാൻ സഹായിക്കാമെന്ന് സമ്പന്നരാജ്യങ്ങൾ വാഗ്ദാനം ചെയ്തതാണ് ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി 27) പ്രധാന നേട്ടം. വികസ്വരരാജ്യങ്ങളിൽ കാലാവസ്ഥാമാറ്റം വരുത്തുന്ന ദുരന്തങ്ങൾ നേരിടാൻ പണം നൽകി സഹായിക്കാമെന്നു സമ്മതിക്കുന്നത് ഇതാദ്യമായിട്ടാണ്. ബംഗ്ലദേശ്, മാലദ്വീപ്, ഇത്യോപ്യ, സൊമാലിയ തുടങ്ങി ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന രാജ്യങ്ങൾക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക.

ആഗോളതാപന ഫലമായ പ്രളയങ്ങളും വരൾച്ചയും പലയിടത്തും ജനജീവിതത്തിനു വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. ജൂലൈ– ഓഗസ്റ്റിൽ പാക്കിസ്ഥാനിൽ വെള്ളപ്പൊക്കം വ്യാപകനാശം വിതച്ചെങ്കിൽ ഇത്യോപ്യയിലും സൊമാലിയയിലും മറ്റും മഴ പെയ്തിട്ടു പത്തു മാസത്തോളമായി. പട്ടിണിയുടെ വക്കിലാണ് ഈ രാജ്യങ്ങൾ. പ്രളയം മൂലം പാക്കിസ്ഥാനുണ്ടായ നഷ്ടം 4600 കോടി ഡോളറാണ് (ഏകദേശം 3.8 ലക്ഷം കോടി രൂപ). വാർഷിക വരുമാനത്തിന്റെ 13.25 ശതമാനത്തോളം വരും ഈ തുക. മാലദ്വീപ് പോലെയുള്ള ദ്വീപുരാജ്യങ്ങളും ഇന്ത്യൻ സമുദ്രതീരങ്ങളിലെ പല രാജ്യങ്ങളും ഇപ്പോൾതന്നെ കടലേറ്റ ഭീഷണിയുടെ നിഴലിലാണ്.

ആഗോള താപനത്തിനു കാരണമായ ഖനിജ (ഫോസിൽ) ഇന്ധനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് യുഎസും യൂറോപ്പും ഉൾപ്പെട്ട സമ്പന്ന രാജ്യങ്ങളാണ്. ഈ ചെയ്തിക്ക് അവരാണു കാരണക്കാരെങ്കിലും ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നാലുണ്ടാകുന്ന ധനനഷ്ടമാണ് അവരെ പിന്നോട്ടു വലിക്കുന്നത്. പക്ഷേ, ചൂടേറുന്നതുമൂലം കടൽ താപനില ഉയർന്ന് പ്രളയവും കൊടുങ്കാറ്റും നാശം വിതയ്ക്കുന്നതു പാവപ്പെട്ട രാജ്യങ്ങളിലും. ദുരന്തത്തിന് ഉത്തരവാദികളായവർ നഷ്ടപരിഹാരം നൽകണമെന്ന ലോകരാജ്യങ്ങളുടെ മുറവിളിക്കാണ് ഒടുവിൽ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽനിന്നൊരു മറുപടി ലഭിക്കുന്നത്.

അയ്മാൻ അൽ സവാഹിരി (Photo by SITE INTELLIGENCE GROUP / AFP)

∙ സസൂക്ഷ്മം സവാഹിരിയുടെ വധം

ഭീകര സംഘടനയായ അൽ ഖായിദയുടെ തലവനും 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അയ്മൻ അൽ സവാഹിരിയെ (71) ജൂലൈ 30ന് കാബൂളിൽ യുഎസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചു. ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഉസാമ ബിൻ ലാദന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന സവാഹിരി, 2011ൽ ലാദനെ യുഎസ് വധിച്ചതിനുശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. 2021 ഓഗസ്റ്റിലെ യുഎസ് പിൻമാറ്റത്തിനുപിന്നാലെ അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്.

വാഷിങ്ടൻ സമയം ജൂലൈ 30 രാത്രി 9.48ന്, കാബൂളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഹെൽഫയർ മിസൈൽ ആക്രമണത്തിലൂടെയാണ് യുഎസ് ദൗത്യം പൂർത്തിയാക്കിയത്. മിസൈൽ പതിച്ചു നിമിഷങ്ങൾക്കുള്ളിൽ താലിബാന്റെ ഹഖാനി വിഭാഗം സ്ഥലത്തെത്തി സവാഹിരിയുടെ കുടുംബത്തെ സുരക്ഷിതമായി ഒഴിപ്പിച്ചു.

ഷിൻസോ അബെ (Photo by Kazuhiro NOGI / AFP)

∙ ജപ്പാന്റെ തലവര മാറ്റിയ ഷിൻസോ അബെ

തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയെ (67) വെടിവച്ചുകൊന്നു. പിന്നിൽനിന്ന് 2 തവണ അക്രമിയുടെ വെടിയേറ്റ അദ്ദേഹം മണിക്കൂറുകൾക്കകം മരണത്തിനു കീഴടങ്ങി. കിഴക്കൻ ജപ്പാനിലെ നരാ നഗരത്തിൽ തെരുവോര യോഗത്തിൽ സംസാരിക്കാൻ തുടങ്ങിയ ഉടനാണ് വെടിയേറ്റത്. വെടിവച്ച തെറ്റ്‌സുയ യമഗാമിയെ (41) പൊലീസ് കയ്യോടെ കീഴടക്കി.

ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസോ അബെ. 2006ലാണ് ആദ്യം സ്ഥാനമേറ്റത്. എന്നാൽ, തൊട്ടടുത്ത വർഷം തിരഞ്ഞെടുപ്പിൽ എൽഡിപിക്കു തിരിച്ചടിയുണ്ടായതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായി. 8 വർഷത്തിനിടെ 3 വട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അബെ 2020ൽ അനാരോഗ്യം മൂലം വീണ്ടും സ്ഥാനമൊഴിഞ്ഞു. പ്രധാനമന്ത്രിപദം വിട്ടെങ്കിലും ജപ്പാനിലെ ഏറ്റവും കരുത്തനായ നേതാവായി തുടർന്നു. ജപ്പാനിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ 1954 സെപ്റ്റംബർ 21നാണു ജനനം. ജപ്പാൻ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും രണ്ടാം ലോകയുദ്ധത്തിനു ശേഷം ജനിക്കുന്ന ആദ്യ പ്രധാനമന്ത്രിയുമാണ്. മുത്തച്ഛൻ നൊബുസുകേ അബെയും അമ്മാവൻ ഇസാകു സാറ്റേയെയും പ്രധാനമന്ത്രിമാരായിരുന്നു; പിതാവ് ഷിൻറ്റാരോ അബെ വിദേശകാര്യമന്ത്രിയും.

ജപ്പാന്റെ സമ്പദ്ഘടനയെ ചലനാത്മകമാക്കിയ ഷിൻസോയുടെ നയപരിപാടികൾ ‘അബെനോമിക്സ്’ എന്ന പേരിൽ പ്രശസ്തമായിരുന്നു. എന്നാൽ, യുദ്ധവിരുദ്ധ തത്വത്തിലൂന്നിയുള്ള ജപ്പാൻ ഭരണഘടനയിൽ സൈന്യത്തിനു മുഖ്യസ്ഥാനം നൽകാനുള്ള ഭേദഗതി നീക്കം ഫലം കണ്ടില്ല. അബെയുടെ അതിദേശീയവാദ നിലപാടുകളോടു രാജ്യത്ത് എതിർപ്പുകളുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധകാലം മുതലേ വൈരികളായ ചൈനയെയും കൊറിയകളെയും അതു ചൊടിപ്പിക്കുകയും ചെയ്തു. ആകി അബെയാണു ഷിൻസോയുടെ ഭാര്യ. മക്കളില്ല.

സൽമാൻ റുഷ്ദി (Photo by Kenzo TRIBOUILLARD / AFP)

∙ വിവാദങ്ങളുടെ സൽമാൻ റുഷ്ദി

പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയ ഇന്ത്യന്‍ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിക്ക് ഓഗസ്റ്റ് 12ന് കുത്തേറ്റു. ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു. അക്രമി ന്യൂജഴ്സി സ്വദേശി ഹാദി മതാറിനെ (24) പിന്നീട് അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട് അനുസരിച്ച് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു.

മുംബൈയിലാണു റുഷ്ദി ജനിച്ചത്. 1981ൽ ഇറങ്ങിയ ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ ബുക്കർ സമ്മാനം നേടി. യുകെയിൽ മാത്രം ഈ നോവൽ 10 ലക്ഷം കോപ്പികളാണു വിറ്റഴിഞ്ഞത്. 1988ൽ ഇറങ്ങിയ നാലാമത്തെ നോവലായ ‘സേറ്റാനിക് വേഴ്സസ്’ പ്രവാചകനിന്ദ ആരോപിച്ച് ഇറാനിൽ നിരോധിച്ചു. പിറ്റേവർഷം റുഷ്ദിയെ വധിക്കാൻ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചു. വധഭീഷണി ഉയർന്നതോടെ റുഷ്ദി 9 വർഷമാണു ബ്രിട്ടനിൽ ഒളിവിൽ കഴിഞ്ഞത്. ഖുമൈനിയുടെ ശാസനയിൽനിന്നു പിന്നീട് ഇറാൻ അകലം പാലിച്ചെങ്കിലും റുഷ്ദിക്കെതിരായ ഭീഷണി നിലനിന്നു. കഴിഞ്ഞ 20 വർഷമായി ന്യൂയോർക്കിലാണു താമസം. 2016ൽ യുഎസ് പൗരത്വവും സ്വീകരിച്ചു.

(Image - Shutterstock/designjunction1)

∙ ലോക ജനസംഖ്യ 800 കോടി!

മനുഷ്യകുലത്തിൽ ജീവനോടെയുള്ളവരുടെ ഔദ്യോഗിക സംഖ്യ നവംബർ 15ന് 800 കോടി കടന്നു. ഏറ്റവും കൂടുതൽ ജനമുള്ളത് ചൈനയിൽ – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നാലെയുണ്ട് – 141.2 കോടി. ആകെ ജനസംഖ്യയുടെ 17.7 ശതമാനമാണ് ഇന്ത്യയിൽ. നിലവിൽ രണ്ടാം സ്ഥാനത്ത് ആണെങ്കിലും വൈകാതെ, ഒന്നാം സ്ഥാനത്തുള്ള ചൈനയെ ഇന്ത്യ മറികടക്കും.

1803 ലാണ് ലോക ജനസംഖ്യ 100 കോടിയിൽ എത്തിയത്. 1803നുശേഷം 124 വർഷം കൂടി പിന്നിട്ട് 1927ലാണ് ജനസംഖ്യ 200 കോടിയായത്. പിന്നീട് വെറും 33 വർഷം കൊണ്ട് ജനസംഖ്യ 300 കോടിയായി. 1960ൽ ആയിരുന്നു ഇത്. 400 കോടിയായത് 1975ൽ 15 വർഷം കൊണ്ട്. പിന്നീട് ഓരോ 12 വർഷത്തിലും നൂറു കോടി എന്ന കണക്കിൽ ലോക ജനസംഖ്യ വർധിച്ചു. എന്നാൽ, ഈ 800 ൽ നിന്ന് വീണ്ടുമൊരു 100 കോടിയെത്താൻ ദീർഘനാൾ വേണ്ടിവരുമെന്ന് ജനസംഖ്യാ വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ 0.84% എന്ന നിരക്കിലാണ് ഓരോ വർഷവും ജനസംഖ്യ വർധിക്കുന്നത്. അതായത് ഓരോ വർഷവും 670 ലക്ഷം പേർ. 2057 ആകുമ്പോൾ 1000 കോടി ജനമുണ്ടാകും നമ്മുടെ ഭൂമിയിൽ.

English Summary: YEAR ENDER 2022 - A list of important happenings around the globe