സ്ത്രീ അംഗരക്ഷകർക്കു പിന്നിലൊളിച്ച മുംബൈ ഡോൺ; ഛോട്ടാ ഷക്കീലും പറഞ്ഞു: ‘ആ പ്രദീപിന് ഭ്രാന്താണ്’
ഒരു ദിവസം ചില മധ്യസ്ഥർ പ്രദീപ് ശർമയെ കാണാനെത്തി. സംഘത്തിലുള്ളവരുടെ ജീവന് പകരമായി എത്ര തുക വേണമെങ്കിലും നൽകാമെന്ന ഷക്കീലിന്റെ വാഗ്ദാനം അറിയിച്ചു. എന്നാൽ, ശർമ പ്രതികരിച്ചില്ല. ഷക്കീലിന്റെ ആളുകൾ ഓരോ തവണ വാഗ്ദാനവുമായി എത്തുമ്പോഴും ശർമ ആക്രമണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. ഗതികെട്ട് ഷക്കീൽ പൊലീസിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ശർമയെ ഒതുക്കാൻ നോക്കി. എന്നാൽ, തലപ്പത്തുനിന്ന് പൂർണമായ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ തൊടാൻ പോലും ഷക്കീലിന് കഴിഞ്ഞില്ല. എന്നാൽ, സദാ പാവ്‌ലെയെ വെടിവച്ച് കൊന്നതടക്കമുള്ള പല കേസുകളിൽ കോടതി ഇടപെട്ടതോടെ കുറച്ചുകാലത്തേക്ക് എൻകൗണ്ടർ കൊലപാതകൾ ക്രൈംബ്രാഞ്ചിന് നിർത്തി വയ്ക്കേണ്ടി വന്നു
ഒരു ദിവസം ചില മധ്യസ്ഥർ പ്രദീപ് ശർമയെ കാണാനെത്തി. സംഘത്തിലുള്ളവരുടെ ജീവന് പകരമായി എത്ര തുക വേണമെങ്കിലും നൽകാമെന്ന ഷക്കീലിന്റെ വാഗ്ദാനം അറിയിച്ചു. എന്നാൽ, ശർമ പ്രതികരിച്ചില്ല. ഷക്കീലിന്റെ ആളുകൾ ഓരോ തവണ വാഗ്ദാനവുമായി എത്തുമ്പോഴും ശർമ ആക്രമണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. ഗതികെട്ട് ഷക്കീൽ പൊലീസിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ശർമയെ ഒതുക്കാൻ നോക്കി. എന്നാൽ, തലപ്പത്തുനിന്ന് പൂർണമായ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ തൊടാൻ പോലും ഷക്കീലിന് കഴിഞ്ഞില്ല. എന്നാൽ, സദാ പാവ്‌ലെയെ വെടിവച്ച് കൊന്നതടക്കമുള്ള പല കേസുകളിൽ കോടതി ഇടപെട്ടതോടെ കുറച്ചുകാലത്തേക്ക് എൻകൗണ്ടർ കൊലപാതകൾ ക്രൈംബ്രാഞ്ചിന് നിർത്തി വയ്ക്കേണ്ടി വന്നു
ഒരു ദിവസം ചില മധ്യസ്ഥർ പ്രദീപ് ശർമയെ കാണാനെത്തി. സംഘത്തിലുള്ളവരുടെ ജീവന് പകരമായി എത്ര തുക വേണമെങ്കിലും നൽകാമെന്ന ഷക്കീലിന്റെ വാഗ്ദാനം അറിയിച്ചു. എന്നാൽ, ശർമ പ്രതികരിച്ചില്ല. ഷക്കീലിന്റെ ആളുകൾ ഓരോ തവണ വാഗ്ദാനവുമായി എത്തുമ്പോഴും ശർമ ആക്രമണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. ഗതികെട്ട് ഷക്കീൽ പൊലീസിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ശർമയെ ഒതുക്കാൻ നോക്കി. എന്നാൽ, തലപ്പത്തുനിന്ന് പൂർണമായ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ തൊടാൻ പോലും ഷക്കീലിന് കഴിഞ്ഞില്ല. എന്നാൽ, സദാ പാവ്‌ലെയെ വെടിവച്ച് കൊന്നതടക്കമുള്ള പല കേസുകളിൽ കോടതി ഇടപെട്ടതോടെ കുറച്ചുകാലത്തേക്ക് എൻകൗണ്ടർ കൊലപാതകൾ ക്രൈംബ്രാഞ്ചിന് നിർത്തി വയ്ക്കേണ്ടി വന്നു
പ്രദീപ് ശർമയുമായി പിരിഞ്ഞതിനുശേഷം വിജയ് സലാസ്കർ ശ്രദ്ധയൂന്നിയതു മുഴുവൻ അരുൺ ഗാവ്‌ലി സംഘത്തിലായിരുന്നു. മുഴുവൻ മുംബൈ പൊലീസും ചെയ്തതിലും കൂടുതൽ ദ്രോഹം സലാസ്കർ ഒറ്റയ്ക്ക് ഗാവ്‌ലി ഗാങ്ങിന് ചെയ്തിട്ടുണ്ട്. അതിനു പിന്നിൽ ഒരു കഥയുണ്ട്. 1995– 96ൽ മഹാരാഷ്ട്രയിൽ ശിവസേന– ബിജെപി സഖ്യം അധികാരത്തിൽ വന്നു. ശിവസേന തലവൻ ബാൽതാക്കറെയ്ക്കു പ്രിയപ്പെട്ടവനായ അരുൺ ഗാവ്‌ലി ശിവസേനയ്ക്ക് അധികാരം ലഭിക്കുന്നതിനായി വളരെയധികം പണിയെടുത്തിരുന്നു. സ്വാഭാവികമായും ഭരണം കിട്ടിയപ്പോൾ അയാൾ സർക്കാരിൽനിന്ന് പലതും പ്രതീക്ഷിച്ചു. ദാവൂദിന്റെ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയതിനാൽ ഏതു നിമിഷവും ഡി കമ്പനി തന്നെ കൊലപ്പെടുത്തുമെന്നു ഗാവ്‌ലി ഭയന്നിരുന്നു. അതിനാൽ ആദ്യം തന്നെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അയാൾ സർക്കാരിന് കത്ത് നൽകി. എന്നാൽ, ആഭ്യന്തര മന്ത്രി ഗോപിനാഥ് മുണ്ടെ അത് പുച്ഛിച്ചു തള്ളി. അയാൾ സഹായമഭ്യർഥിച്ച് ബാൽതാക്കറയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. കൂടാതെ മുൻപത്തെ ചെറിയൊരു കേസിന്റെ പേരിൽ ഗാവ്‌ലിയെ അറസ്റ്റു ചെയ്ത പൊലീസ് അയാളെ ജയിലിലുമാക്കി. ഇതോടെ പ്രകോപിതനായ ഗാവ്‌ലി ശക്തമായി തിരിച്ചടിച്ചു. ജയിലിൽക്കിടന്ന് അയാൾ നൽകിയ നിർദേശം അനുസരിച്ച് താക്കറെയുടെ മാനസപുത്രൻ ജയന്ത് ജാദവിനെ ഗാവ്‌ലിയുടെ ആളുകൾ വീട്ടിൽ കയറി വെടിവച്ചു കൊന്നു. കൂടാതെ പുറത്തിറങ്ങിയ ഉടൻ, ശിവസേനയുമായി തെറ്റിപ്പിരിഞ്ഞ ജിതേന്ദ്ര ദബോൽക്കറുമായി ചേർന്ന് ‘അഖിൽ ഭാരതീയ സേന’ എന്നൊരു രാഷ്ട്രീയ പാർട്ടിയും ഗാവ്‌ലി ആരംഭിച്ചു.
ഇതോടെ ശിവസേനയുടെ ക്ഷമ കെട്ടു. അന്നത്തെയൊരു പ്രമുഖ നേതാവ് പഴയ ശിവസേനക്കാരനായ വിജയ് സലാസ്കറെ വിളിച്ചു വരുത്തി. ഗാവ്‌ലി ഗാങ്ങിനെ തുടച്ചു നീക്കണമെന്നായിരുന്നു ആവശ്യം. അപ്പോൾ തന്നെ സലാസ്കർ പണി തുടങ്ങി. ഗാവ്‌ലിയുടെ വിശ്വസ്ത ഷൂട്ടർമാരായ ഗണേഷ് വക്കീൽ, വിജയ് താൻഡൽ എന്നിവരുൾപ്പെടെ 17 പേരെയാണ് സലാസ്കർ ഒറ്റയ്ക്ക് കൊന്നത്. ഗാവ്‌ലി ഗാങ്ങിലെ രണ്ടാമനും അരുൺ ഗാവ്‌ലി പോലും മര്യദയോടെ മാത്രം സംസാരിക്കുന്നവനുമായ സദാ പാവ്‌ലെയെയാണ് സലാസ്കർ അടുത്തതായി നോട്ടമിട്ടത്. കൂടാതെ ഗാവ്‌ലിയുടെ വസതിയായ ഡാഗ്ഡി ചാവ്‌ലിനു മുന്നിൽ കാർ നിർത്തി എകെ 47 തോക്കുമായി സ്ഥിരം നിൽക്കുന്നത് സലാസ്കർക്ക് ഒരു ഹോബിയായിരുന്നു. ഇതോടെ ഗാവ്‌ലിക്ക് പുറത്തിറങ്ങാൻ പോലും കഴിയാതെയായി. ഏതുനിമിഷവും സലാസ്കർ തോക്കുമായി വീട്ടിലേക്ക് ഇരച്ചു കയറുമെന്ന് അയാൾ ഭയന്നു. സലാസ്കർ സ്ത്രീകളെ ഉപദ്രവിക്കില്ല എന്ന വിശ്വാസത്തിൽ സ്ത്രീ അംഗരക്ഷകരുടെ ഒരു സംഘം പോലും ഗാവ്‌ലിയുണ്ടാക്കി. ഒടുവിൽ സലാസ്കറിൽ നിന്ന് എകെ 47 തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഗാവ്‌ലി കോടതിയെ സമീപിക്കുകവരെ ചെയ്തു. എന്നാൽ അവസാന വിജയം സലാസ്കറിനായിരുന്നു. ഘട്കോപർ മേഖലയിലെ ജനത്തിരക്കേറിയ തെരുവിൽ സ്വന്തം കുടുംബാംഗങ്ങൾക്ക് ഒപ്പമെത്തിയ സദാ പാവ്‌ലെയെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ സലാസ്കർ പട്ടാപ്പകൽ വെടിവച്ച് കൊലപ്പെടുത്തി. എന്നാൽ, പ്രതീക്ഷിച്ചതിന് വിപരീതമായി കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ചുള്ള ഈ കൊലപാതകം മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായി. കൂടാതെ പൊലീസിനെതിരെ ഹൈക്കോടതിയിൽ വരെ പരാതികൾ എത്തുകയും ചെയ്തു.
∙ പ്രദീപ് ശർമ Vs ഛോട്ടാ ഷക്കീൽ
ഛോട്ടാ രാജൻ ദാവൂദുമായി പിണങ്ങിപ്പിരിഞ്ഞതോടെ ഡി കമ്പനിയുടെ ‘സിഇഒ’ പദവിയിലേക്ക് ഛോട്ടാ ഷക്കീൽ വളർന്നു. ദുബായിലേക്ക് കടന്നെങ്കിലും ഗാവ്‌ലി ഗാങ്ങുമായുള്ള ഏറ്റുമുട്ടലുകൾ ആസൂത്രണം ചെയ്തിരുന്നത് ഷക്കീലായിരുന്നു. 1997 ഓഗസ്റ്റ് 12ന്, ഇന്ത്യൻ സംഗീത വ്യവസായത്തിലെ അതികായരായ ടി സീരിസിന്റെ ഉടമ ഗുൽഷൻ കുമാറിനെ ദാവൂദിന്റെ ആളുകൾ വെടിവച്ച് കൊന്നത് അക്ഷരാർഥത്തിൽ മുംബൈയെ ഞെട്ടിച്ചു. മാഫിയ ആവശ്യപ്പെട്ട പണം നൽകാതിരുന്നതായിരുന്നു കൊലപാതകത്തിന് കാരണമെന്നും ഗുൽഷൻ കുമാറിന്റെ ശത്രുക്കൾ ദാവൂദ് സംഘത്തിലെ അബു സലേമിന് പണം നൽകി ചെയ്യിപ്പിച്ചതാണെന്നും പറയപ്പെടുന്നു. എന്തായാലും ഈ വധത്തോടെ മുംബൈയിലെ അതിസമ്പന്ന വ്യവസായികൾ വരെ ഭയത്തിന്റെ നിഴലിലായി. ഇതോടെ തിരിച്ചടിക്കാൻ പൊലീസ് നിർബന്ധിതരാവുകയും ചെയ്തു. സലാസ്കറും ശർമയും മറ്റ് എൻകൗണ്ടർ സ്പഷലിസ്റ്റുകളും ഓരോ ഗാങ്ങിലെയും ആളുകളെ തേടിപ്പിടിച്ച് കൊന്നൊടുക്കാൻ തുടങ്ങി. ശർമ കൂടുതൽ ശ്രദ്ധവച്ചത് ഡി കമ്പനിയെയായിരുന്നു. ഇതോടെ തിരിച്ചടിക്കാൻ ഛോട്ടാ ഷക്കീലും തയാറെടുത്തു.
ശർമയുടെ അടുത്ത സുഹൃത്തും മാഹിമിലെ വ്യാപാരിയുമായ കുഷൽരാജ് ജെയിനെ ഷക്കീൽ നിയോഗിച്ച ആളുകൾ വെടിവച്ചു കൊന്നു. ഇതോടെ ശർമ അടങ്ങുമെന്ന ഷക്കീലിന്റെ കണക്കുകൂട്ടലുകൾ പക്ഷേ പൂർണമായും തെറ്റി. കൊലപാതകത്തിൽ പങ്കെടുത്ത മുന്ന ജിംഗാദ എന്ന ഷാർപ് ഷൂട്ടറെ ശർമ പിടികൂടി. ഇയാളെ കൊല്ലുന്നതിന് പകരം, തോക്ക് കൈവശം വച്ച കുറ്റം ചുമത്തി പരമാവധി ദിവസം കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് നടത്തിയ ദയാരഹിതമായ ചോദ്യംചെയ്യലിൽ ഷക്കീലിനു കീഴിൽ മുംൈബയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഡി കമ്പനി ഗാങ്സ്റ്റർമാരുടെയും വിവരങ്ങൾ ശർമ ഊറ്റിയെടുത്തു. ലഭിച്ച വിവരങ്ങൾ ശ്രദ്ധാപൂർവം പഠിച്ച് അദ്ദേഹം നോട്ടുകളും ചാർട്ടുകളും തയാറാക്കി. പിന്നെ തന്റെ സ്ക്വാഡിലെ മറ്റ് അംഗങ്ങൾക്ക് ക്ലാസ് നൽകി. ഷക്കീലിന്റെ ആളുകളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നവരെയെല്ലാം കൊല്ലുക എന്നതായിരുന്നു നിർദേശം. അങ്ങനെ പദ്ധതി ആരംഭിച്ചു. ഓരോ ദിവസവും ഷക്കീൽ ഗാങ്ങിലെ ക്രിമിനിലുകൾ മരിച്ചുവീണുകൊണ്ടിരുന്നു. കൊല്ലുക എന്നതിൽ യാതൊരു മനസ്താപവുമില്ലാത്ത അവസ്ഥയിലേക്ക് സംഘത്തിലെ പൊലീസുകാർ എത്തി. ഒടുവിൽ ‘ആ പ്രദീപിന് ഭ്രാന്താണ്, നിങ്ങൾ മാഹിമിലോ പ്രദീപിന്റ ഏരിയയിലോ പോകരുത്. എന്തു ചെയ്യാൻ കഴിയുമെന്ന് ഞാൻ നോക്കട്ടെ’ എന്ന് ഷക്കീൽ ഒപ്പമുള്ളവർക്ക് ഫോണിൽ ഉപദേശം നൽകുന്നതു വരെ പൊലീസ് ചോർത്തിക്കേട്ടു.
∙ പണം തരാമെന്നു പറഞ്ഞിട്ടും...
ഒരു ദിവസം ചില മധ്യസ്ഥർ പ്രദീപ് ശർമയെ കാണാനെത്തി. സംഘത്തിലുള്ളവരുടെ ജീവന് പകരമായി എത്ര തുക വേണമെങ്കിലും നൽകാമെന്ന ഷക്കീലിന്റെ വാഗ്ദാനം അറിയിച്ചു. എന്നാൽ, ശർമ പ്രതികരിച്ചില്ല. ഷക്കീലിന്റെ ആളുകൾ ഓരോ തവണ വാഗ്ദാനവുമായി എത്തുമ്പോഴും ശർമ ആക്രമണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. ഗതികെട്ട് ഷക്കീൽ പൊലീസിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ശർമയെ ഒതുക്കാൻ നോക്കി. എന്നാൽ, തലപ്പത്തുനിന്ന് പൂർണമായ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ തൊടാൻ പോലും ഷക്കീലിന് കഴിഞ്ഞില്ല. എന്നാൽ, സദാ പാവ്‌ലെയെ വെടിവച്ച് കൊന്നതടക്കമുള്ള പല കേസുകളിൽ കോടതി ഇടപെട്ടതോടെ കുറച്ചുകാലത്തേക്ക് എൻകൗണ്ടർ കൊലപാതകൾ ക്രൈംബ്രാഞ്ചിന് നിർത്തി വയ്ക്കേണ്ടി വന്നു. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മിഷൻ പൊലീസിനെതിരെ റിപ്പോർട്ട് നൽകി. എന്നാൽ, ഈ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ എൻകൗണ്ടർ കൊലപാതകങ്ങളുടെ അടുത്ത ‘സീസൺ’ ആരംഭിച്ചു.
മാനുഷികമായ അധ്വാനത്തേക്കാൾ സാങ്കേതികവിദ്യകൊണ്ട് ഗാംങ്സ്റ്റർമാരെ കുടുക്കാൻ കഴിയുമെന്ന് പ്രദീപ് ശർമ മനസ്സിലാക്കുന്നത് അക്കാലത്താണ്. ദുബായിൽനിന്ന് ഷക്കീൽ വിളിക്കുന്ന കോളുകൾ മാത്രമല്ല, സംഘാംഗങ്ങൾക്ക് നൽകിയിരുന്ന പേജറുകളിലെ സന്ദേശങ്ങൾ വരെ ശർമയുടെ സംഘം ചോർത്തിയെടുത്തു. അനുയായികൾ സ്ഥിരമായി ഷക്കീലിനെ ബന്ധപ്പെട്ടിരുന്ന ബൂത്തുകൾ കണ്ടെത്തി ഫോൺ ചെയ്യാനെത്തിയവരെ കയ്യോടെ പൊക്കുകയോ വെടിവച്ച് കൊല്ലുകയോ ചെയ്തു. മൊബൈൽ ഫോൺ വ്യാപകമായിത്തുടങ്ങിയതോടെ പൊലീസ് അതും ചോർത്തിയെടുത്തു തുടങ്ങി. ഇങ്ങനെയൊരു ഉദ്യമത്തിനിടെയാണ് സിനിമ നിർമാതാവ് നസിം റിസ്‌വിയുടെ, ഷക്കീലുമായുള്ള സംഭാഷണം പൊലീസിനു ലഭിച്ചത്. ‘ചോരി ചോരി ചുപ്കേ ചുപ്കേ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഛോട്ടാ ഷക്കീൽ ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ എന്നിവരെ ഭീഷണിപ്പെടുത്തുന്നതായി ഇതിൽനിന്ന് പൊലീസ് മനസ്സിലാക്കി. താരങ്ങൾ രണ്ടുപേരും വൈകാതെ പൊലീസിനെ സമീപിക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെ ആയതോടെ ഒടുവിൽ ഷക്കീലിന് തന്റെ ആളുകളോട് സെൽ ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടേണ്ടി വന്നു. പകരം കണ്ടെത്തിയ മാർഗമായിരുന്നു ഇ മെയിൽ. എന്നാൽ, ശർമ അവിടെയും പിന്നാലെ കൂടി. ഒരു ഹാക്കറുടെ സഹായത്തോടെ ഷക്കീലിന്റെ മെയിൽ ചോർത്തി മാസങ്ങളോളം നിരീക്ഷിച്ച് ശർമ അന്തിമ പദ്ധതി തയാറാക്കി. തെരുവകളിലെങ്ങും ഷക്കീലിന്റെ ആളുകൾ വേട്ടയാടപ്പെട്ടു. പതിയെപ്പതിയെ ഷക്കീൽ പിൻവാങ്ങിത്തുടങ്ങി. ഷക്കീൽ ഗാങ്ങിലെ പ്രമുഖരെല്ലാം കൊല്ലപ്പടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ വിദേശത്തേക്ക് രക്ഷപ്പെടുകയോ ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷമാണ് ശർമ അടങ്ങിയത്. അപ്പോഴേക്കും പൊന്തിവന്ന ഛോട്ടാരാജൻ ഗാങ്ങിലേക്ക് ശ്രദ്ധമാറ്റിയതും ഒരു കാരണമാണ്. കരിയറിൽ ശർമ കൊലപ്പെടുത്തിയ 111 പേരിൽ 65 പേരും ഷക്കീലിന്റെ ആളുകളായിരുന്നു. ബാക്കിയുള്ളതിൽ ഭൂരിപക്ഷവും ഛോട്ടാരാജന്റെ ആളുകളും.
∙ സലാസ്കർ വിടവാങ്ങുന്നു
2008 നവംബർ 26, അന്ന് വിജയ് സലാസ്കർ പതിവിലും നേരത്തേ വീട്ടിലെത്തി. മകൾ ദിവ്യയേയും ഭാര്യ സ്മിതയേയും കൂട്ടി അന്നൊരു നൈറ്റ് ഡ്രൈവിനു പോകാനായിരുന്നു പദ്ധതി. ഭാര്യ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കുമ്പോൾ സലാസ്കറുടെ ഫോൺ ശബ്ദിച്ചു. ഒരു മിനുറ്റിനുള്ളിൽ സംസാരം അവസാനിപ്പിച്ച് സലാസ്കർ കൈ കഴുകി എഴുന്നേറ്റു. ‘എനിക്ക് പുറത്തേക്ക് പോകണം’ എന്ന് പറഞ്ഞ് അദ്ദേഹം വേഗം വീട്ടിൽനിന്ന് പോയി. സലാസ്കർ പോയ ഉടൻ ടിവി വച്ച ഭാര്യ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള വാർത്തയാണ് കണ്ടത്. മുംബൈ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ പാക്കിസ്ഥാനി തീവ്രവാദികളായ അജ്മൽ കസബ്, അബു ഇസ്മായിൽ എന്നിവർ മുന്നിൽ കണ്ടവരെയെല്ലാം വെടിവച്ചു കൊന്നിരിക്കുന്നു.
റെയിൽവേ സ്റ്റേഷൻ അക്ഷരാർഥത്തിൽ ചോരക്കളമായി. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കറെയ്ക്കൊപ്പം അവിടെ നിന്നാണ് സലാസ്കർ ചേരുന്നത്. എന്നാൽ, അപ്പോഴേക്കും ഭീകരർ റെയിൽവേ സ്റ്റേഷനിൽനിന്ന് കാമ ആശുപത്രി പരിസരത്തേക്ക് കടന്നിരുന്നു. കർക്കറെ, അഡീഷനൽ കമ്മിഷണർ അശോക് കാംതെ, വിജയ് സലാസ്കർ എന്നീ ഓഫിസർമാരും സലാസ്കറിന്റെ ബോഡി ഗാർഡായ അരുൺ ജാദവ് അടക്കം 4 കോൺസ്റ്റബിൾമാരും ആശുപത്രിയുടെ ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു. പൊലീസ് ഡ്രൈവർ ഉണ്ടായിരുന്നിട്ടും വാഹനം താൻ ഓടിക്കാമെന്ന് പറഞ്ഞ് സലാസ്കർ ക്വാളിസ് വാനിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഇതായിരുന്ന അദ്ദേഹം ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനം. ഏറ്റുമുട്ടലുകളിൽ കാര്യമായി പങ്കെടുത്തിട്ടില്ലാത്ത അശോക് കാംതെ ആയിരുന്ന മുൻസീറ്റിൽ. കർക്കറെയും അരുൺ ജാദവും അടക്കമുള്ളവർ പിന്നിലും.
സലാസ്കർ വാഹനം വേഗം കുറച്ച് ഓടിച്ചു. അപ്പോഴേക്കും വയർലെസിൽ ആ വിവരമെത്തി ഭീകരർ അടുത്തൊരു ചുവന്ന കാറിനു പിന്നിൽ പതിയിരിപ്പുണ്ട്. ക്രൈംബ്രാഞ്ച് ഓഫിസ് കടന്ന് വാഹനം അൽപം മുന്നോട്ട് നീങ്ങിയ ഉടൻ കസബും ഇസ്മായിലും ക്വാളിസിനു മുന്നിലേക്ക് ചാടി വീണ് തുരുതുരാ വെടിയുതിർത്തു. വാഹനമോടിക്കുകയായിരുന്ന സലാസ്കറിന് തോക്കെടുക്കാൻ സാവകാശം കിട്ടിയില്ല. പിന്നിലിരുന്ന അരുൺ ജാദവ് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ വെടിയേറ്റ് വീണു. നിമിഷങ്ങൾക്കുള്ളിൽ ഹേമന്ത് കർക്കറെയും കാംതെയും മരിച്ചു. കസബും ഇസ്മായിലും വാഹനത്തിനടുത്തെത്തി. കർക്കറെ, കാംതെ, സലാസ്കർ എന്നിവരുടെ ശരീരം പുറത്തേക്ക് വലിച്ചിട്ട് വാഹനവുമായി കടന്നു. പക്ഷേ, അപ്പോഴും സലാസ്കർ മരിച്ചിരുന്നില്ല. അദ്ദേഹം സഹായത്തിനായി അലറി വിളിച്ചു. എന്നാൽ, ഭീകരരെ പേടിച്ച് ആരും അടുത്തില്ല. വളരെ സമയത്തിനുശേഷം പൊലീസ് എത്തി ജിടി ആശുപത്രിയിലേക്ക് മാറ്റുമ്പോഴും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചു നോക്കി. എന്നാൽ ഭൂമിയിലെ തന്റെ ദൗത്യം പൂർത്തിയാക്കി സലാസ്കർ വിടവാങ്ങിയിരുന്നു. തന്റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരേക്കാൾ തോക്ക് ഉപയോഗിച്ച് ഏറ്റുമുട്ടൽ നടത്തി പരിചയമുള്ള സലാസ്കർ, ഡ്രൈവിങ് സീറ്റിൽ ഇരിക്കാതെ കൃത്യമായി തോക്ക് ഉപയോഗിക്കാൻ കഴിയുന്ന പൊസിഷൻ തിരഞ്ഞെടുത്തിരുന്നെങ്കിൽ വിധി മറ്റൊന്നായേനേ എന്നാണ് ഇപ്പോഴും കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ ധീരതയെ രാജ്യം അശോക് ചക്ര നൽകി ആദരിച്ചു.
∙ ശർമയുടെ വീഴ്ചയും ഛോട്ടാ രാജന്റെ പ്രതികാരശ്രമവും
2006ൽ പ്രദീപ് സൂര്യവംശി എന്ന ഡിഎൻ നഗർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഛോട്ടാ രാജൻ സംഘത്തിലെ ലഖൻ ഭയ്യ എന്ന ഗാങ്സ്റ്ററെ വെടിവച്ചു കൊന്നു. എന്നാൽ ഈ സംഘത്തിൽ പ്രദീപ് ശർമ ഉണ്ടായിരുന്നില്ല. പക്ഷേ, ഇത് ഏറ്റമുട്ടൽ കൊലപാതകമല്ലെന്നും ലഖൻ ഭയ്യയെ പിടികൂടിയ ശേഷം പൊലീസ് വെടിവച്ചു കൊന്നതാണെന്നും കാണിച്ച് അഭിഭാഷകനായ അയാളുടെ സഹോദരൻ കോടതിയെ സമീപിച്ചു. ഒരു വർഷത്തിനുശേഷം പരാതി അന്വേഷിക്കാൻ ഉത്തരവിട്ട കോടതി പ്രത്യേക സംഘത്തെയും നിയോഗിച്ചു. അന്വേഷണ സംഘം ഏറ്റുമുട്ടൽ വ്യാജമായിരുന്നുവെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി. ഇതോടെ 16 പൊലീസുകാരെ പ്രതിയാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇതിൽ സംഭവത്തിൽ പങ്കെടുക്കാത്ത പ്രദീപ് ശർമയുടെ പേരും ഏറ്റവും അവസാനമായി ഉൾപ്പെട്ടു. ചില പൊലീസ് ഉന്നതരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു. കാരണം, പൊലീസിലെയും രാഷ്ട്രീയത്തിലെയും പല ഉന്നതരുടെയും അധോലോകവുമായുള്ള ബന്ധം ശർമ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയെന്ന് ചില ഐപിഎസുകാർ വിശ്വസിച്ചിരുന്നു.
അവിടംകൊണ്ടും നിന്നില്ല. 2008 ഓഗസ്റ്റ് 30ന്, അധോലോകവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ശർമയെ സർവീസിൽനിന്ന് പുറത്താക്കി. 2009ൽ ലഖാൻ ഭയ്യാ കേസിൽ ശർമയെ പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തു. പക്ഷേ, സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ശർമ നൽകിയ പരാതി തീർപ്പാക്കി 2010 ജനുവരി 11ന് ജോലിയിൽ പ്രവേശിക്കാൻ സർക്കാർ അനുമതി നൽകി. കൂടെയുള്ള ശത്രുക്കൾ അപ്പോഴും ഒതുങ്ങിയിരുന്നില്ല. ജോലിയിൽ പ്രവേശിക്കേണ്ട ദിവസത്തിന്റെ തലേന്ന്, ജനുവരി 10ന്, പ്രതിയായ കേസിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ബാക്കി 15 പേരെയും അപ്പോഴും അറസ്റ്റ് ചെയ്തിരുന്നില്ല എന്നതായിരുന്നു ഇതിലെ വൈരുധ്യം. 14 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശർമ പിന്നീട് താനെ സെൻട്രൽ ജയിലിലേക്ക് അയയ്ക്കപ്പെട്ടു.
ഏതു നിമിഷവും ശർമ അവിടെ ആക്രമിക്കപ്പെടുന്നമെന്ന് മനസ്സിലാക്കിയ ജയിൽ വാർഡൻ യോഗേഷ് ദേശായി ശർമയ്ക്കായി പ്രത്യേക സുരക്ഷ തന്നെ ഒരുക്കി. മറ്റു തടവുകാരെല്ലാം സെല്ലിനുള്ളിൽ ലോക്ക് ആണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ ശർമയെ പുറത്തിറക്കിയിരുന്നുള്ളൂ. ശർമ സെല്ലിന് പുറത്താണെങ്കിൽ ആ ജയിലിലെ ഒരു തടവുകാരൻ പോലും സെല്ലിന് പുറത്തുണ്ടാകിലെന്ന് അർഥം. ജയിലിലെ മിക്ക തടവുകാരും തന്റെ ശത്രുക്കളാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ഇടയ്ക്കിടെ കോടതിയിലേക്കും ആശുപത്രിയിലേക്കുമുള്ള യാത്രയ്ക്കിടെ തന്റെ നെറ്റ്‌വർക്കിലുള്ള പലരുമായും ശർമ ബന്ധപ്പെട്ടിരുന്നു. അതുവഴി മനസ്സിലാക്കിയ കാര്യം ഞെട്ടിക്കുന്നതായിരുന്നു. പ്രദീപ് ശർമയുടെ ജീവനെടുക്കാൻ ഛോട്ടാരാജൻ തന്റെ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ വിക്കി മൽഹോത്രയെ ഏർപ്പാട് ചെയ്തിരിക്കുന്നു. അതിലുമുപരി അയാളിപ്പോൾ താനെ സെൻട്രൽ ജയിലിൽ തടവിലുണ്ട്! (2005 ജൂലൈ മാസത്തിൽ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനും ദാവൂദ് ഇബ്രാഹിമിന്റെ മകളും തമ്മിൽ ദുബായിൽ നടന്ന വിവാഹ സമയത്ത് ദാവൂദിനെ കൊല്ലാൻ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ഛോട്ടാ രാജനിൽനിന്ന് വിക്കി മൽഹോത്രയെ വാടകയ്ക്കെടുത്തിരുന്നെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ആ ഉദ്യമം മറ്റു പല തർക്കങ്ങൾ കാരണം പാളിപ്പോകുകയായിരുന്നു).
പൊലീസിലെ ഒരു വിഭാഗം അറിയാതെ ഇത്തരമൊരു നീക്കം നടക്കില്ലെന്ന് ശർമയ്ക്ക് മനസ്സിലായി. ഒരു ദിവസം വിചാരണയ്ക്കായി ജയിലിൽനിന്ന് കോടതിയിൽ എത്തിയ ശർമ തന്റെ പരിചയക്കാരനായ ഓഫിസറോട് വിക്കി മൽഹോത്രയുടെ ഒരു ചിത്രം ആവശ്യപ്പെട്ടു. അതൊരു തന്ത്രമായിരുന്നു. തനിക്കെതിരെ ആസൂത്രണം ചെയ്ത വധശ്രമം താൻ അറിഞ്ഞു എന്ന് ഡിപ്പാർട്മെന്റിനുള്ളിൽ എത്തിക്കാൻ അതു മാത്രം മതിയായിരുന്നു. ഇതോടെ ശർമയുടെ സുഹൃത്തുക്കളായ പൊലീസുകാർ ആയുധവുമായി ആശുപത്രിയിലും കോടതിയിലും ജയിലിലും അദ്ദേഹത്തിന് സംരക്ഷണമൊരുക്കി. വിക്കി മൽഹോത്രയാകട്ടെ ജയിലിനുള്ളിൽ ശർമയെ കിട്ടാൻ പലതവണ ശ്രമിച്ചിട്ടും ഫലംകണ്ടില്ല. തുടർന്ന് ഒരുമാസത്തിനുശേഷം അയാൾ ജാമ്യം നേടി പുറത്തിറങ്ങി. അപ്പോഴാണ് തന്റെ ശ്രമം പ്രദീപ് ശർമ മനസ്സിലാക്കിയിരുന്നു എന്നും തന്നെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു എന്നും വിക്കി അറിയുന്നത്. ഭയന്നുപോയ അയാൾ പൊലീസിലെ ഒരു ഉന്നതനെ കണ്ട് ശർമയുമായി ഒരു സംഭാഷണത്തിന് അവസരമുണ്ടാക്കണമെന്ന് അഭ്യർഥിച്ചു. ഓഫിസർ അതിന് പലതവണ ശ്രമിച്ചെങ്കിലും ശർമ പ്രതികരിച്ചില്ല. ഒടുവിൽ ഒരുദിവസം കോടതിയിൽ പോയി തിരികെ പ്രവേശിക്കുന്ന സമയത്ത് വിക്കി മൽഹോത്ര ശർമയെ ജയിലിന്റെ വാതിൽക്കൽ വച്ച് നേരിട്ട് കണ്ടു. വിക്കി കൈ കൊടുക്കാൻ ശ്രമിച്ചെങ്കിലും ശർമ സ്വീകരിച്ചില്ല. എന്താണ് കാര്യമെന്ന് പറയാൻ ശർമ ആവശ്യപ്പെട്ടപ്പോൾ അയാൾ ഭയത്തോടെ പറഞ്ഞു
‘സാർ സൂക്ഷിക്കണം, ഒരുപാട് പേര് സാറിന്റെ ജീവനെടുക്കാൻ ശ്രമിക്കുന്നുണ്ട്.’
‘ആരൊക്കെ ആരുടെയൊക്കെ ജീവനെടുക്കാൻ ശ്രമിക്കുന്നെന്ന് എനിക്കറിയാം’ എന്ന് ശർമ മറുപടി നൽകി.
എന്താണ് സംഭവിക്കുക എന്ന ഉറപ്പില്ലാതെ വിക്കിമൽഹോത്ര മടങ്ങി. വൈകാതെ ജയിലിൽനിന്ന് ശർമ ആശുപത്രി സെല്ലിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 2013 ജൂലൈ മാസത്തിൽ എല്ലാ കേസിൽനിന്നും കോടതി ശർമയെ വിമുക്തനാക്കി. ജൂലൈ 13ന് അദ്ദേഹം ജയിലിൽനിന്ന് പുറത്തിറങ്ങി.
നാലുവർഷത്തിനുശേഷം 2017 ഓഗസ്റ്റിൽ അദ്ദേഹത്തെ സർവീസിൽ തിരികെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടു. താനെ ആന്റി എക്സ്റ്റോർഷൻ സെൽ ഇൻസ്പെക്ടറായി തിരികെയെത്തിയ ശർമ എന്തായിരിക്കും ആദ്യം ചെയ്യുക എന്ന ആകാംക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല, താനെ കേന്ദ്രമാക്കി വ്യവസായികളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ സ്വന്തം സഹോദരൻ ഇക്ബാൽ കസ്കറെ വീട്ടിൽ കയറി അറസ്റ്റ് ചെയ്താണ് അദ്ദേഹം തുടങ്ങിയത്. തുടർന്ന് വാതുവയ്പുകാരനും പൊലീസിനെ പോലും വിറപ്പിച്ചിരുന്ന ക്രിമിനലുമായ സോനു ജലാനെയും പിടികൂടി. 2019 ജൂലെ നാലിന് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പ്രദീപ് ശർമ സർവീസിൽനിന്ന് വൊളന്ററി റിട്ടയർമെന്റ് വാങ്ങി. തുടർന്ന് 2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു നിറച്ച വാഹനം ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പ്രദീപ് ശർമ വാർത്തയിൽ നിറഞ്ഞത്. വാഹന ഉടമയായ മൻസൂക് ഹിരൺ ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടതിനു പിന്നിൽ പ്രദീപ് ശർമയും മറ്റൊരു ഏറ്റുമുട്ടൽ വിദഗ്ധനായ സച്ചിൻ വാസെയുമാണെന്നാണ് ആരോപണം. ഇരുവരും ഈ കേസിൽ പ്രതികളാണ്. കേസ് ഇപ്പോൾ എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
∙ കോടീശ്വരൻമാരായ എൻകൗണ്ടർ സ്പെഷലിസ്റ്റുകൾ
ആമിർഖാൻ ചിത്രമായ ഗജനി 100 കോടി ക്ലബിൽ കയറുന്നതിന് മുൻപ് ‘100 കോടി ക്ലബ്’ എന്ന പ്രയോഗം ചില പൊലീസുകാർക്കായിരുന്നു ഉണ്ടായിരുന്നതെന്ന് ഹുസെയ്ൻ സെയ്ദി ‘ദ് ക്ലാസ് ഓഫ് 83’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. നഗരത്തിലെ കോടികൾ വിലമതിക്കുന്ന അമ്യൂസ്മെന്റ് പാർക്കിന്റെ ഉടമ 83 ബാച്ചിലെ ഒരു എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയിരുന്നു. വർഷം ഏതാനും ലക്ഷം മാത്രം വരുമാനമുള്ള ആളാണ് ഇദ്ദേഹമെന്നത് ഓർക്കണം. ഏതെങ്കിലും വ്യവസായിയെ ഭീഷണിപ്പെടുത്തി മാഫിയ പണം വാങ്ങുകയോ അയാളെ കൊലപ്പെടുത്തുകയോ ചെയ്താൽ ഉടൻ മറ്റുള്ളവർ ചേർന്ന് ഇതിന് അറുതി വരുത്താൻ എൻകൗണ്ടർ സ്പെഷലിസ്റ്റുകളെ സമീപിക്കും. അവർ, പണംതട്ടിയ അല്ലെങ്കിൽ കൊലപാതകം നടത്തിയ ആളെ മാത്രമല്ല ആ ഗാങ്ങിനെ തന്നെ ഇല്ലാതാക്കും. ഇതിന് വലിയ പ്രതിഫലം വ്യവസായികൾ നൽകിയിരുന്നതായി പറയപ്പെടുന്നു. ശർമയ്ക്കെതിരെ ഇത്തരത്തിൽ ആരോപണം ഒരു ഘട്ടത്തിൽ ഉയർന്നെങ്കിലും അദ്ദേഹം ജയിലിലായപ്പോൾ പോലും അതൊന്നും തെളിയിക്കാൻ കഴിഞ്ഞില്ല. എന്നാൽ, മറ്റുപലരുടെയും കാര്യം വ്യത്യസ്തമായിരുന്നു.
മഹാരാഷ്ട്ര സർക്കാർ ഉടമസ്ഥതയിലുള്ള ക്ലബ്, 99 വർഷത്തേക്ക് പാട്ടത്തിനെടുത്തത് ശർമയുടെയും സലാസ്കറിന്റെയും കാലത്തു തന്നെ എൻകൗണ്ടർ സ്പെഷലിസ്റ്റായി മാറിയ മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു. ഇതിന് നൽകേണ്ട സെക്യൂരിറ്റി തുക മാത്രം കോടികൾ വരും. താനെയിൽ റിയൽ എസ്റ്റേറ്റ് കച്ചവടം തകൃതിയായി നടന്ന സമയത്ത് ഇതേയാൾ അവിടെ പോസ്റ്റിങ് വാങ്ങി. പല വലിയ പദ്ധതികളിലും പങ്കാളിയായ ഇദ്ദേഹം കോടികളാണ് സമ്പാദിച്ചത്. ഇദ്ദേഹത്തെ പങ്കാളിയാക്കിയാൽ പണം ആവശ്യപ്പെട്ടുള്ള അധോലോകത്തിന്റെ ഭീഷണി ഉണ്ടാകില്ലെന്നതായിരുന്നു വ്യവസായികളുടെ ധൈര്യം. ഏറ്റുമുട്ടലിൽ ക്രിമിനലുകൾ കൊല്ലപ്പെടുകയും അവിടെനിന്ന് കണ്ടെത്തുന്ന ലക്ഷങ്ങൾ വരുന്ന പണം കാണാതാകുകയും ചെയ്ത സംഭവങ്ങളുമുണ്ട്. ഒരു ഗാങ്ങിൽ നിന്ന് പണം വാങ്ങി മറു ഗാങ്ങിലെ ആളുകളെ ഏറ്റുമുട്ടലിലൂടെ കൊന്ന് കോടിപതികളായവരും കുറവല്ല. ഇത്തരത്തിൽ നോക്കിയാൽ നിയമത്തെ വെല്ലുവിളിച്ച അധോലോകത്തിൽ നിന്നും വ്യത്യസ്തരായിരുന്നില്ല നിയമം നടപ്പാക്കേണ്ടിയിരുന്ന പല ഏറ്റുമുട്ടൽ വിദഗ്ധരും എന്നതാണ് സത്യം.
വിവരങ്ങൾക്കു കടപ്പാട്: ദ് ക്ലാസ് ഓഫ് 83– എസ്. ഹുസെയ്ൻ സെയ്ദി, ഡോംഗ്രി ടു ദുബായ്– എസ്. ഹുസെയ്ൻ സെയ്ദി
(അവസാനിച്ചു)
English Summary: Pradeep Sharma and Vijay Salaskar: Meet Mumbai's Top Encounter Specialists- Part 2