ഗവിയിൽനിന്ന് കാറിൽ ‘കയറി’ രാജവെമ്പാല, കുടുംബത്തിനൊപ്പം 200 കി.മീ; രക്ഷകനായത് നായ: പിടികൂടി വാവ – വിഡിയോ
കൊല്ലം∙ ഗവി കാണാൻ പോയ കുടുംബത്തിന്റെ കാറിൽ കയറിക്കൂടിയ രാജവെമ്പാലയെ ഒന്നര ദിവസത്തിനുശേഷം പ്രശസ്ത പാമ്പുപിടിത്തക്കാരൻ വാവ സുരേഷ് എത്തി പിടികൂടി. കൊല്ലം ആനയടി തീർഥത്തിൽ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഒടുവിൽ ചൊവ്വാഴ്ച പുലർച്ചെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തിൽ പാമ്പിനെ
കൊല്ലം∙ ഗവി കാണാൻ പോയ കുടുംബത്തിന്റെ കാറിൽ കയറിക്കൂടിയ രാജവെമ്പാലയെ ഒന്നര ദിവസത്തിനുശേഷം പ്രശസ്ത പാമ്പുപിടിത്തക്കാരൻ വാവ സുരേഷ് എത്തി പിടികൂടി. കൊല്ലം ആനയടി തീർഥത്തിൽ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഒടുവിൽ ചൊവ്വാഴ്ച പുലർച്ചെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തിൽ പാമ്പിനെ
കൊല്ലം∙ ഗവി കാണാൻ പോയ കുടുംബത്തിന്റെ കാറിൽ കയറിക്കൂടിയ രാജവെമ്പാലയെ ഒന്നര ദിവസത്തിനുശേഷം പ്രശസ്ത പാമ്പുപിടിത്തക്കാരൻ വാവ സുരേഷ് എത്തി പിടികൂടി. കൊല്ലം ആനയടി തീർഥത്തിൽ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഒടുവിൽ ചൊവ്വാഴ്ച പുലർച്ചെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തിൽ പാമ്പിനെ
കൊല്ലം∙ ഗവി കാണാൻ പോയ കുടുംബത്തിന്റെ കാറിൽ കയറിക്കൂടിയ രാജവെമ്പാലയെ ഒന്നര ദിവസത്തിനുശേഷം വാവ സുരേഷ് എത്തി പിടികൂടി. കൊല്ലം ആനയടി ക്ഷേത്രത്തിനു സമീപം രാജഭവനത്തിൽ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഞായറാഴ്ചയാണ് മനുരാജും കുടുംബവും ഗവി കാണാനായി പോയത്. തിങ്കളാഴ്ച മുഴുവനും വണ്ടിക്കുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ, ഒടുവിൽ ചൊവ്വാഴ്ച പുലർച്ചെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബോണറ്റിൽ കയറിക്കൂടിയ രാജവെമ്പാലയെ രക്ഷിക്കുന്നതിനായി വാഹനത്തിന്റെ മുൻഭാഗം തകർക്കേണ്ടി വന്നതായി വാവ സുരേഷ് മനോരമ ഓൺലൈനോടു പ്രതികരിച്ചു.
ടയറിന്റെ മുകളിലുള്ള പ്ലാസ്റ്റികിന്റെയും ബോഡിയുടെയും ഗ്യാപ്പിലായിരുന്നു പാമ്പിന്റെ ‘കാർ യാത്ര’. ഇരിക്കുന്ന സ്ഥലത്ത് ചൂടുകൂടുന്ന സാഹചര്യത്തിൽ വാഹനം ഓടുമ്പോൾത്തന്നെ പാമ്പ് സ്ഥലം മാറിയിട്ടുണ്ടാകാമെന്നും വാവാ സുരേഷ് സൂചിപ്പിച്ചു.
കാറിനുള്ളിൽ പാമ്പ് കയറിയതായി സംശയമുണ്ടെന്നു സൂചിപ്പിച്ച് മനുരാജ് തന്നെ കഴിഞ്ഞ ദിവസം ഒരു ഫെയ്സ്ബുക് ഗ്രൂപ്പിൽ കുറിപ്പ് പങ്കുവച്ചിരുന്നു. 200 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച വാഹനത്തിൽ ഇത്ര വലിപ്പമുള്ള പാമ്പ് കയറി ഇത്രദൂരം വരാൻ സാധ്യതയുണ്ടോ എന്ന സംശയവും മനുരാജ് ‘കേരളത്തിലെ പാമ്പുകൾ’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു.
മുന്നൂറിലധികം പേരാണ് ഈ പോസ്റ്റിനു മറുപടിയുമായെത്തിയത്. ഏതാനും മാസങ്ങൾക്കു മുൻപ് നിലമ്പൂരിൽ വനത്തോടു ചേർന്ന് പാർക്ക് ചെയ്തിരുന്ന കാറിൽ കയറിക്കൂടിയ രാജവെമ്പാല, കോട്ടയം വരെ സഞ്ചരിച്ചെത്തിയ സംഭവം ഉൾപ്പെടെയാണ് പലരും പങ്കുവച്ചത്. ഈ പോസ്റ്റ് പങ്കുവച്ചതിന്റെ പിറ്റേന്നു തന്നെ, കാറിൽ രാജവെമ്പാല ഉണ്ടായിരുന്നതായും, അതിനെ രക്ഷപ്പെടുത്തിയതായും അറിയിച്ച് മനുരാജ് മറ്റൊരു പോസ്റ്റ് കൂടി പങ്കുവച്ചു.
ആ യാത്രയിൽ സംഭവിച്ച കാര്യങ്ങൾ മനുരാജ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു:
അന്ന് ഗവി കാണാനുള്ള യാത്രയിൽ ഞങ്ങൾ എട്ടു പേരാണ് ഉണ്ടായിരുന്നത്. നാലു മുതിർന്നവരും നാലു കുട്ടികളും. ചെക്പോസ്റ്റ് പിന്നിട്ട് അൽപദൂരം പോയതേയുള്ളൂ. അപ്പോഴാണ് വഴിയരികിലൂടെ ഒരു പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. വനത്തിൽ പ്രവേശിച്ചതുകൊണ്ട് പതുക്കെയാണ് ഞങ്ങൾ പോയിരുന്നത്. പാമ്പിനെ കണ്ട് കാറിന്റെ പിന്നിലുണ്ടായിരുന്ന പെങ്ങളുടെ മകനാണ് അതിന്റെ ഫോട്ടോയെടുത്തത്. സെക്കൻഡിന്റെ നൂറിലൊരംശം എന്നു പറയാവുന്നത്ര വേഗത്തിൽ ആ പാമ്പ് കാറിന്റെ അടിയിലേക്ക് ഇഴഞ്ഞെത്തി. അത് ഒളിക്കാൻ സ്ഥലം നോക്കി നടക്കുകയായിരുന്നുവെന്നു തോന്നുന്നു. കാറിന്റെ അടിയിൽ ഒളിക്കാൻ ഇടം നോക്കി വന്നതാകണം.
പാമ്പ് കാറിന്റെ അടിയിലേക്ക് ഇഴഞ്ഞുകയറിയതോടെ കാർ നിർത്തി. ഇല്ലെങ്കിൽ പിന്നിലെ ചക്രം അതിന്റെ ദേഹത്തു കയറുമല്ലോ. പാമ്പ് മുന്നിലെ ചക്രത്തിന്റെ ഭാഗത്തേക്കു പോകുന്നതാണ് കണ്ടത്. വണ്ടി നിർത്തിയശേഷം ഉള്ളിലിരുന്ന് കുറേനേരം പുറത്തൊക്കെ പരതിയെങ്കിലും പാമ്പിനെ കണ്ടില്ല. അത് ഇഴഞ്ഞു പോയിക്കാണുമെന്നു കരുതി. പാമ്പു പോകട്ടെയെന്നു കരുതി രണ്ടു മൂന്നു മിനിറ്റ് അവിടെ നിർത്തിയിട്ടശേഷമാണ് വണ്ടി എടുത്തത്.
കുറച്ചുദൂരം കൂടി ചെല്ലുമ്പോൾ കെഎസ്ഇബിയുടെ കന്റീനുണ്ട്. അവിടെ വണ്ടിനിർത്തി എല്ലാവരും ഭക്ഷണം കഴിച്ചു. തിരിച്ചിറങ്ങുമ്പോഴാണ് ഒരു പട്ടി ഓടിയെത്തി വണ്ടിയുടെ മുന്നിൽനിന്ന് മണംപിടിച്ച ശേഷം പേടിച്ചപോലെ അകന്നുമാറുന്നത് ഭാര്യ ശ്രദ്ധിച്ചത്. അവൾ ഇക്കാര്യം എന്നോടു പറഞ്ഞു. നോക്കിയപ്പോൾ ശരിയാണ്. ആ പട്ടി ഓടി വണ്ടിയുടെ അടുത്തുവരും. എന്നിട്ട് ഓടിമാറും. ഇത് പലതവണ ആവർത്തിച്ചു.
അങ്ങനെ ഞങ്ങൾ കന്റീനിലെ ചേട്ടനോടും അവിടെ ഡ്രൈവറായി ജോലി ചെയ്യുന്ന ഒരാളോടും ഇക്കാര്യം പറഞ്ഞു. അവർ വന്ന് വാഹനം മുഴുവൻ പരിശോധിച്ചു. ബോണറ്റിനുള്ളിൽ ചുറ്റിലുമൊക്കെ നോക്കി. അങ്ങനെ പാമ്പ് കയറിയിരിക്കാൻ സാധ്യതയില്ലെന്നു പറഞ്ഞതുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. ഗവിയിൽ ചെക് പോസ്റ്റ് കടന്നാൽപ്പിന്നെ നേരെ പോവുകയേ മാർഗമുള്ളൂ. യാത്ര തുടരുമ്പോഴും ആ പട്ടി വണ്ടിയുടെ അടുത്തുവന്ന് കുരച്ചതും ഭയന്ന് പിൻമാറിയതും എന്റെ മനസ്സിലുണ്ടായിരുന്നു.
പിന്നീട് അടുത്ത ചെക്പോസ്റ്റിൽ എത്തിയപ്പോഴാണ് ഫോറസ്റ്റ് ഓഫിസ് കണ്ടത്. പെരിയാർ ടൈഗർ റിസർവിന്റെ ചെക്പോസ്റ്റിലുള്ള ഫോറസ്റ്റ് ഓഫിസിൽ കയറി വിവരം പറഞ്ഞു. അവരും വന്ന് വണ്ടി മുഴുവൻ പരിശോധിച്ചു. സാധ്യമാകുന്നിടത്തെല്ലാം അവർ നോക്കി. അടിവശത്തു കയറി നോക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് അവിടെയൊഴിച്ച് ബാക്കിയെല്ലായിടത്തും പരിശോധിച്ചു. പാമ്പിനെ പിടിക്കാനുള്ള തയാറെടുപ്പോടെയാണ് അവർ നോക്കിയത്. പാമ്പ് പോയിക്കാണുമെന്നാണ് അവരും പറഞ്ഞത്. അങ്ങനെ കയറിയിരിക്കാൻ സാധ്യതയില്ലെന്നും പറഞ്ഞു. അങ്ങനെ കയറിക്കൂടിയ കേസുകളുമുണ്ട്. എന്നാലും അകത്തേക്കൊന്നും കയറി വരില്ല, പേടിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞ് യാത്രയാക്കി.
തിരിച്ചു വീട്ടിൽ വന്നിട്ട് ഞാൻ വണ്ടി പോർച്ചിൽ കയറ്റിയില്ല. പകരം മുറ്റത്താണ് ഇട്ടത്. പിറ്റേന്നു രാവിലെ എഴുന്നേറ്റ് വീട്ടിലെ സിസിടിവി മുഴുവൻ പരിശോധിച്ചു. അതിൽ വാഹനത്തിന്റെ എല്ലാ വശങ്ങളും കാണാം. പാമ്പ് ഉള്ളതിന്റെ സൂചനകളൊന്നും അതിൽ കണ്ടില്ല. പാമ്പ് ഇല്ലെന്ന് ഉറപ്പായതോടെ ഞാൻ വീട്ടിലെ നായയെ അഴിച്ചുവിട്ടു. അഞ്ച് മിനിറ്റ് കഴിഞ്ഞ് നായ വന്ന് വണ്ടിയുടെ മുന്നിൽനിന്ന് മണം പിടിച്ചു. എന്നിട്ട് കുരയ്ക്കാൻ തുടങ്ങി. അതോടെ ഞാൻ പോയി വണ്ടിയുടെ ബോണറ്റ് തുറന്നുനോക്കി. അതോടെ നായ അവിടെ നിന്ന് മാറാതെ നിന്ന് കുരയ്ക്കാൻ തുടങ്ങി. കണ്ണു തെറ്റാതെ അവിടെത്തന്നെ നിന്ന് ബഹളം വച്ചു.
അങ്ങനെയാണ് ഞാൻ ഫെയ്സ്ബുക് ഗ്രൂപ്പിൽ ഈ സംഭവത്തെക്കുറിച്ച് എഴുതി പോസ്റ്റ് ചെയ്തത്. വിഡിയോയും പങ്കുവച്ചിരുന്നു. വണ്ടിക്കുള്ളിൽ പാമ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അവരിൽ പലരും പറഞ്ഞു. എത്രയും വേഗം ഒരു പാമ്പുപിടിത്തക്കാരനെ എത്തിക്കാനും ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് ഞാൻ അവിടെത്തന്നെ കാവലിരുന്നു. ഇതിനിടെ ഗ്രൂപ്പിലെ പോസ്റ്റ് കണ്ട് അതിന്റെ അഡ്മിൻ നാസർ കോഴിക്കോടു നിന്നു വിളിച്ചു. വണ്ടിക്കുള്ളിൽ പാമ്പുണ്ടെന്ന കാര്യം തീർച്ചയാണെന്ന് പറഞ്ഞത് അദ്ദേഹമാണ്. വണ്ടിയുടെ അടുത്തേക്ക് പോകരുതെന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞു.
ഈ ഭാഗത്തുള്ള കുറച്ച് പാമ്പു പിടിത്തക്കാരുടെ നമ്പറും തന്നു. പലരെയും വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. ഇരുട്ടാകാൻ തുടങ്ങിയതോടെ അപകടം ഭയന്നാണ് വാവ സുരേഷുമായി ബന്ധപ്പെടുന്നത്. പാമ്പുമായി ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാൻ ഞാൻ മുൻപ് അദ്ദേഹത്തിന് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ആ പരിചയം വച്ച് വിളിച്ചപ്പോൾ ഒന്നുരണ്ട് വിഡിയോ എടുത്ത് അയയ്ക്കാൻ അദ്ദേഹം പറഞ്ഞു. അയച്ചുകൊടുത്ത വിഡിയോകൾ പരിശോധിച്ച ശേഷം വണ്ടിക്കുള്ളിൽ പാമ്പുണ്ടെന്ന് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു. വേറെ ആരെയും വിളിച്ചിട്ടില്ലെങ്കിൽ രാത്രിയാകുമ്പോൾ വരാമെന്നും പറഞ്ഞു.
അങ്ങനെ രാത്രി 9.30ഓടെ അദ്ദേഹം വീട്ടിലെത്തി. തുടർന്ന് പട്ടിയെ അഴിച്ചുവിട്ട് മണപ്പിച്ചു നോക്കി. പട്ടി പോയിനിന്ന് മണം പിടിച്ച സ്ഥലത്ത് ഇളക്കി നോക്കിയപ്പോൾ അതിനുള്ളിൽ പാമ്പുണ്ടായിരുന്നു. കുറേനേരെ കഴിഞ്ഞിട്ടാണ് കണ്ടത്. അവൻ അതിനുള്ളിൽ വളരെ സുരക്ഷിതനായി ഇരിക്കുകയായിരുന്നു. 10–15 ദിവസം വരെ അങ്ങനെ തന്നെ ഇരിക്കുമെന്നാണ് വാവ സുരേഷ് പറഞ്ഞത്. കോട്ടയത്ത് മുൻപ് ഇതുപോലെ സംഭവിച്ചപ്പോൾ പതിനഞ്ചോ ഇരുപത്തഞ്ചോ ദിവസം കഴിഞ്ഞാണ് പാമ്പ് പുറത്തിറങ്ങിയത്.
ഞങ്ങൾ ഇളക്കിനോക്കിയപ്പോൾ പാമ്പിനെ കണ്ടെങ്കിലും പിടിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ചെറിയ സ്ഥലത്ത് കടിക്കാൻ പാകത്തിൽ തല പുറത്തേക്ക് ഇട്ടാണ് ഇരുന്നിരുന്നത്. പെട്ടെന്നുതന്നെ അത് അകത്തേക്കു കയറിപ്പോയി. പിന്നീട് കുറേ നേരത്തേക്ക് അതിനെ പുറത്തു കണ്ടില്ല. അതുകൊണ്ട് പട്ടിയെത്തന്നെ ഒന്നുകൂടി കൊണ്ടുവന്നു. അവൻ മണത്ത് കൃത്യമായി സ്ഥലം കാണിച്ചുതന്നു. ഹെഡ് ലൈറ്റിന്റെ പിന്നിലാണ് പാമ്പ് ഇരുന്നത്.
ഒടുവിൽ പുലർച്ചെ മൂന്നരയോടെയാണ് പാമ്പിനെ പിടികൂടിയത്. കാർ അഴിക്കാൻ ആളെ കിട്ടാതിരുന്നതാണ് പ്രയാസമുണ്ടാക്കിയത്. ടിപ്പർ ലോറി പണിയുന്നയാളെയും മറ്റും കൊണ്ടുവന്നാണ് വണ്ടി അഴിച്ചത്. അവരുടെ കയ്യിൽ കാറിനുള്ള പണിയായുധങ്ങൾ ഇല്ലാതിരുന്നതിനാൽ കുത്തിപ്പൊളിക്കേണ്ടി വന്നു.
പാമ്പിനെ പിടിച്ചെങ്കിലും കാർ ഇതുവരെ ശരിയാക്കാൻ കഴിഞ്ഞിട്ടില്ല. അതാണ് ഇപ്പോഴത്തെ പ്രശ്നം. ഏഴു വർഷം പഴക്കമുണ്ടെങ്കിലും ഒരു പോറൽ പോലുമേൽക്കാതെ കൊണ്ടുനടന്ന വണ്ടിയാണ്. ഷോറൂമിൽ വിളിച്ചപ്പോൾ നമ്മൾത്തന്നെ വണ്ടി അവിടെ എത്തിക്കണം എന്നു പറഞ്ഞു. അത് എങ്ങനെ കൊണ്ടുപോകുമെന്നാണ് ആലോചിക്കുന്നത്.