ഈ ‘വഴി’തിരിച്ചുവിടൽ വഴിമുടക്കും: ദൈവമേ, കാലടി!; മൂവാറ്റുപുഴ കടക്കാൻ മുക്കാൽ മണിക്കൂർ വരെ
കൊച്ചി∙ ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വടക്കുനിന്ന് ആലപ്പുഴ ഭാഗത്തേക്കു വരുന്ന ചരക്കു വാഹനങ്ങളും ഹെവി വാഹനങ്ങളും അങ്കമാലിയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് എംസി റോഡ് വഴി പോകാനാണു നിർദേശം
കൊച്ചി∙ ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വടക്കുനിന്ന് ആലപ്പുഴ ഭാഗത്തേക്കു വരുന്ന ചരക്കു വാഹനങ്ങളും ഹെവി വാഹനങ്ങളും അങ്കമാലിയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് എംസി റോഡ് വഴി പോകാനാണു നിർദേശം
കൊച്ചി∙ ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വടക്കുനിന്ന് ആലപ്പുഴ ഭാഗത്തേക്കു വരുന്ന ചരക്കു വാഹനങ്ങളും ഹെവി വാഹനങ്ങളും അങ്കമാലിയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് എംസി റോഡ് വഴി പോകാനാണു നിർദേശം
കൊച്ചി∙ ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വടക്കുനിന്ന് ആലപ്പുഴ ഭാഗത്തേക്കു വരുന്ന ചരക്കു വാഹനങ്ങളും ഹെവി വാഹനങ്ങളും അങ്കമാലിയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് എംസി റോഡ് വഴി പോകാനാണു നിർദേശം. ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ച മൂലം ഇന്നലെ വാഹനങ്ങൾ പൂർണമായും വഴിതിരിഞ്ഞു പോയില്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ദിശാസൂചികകൾ സ്ഥാപിച്ചും ജീവനക്കാരെ നിയോഗിച്ചും അങ്കമാലിയിൽനിന്നു വാഹനങ്ങൾ തിരിച്ചുവിടും.
ഇതോടെ നിലവിൽ വൻഗതാഗതക്കുരുക്ക് നേരിടുന്ന കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവയുടെ സ്ഥിതി അതിദയനീയമാകും. യുദ്ധകാലാടിസ്ഥാനത്തിൽ ബദൽ സൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ ഉയരപ്പാത നിർമാണം കഴിയുന്നതു വരെ (ഇപ്പോഴത്തെ അനുമാനമനുസരിച്ച് 3 വർഷം) ഈ വഴിയുള്ള യാത്ര കൊടുംദുരിതമാകും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും സമയത്തിനെത്താൻ വിഷമിക്കും.
ഗതാഗത നിയന്ത്രണം ആദ്യദിനം പാളി
തുറവൂർ ∙ ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ആദ്യദിനം പൂർണതോതിൽ പ്രാവർത്തികമായില്ല. വലിയ വാഹനങ്ങളിൽ ഭൂരിഭാഗവും ദേശീയപാതയിലൂടെ തന്നെ പോയി. ആകാശപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി തുറവൂർ ജംക്‌ഷനിൽനിന്നു ചാവടി ടിഡി റോഡിലൂടെ വഴി തിരിച്ചുവിടുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.
ബൈപാസില്ലാതെ പെരുമ്പാവൂർ
പെരുമ്പാവൂർ ∙ പ്ലൈവുഡ്, കരിങ്കൽ ക്വാറികൾ അടക്കം ഏറ്റവും കൂടുതൽ വ്യവസായങ്ങൾ പ്രവർത്തിക്കുന്ന പെരുമ്പാവൂർ ഗതാഗതക്കുരുക്കിനാൽ ശ്വാസംമുട്ടുകയാണ്. എഎം റോഡും എംസി റോഡും കടന്നുപോകുന്ന ടൗണിൽ ബദൽ റോഡായി ഉപയോഗിക്കാൻ മറ്റൊന്നില്ല. ടൗൺ ബൈപാസ് നിർമാണം തുടങ്ങിയിട്ടു പോലുമില്ല.
രാവിലെയും വൈകിട്ടും ഏറെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എംസി റോഡിൽ വട്ടയ്ക്കാട്ടുപടി മുതൽ കാലടി സിഗ്നൽ വരെ മിക്ക ദിവസവും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഒക്കൽ മുതൽ കാലടിപ്പാലത്തിലേക്കും കുരുക്കു നീളും.
ദൈവമേ, കാലടി!
ഗതാഗതക്കുരുക്ക് നിത്യ സംഭവമായ കാലടിയിൽ അതിനു പുറമേയാണ് ദേശീയപാതയിൽനിന്നുള്ള ഹെവി വാഹനങ്ങൾ എത്തുന്നത്. മണ്ഡലകാലം ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർധിക്കും. എംസി റോഡിൽനിന്നു കാലടിയിലേക്കു വരാതെ വിമാനത്താവളത്തിൽ എത്താവുന്ന വല്ലംകടവ്-പാറപ്പുറം പാലം കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തുവെങ്കിലും ഇതേക്കുറിച്ച് യാത്രക്കാർക്ക് ഇനിയും വ്യക്തമായ ധാരണയില്ല. എംസി റോഡിൽ വല്ലത്തുനിന്നു തിരിഞ്ഞ് ഇതുവഴി പോയാൽ വിമാനത്താവളത്തിലേക്ക് 4 കിലോമീറ്റർ ലാഭിക്കാം. മാത്രമല്ല, കുറേഭാഗം റോഡിനു വീതി കുറവായതിനാൽ ഹെവി വാഹനങ്ങൾ വന്നാൽ ഇവിടെയും ഗതാഗതക്കുരുക്കുണ്ടാകും.
മൂവാറ്റുപുഴ കടക്കാൻ മുക്കാൽ മണിക്കൂർ വരെ
എംസി റോഡിലൂടെ യാത്ര ചെയ്യുന്നവർ ഗൂഗിൾ മാപ്പിൽ നോക്കിയാൽ മിക്കവാറും നഗരവും സമീപപ്രദേശങ്ങളും ചുവപ്പു നിറത്തിലായിരിക്കും. രൂക്ഷമായ ഗതാഗതക്കുരുക്കിലാണു നഗരമെന്നാണ് ഇതിന്റെ സൂചന. നഗരവികസനത്തിന്റെ ഭാഗമായി പിഒ ജംക്‌ഷൻ മുതൽ വെള്ളൂർകുന്നം വരെ റോഡ് നിർമാണം കൂടി ആരംഭിച്ചതോടെ നഗര ഗതാഗതം വൻ കുരുക്കായി.
നവംബർ 17 മുതൽ മണ്ഡലകാലം ആരംഭിക്കുന്നതോടെ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടി റോഡിൽ നിറയും. മൂവാറ്റുപുഴയിൽ നടത്താൻ തീരുമാനിച്ചിരുന്ന ജില്ലാ കലോത്സവം പിറവത്തേക്കു മാറ്റിയതും ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ്. ഇതിനിടയിലാണ് ദേശീയപാതയിലൂടെ പോയിരുന്ന വാഹനങ്ങൾ എംസി റോഡിലേക്കു വഴി തിരിച്ചു വിടുന്നത്.
വിമാനത്താവളത്തിലേക്കു വരുന്നവർക്കു കൂത്താട്ടുകുളം വരെ വലിയ കുരുക്കൊന്നുമില്ലാതെ സഞ്ചരിക്കാൻ കഴിയുമെങ്കിലും മൂവാറ്റുപുഴ നഗരത്തിലേക്കു പ്രവേശിക്കുന്നതു മുതൽ നെഞ്ചിടിപ്പ് ഉയരും. മൂവാറ്റുപുഴ നഗരം കടക്കാൻ നിലവിലെ സാഹചര്യത്തിൽ ചിലപ്പോൾ മുക്കാൽ മണിക്കൂറെങ്കിലും കൂടുതൽ വേണ്ടിവരും.