ചെറുകിട സംരംഭകർക്ക് നേട്ടവും കോട്ടവും, 100 കോടി വരെ വായ്പാ ഗ്യാരന്‍റി; മുദ്രാ ലോൺ പരിധി കൂട്ടി
ന്യൂഡൽഹി∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ)
ന്യൂഡൽഹി∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ)
ന്യൂഡൽഹി∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ)
ന്യൂഡൽഹി∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നേട്ടവും കോട്ടവും. അപേക്ഷകർക്ക് 100 കോടി രൂപ വരെ ഈടുരഹിത വായ്പാ ഗ്യാരന്‍റി ഉറപ്പാക്കുന്ന ക്രെഡിറ്റ് ഗ്യാരന്‍റി സ്കീം നേട്ടമാണ്. സംരംഭകർ എടുക്കുന്ന വായ്പയ്ക്ക് സർക്കാർ ഗ്യാരന്‍റി നൽകും. മൂലധനം വായ്പയിലൂടെ കണ്ടെത്തി സംരംഭങ്ങൾ നടത്താൻ ശ്രമിക്കുന്നവർക്ക് ഇത് പ്രയോജനകരമാണെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്‍റും ധനകാര്യ വിദഗ്ധനുമായ ടി.ആർ.അനന്തരാമൻ മനോരമ ഓൺലൈനോട് പറഞ്ഞു.
എംഎസ്എംഇകൾ ധാരാളമുള്ള സംസ്ഥാനമാണ് കേരളമെന്നതിനാൽ, ഈ പ്രഖ്യാപനം കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്കും നേട്ടമാകും. ഈടില്ലാതെയാണ് വായ്പ അനുവദിക്കുക. അതേസമയം, ഗ്യാരന്‍റി ഉറപ്പാക്കാനായി പ്രത്യേക ഫണ്ട് സജ്ജമാക്കും. 100 കോടി രൂപയ്ക്കു വരെയാണ് വായ്പാ ഗ്യാരന്‍റി. എന്നാൽ, സംരംഭകർക്ക് ഇതിലും ഉയർന്ന തുക വായ്പ എടുക്കാം.
ഇന്ത്യയുടെ മൊത്തം ജിഡിപിയിൽ 29 - 30 ശതമാനം പങ്കുവഹിക്കുന്നത് എംഎസ്എംഇകളാണ്. മൊത്തം കയറ്റുമതിയിൽ 46 ശതമാനവും എംഎസ്എംഇകളിൽ നിന്നാണ്. ഈ സാഹചര്യത്തിൽ, എംഎസ്എംഇകൾക്ക് മൂലധന പിന്തുണ ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്കും കയറ്റുമതിക്കും തൊഴിലവസരങ്ങളുടെ സൃഷ്ടിക്കും ഗുണം ചെയ്യും.
മുദ്രയിലെ തരുണിൽ ഇനി 20 ലക്ഷം വായ്പ
മുദ്രാ വായ്പയിലെ ഉയർന്ന വിഭാഗമായ തരുൺ വായ്പയുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്തിയതും ഗുണകരമാണ്. മുൻകാല വായ്പ കൃത്യമായി തിരിച്ചടച്ചവർക്കാണ് പ്രയോജനം ലഭിക്കുക. സിഡ്ബി വഴി സബ്സിഡി നിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള തീരുമാനവും എംഎസ്എംഇകളുടെ പ്രോത്സാഹനത്തിന് സഹായിക്കും. എംഎസ്എംഇകളുടെ വായ്പത്തിരിച്ചടവുകളുടെ അവലോകനം ഇനി പൊതുമേഖലാ ബാങ്കുകൾ തന്നെ നിർവഹിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതും എംഎസ്എംഇകൾക്ക് ഗുണകരമാണ്.
ട്രെഡ്സ് പോർട്ടലിൽ ഇടംപിടിക്കാനുള്ള വിറ്റുവരവ് പരിധി കുറച്ചതാണ് മറ്റൊരു നേട്ടം. നിലവിലെ 500 കോടി രൂപയിൽനിന്ന് 250 കോടി രൂപയായാണ് പരിധി കുറച്ചത്. അതായത്, കൂടുതൽ ചെറുകിട കമ്പനികൾക്ക് ട്രെഡ്സിൽ ഇനി ഇടംനേടാനാകും. 22 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും 7,000 കമ്പനികളും പുതിയ പ്രഖ്യാപനത്തോടെ ട്രെഡ്സിന്‍റെ ഭാഗമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു കരാർ നേടാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ട്രെഡ്സ്. ഇതുപ്രകാരം, എംഎസ്എംഇകളുമായി കരാറിൽ ഏർപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാങ്കുകൾ കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കും. ഈ തുക എംഎസ്എംഇകൾക്ക് സേവന/ഉൽപന്നങ്ങൾക്ക് പകരമായി നൽകണം. വായ്പ തിരിച്ചടയ്ക്കേണ്ടത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. വിറ്റുവരവ് പരിധി കുറച്ചതോടെ, കൂടുതൽ എംഎസ്എംഇകൾക്ക് ഇനി പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിക്കാൻ കഴിയും.
45 ദിവസ പേയ്മെന്‍റ് ചട്ടം മാറ്റിയില്ല
എംഎസ്എംഇകളിൽനിന്ന് ഉൽപന്നങ്ങളും സേവനങ്ങളും വാങ്ങുന്ന കമ്പനികൾ 45 ദിവസത്തിനകം അതിന്‍റെ പേയ്മെന്‍റ് നൽകണമെന്ന ചട്ടത്തിൽ ഇളവ് വേണമെന്ന ആവശ്യം ധനമന്ത്രി പരിഗണിച്ചില്ല. 45 ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ, ഉൽപന്നങ്ങൾ വാങ്ങിയ കമ്പനിയുടെ വരുമാനത്തിൽ ആ തുക കൂടി കൂട്ടിചേർത്ത്, ആദായ നികുതി ഈടാക്കുമെന്നാണ് ചട്ടം. നിലവിൽ 100- 180 ദിവസത്തിന് ശേഷമായിരുന്നു മിക്ക കമ്പനികളും എംഎസ്എംഇകൾക്ക് പണം നൽകിയിരുന്നത്. 45 ദിന പേയ്മെന്‍റ് ചട്ടം വന്നതോടെ എംഎസ്എംഇകളുമായുള്ള സഹകരണത്തിൽനിന്ന് നിരവധി കമ്പനികൾ പിന്മാറിത്തുടങ്ങിയെന്ന് സംരംഭകർ ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടം നടപ്പാക്കുന്നത് ഒരു വർഷത്തേക്കു നീട്ടുകയോ ആദായനികുതി ഈടാക്കുന്നതിൽ ഇളവ് അനുവദിക്കുകയോ വേണമെന്നായിരുന്നു പ്രധാന ആവശ്യം.
സ്വാഗതാർഹം, പക്ഷേ....
ക്രെഡിറ്റ് ഗ്യാരന്‍റി സ്കീം അനുവദിച്ചതും ട്രെഡ്സ് പ്ലാറ്റ്ഫോമിലെ റജിസ്ട്രേഷനുള്ള വിറ്റുവരവ് പരിധി കുറച്ചതും ഉൾപ്പെടെ അനുകൂല പ്രഖ്യാപനങ്ങളുണ്ടെങ്കിലും കേരളത്തിലെ സംരംഭകർക്ക് ആശ്വസിക്കാൻ വകയില്ലെന്ന് ടൈ കേരള മുൻ പ്രസിഡന്‍റ് ദാമോദർ അവനൂർ പറഞ്ഞു. മിക്ക സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും എംഎസ്എംഇകളുമായി സഹകരിക്കാൻ തയാറാവുന്നില്ല. ക്രെഡിറ്റ് ഗ്യാരന്‍റി സ്കീം മികച്ച ആശയമാണെങ്കിലും ബാങ്കുകളിൽനിന്നു വായ്പ ലഭിക്കുക സംരംഭകർക്ക് പ്രയാസകരമാണ്. ഈ സ്ഥിതിയിൽ മാറ്റമില്ലെങ്കിൽ പുതിയ പ്രഖ്യാപനങ്ങൾ കൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു.