കൊച്ചി ∙ കേരള സീനിയർ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തുനിന്നു മുൻ രഞ്ജി ട്രോഫി താരംകൂടിയായ പി.ബാലചന്ദ്രനെ ഒഴിവാക്കി. ടീമിന്റെ പ്രകടനം കാര്യമായി മെച്ചപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കുന്നതെങ്കിലും ടീം മാനേജ്മെന്റുമായി ഏറെക്കാലമായി തുടരുന്ന തർക്കങ്ങളാണു പുറത്തേക്കുള്ള വഴി തെളിച്ചത്. ടീമിന്റെ ബോളിങ് പരിശീലകനായ മുൻ രാജ്യാന്തര ക്രിക്കറ്റർ ടിനു യോഹന്നാനെ തുടർന്നുള്ള മൽസരങ്ങളിൽ മുഖ്യ പരിശീലകനായി നിയമിച്ചു.
കഴിഞ്ഞ വർഷവും പി.ബാലചന്ദ്രനായിരുന്നു സീനിയർ ടീം പരിശീലകൻ. ട്വന്റി20യിൽ ടീം മികച്ച പ്രകടനവുമായി സെമിവരെ എത്തിയെങ്കിലും രഞ്ജി ട്രോഫിയിൽ മുന്നേറാനായില്ല. ആ സീസണിൽത്തന്നെ ടീം മാനേജ്മെന്റും ബാലചന്ദ്രനുമായി തർക്കങ്ങൾ നിലനിന്നിരുന്നു. അതു പറഞ്ഞു തീർത്താണ് ഈ സീസണിലും അദ്ദേഹത്തെ നിയമിച്ചത്. എന്നാൽ, അന്തിമ ഇലവനിലെ കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും കളിയിൽ തന്ത്രങ്ങൾ മെനയുന്നതിലുമെല്ലാം ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്ന പരാതിയാണ് ബാലചന്ദ്രനെതിരെ ടീം മാനേജ്മെന്റ് ഉയർത്തുന്നത്.
എന്നാൽ, ടീമിന്റെ പ്രകടനം മോശമാണെന്നു കരുതുന്നില്ലെന്നു പി.ബാലചന്ദ്രൻ പറഞ്ഞു. അഞ്ചു കളിയിൽ 12 പോയിന്റ് എന്നതു മോശമല്ല. ഗ്രൂപ്പിലെ ശക്തരായ ഹിമാചലിനും ഹരിയാനയ്ക്കുമെതിരായ മൽസരങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള നാലു മൽസരങ്ങളിലൂടെ ഗ്രൂപ്പിൽ മുന്നിലെത്താൻ കേരളത്തിനു മികച്ച സാധ്യതയാണുള്ളത്. എല്ലാ കാര്യങ്ങളിലും കൂട്ടായ തീരുമാനമാണ് എടുത്തിട്ടുള്ളത്. ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല - ബാലചന്ദ്രൻ വ്യക്തമാക്കി.