Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹൻ: കേരളത്തിന്റെ റൺ മെഷീൻ

rohan-prem രോഹൻ പ്രേം

ക്യാപ്റ്റനായുള്ള കളിയിൽത്തന്നെ രോഹൻ പ്രേമിനെ റെക്കോർഡ് നേട്ടം തേടിയെത്തിയിരിക്കുന്നു–ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റ്സ്മാൻ. സെഞ്ചുറികളുടെ എണ്ണത്തിൽ പണ്ടേ ബഹുദൂരം മുന്നിലാണു രോഹൻ. ഒരു ഡബിൾ സെഞ്ചുറിയടക്കം 12 സെഞ്ചുറികൾ പേരിലുണ്ട്. ശ്രീകുമാർ നായരെയാണ് റൺവേട്ടയിൽ പിന്നിലാക്കിയത്.

ഗോവയ്ക്കെതിരെ രഞ്ജി ഒന്നാം ഇന്നിങ്സിൽ 113 റൺസ് തികച്ചതോടെ രോഹൻ റെക്കോർഡ് പിന്നിട്ടു. 130 റൺസിൽ ഇന്നിങ്സ് അവസാനിപ്പിച്ച രോഹൻ രണ്ടാം ഇന്നിങ്സിൽ 60 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 71 മൽസരങ്ങളിൽ 3998 റൺസാണ് ഇപ്പോൾ പ്രേമിന്റെ സമ്പാദ്യം. രണ്ടു റൺസ് കൂടി നേടിയാൽ കേരളത്തിനു വേണ്ടി നാലായിരം തികയ്ക്കുന്ന ആദ്യ കളിക്കാരനുമാകാം. 73 മൽ‍സരങ്ങളിൽ 3921 റൺസുള്ള ശ്രീകുമാർ നായരെയാണ് മറികടന്നത്. മികച്ച ബാറ്റിങ് ശരാശരിയും (41.78) കൂടുതൽ സെഞ്ചുറികളും (12) പ്രേമിനു തന്നെ.

കഴിഞ്ഞ രഞ്ജി സീസണിൽ എട്ടു കളികളിൽ 705 റൺസുമായി ദേശീയതലത്തിൽ റൺവേട്ടക്കാരിൽ മുൻപനായിരുന്നു രോഹൻ. ഒരു ഇരട്ടസെഞ്ചുറി ഉൾപ്പെടെ മൂന്നു സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും. തിരുവനന്തപുരം കണ്ണമൂല സായി വിഹാറിൽ രോഹൻ 2005ൽ രഞ്ജി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. പതിനേഴാമത്തെ മൽസരത്തിൽ ജാർഖണ്ഡിനെതിരെ രഞ്‌ജിയിൽ 1000 റൺസ് തികച്ച് വരവറിയിച്ചു. രഞ്ജിയിൽ 51 വിക്കറ്റുകളും രോഹന്റെ പേരിലുണ്ട്. 208 ആണ് ഉയർന്ന സ്കോർ. തിരുവനന്തപുരം ഏജീസ് ഓഫിസ് ഉദ്യോഗസ്ഥനാണു റോഹൻ. ഭാര്യ: അഞ്ജു. കണ്ണമ്മൂല സ്വദേശിയായ രോഹൻ ഫിലിപ്പ് ജേക്കബിന്റെ കീഴിലാണു പരിശീലനം നടത്തുന്നത്.