മെസ്സിയെ മുറുകെപ്പിടിച്ച് ബാർസിലോന

മഡ്രിഡ് ∙ നികുതി വെട്ടിപ്പുകേസും തടവുശിക്ഷയുമൊക്കെ വന്നിട്ടും അർജന്റീനക്കാരൻ ലയണൽ മെസ്സിയെ പൊതിഞ്ഞുപിടിച്ചു പിന്തുണയ്ക്കുന്നതിനു ബാർസിലോന ആവോളം വിമർശനം കേൾക്കുന്നുണ്ട്. പക്ഷേ, എന്തുതന്നെയായാലും മെസ്സിയെ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണു നൂകാംപ് ക്ലബ്. ഇതിന്റെ ഭാഗമായി ലയണൽ മെസ്സിയുമായുള്ള കരാർ പുതുക്കാൻ ക്ലബ് തീരുമാനിച്ചു.

പുതിയ കരാർ 2021 വരെയായിരിക്കുമെന്നാണു സൂചന. നിലവിലുള്ളതിനെക്കാൾ ശമ്പളവും ആനുകൂല്യവും വർധിപ്പിച്ചുകൊണ്ടുള്ളതാണു പുതിയ കരാർ. കോച്ച് ലൂയി എൻറിക്വെ മുൻകൈയെടുത്താണു കരാർ നടപ്പാക്കുന്നത്.

നിലവിൽ ബാർസയുമായി 2018 വരെ മെസ്സിക്കു കരാറുണ്ട്. ഇതാണു പുതുക്കിയെടുക്കുന്നത്. ഇംഗ്ലിഷ് ക്ലബ് ചെൽസി മെസ്സിയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്ന വാർത്തകൾ സ്ഥിരീകരിച്ചതിനു പിന്നാലെയാണു ബാർസ വേതന വർധനയ്ക്കും കരാർ പുതുക്കാനും തയാറായത്. അവധിക്കാലം ചെലവഴിക്കുന്ന മെസ്സി ഇതുവരെ നൂകാംപിലെത്തിയിട്ടില്ല. എന്നാൽ, അതിനു മുൻപേ തന്നെ ക്ലബ് താരവുമായി കരാറിന്റെ കാര്യം സംസാരിച്ചു.

മെസ്സിയും പിതാവ് ജോർജിയും പുതിയ കരാർ അംഗീകരിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാർസയിൽ മെസ്സിയുടെ സഹതാരമായ ബ്രസീലുകാരൻ നെയ്മറുമായി ക്ലബ് നേരത്തേ തന്നെ കരാർ പുതുക്കിയിരുന്നു. മറ്റു പ്രധാന കളിക്കാരായ ഹവിയർ മഷരാനോ, ഇവാൻ റാക്ടിച്ച്, ലൂയി സ്വാരെസ് എന്നിവരുമായും പുതിയ കരാറുണ്ടാക്കാനുള്ള തയാറെടുപ്പിലാണു ബാർസ.