Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഹൃദ മൽസരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന; ജയം ഒരു ഗോളിന്

Gabriel-Mercado ഗോൾനേട്ടം ആഘോഷിക്കുന്ന അർജന്റീന താരങ്ങൾ.

മെൽബൺ ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ബ്രസീലിനെതിരെ അർജന്റീനയ്ക്ക് ജയം. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. നെയ്മർ ഉൾപ്പെടെയുള്ള പ്രമുഖരെ കൂടാതെയിറങ്ങിയ ബ്രസീലിനെതിരെ ഗബ്രിയേൽ മാർക്കാഡോയാണ് (45) അർജന്റീനയുടെ വിജയഗോൾ നേടിയത്. ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപായിരുന്നു മൽസരഫലം നിർണയിച്ച ഗോൾ. 2012നു ശേഷം ബ്രസീലിനെതിരെ അർജന്റീനയുടെ കന്നി വിജയമാണിത്. ടിറ്റെയ്ക്കു കീഴിൽ ബ്രസീലിന്റെ ആദ്യ തോൽവികൂടിയാണിത്.

ഗോൾവഴി: അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. കോർണർ കിക്ക് നീട്ടിയടിക്കുന്നതിനും പകരം ചെറുപാസുകളിലൂടെ പന്ത് ഏയ്ഞ്ചൽ ഡി മരിയയിലേക്ക്. ഗോൾമുഖം ലക്ഷ്യമാക്കിയുള്ള മരിയയുടെ ക്രോസിൽ ഒട്ടാമെൻഡിയുടെ ഹെഡർ പോസ്റ്റിൽ തട്ടി തിരിച്ചുവന്നു. പോസ്റ്റിനു മുന്നിൽ ആളൊഴിഞ്ഞുനിന്ന മാർക്കാഡോ പന്തിന് ഗോളിലേക്ക് വഴികാട്ടി. മൽസരഫലം നിർണയിച്ച ഗോളിന്റെ ആവേശത്തിൽ ഗാലറിയിൽ അർജന്റീനാ ആരാധകർ തുള്ളിച്ചാടി.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടുന്നതിന് ബ്രസീലിന് സുവർണാവസരം ലഭിച്ചെങ്കിലും ഫെർണാണ്ടീഞ്ഞോയുടെയും വില്യന്റെയും ഷോട്ടുകൾ പോസ്റ്റിലിടിച്ചു മടങ്ങി. ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കാനാകാതെ ഉഴറുന്ന അർജന്റീനയ്ക്ക് ബദ്ധവൈരികളായ ബ്രസീലിനെതിരായ വിജയം ആശ്വാസമാകും. ലോകകപ്പ് യോഗ്യത എന്ന ഒറ്റ ലക്ഷ്യവുമായി അർജന്റീനയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ജോർജെ സാംപോളിക്ക് വിജയത്തോടെ തുടക്കമിടാനായതും അവരുടെ ആത്മവിശ്വാസം കൂട്ടും.

അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി, ഏഞ്ചൽ ഡി മരിയ, പൗളോ ഡൈബാല, ഗോൺസാലോ ഹിഗ്വെയ്ൻ തുടങ്ങിയ പ്രമുഖരെല്ലാം കളത്തിലിറങ്ങി. അതേസമയം, നെയ്മർക്കു പുറമെ മാഴ്സലോ, ഡാനി ആൽവസ്, റോബർട്ടോ ഫിർമിനോ, മാർക്വിഞ്ഞോസ് എന്നിവർക്കെല്ലാം വിശ്രമം അനുവദിച്ചാണ് ബ്രസീൽ കോച്ച് ടിറ്റെ ടീമിനെ അണിനിരത്തിയത്. ഡഗ്ലസ് കോസ്റ്റ, ഗബ്രിയേൽ ജീസസ്, ഫിലിപ്പെ കുടീന്യോ, ഫെർണാണ്ടിഞ്ഞോ, ഡേവിഡ് ലൂയിസ്, വില്ലിയൻ തുടങ്ങിയവർ മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങി.