ബ്രസീലിയ ∙ ബ്രസീലിലെ സിയാറ സംസ്ഥാനത്തെ മിലാഗ്രെ പട്ടണത്തിൽ ബാങ്ക് എടിഎം കൊള്ളയടിക്കാനെത്തിയവരും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 6 പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അക്രമികൾ ബന്ദികളാക്കിയ ഒരു കുടുംബത്തിലെ 2 കുട്ടികളുൾപ്പെടെ 5 പേരുമുണ്ട്. വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന ഒരു വ്യവസായിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തട്ടിയെടുത്ത് അതിലാണ് ആയുധധാരികളായ കൊള്ളസംഘം എത്തിയതെന്ന് മിലാഗ്രെ മേയർ ലീൽസൻ ലാൻഡിം അറിയിച്ചു.
പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊള്ളസംഘം 2 വാനുകളിലായി രക്ഷപ്പെട്ടു. പണമൊന്നും നഷ്ടമായില്ല. സംഘത്തിലെ 2 പേർ പിടിയിലായിട്ടുണ്ട്. കൊള്ളയ്ക്കെത്തിയതെന്നു സംശയിക്കുന്ന ഒരാളുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട മറ്റൊരു വാഹനത്തിൽ കണ്ടെത്തി.