ബെലോ ഹൊറിസോണ്ടെ ∙ ബ്രസീലിനു നേരിടാനുള്ളത് ഭൂതകാലത്തെയാണ്; അർജന്റീനയ്ക്കു വർത്തമാന കാലത്തെയും. രണ്ടുവർഷം മുൻപു ലോകകപ്പ് സെമിഫൈനലിൽ ബ്രസീൽ ജർമനിയോട് 1–7നു തോറ്റത് ഇതേ സ്റ്റേഡിയത്തിലാണ്. അതിനുശേഷം ബ്രസീൽ ഫുട്ബോളിൽ എന്തെല്ലാം സംഭവിച്ചു! മഞ്ഞപ്പടയുടെ കാലം കഴിഞ്ഞെന്ന് പലരും പറഞ്ഞു തുടങ്ങി. പക്ഷേ, ലൂയി ഫിലിപ്പെ സ്കോളാരിയും പിന്നാലെ ഡൂംഗയും പോയി. പകരം ടിറ്റെ വന്നതിനുശേഷം കണ്ടതു ബ്രസീലിന്റെ തിരിച്ചുവരവാണ്. ഒളിംപിക്സ് ഫുട്ബോളിൽ ജർമനിയെത്തന്നെ തോൽപിച്ച് ബ്രസീൽ ചരിത്രത്തിൽ ആദ്യത്തെ സ്വർണം നേടി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായി നാലു മൽസരങ്ങൾ ജയിച്ച് ഒന്നാം സ്ഥാനത്താണവർ. എല്ലാറ്റിനുംമേൽ ഒരു മധുരമായി ഒരു ജയം; വേദന തിന്ന വേദിയിൽ, ചിരവൈരികളായ അർജന്റീനയ്ക്കെതിരെ–അത് ലോകമെങ്ങുമുള്ള ബ്രസീൽ ആരാധകർ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.
അർജന്റീനയുടെ പ്രശ്നം തീർത്തും വ്യത്യസ്തം. കഴിഞ്ഞ മൂന്നു കളികളിലും ജയമില്ലാതെ, യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്താണവർ. റഷ്യൻ ലോകകപ്പിനു നേരിട്ട് യോഗ്യത നേടാനാവില്ലേ എന്ന ആശങ്ക വിദൂരമാണെങ്കിലും അവരെ അലോസരപ്പെടുത്തുന്നുണ്ട്. യോഗ്യതാ റൗണ്ടിൽ ആദ്യ നാലു സ്ഥാനത്ത് എത്തുന്ന ടീമുകളാണ് ലോകകപ്പിനു നേരിട്ട് യോഗ്യത നേടുക. അഞ്ചാം ടീം വൻകര പ്ലേഓഫ് കളിക്കണം. അതിനും ഒരു സ്ഥാനം പിന്നിലാണ് അർജന്റീന ഇപ്പോൾ. ഇതുകൂടി തോറ്റാൽ! മൂന്നു പോയിന്റ് എന്നതു മാത്രമല്ല ഈ മൽസരത്തെ ശ്രദ്ധേയമാക്കുന്നത്. വരാനുള്ള മൽസരങ്ങൾക്കുള്ള ഇന്ധനം കൂടിയാകും അത്.
ബ്രസീൽ–അർജന്റീന മൽസരം എന്നതിനൊപ്പം ലോക ഫുട്ബോളിലെ രണ്ടു താരങ്ങളുടെ നേർക്കുനേർ പോരാട്ടവും സൂപ്പർ ക്ലാസിക്കോയെ ശ്രദ്ധേയമാക്കുന്നു– ബാർസിലോന ടീമിലെ സഹതാരങ്ങളായ ബ്രസീൽ ക്യാപ്റ്റൻ നെയ്മറും അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയും. പരുക്കുമൂലം മെസ്സി പുറത്തിരുന്ന കഴിഞ്ഞ മൂന്നു കളികളിലും അർജന്റീന ജയമറിഞ്ഞിട്ടില്ല. എന്നാൽ ഒളിംപിക്സ് തൊട്ട് ബ്രസീലിന്റെ ജയങ്ങളുടെയെല്ലാം ചാലകശക്തിയായിരുന്നു നെയ്മർ. റയൽ മഡ്രിഡ് താരം കാസിമിറോ പരുക്കുമൂലം ഇന്ന് ബ്രസീൽ ടീമിൽ ഉണ്ടാകില്ല.
സൗഹൃദ മൽസരങ്ങളിലുൾപ്പെടെ ബ്രസീലും അർജന്റീനയും ഇതുവരെ മൽസരിച്ചത് 98 വട്ടം. രണ്ടു ടീമും 36 മൽസരങ്ങൾ വീതം ജയിച്ചു. 24 കളികൾ സമനിലയായി. എല്ലാ മൽസരങ്ങളിലുമായി അർജന്റീന 152 ഗോളുകൾ നേടിയപ്പോൾ ബ്രസീൽ 148 എണ്ണം നേടി. കഴിഞ്ഞവർഷം ബ്യൂണസ് ഐറിസിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തന്നെയാണ് ഏറ്റവും ഒടുവിൽ കണ്ടുമുട്ടിയത്. 1–1 സമനില.
ഫോമിലല്ല കാര്യം; കോസ്റ്റ
റിയോ ∙ ടീമുകളുടെ സമീപകാല ഫോം സൂപ്പർ ക്ലാസിക്കോയിൽ നിർണായകമല്ലെന്നു ബ്രസീൽ വിങ്ങർ ഡഗ്ലസ് കോസ്റ്റ. ‘‘ഞങ്ങൾ ഇപ്പോൾ മുന്നിലായിരിക്കാം. അർജന്റീന പിന്നിലും. പക്ഷേ, ഇത്തരം നിർണായക മൽസരങ്ങളിൽ ആ ചിന്തയൊന്നും കളിക്കാരുടെ മനസ്സിലുണ്ടാകില്ല. ഈ മൽസരം ജയിക്കുക എന്നതു മാത്രമായിരിക്കും മന്ത്രം’’– ജർമൻ ബുന്ദസ്‌ലിഗയിൽ ബയൺ മ്യൂണിക്കിന്റെ താരമായ കോസ്റ്റ പറഞ്ഞു. പരുക്കു മൂലം ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കോസ്റ്റ ടീമിൽ തിരിച്ചെത്തുന്നത്.
സുവർണാവസരം: അഗ്യൂറോ
റിയോ ∙ യോഗ്യതാ റൗണ്ടിൽ ആദ്യ സ്ഥാനങ്ങളിലേക്കു തിരിച്ചു വരാൻ അർജന്റീന ടീമിനുള്ള സുവർണാവസരമാണ് ബ്രസീലിനെതിരെയുള്ള മൽസരമെന്ന് സ്ട്രൈക്കർ സെർജിയോ അഗ്യൂറോ. ‘‘ഈ മൽസരം ജയിച്ചാൽ മൂന്നു പോയിന്റ് കിട്ടുന്നതു മാത്രമല്ല കാര്യം. അതു ഞങ്ങൾക്കു നൽകുന്ന ആത്മവിശ്വാസം വലുതായിരിക്കും’’– ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ അഗ്യൂറോ പറഞ്ഞു. ദേശീയ ടീം ജഴ്സിയിൽ അഗ്യൂറോ അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ മാസം പാരഗ്വായ്ക്കെതിരെ അർജന്റീന 1–0നു തോറ്റ മൽസരത്തിൽ അഗ്യൂറോ പെനൽറ്റി പാഴാക്കിയിരുന്നു.
കണക്കിൽ ഒപ്പത്തിനൊപ്പം
സൗഹൃദ മൽസരങ്ങളിലുൾപ്പെടെ ബ്രസീലും അർജന്റീനയും ഇതുവരെ മൽസരിച്ചത് 98 വട്ടം. രണ്ടു ടീമും 36 മൽസരങ്ങൾ വീതം ജയിച്ചു. 24 കളികൾ സമനിലയായി. എല്ലാ മൽസരങ്ങളിലുമായി അർജന്റീന 152 ഗോളുകൾ നേടിയപ്പോൾ ബ്രസീൽ 148 എണ്ണം നേടി. കഴിഞ്ഞവർഷം ബ്യൂണസ് ഐറിസിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തന്നെയാണ് ഏറ്റവും ഒടുവിൽ കണ്ടുമുട്ടിയത്. അന്ന് 1–1 സമനിലയായിരുന്നു ഫലം.