പാരിസ് ∙ യൂറോകപ്പിലെ ദുർഭൂതം ഇംഗ്ലണ്ടിനെ വിട്ടൊഴിയുന്നില്ല. ക്യാപ്റ്റൻ വെയ്ൻ റൂണിയെ ബെഞ്ചിലിരുത്തി ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിറങ്ങിയ ഇംഗ്ലിഷുകാരെ സ്ലൊവേനിയ ഗോളില്ലാ സമനിലയിൽ പിടിച്ചുനിർത്തി. ലോക ചാംപ്യൻമാരായ ജർമനിയും അയൽക്കാരായ പോളണ്ടും ജയത്തോടെ റഷ്യൻ ലോകകപ്പിലേക്കുള്ള വഴി സുഗമമാക്കി. ജർമനി 2–0നു വടക്കൻ അയർലൻഡിനെ തോൽപിച്ചപ്പോൾ പോളണ്ട് 2–1ന് അർമീനിയയെ തോൽപിച്ചു.
സ്ലൊവേനിയൻ തലസ്ഥാനമായ ലുബ്‌ലിയാനയിൽ ഗോൾകീപ്പർ ജോ ഹാർട്ടിന്റെ മനക്കരുത്താണ് ഇംഗ്ലണ്ടിനെ തോൽവിയിൽ നിന്നു രക്ഷിച്ചത്. മാഞ്ചസ്റ്റർ സിറ്റി ടീമിൽ അവസരം നൽകാത്തതിനാൽ ഇറ്റാലിയൻ ക്ലബ് ടോറിനോയിലേക്കു പോയ ഹാർട്ട്, സ്ലൊവേനിയൻ സ്ട്രൈക്കർമാരുടെ തകർപ്പൻ ഷോട്ടുകളെല്ലാം നിർവീര്യമാക്കി. എന്നാൽ തുടർച്ചയായ മൂന്നാം മൽസരത്തിലും ഹാർട്ട് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നിട്ടും തിരിച്ചു ഗോളടിച്ചു കളി ജയിപ്പിക്കാൻ ഇംഗ്ലണ്ട് സ്ട്രൈക്കർമാർക്കായില്ല. ജെസെ ലിംഗാർദിന്റെ വെടിയുണ്ട പോലുള്ള ഒരു ലോങ് റേഞ്ച് ഷോട്ടായിരുന്നു കളിയിൽ ഇംഗ്ലണ്ടിനു കിട്ടിയ ഏറ്റവും മികച്ച അവസരം. സ്പാനിഷ് ലീഗിൽ അത്‌ലറ്റിക്കോ മഡ്രിഡിന്റെ താരമായ സ്ലൊവേനിയൻ ഗോൾകീപ്പർ യാൻ ഒബ്ലാക്ക് അതു തടഞ്ഞിട്ടു.
ഹാനോവറിൽ ആദ്യപകുതിയിൽ ജൂലിയൻ ഡ്രാക്‌സ്‌ലറും സാമി ഖെദീരയും നേടിയ ഗോളുകളിലാണു ജർമനി വടക്കൻ അയർലൻഡിനെ തോൽപിച്ചത്. ‘ഞങ്ങൾ ജോലി നന്നായി ചെയ്തു. ഈ ആഴ്ച രണ്ടു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റ്. ഒരെണ്ണം പോലും വഴങ്ങിയതുമില്ല’– ജർമൻ കോച്ച് യൊക്കിം ലോ പറഞ്ഞു. തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ റോബർട്ട് ലെവാൻഡോവ്സ്കിയുടെ മികവിലായിരുന്നു അർമീനിയയ്ക്കെതിരെ പോളണ്ട് പൊരുതി ജയിച്ചത്. കളിയുടെ അവസാന മിനിറ്റിൽ നേടിയ ഗോളിലാണു ലെവൻഡോവ്സ്കി ടീമിനു ജയം സമ്മാനിച്ചത്.
തുടർച്ചയായ എട്ടാം മൽസരത്തിലാണു ബയൺ മ്യൂണിക് താരം സ്കോർ ചെയ്യുന്നത്. ഗായെൽ അൻഡോണിയൻ ചുവപ്പു കാർഡ് കണ്ടു പുറത്തുപോയതിനാൽ ഒരു മണിക്കൂറോളം പത്തു പേരുമായാണ് അർമീനിയ കളിച്ചത്. സെൽഫ് ഗോളിലൂടെ പോളണ്ടിന് ആദ്യം ലീഡ് സമ്മാനിച്ചു എന്നതിലും അവർക്കു സ്വയം പരിതപിക്കാം. കോപ്പൻഹേഗനിൽ മോണ്ടിനെഗ്രോയോട് 1–0നു തോറ്റ ഡെന്മാർക്കിന്റെ നില പരുങ്ങലിലായി. ലിത്വാനിയ 2–0നു മാൾട്ടയെയും സ്ലൊവാക്യ 3–0നു സ്കോട്‌ലൻഡിനെയും തോൽപിച്ചു. അസർബെയ്ജാൻ ചെക്ക് റിപ്പബ്ലിക്കിനെ ഗോൾരഹിത സമനിലയിൽ തളച്ചു.