പ്രീമിയർ ലീഗ് വരാറായതോടെ ഇംഗ്ലണ്ടിൽ ഫുട്‌ബോൾ രംഗം ഉണർന്നു. ഒന്നുമില്ലാതിരുന്ന ലെസ്റ്റർ സിറ്റി സകലരെയും ഞെട്ടിച്ചു ചാംപ്യൻമാരായതോടെ തങ്ങൾക്ക് എന്തുകൊണ്ടു വയ്യാ എന്നൊരു ചിന്ത ക്ലബ്ബുകളിൽ പടർന്നുപിടിച്ചിരിക്കുകയാണ് ഇപ്പോൾ.
ടീമിന്റെ പഴുതുകളടയ്‌ക്കാനുള്ള ശ്രമത്തിൽ പറ്റിയകളിക്കാരെ തേടുന്ന തിരക്കിലാണു ക്ലബ്ബുകൾ. കിരീടമോഹം തലയ്‌ക്കുപിടിച്ച ആർസനലിനു വേണ്ടത് ഗോളടിക്കാൻ പറ്റിയ ഒരു സെന്റർ ഫോർവേഡിനെയാണ്. വലവീശാൻ തുടങ്ങുമ്പോഴാണ് ഇറ്റലി ക്ലബ് നാപ്പോളി അർജന്റീനക്കാരൻ ഗോൺസാലോ ഹിഗ്വെയ്‌നെ വിൽക്കാൻ പോകുന്നു എന്നുകേട്ടത്. പിന്നെ വിലപേശലായി. ഒൻപതര കോടി യൂറോ വരെ നാപ്പോളി ഇറങ്ങിവന്നു. പക്ഷേ, അതിനുള്ള മുതലില്ലെന്ന മട്ടിൽ ആർസനൽ മടിച്ചുനിൽക്കുന്നു. അതിനിടെയാണു ബ്രെക്‌സിറ്റും പൗണ്ടിന്റെ വിലയിടിവുമൊക്കെ വന്നത്.
അതോടെ ഫലത്തിൽ ഹിഗ്വെയ്‌ന്റെ വിലകൂടി. എട്ടുകോടിയോളം പൗണ്ടാണു നിലവിൽ വില; ഏകദേശം 800 കോടി രൂപ. ഇരുപത്തെട്ടുകാരൻ ഹിഗ്വെയ്‌നെപ്പോലുള്ളൊരു സ്‌ട്രൈക്കർക്കുവേണ്ടി അത്രയും തുക മാറ്റാനാവില്ലെന്ന് ആർസനൽ പറയുന്നു. നാപ്പോളി കുറച്ചുകൂടി താഴേക്ക് ഇറങ്ങാൻ തയാറാണെങ്കിലും ആർസനൽ മനസ്സിൽ കാണുന്ന വിലയെത്താൻ സാധ്യതയില്ല.
അപ്പോളാണ് ഒരു മാറ്റക്കച്ചവടത്തെക്കുറിച്ചു നിർദേശം വന്നത്. കൈവശമുള്ള സ്‌ട്രൈക്കർ ഒളിവർ ജിരൂദിനെ കച്ചവടമാക്കി ഹിഗ്വെയ്‌നെ വാങ്ങാൻ പണം കണ്ടെത്താം. ആർസനൽ കോച്ച് ആർസീൻ വെംഗറുടെ മനസ്സിൽ മറ്റൊന്നാണ്. രണ്ടു സീസണിലേക്കുകൂടി കരാർ ബാക്കിയുള്ള ജിരൂദിനെ നിലനിർത്തി ഒരു നല്ല സ്‌ട്രൈക്കറെ കൂട്ടിനു നൽകുക എന്നതാണു കോച്ചിന്റെ പ്ലാൻ. ലെസ്റ്റർ സിറ്റിയുടെ ജാമി വാർഡിയെയാണ് ഇതിന് ആദ്യം നോട്ടമിട്ടത്. വാർഡി ചൂണ്ടയിൽ കൊത്താതെ വന്നതോടെയാണ് ഒരുവർഷം മുൻപു ശ്രമിച്ചു പരാജയപ്പെട്ട ഹിഗ്വെയ്‌നെത്തേടി വെംഗർ വീണ്ടും രംഗത്തുവന്നത്. വെംഗറുടെ മനസ്സിലുള്ള മറ്റൊരാൾ റയൽ മഡ്രിഡിന്റെ അൽവാരോ മൊറാത്തയാണ്. കക്ഷിക്കു പക്ഷേ, വാർഡിയെക്കാൾ വില കൂടുതലാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിലാണെങ്കിൽ പുതിയ കോച്ച് ഹൊസെ മൗറീഞ്ഞോയുടെ വരവോടെ ടീമിലൊന്നാകെ ഇളക്കിപ്രതിഷ്‌ഠയുണ്ടാകുമെന്നാണു സൂചന. മിഡ്‌ഫീൽഡിലും മുൻനിരയിലും ചുമതലയുള്ള ക്യാപ്‌റ്റൻ വെയ്‌ൻ റൂണി ഇനിമുതൽ ഗോളടിക്കുന്ന കാര്യം മാത്രം നോക്കിയാൽ മതിയെന്നാണു കോച്ചിന്റെ നിർദേശം.
സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് കൂടി വരുന്നതോടെ അപകടകരമായൊരു മുൻനിരയായിരിക്കും യുണൈറ്റഡിന് ഈ സീസണിൽ. നാണക്കേടിൽനിന്നു കരകയറാൻ ശ്രമിക്കുന്ന ചെൽസി ബ്രസീൽ താരം വില്ലിയനെ നിലനിർത്താൻ തീരുമാനിച്ചു. ആഴ്‌ചയിൽ 85000 പൗണ്ട് എന്ന കണക്കിലായിരുന്ന കരാർ അവസാനിക്കാറായി. പുതിയ നിരക്ക് ആഴ്‌ചയിൽ ഒന്നേകാൽ ലക്ഷത്തോളം പൗണ്ട് ആണ്. 2020 വരെയാണു കരാർ.