ലോകകപ്പ് യോഗ്യത; ജർമനി മൂന്നുവട്ടം

ഗോൾ നേടിയ ജർമൻ താരം തോമസ് മുള്ളറിന്റെ ആഹ്ലാദം

ഓസ്‌ലോ ∙ മതിലുകെട്ടി പ്രതിരോധിക്കേണ്ടിയിരുന്നില്ല എന്നു നോർവെക്കാർക്കു തോന്നിയിട്ടുണ്ടാകും, മൂന്നു ഗോളുകൾ വലയിലെത്തിയപ്പോൾ‌! തോമസ് മുള്ളറുടെ രണ്ടു ഗോളുകളുടെയും ജോഷ്വ കിമ്മിച്ചിന്റെ കന്നി ഗോളിന്റെയും മികവിൽ നോർവെയെ 3–0നു തോൽപിച്ച് ലോക ചാംപ്യൻമാർ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ കുതിപ്പു തുടങ്ങി. മികച്ച ജയത്തോടെ ജർമനി സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. മറ്റു കളികളിൽ അസർബെയ്ജാൻ സാൻമരിനോയെ 1–0നു തോൽപിച്ചു. വടക്കൻ അയർലൻഡ് ചെക് റിപ്പബ്ലിക്കിനെ ഗോളില്ലാ സമനിലയിൽ തളച്ചു. നേരത്തെ, ആദം ലല്ലാനയുടെ അവസാന മിനിറ്റ് ഗോളിൽ ഇംഗ്ലണ്ട് സ്ലോവാക്യയ്ക്കെതിരെ 1–0 ജയവുമായി രക്ഷപ്പെട്ടു. പോളണ്ടിനെ കസഖ്‌സ്ഥാൻ 2–2 സമനിലയിൽ തളച്ചു.

1938ലെ ഇറ്റലിക്കുശേഷം ലോകകപ്പ് നിലനിർത്തുന്ന യൂറോപ്യൻ ടീം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയ ജർമനി കളി തുടക്കംമുതൽ പിടിച്ചെടുത്തു. മുള്ളർ കട്ട് ചെയ്തു കൊടുത്ത പന്തിൽ ബെനെഡിക്റ്റ് ഹൗഡെസിന്റെ ഷോട്ട് ഗോളെന്നുറപ്പുള്ളതായിരുന്നു– റൂൺ ജാർസ്റ്റെയ്ന്റെ കാലുകൊണ്ടുള്ള തകർപ്പൻ സേവിൽ ആതിഥേയർ തൽക്കാലം രക്ഷപ്പെട്ടെന്നു മാത്രം. ആശ്വാസത്തിന് അൽപ്പായുസ്സ് മാത്രം.

ബയൺ താരത്തിന്റെ ആദ്യ ഷോട്ട് ബോക്സിലെ ആൾക്കൂട്ടത്തിൽ തട്ടിത്തെറിച്ചെങ്കിലും അങ്കലാപ്പു വിടാതെനിന്ന നോർവെ പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി മുള്ളർ പന്തു വലയിലേക്കു കോരിയിട്ടു. കളിസമയം അപ്പോൾ 16 മിനിറ്റ്. പിന്നാലെ കിമ്മിച്ചിന് കളിയിലെ ആദ്യ അവസരം. ഡിഫൻസ് മറികടന്ന കിമ്മിച്ചിന്റെ ഷോട്ടിൽ ഇത്തവണയും രക്ഷകനായതു ജാർസ്റ്റെയ്ൻ തന്നെ. 24–ാം മിനിറ്റിൽ നോർവെയ്ക്കും കിട്ടി സുവർണാവസരം. ജോഷ് കിങിന്റെ ഷോട്ട് പക്ഷേ ബാറിനു മുകളിലൂടെ പറന്നു.

ബാസ്റ്റിൻ ഷ്വെയ്ൻസ്റ്റീഗർ വിരമിച്ച ശേഷമുള്ള ആദ്യ മൽസരത്തിൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞ മാനുവൽ ന്യൂയർക്ക് ഇതൊഴിച്ചാൽ മറ്റു വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നില്ല. എന്നാൽ അപ്പുറം ജാർസ്റ്റെയ്നു പിടിപ്പതു പണിയായിരുന്നു. ജൂലിയൻ ഡ്രാക്സ്‌ലറിൽനിന്നു പന്തു റാഞ്ചി ഹെർത്ത ബെർലിൻ കീപ്പർ ഒരിക്കൽകൂടി നോർവെയെ രക്ഷിച്ചു.

ഇടവേളയ്ക്കു തൊട്ടുമുൻപു ജർമനിയുടെ രണ്ടാം ഗോൾ വന്നു. മുള്ളറുടെ നീക്കിക്കൊടുത്ത പന്തിൽ കിമ്മിച്ചിന്റെ സുന്ദരൻ ഫിനിഷ്. രണ്ടാം പകുതിയിൽ സാമി ഖെദീരയുടെ ക്രോസ് ഗോളിലേക്കു ഹെഡ് ചെയ്തിട്ട് മുള്ളർ ജർമനിയുടെ പട്ടിക തികച്ചു. യൂറോ കപ്പിൽ ഒറ്റ ഗോളും നേടാതിരുന്ന സ്ട്രൈക്കറുടെ ശക്തമായ തിരിച്ചു വരവ്. മറ്റു ഗ്രൂപ്പുകളിലെ മൽസരങ്ങളിൽ റുമാനിയ മോണ്ടിനെഗ്രോയെ 1–1 സമനിലയിൽ‍ പിടിച്ചു. സ്കോട്‌ലൻഡ് മാൾട്ടയെ 5–1നു മുക്കി.