ടെഹ്റാൻ ∙ സെമി ഫൈനലിലെ ടൈബ്രേക്കറിൽ തോൽവി വഴങ്ങിയ ഇന്ത്യയുടെ ദ്രോണവല്ലി ഹരിക, ലോക വനിതാ ചെസ്സിൽ വെങ്കലംകൊണ്ടു തൃപ്തിപ്പെട്ടു. ഹരികയെ തോൽപിച്ച ചൈനക്കാരി ടാൻ ഷോൺഗി ഫൈനലിൽ ഉക്രെയ്നിന്റെ അന്ന മുസിചുക്കിനെ നേരിടും. ഹരിക സെമിയിലെ ആദ്യ മൽസരം തോൽക്കുകയും രണ്ടാം മൽസരം ജയിക്കുകയും ചെയ്തതോടെയാണു കളി ടൈബ്രേക്കറിലേക്കു നീണ്ടത്. ടൂർണമെന്റിലെ ഓരോ മൽസരവും ടൈബ്രേക്കർ വഴിതന്നെ ജയിച്ചുകയറിയ ഹരിക പക്ഷേ, സെമിയിലെ ടൈബ്രേക്കറിൽ ആകെ പതറിപ്പോയി. മനസ്സമ്മർദത്തിന്റെ മൽസരമായ ടൈബ്രേക്കറിൽ ഏറെ അവസരങ്ങൾ ഹരികയുടെ കയ്യിൽനിന്നു വഴുതിപ്പോയി.