വിൻഡീസ് ടെസ്റ്റ്: മെല്ലെ മെല്ലെ ഇന്ത്യ

മത്സരത്തിനിടെ ഇന്ത്യയുടെ ശിഖർ ധവാൻ.

നോർത്ത് സൗണ്ട് ∙ വിൻഡീസിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു പതിഞ്ഞ തുടക്കം. വിവിയൻ റിച്ചാഡ്സ് സ്റ്റേഡിയത്തിൽ ലഞ്ചിനു പിരിയുമ്പോൾ ഇന്ത്യ 27 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലാണ്. 46 റൺസോടെ ശിഖർ ധവാനും 14 റൺസുമായി ചേതേശ്വർ പൂജാരയും ക്രീസിൽ. മുരളി വിജയ്(ഏഴ്) ആണ് പുറത്തായത്.

വിക്കറ്റ് ഷാനോൺ ഗബ്രിയേലിന്. ഫ്ലാറ്റ് വിക്കറ്റിൽ തുടർച്ചയായ അ‍ഞ്ചാം തവണയും ടോസ് കിട്ടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിങ് തന്നെ തിരഞ്ഞെടുത്തു. ആദ്യ സെഷനുകളിൽ മാത്രം ബോളർമാർക്കു ആനുകൂല്യം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന പിച്ചിൽ അഞ്ച് സ്പെഷ്യലിസ്റ്റ് ബോളർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്റ്റുവർട്ട് ബിന്നിയെ മറികടന്ന് ഉമേഷ് യാദവിനെയും രവീന്ദ്ര ജഡേജയെ കടന്ന് അമിത് മിശ്രയെയും ടീമിൽ ഉൾപ്പെടുത്തിയ കോഹ്‌ലി ലക്ഷ്യം വച്ചത് ബോളിങിന്റെ മൂർച്ച തന്നെയെന്നു വ്യക്തം.

വിൻഡീസിന്റെ പ്ലാൻ നേരെ വിപരീതം. മൂന്നു സ്പെഷ്യലിസ്റ്റ് ബോളർമാരെ മാത്രമാണ് അവർ ടീമിൽ ഉൾപ്പെടുത്തിയത്. ബാക്കിയുള്ള ഓവറുകൾ ഓൾറൗണ്ടർ‌മാർ എറിഞ്ഞു തീർക്കണം. കെ.എൽ രാഹുലിനെ പുറത്തിരുത്തി മോശം ഫോമിലുള്ള ശിഖർ ധവാനു തന്നെ കോഹ്‌ലി ഓപ്പണിങ് സ്ഥാനം നൽകി. അന്ത്യശാസനം പോലുള്ള അവസരം ഇത്തവണ ധവാൻ മുതലെടുത്തു.

ഗബ്രിയേലിന്റെ ആദ്യ ഓവർ മെയ്ഡനാക്കി ധവാനും വിജയും ഗെയിം പ്ലാൻ വ്യക്തമാക്കി– കരുതലോടെയുള്ള കളി. ക്യാപ്റ്റൻ ജേസൺ ഹോൾഡറിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ഫോർ. ധവാന്റെ ഹുക്കിൽ പന്ത് ഫീൽഡറില്ലാത്ത ഡീപ് സ്ക്വയർ ലെഗിലൂടെ അതിർത്തി കടന്നു. ഗബ്രിയേലിന്റെ അടുത്ത ഓവറിൽ വിജയുടെ ആദ്യ ബൗണ്ടറിയും വന്നു. എന്നാൽ അടുത്ത ഓവർ മെയ്ഡനാക്കി ഹോൾഡറിനും ബഹുമാനം നൽകി. 

ഏഴാം ഓവറിന്റെ രണ്ടാം പന്തിൽ വിജയ് പുറത്തായതോടെ വിൻഡീസിന് ആദ്യ സന്തോഷം. തുടർച്ചയായി ഷോർട്ട് ബോളുകൾ എറിയാൻ ശ്രമിച്ച ഗബ്രിയേലിന് ഇത്തവണ പിഴച്ചില്ല. കഴുത്തറ്റം ഉയർന്ന പന്തിൽ ബാക്ക്ഫൂട്ട് ബ്ലോക്കിനു ശ്രമിച്ച വിജയുടെ ബാറ്റിലുരസി പന്ത് രണ്ടാം സ്ലിപ്പിലേക്ക്. ആദ്യ ശ്രമത്തിലും രണ്ടാം ശ്രമത്തിലും ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനു പന്ത് കയ്യിലൊതുക്കാനായില്ല. പന്ത് നിലത്തു വീഴും മുൻപ് മൂന്നാം ശ്രമം വിജയത്തിൽ.

26 പന്തിൽ ഒരു ഫോർ മാത്രമാണ് വിജയ് നേടിയത്. വിജയിന്റെ അതേ മെല്ലെപ്പോക്ക് നയം തന്നെയാണ് പൂജാരയും പിന്തുടർന്നത്. 63 പന്തിൽ ഒരു ബൗണ്ടറി പോലുമില്ലാതെയാണ് പൂജാരയുടെ 14 റൺസ്. ഇടയ്ക്കിടെ ഫോറുകൾ നേടി ധവാൻ റൺറേറ്റ് രണ്ടിൽ താഴാതെ കാത്തു.