തിരുവനന്തപുരം∙ കേരളത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരത്തിന്റെ വേദിയെ ചൊല്ലി ആശയക്കുഴപ്പം. നവംബർ ഒന്നിന് മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) പ്രഥമ പരിഗണന നൽകിയിരിക്കുന്നതു കൊച്ചിക്കാണ്. ജിസിഡിഎ സഹകരിച്ചില്ലെങ്കില്‍ മാത്രം മല്‍സരം കാര്യവട്ടത്തു നടത്താമെന്നാണ് കെസിഎയുടെ പക്ഷം.
വെസ്റ്റ് ഇൻഡീസുമായും, ഓസ്‌ട്രേലിയയുമായും നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളുടെ വേദികൾ ഉൾപ്പെടെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. എന്നാൽ ഇടക്കാലഭരണ സമിതിയുടെകൂടി അംഗീകാരത്തോടെ മാത്രമേ അവയുടെ പ്രഖ്യാപനം ഉണ്ടാകൂ എന്ന് ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി പറഞ്ഞു.
പകലും-രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ സംബന്ധിച്ചും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ബിസിസിഐ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ, പകലും രാത്രിയുമായി ടെസ്റ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾതേടി അമിതാബ് ചൗധരി, ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിക്ക് കത്തെഴുതിയിരുന്നു.
2017 നവംബറിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടന്ന ട്വന്റി20 മൽസരമാണ് കാര്യവട്ടത്തു നടന്ന ആദ്യ മൽസരം. മഴ മൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ഇന്ത്യ ആറു റൺസിനു വിജയിച്ചിരുന്നു.കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം വളരെ പെട്ടെന്നുതന്നെ മൽസര സജ്ജമാക്കാനായത് ബിസിസിഐയുടെ അഭിനന്ദനം നേടിയിരുന്നു.