Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായിക താരങ്ങളുടെ വരുമാനത്തിൽ കയ്യിടാൻ ശ്രമം; വിവാദമായപ്പോൾ പിൻവലിഞ്ഞ് ഹരിയാന

WRESTLING-OLY-2016-RIO പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ഹരിയാനയിലെ കായിക താരങ്ങളുടെ വരുമാനത്തിൽ മൂന്നിലൊന്നു സംസ്ഥാനത്തിനു നൽകാനുള്ള സർക്കാർ നിര്‍ദേശം വിവാദമായപ്പോൾ പിൻവലിച്ചു. ഈ വര്‍ഷം ഏപ്രിൽ 30നു പുറത്തിറക്കിയ വിജ്ഞാപനത്തിലാണു സംസ്ഥാനത്തെ കായിക മേഖലയുടെ വളർച്ചയ്ക്കായി വരുമാനത്തുക മാറ്റിവയ്ക്കണമെന്ന് ആവശ്യമുള്ളത്. മൽസരങ്ങളിൽനിന്നും പരസ്യങ്ങളിൽ\നിന്നും പ്രതിഫലമായി ലഭിക്കുന്ന തുകയുടെ മൂന്നിലൊന്ന് ഹരിയാന സ്പോർട്സ് കൗണ്‍സിലിലേക്കു നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ വിമർശനമുയർന്നതോടെ ഉത്തരവു പിൻവലിച്ചതായി സർക്കാർ അറിയിച്ചു. 

കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട് ഫയൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അഭിപ്രായപ്പെട്ടു. സർക്കാർ ഉത്തരവിനെതിരെ വ്യാപക വിമർശനമാണു കായിക താരങ്ങളിൽനിന്ന് ഉയര്‍ന്നത്. വൻതുകകൾ വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് താരങ്ങളിൽനിന്നു പണം ഈടാക്കുന്നതു മനസിലാക്കാം പക്ഷേ, കബഡി, ഗുസ്തി, ബോക്സിങ് താരങ്ങളിൽനിന്നു പണം പിരിക്കുകയെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഗുസ്തി താരം ഗീത ഫോഗട്ട് പറഞ്ഞു. കായിക താരങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഇതു നേടുന്നതെന്നു മനസിലാക്കണമെന്ന് ബബിത ഫോഗട്ട് വ്യക്തമാക്കി. 

നയം പുനഃപരിശോധിക്കണമെന്നു ഗുസ്തി താരം സുശീൽ കുമാറും ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് മുതിർന്ന കായിക താരങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിച്ചു പരിശോധന നടത്തണമായിരുന്നു. ഇതു കായിക താരങ്ങളിലെ ധാർമികത, പ്രകടന ശേഷി എന്നിവയെ ബാധിക്കുമെന്നും സുശീൽ കുമാർ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസ് വിജയികളെ ആദരിക്കുന്ന ചടങ്ങ് ഈ വർഷം ഏപ്രിലിൽ ഹരിയാന സര്‍ക്കാർ റദ്ദാക്കിയിരുന്നു. മാത്രമല്ല ഗെയിംസ് ജേതാക്കൾക്കുള്ള സമ്മാനത്തുകയും സംസ്ഥാന സർക്കാർ വെട്ടിക്കുറയ്ക്കുകയും ചെയ്തു.