ഇന്ത്യ എ–ഇംഗ്ലണ്ട് രണ്ടാം പരിശീലനമൽസരം ഇന്ന്

മുംബൈ ∙ ആദ്യ സന്നാഹ മൽസരത്തിലെ വിജയം നൽകുന്ന ആത്മവിശ്വാസവുമായി ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടുന്നു. വിജയത്തെക്കാളുപരി ടീമംഗങ്ങളുടെ ഫോമിനെക്കുറിച്ചാവും ഇന്ത്യ എ ടീമിന്റെ ആലോചന. മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20യും ഉൾപ്പെടുന്ന പരമ്പരയ്ക്കു മുൻപുള്ള അവസാന സന്നാഹ മൽസരമാണിത്. ഞായറാഴ്ച ആദ്യ ഏകദിനം പുണെയിൽ നടക്കും.

ഇന്ത്യൻ സംഘത്തിൽ യുവതാരം ഋഷഭ് പന്തിന്റെ പ്രകടനമാവും ഏവരും ശ്രദ്ധയോടെ കാത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തോടെ ഏറെ ശ്രദ്ധേയനായ ടീനേജ് താരം വീണ്ടുമൊരു റൺവേട്ട നടത്തിയാൽ ആദ്യ രാജ്യാന്തര മൽസരത്തിനു മുൻപ് ഏറെ ആത്മവിശ്വാസം നൽകും. വെസ്റ്റ് ഇൻഡീസിൽ നടന്ന ജൂനിയർ ലോകകപ്പിൽ റണ്ണേഴ്സ് അപ് ആയ ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്നു പന്ത്. മഹാരാഷ്ട്രയ്ക്കെതിരെ നേടിയ 308 റൺസ് പന്തിന്റെ മികവിന്റെ സാക്ഷ്യപത്രമായിരുന്നു. നേരിട്ടു പന്തുകളുടെ എണ്ണത്തിനൊപ്പിച്ചു റൺസും കണ്ടെത്തിയ പന്ത് ഒൻപതു സിക്സറും 42 ബൗണ്ടറിയും നേടി. രഞ്ജി സീസണിന്റെ തുടക്കത്തിലായിരുന്നു ഈ പ്രകടനം. ജാർഖണ്ഡിനെതിരെ പിന്നീട് ഒരു സെഞ്ചുറി കൂടി നേടിയതോടെ പന്തിനെത്തേടി ടീമിലേക്കുള്ള വിളിയെത്തി.

ധോണിയുടെ പിൻഗാമിയെന്നു കരുതപ്പെടുന്ന ഋഷഭിന്റെ കേളീശൈലിക്കു പറ്റിയ വിക്കറ്റാണു ബ്രാബോണിലേത്. മികച്ച ബൗൺസുള്ള പിച്ച് ഷോട്ട് കളിക്കാൻ അനുയോജ്യം. പന്തിനെപ്പോലെ ജാർഖണ്ഡിൽ നിന്നുള്ള ഇഷൻ കിഷന്റെ പ്രകടനവും ശ്രദ്ധയോടെ വീക്ഷിക്കപ്പെടും. ഈ മൽസരത്തിൽ വിക്കറ്റ് കാക്കുന്നത് ഇഷൻ കിഷനാണ്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നീണ്ട ഇടവേളയ്ക്കു ശേഷമാണു മൽസര ക്രിക്കറ്റിൽ തിരിച്ചെത്തുന്നത്. ഏകദിനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ട്വന്റി20 ടീമിൽ തുടരുന്ന സുരേഷ് റെയ്നയും മികച്ച സ്കോർ കണ്ടെത്താനുള്ള വ്യഗ്രതയിലാവും. ഓൾറൗണ്ടർമാരായ വിജയ് ശങ്കർ, പർവേസ് റസൂൽ, ദീപക് ഹൂഡ തുടങ്ങിയവരും സിലക്ടർമാരുടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ്.