Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുണൈറ്റഡും ഇന്ററും വീണു

FBL-EUR-C3-FEYENOORD-ROTTERDAM-MANCHESTER-UNITED മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഫെയനൂർദിനു വേണ്ടി ടോണി ട്രിൻഡേഡ്് ഗോൾ നേടുന്നു

ലണ്ടൻ ∙ ഹോസെ മൗറീഞ്ഞോയുടെ മുൻ ക്ലബ്ബായ ഇന്റർ മിലാനും ഇപ്പോഴത്തെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനും യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഞെട്ടിക്കുന്ന തോൽവി. ഇസ്രയേൽ ക്ലബ് ഹാപോൾ ബീർ ഷേവയാണ് ഇന്ററിനെ 2–0നു വീഴ്ത്തിയത്. യുണൈറ്റഡ് 1–0ന് ഡച്ച് ക്ലബ് ഫെയനൂർദിനു മുന്നിൽ മുട്ടുമടക്കി. ഏഴു ഗോൾ കണ്ട ത്രില്ലർ പോരാട്ടത്തിൽ 3–0നു പിന്നിൽ നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ച് സെനിത് സെന്റ് പീറ്റേഴ്സ്ബർഗ് മക്കാബി ടെൽ അവീവിനെ തോൽപിച്ചു.

ഇറ്റാലിയൻ ക്ലബ് എഎസ് റോമ വിക്ടോറിയ പ്ലസനോടു 1–1 സമനില വഴങ്ങി. യൂറോപ്യൻ പോരാട്ടത്തിൽ അരങ്ങേറുന്ന സാസ്വോളോ അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരെ 3–0ന്റെ തകർപ്പൻ ജയം കുറിച്ചു. ക്വാരബാഗിനെതിരെ കളി തുടങ്ങി 11–ാം സെക്കൻഡിൽ ഗോൾ നേടി ചെക് റിപ്പബ്ലിക് ക്ലബ് ലിബെറെകിന്റെ യാൻ സൈകോറ യൂറോപ്പ ലീഗിന്റെ ചരിത്രത്തിലെ വേഗമേറിയ ഗോൾ കുറിച്ചു.

ചാംപ്യൻസ് ലീഗ് പ്ലേ–ഓഫിൽ കെൽറ്റികിനോടു തോറ്റതിന്റെ സങ്കടം തീർക്കുന്നതായി ബീർ–ഷേവയുടെ പ്രകടനം. രണ്ടാം പകുതിയിൽ മിഗ്വേൽ വിറ്റോർ, മാവോർ ബുസാഗ്ലോ എന്നിവർ നേടിയ ഗോളുകളിലാണ് ഇസ്രയേൽ ചാംപ്യൻമാർ ഇന്ററിന്റെ മൈതാനമായ സാൻ സീറോയെ നിശ്ശബ്ദമാക്കിയത്. പുതിയ കോച്ച് ഫ്രാങ്ക് ഡിബോയറിനു കീഴിൽ ഇന്ററിന് ആദ്യ യൂറോപ്യൻ മൽസരം തന്നെ കയ്പേറിയതായി.

റോട്ടർഡാമിൽ ഫെയനൂർദിനു വേണ്ടി രണ്ടാം പകുതിയിൽ ടോണി ട്രിൻഡേഡ് നേടിയ ഗോളാണ് യുണൈറ്റഡിനെ കണ്ണീരു കുടിപ്പിച്ചത്. പ്രീമിയർ ലീഗിൽ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയോടുള്ള തോൽവിക്കു പിന്നാലെ മറ്റൊരു അടി കൂടി. തുടർച്ചയായ നാലു വിജയങ്ങളോടെ സീസൺ തുടങ്ങിയ മൗറീഞ്ഞോയുടെ മധുവിധുക്കാലത്തിനും ഇതോടെ അവസാനമായി. രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ ഇറക്കിയിട്ടും യുണൈറ്റഡിനു ഗോൾ കണ്ടെത്താനായില്ല.

യൂറോപ്പ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് കാഴ്ചവച്ചാണ് സെനിത് മക്കാബിക്കെതിരെ ജയിച്ചുകയറിയത്. കളി 70 മിനിറ്റ് പിന്നിടുമ്പോൾ റഷ്യൻ ക്ലബ് 0–3നു പിന്നിലായിരുന്നു. അലക്സാണ്ടർ കൊകോറിൻ ഹെഡറിലൂടെ ആദ്യ ഗോൾ കണ്ടെത്തിയതോടെ തിരിച്ചുവരവിനു തുടക്കം. 81–ാം മിനിറ്റിൽ എലി ദാസ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതോടെ മക്കാബി പത്തു പേരായി ചുരുങ്ങി. പിന്നാലെ ബ്രസീലിയൻ താരങ്ങളായ മൗറീഷ്യോ, ഗ്വിലിയാനോ എന്നിവരുടെ ഗോളുകളിൽ സെനിത് ഒപ്പമെത്തി. ഒടുവിൽ 92–ാം മിനിറ്റിൽ ജോർജെവിച്ചിന്റെ ഡൈവിങ് ഹെഡറിൽ വിജയവും.

Your Rating: