Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാൻ.യുണൈറ്റഡ് വെസ്റ്റ്ബ്രോമിനോടു തോറ്റു; സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം

Manchester-City-Winners ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടനേട്ടം പ്രഖ്യാപിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം.

ലണ്ടൻ∙ ഒരു ജയം അകലെ കഴിഞ്ഞയാഴ്ച വഴുതിപ്പോയ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിക്ക്. ഇന്നു നടന്ന മൽസരത്തിൽ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ അവസാനസ്ഥാനക്കാരായ വെസ്റ്റ്ബ്രോമിനോട് തോറ്റതോടെയാണ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉറപ്പാക്കിയത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രീമിയർ ലീഗ് കിരീടം വീണ്ടും സിറ്റിയുടെ ഷെൽഫിലെത്തുന്നത്. ഏഴു വർഷത്തിനിടെ സിറ്റി നേടുന്ന മൂന്നാം പ്രീമിയർ ലീഗ് കിരീടം കൂടിയാണിത്. ഇതോടെ, മാഞ്ചസ്റ്റർ യുണൈറ്റഡിനുശേഷം 33 മൽസരങ്ങൾ പൂർത്തിയാകുമ്പോഴേക്കും കിരീടം ഉറപ്പാക്കുന്ന രണ്ടാമത്തെ മാത്രം ടീമായും സിറ്റി മാറി.

യുണൈറ്റഡിന്റെ തോൽവിക്കൊപ്പം ശനിയാഴ്ച നടന്ന മൽസരത്തിൽ സിറ്റി ടോട്ടനെത്തെ തോൽപ്പിച്ചതും കിരീടനേട്ടം എളുപ്പമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റി ജയിച്ചത്. ഇതിനു പിന്നാലെ, ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡ് വെസ്റ്റ് ബ്രോമിനോടു തോറ്റത്. ജേയ് റോഡ്രിഗസ് 73–ാം മിനിറ്റിൽ നേടിയ ഗോളാണ് യുണൈറ്റഡിനെ തോൽവിയിലേക്കു തള്ളിവിട്ടത്.

ഇതോടെ, 33 മൽസരങ്ങളിൽനിന്നും 87 പോയിന്റു നേടിയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ അവർക്ക് 16 പോയിന്റിന്റെ ലീഡുണ്ട്. 33 മൽസരങ്ങളിൽനിന്ന് 71 പോയിന്റാണ് യുണൈറ്റഡിനുള്ളത്. 34 മൽസരങ്ങളിൽനിന്ന് 70 പോയിന്റുമായി ലിവർപൂൾ മൂന്നാമതും  33 മൽസരങ്ങളിൽനിന്ന് 67 പോയിന്റുമായി ടോട്ടനം നാലാമതുമുണ്ട്. ചെൽസി (33 മൽസരങ്ങളിൽനിന്ന് 60), ആർസനൽ (33 മൽസരങ്ങളിൽനിന്ന് 54) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ.

കഴിഞ്ഞയാഴ്ച നടന്ന മാഞ്ചസ്റ്റർ ഡാർബിയിൽ യുണൈറ്റഡിനെ തോൽപ്പിച്ച് കിരീടം ചൂടാൻ അവസരം ലഭിച്ചിരുന്നെങ്കിലും, അന്ന് തോൽക്കാനായിരുന്നു സിറ്റിയുടെ വിധി. രണ്ടു ഗോളിന്റെ ലീഡു നേടിയശേഷം മൂന്നു ഗോൾ വഴങ്ങിയാണ് അന്ന് ഗ്വാർഡിയോളയുടെ സംഘം തോൽവിയേറ്റു വാങ്ങിയത്.