ലോകകപ്പ് യോഗ്യത: സ്പെയിൻ, ഇറ്റലി മിന്നി

ഗോൾ നേടിയ സ്പെയിൻ താരം ഇഗ്നാസിയോ മോൻറിയൽ (നടുവിൽ) സഹതാരങ്ങൾക്കൊപ്പം.

ബാർസിലോന ∙ ലോകകപ്പ് ഫുട്ബോൾ യൂറോപ്യ‍ൻ മേഖലാ യോഗ്യതാ റൗണ്ടിൽ സ്പെയിൻ 4–0നു മാസിഡോണിയയേയും ഇറ്റലി അതേ സ്കോറിനു ലിച്ചെൻസ്റ്റൈനേയും തോൽപിച്ചു. 36ന് അടുത്തെത്തിയ അറിറ്റ്സ് അഡുറിസ് സ്പെയിനിന്റെ പ്രായം കൂടിയ സ്കോററായ ഗ്രൂപ്പ് ജി മൽസരത്തിൽ വിജയത്തോടെ 10 പോയിന്റുമായി സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തി. ഇറ്റലിയും ഒപ്പം തന്നെയുണ്ടെങ്കിലും ഗോ‌ൾ വ്യത്യാസത്തിൽ സ്പെയിനാണു മുന്നിൽ. മാസിഡോണിയയുടെ സെൽഫ് ഗോളോടെ 34ാം മിനിറ്റിൽ മുന്നിൽ കടന്ന സ്പെയിൻ വിറ്റോളോ, നാച്ചോ മോൺറിയൽ എന്നിവരുടെ ഗോളോടെ 3–0ൽ നിൽക്കുമ്പോഴായിരുന്നു അറിറ്റ്സിന്റെ ഗോൾ.

ആന്ദ്രെ ബെലോട്ടിയുടെ ഇരട്ട ഗോളോടെയാണ് ഇറ്റലി ലിച്ചെൻസ്റ്റെയിനെ 4–0നു വീഴ്ത്തിയത്. നാലു ഗോളും ആദ്യ പകുതിയിലായിരുന്നു. സിറോ ഇമ്മൊലൈൽ, അന്റോണിയോ ചന്ദ്രേവ എന്നിവരുടെ വകയായിരുന്നു മറ്റു രണ്ടു ഗോളുകൾ.