ചെസിൽ ഇന്ത്യയുടെ സുൽത്താൻ ഖാൻ

മാലിക്ക് മിർ സുൽത്താൻ ഖാൻ

ചെസിന് ജന്മം നൽകിയ മണ്ണാണ് ഇന്ത്യയുടേത്. എന്നാൽ സ്വാതന്ത്ര്യദിനവുമായി ഇന്ത്യൻ ചെസിന് എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ത്യ സ്വാതന്ത്ര്യദിന പുലരിയിലേക്ക് നടന്നകയറിയത് 1947 ഓഗസ്റ്റ് 15നായിരുന്നെങ്കിൽ അതിനും 18 വർഷങ്ങൾക്കുമുൻപ് മറ്റൊരു ഓഗസ്റ്റ് 15ന് ഒരു ഇന്ത്യക്കാരൻ കുറിച്ചത് ചരിത്രമായിരുന്നു. അതും ബ്രിട്ടന്റെ മണ്ണിൽവച്ചുതന്നെ.

ആ ചരിത്രനേട്ടം അദ്ദേഹം പീന്നീട് അതേ മണ്ണിൽ വീണ്ടും ആവർത്തിച്ചു. ഒരിക്കലല്ല, രണ്ടു തവണ– 1932ലും 1933ലും. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുൻപ്, 1929 ഓഗസ്റ്റ് 15ന് സുൽത്താൻ ഖാൻ എന്ന മാലിക്ക് മിർ സുൽത്താൻ ഖാൻ നേടിയ അനശ്വരവിജയത്തിന് പ്രസക്തിയേറെ: സ്വാതന്ത്ര്യം മുൻകൂട്ടി കണ്ട് ഇന്ത്യയ്ക്കൊരു സല്യൂട്ട്, അതും ഇന്ത്യയെ അടക്കിവാണ് ബ്രിട്ടന്റെ മണ്ണിലായിരുന്നു ആ കിരീടധാരണം എന്നത് ഇരട്ടിമധുരം പകരുന്നു.

ചെസിന്റെ സുൽത്താൻ സ്വാതന്ത്യത്തിനുമുൻപെ, ലോകചെസിൽ ഇന്ത്യയുടെ പെരുമ ലോകത്തിനുകാട്ടിക്കൊടുത്ത താരമാണ് സുൽത്താൻ ഖാൻ. തന്റെ യജമാനന്റെ വീട്ടു ജോലികൾ ചെയ്തു നടന്ന സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു ഖാൻ. ഒടുവിൽ ആ യജമാനൻതന്നെ അദ്ദേഹത്തെ ലോക ചെസിന് പരിചയപ്പെടുത്തി. കാര്യമായ വിദ്യാഭ്യാസമോ ഇംഗ്ലീഷിൽ യാതൊരുവിധ പരിജ്ഞാനമോ ഇല്ലാതെയാണ് സുൽത്താൻ ഖാൻ ലോക ചെസിന്റെ സുൽത്താനായത്.

1905ൽ ബ്രിട്ടിഷ് ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച സുൽത്താൻ ഖാൻ, സർ ഉമർ ഹയാത് ഖാൻ എന്ന രാജകുടുംബാംഗത്തിന്റെ വീട്ടുവേലക്കാരനായിരുന്നു. ഇന്ത്യയിലെ പരമ്പരാഗത ചെസിൽനിന്ന് വ്യത്യസ്തമായി യൂറോപ്യൻ ശൈലിയുടെ ആദ്യ പാഠങ്ങൾ സുൽത്താനെ പഠിപ്പിച്ചത് ഉമർ ഹയാത് ആണ്.

21–ാം വയസിൽ അന്നത്തെ പഞ്ചാബിലെ ഏറ്റവും മികച്ച കളിക്കാരനായി മാറി. 1928ൽ അഖിലേന്ത്യാ ചാംപ്യൻ. 1928ൽ ഹയാത് ഖാൻ ബ്രിട്ടനിലേക്ക് കപ്പൽ കയറിയപ്പോൾ സുൽത്താൻ ഖാനും ഒപ്പം പോയി. അവിടെ നിരവധി പരിശീലന ടൂർണമെന്റിൽ പങ്കെടുത്തെങ്കിലും പലതിലും തോൽവി. എന്നാൽ 1929 ഓഗസ്റ്റ് 15ന് ബ്രിട്ടിഷ് ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കി ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി.

ഈ വിജയം ലോകത്തെ അമ്പരപ്പിച്ചു. കാരണം ആർക്കുമറിയില്ലായിരുന്നു ആരാണ് ഈ സുൽത്താൻ ഖാനെന്ന്. എന്നാൽ ബ്രിട്ടീഷ് മന്ത്രിസഭയിൽ ഇന്ത്യയുടെ ചുമതലുള്ള വില്യം വെഡ്ജ്‍വുഡ് ബെന്നിന്റെ അഭിനന്ദന കത്ത് അന്ന് അദ്ദേഹത്തെ തേടിയെത്തി. തിരികെ ഇന്ത്യയിലേക്ക്. തൊട്ടടുത്ത വർഷം വീണ്ടും യൂറോപ്പിലെത്തി.

1932ലും 33ലും വീണ്ടും ബ്രിട്ടീഷ് ചാംപ്യൻഷിപ്പ്. വെറും അഞ്ചു വർഷം നീണ്ട രാജ്യാന്തരകരിയറിലാണ് ഈ നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയത്. യൂറോപ്പിലെ കാലാവസ്ഥമൂലം പലവിധ രോഗങ്ങൾക്ക് അടിമയായിരുന്നു അദ്ദേഹം. കാപാബ്ലാങ്ക, വിക്ടർ സൗൾത്തൻബഫ്, അലക്സാണ്ടർ അലെക്കൈൻ എന്നീ മഹാരഥൻമാരെ മാത്രമല്ല രോഗങ്ങളെക്കുടി തോൽപ്പിച്ചാണ് അദ്ദേഹം മുന്നേറിയത്.

മോണിങ് സ്റ്റാർ പത്രം അദ്ദേഹത്തെ ‘ചെസിന്റെ രഞ്ജി’ എന്നാണ് വിശേഷിപ്പിച്ചത്. തിരികെ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ചെസ് ഉപേക്ഷിച്ചു. കായികനേട്ടങ്ങൾക്കൊണ്ടോ ജീവിതത്തിൽനിന്നോ കാര്യമായി ഒന്നാം സമ്പാദിക്കാത്ത സുൽത്താൻ 1966ൽ പാക്ക് പഞ്ചാബിൽ മരിച്ചു. പക്ഷേ ചെസ് ബോർഡിൽ അദ്ദേഹത്തിന്റെ വിരലുകൾ തീർത്ത മുന്നേറ്റങ്ങൾ ഇന്നും നിഗൂഢമായി നിലനിൽക്കുന്നു.

വീണ്ടും ഓഗസ്റ്റ് 15

സുൽത്താൻ ഖാൻ സമ്മാനിച്ച നേട്ടം 1929 ഓഗസ്റ്റ് 15നായിരന്നെങ്കിൽ ഏഴു വർഷങ്ങൾക്കുശേഷം ഇതേ ദിവസം ഇന്ത്യ മറ്റൊരു മഹത്തായ ജയം കൂടി നെഞ്ചോടു ചേർത്തു. അത് 1936ൽ ജർമനിയിലെ ബർലിനിൽവച്ചായിരുന്നു. ഒളിംപിക്സ് ഹോക്കിയിലെ ഇന്ത്യയുടെ ഹാട്രിക്ക് കിരീടം.

ഹോക്കി ഇതിഹാസം ധ്യാൻചന്ദ് നയിച്ച ഇന്ത്യയ്ക്കായിരുന്നു അന്ന് ഹോക്കി സ്വർണം. ജർമൻ സ്വേച്ഛാധിപതി സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ നോക്കിയിരിക്കെ, ഫൈനലിൽ ആതിഥേയരായ ജർമനിയെ തോൽപ്പിച്ചുള്ള 8–1ന്റെ ആധികാരികവിജയം.