രണ്ടര പതിറ്റാണ്ടു മുൻപ്, മഴയുള്ള ആ രാത്രിയിൽ ദസ്തയേവ്സ്കിയെ അക്ഷരങ്ങളിലേക്കു പകർത്തുമ്പോൾ പെരുമ്പടവത്തിന്റെ ഉള്ളം ഇന്നത്തെപ്പോലെ ശാന്തമായിരുന്നില്ല. എഴുത്തുപുരയിലെ ആ ആളിക്കത്തലിനെ നോവലിസ്റ്റ് പിന്നീട് ഇങ്ങനെ വിശേഷിപ്പിച്ചു: ‘തോരാതെ പെയ്യുന്ന ഒരു പെരുമഴയിൽ എന്റെ മനസ്സിലെ പച്ചക്കാടുകൾ കത്തിക്കൊണ്ടിരുന്നു...’
പീഡിതനാകുന്ന ഒരു എഴുത്തുകാരന്റെ ജീവിതത്തിലെ ഒരേട് നോവലാക്കി മാറ്റുമ്പോൾ മലയാള സാഹിത്യത്തിൽ പുതിയൊരു ചരിത്രം കുറിക്കുകയാണെന്നു പെരുമ്പടവവും നിനച്ചില്ല.
പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ ഇപ്പോഴിതാ നൂറാം പതിപ്പിലേക്കു കടക്കുന്നു. മലയാറ്റൂർ രാമകൃഷ്ണൻ പറഞ്ഞതുപോലെ ‘മലയാള നോവലിലെ ഒരു ഏകാന്ത വിസ്മയ’ ത്തിന്റെ പെരുമ കടലും ഭൂഖണ്ഡങ്ങളും കടന്നിരിക്കുന്നു.
1993 സെപ്റ്റംബറിൽ ആദ്യപതിപ്പ് പുറത്തിറങ്ങിയ ഒരു സങ്കീർത്തനംപോലെ രണ്ടു ദശകം കടക്കുംമുൻപേ അൻപതാം പതിപ്പിലേക്കെത്തി. രണ്ടര പതിറ്റാണ്ടാകുമ്പോഴേക്കും നൂറാം പതിപ്പ്.
ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതി എന്ന വിശേഷണമുള്ള ഈ നോവൽ പ്രസാധന രംഗത്തും പുതിയ ചരിത്രം കുറിച്ചു. വായന മരിക്കുന്നുവെന്ന വിലാപം ഒച്ചയിട്ട തൊണ്ണൂറുകളിൽ മരിക്കുകയല്ല, വായന തിരിച്ചുവരികയാണെന്നു തെളിയിക്കുന്നതിലും ‘സങ്കീർത്തനം’ ചെലുത്തിയ സ്വാധീനം സാഹിത്യ വിമർശകരടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലൂടെ ആദ്യം പുറത്തുവന്ന നോവൽ പിന്നീട് സങ്കീർത്തനം പബ്ലിക്കേഷൻസിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ അതും മലയാളത്തിലെ പുതുമയുള്ള കൂട്ടുകെട്ടിന്റെ കഥയായി. നോവലിന്റെ പേരിൽ പ്രസിദ്ധീകരണ സ്ഥാപനം എന്ന പുതുമ മാത്രമല്ല, പെരുമ്പടവത്തിന്റെ 58 പുസ്തകങ്ങൾ പുറത്തിറക്കി മലയാള പ്രസാധന രംഗത്തു റെക്കോർഡ് സ്ഥാപിച്ചു പ്രസാധകൻ ആശ്രാമം ഭാസി. പ്രസാധകനിൽ നിന്നു ദസ്തയേവ്സ്കി നേരിട്ട പാരുഷ്യത്തിനു മറുപടിയെന്നോണം, സ്നേഹമസൃണമായ കൂട്ടുകെട്ടാണ് ഭാസി പെരുമ്പടവവുമായി സൃഷ്ടിച്ചത്.
ഇതിനകം രണ്ടുലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ട നോവൽ ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ, അറബി, ഇംഗ്ലിഷ് ഭാഷകളിലേക്കും തർജമ ചെയ്തു. 1996ലെ വയലാർ അവാർഡ് ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾക്ക് അർഹമായ സങ്കീർത്തനം എഴുതിയ രാത്രികളെക്കുറിച്ച് പെരുമ്പടവം പറഞ്ഞു: ‘എനിക്ക് എളുപ്പം വഴങ്ങുന്ന കഥാപാത്രമായിരിക്കില്ല ദസ്തയേവ്സ്കി എന്നു മറ്റാരെക്കാളും കൂടുതൽ എനിക്ക് അറിയാമായിരുന്നു.
എഴുതുമ്പോൾ ആ ഭയാശങ്കകൾ ഉണ്ടായിരുന്നു. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാൾ എന്നു ദസ്തയേവ്സ്കിയെ സങ്കൽപിക്കാൻ കഴിഞ്ഞപ്പോൾ ദിവ്യമായ ഒരു പ്രകാശംകൊണ്ട് എന്റെ ഹൃദയം നിറയുന്നതുപോലെ എനിക്കു തോന്നി. ആ നിമിഷങ്ങളിൽ എന്റെ ഹൃദയത്തിനുമേൽ ഒരു നക്ഷത്രം ഉദിച്ചു നിന്നിരുന്നുവെന്നാണ് എനിക്കു തോന്നിയത്. അതോടെ എഴുത്തിൽ വല്ലാത്ത വേഗം അനുഭവപ്പെട്ടു. ദസ്തയേവ്സ്കിെയ ഞാൻ അനുഭവിച്ചുതുടങ്ങി...’
നോവലിന്റെ നൂറാം പതിപ്പിന്റെ ആഘോഷമെന്നോണം വിവിധ ജില്ലകളിലെ നൂറു കേന്ദ്രങ്ങളിലായി ചെറുതും വലുതുമായ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നു സങ്കീർത്തനം പബ്ലിക്കേഷൻസ് ഉടമ ആശ്രാമം ഭാസി പറയുന്നു.