Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരിക്കുന്ന തെരുവ്

Author Details
SM street നവീകരിച്ച മിഠായിത്തെരുവിലെ എസ്.കെ.പൊറ്റെക്കാട്ടിന്റെ പ്രതിമ. ചിത്രങ്ങൾ: റസ്സൽ ഷാഹുൽ.

കോഴിക്കോടിന്റെ ഐശ്വര്യമാണു മിഠായിത്തെരുവ്. കോഴിക്കോടു ഭൂമിയാണെങ്കിൽ മിഠായിത്തെരുവ് ചന്ദ്രനാണ്. ആ ഐശ്വര്യത്തിളക്കത്തിനു പിന്നിലൊരു ഐതിഹ്യമുണ്ട്. ജീവനേക്കാൾ വലുതായി ഈ തെരുവിനെ സ്നേഹിക്കുന്ന കോഴിക്കോടൻ ആത്മാർഥതയുടെ ഐതിഹ്യം.

സാമൂതിരിയുടെ വലംകയ്യും മന്ത്രിയുമായിരുന്നു മങ്ങാട്ടച്ചൻ. ഒരിക്കൽ സാമൂതിരിക്കു കലശലായ മുതുകുവേദന വന്നു. കൊട്ടാരം വൈദ്യൻ നനച്ച തോർത്ത് മുതുകത്തിട്ടാണു വേദന മാറ്റിയത്. വേദന പോയതോടൊപ്പം സാമൂതിരിയുടെ ചുമലിൽ കുടികൊണ്ടിരുന്ന ലക്ഷ്മീദേവിയും ഇറങ്ങിപ്പോയി. അന്വേഷിച്ചിറങ്ങിയതു മങ്ങാട്ടച്ചനായിരുന്നു. മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ അവിടെ ഒരു സ്ത്രീ നിൽക്കുന്നത് മങ്ങാട്ടച്ചൻ കണ്ടു. ഐശ്വര്യദേവത നഗരം വിട്ടുപോകാതിരിക്കാൻ മങ്ങാട്ടച്ചനൊരു ബുദ്ധി തോന്നി. ഏതായാലും പോവുകയല്ലേ, ഒരു സാധനം തരാം, അതെടുത്തു വരുന്നതുവരെ അവിടെ നിൽക്കണമെന്നു ദേവതയോടു പറഞ്ഞു. വാക്കു പാലിക്കുന്നവളാണു ദേവത.

സാധനമെടുക്കാൻ പോയ മങ്ങാട്ടച്ചൻ നേരേ പോയി ജീവനൊടുക്കി. മങ്ങാട്ടച്ചൻ തിരിച്ചുവന്നാലേ സ്ഥലം വിട്ടു പോകൂ എന്നു വാക്കു കൊടുത്ത ഐശ്വര്യദേവത ഇപ്പോഴും മിഠായിത്തെരുവിലുണ്ടെന്നാണു വിശ്വാസം ! 

കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ സൂപ്പർമാർക്കറ്റായ മിഠായിത്തെരുവിന്റെ മുഖം ഇപ്പോൾ ആകെ മാറിപ്പോയി. അതിനിപ്പോൾ ‘ബല്ലാത്ത മൊഞ്ച്’. ആറരക്കോടിയോളം രൂപ ചെലവിട്ടു ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം എസ്എം സ്ട്രീറ്റ് എന്ന മിഠായിത്തെരുവിന്റെ മുഖം മാറ്റിയെടുത്തു..

SM street

സ്വീറ്റ് മീറ്റ് സ്ട്രീറ്റ് 

ബ്രിട്ടിഷുകാരാണു കോഴിക്കോടൻ ഹൽവ സമൃദ്ധമായി ലഭിച്ചിരുന്ന തെരുവിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റെന്നു വിളിച്ചത്. അങ്ങനെ മിഠായിത്തെരുവ് എസ്എം സ്ട്രീറ്റുമായി. കണ്ടാൽ വലിയ ബീഫ് കഷ്ണം പോലെ തോന്നിക്കുന്ന ഹൽവയെ അവർ സ്വീറ്റ് മീറ്റെന്നു വിളിക്കുകയായിരുന്നു. എന്നാൽ നാനൂറിലേറെ വർഷങ്ങൾക്കു മുൻപുതന്നെ മിഠായിത്തെരുവിന്റെയും കോഴിക്കോടിന്റെയും ഭാഗമായിരുന്ന ഗുജറാത്തികളുടെ സാന്നിധ്യമാണു തെരുവിന്റെ പേരിനു മിഠായി മധുരമേകിയത്.

നിലവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുള്ളിടത്തായിരുന്നു അന്നു കോവിലകം. മതിലിനപ്പുറമാണു തെരുവ്. അതിഥികൾക്കായി മധുരപലഹാരങ്ങളുണ്ടാക്കാൻ സാമൂതിരി രാജാവാണ് ഗുജറാത്തികളെ തെരുവിലേക്കു ക്ഷണിച്ചത്.

SM street

 എഴുത്ത് പൂക്കുന്നിടം 

എത്രയും പെട്ടെന്ന് എനിക്കു കോഴിക്കോട്ടെത്തി മിഠായിത്തെരുവിലൂടെ നടന്നാൽ മതിയെന്നു പറഞ്ഞ തെരുവിന്റെ കഥാകാരനാണ് എസ്.കെ.പൊറ്റെക്കാട്. ‘ചൊറിച്ചു മല്ലലി’ലൂടെ കുടുകുടെ ചിരിപ്പിച്ചിരുന്ന അദ്ദേഹമായിരുന്നു മിഠായിത്തെരുവിന്റെ കാവലാൾ. തെരുവിന്റെ തെക്കേയറ്റത്ത് തെരുവു കാണാനെത്തുന്നവരെ കണ്ട് ചുണ്ടിലൊരു പുഞ്ചിരിയുമായി എസ്.കെയുടെ പ്രതിമ ഇപ്പോഴും നിൽക്കുന്നു. ‘തെരുവിന്റെ കഥയിലെ’ വരികളാണു മുഖം മിനുക്കിയ തെരുവിന്റെ തുടക്കത്തിൽ കൊത്തിവച്ചിരിക്കുന്നത്. 

മിഠായിത്തെരുവിലെ മൂന്നുനിലക്കെട്ടിടത്തിലെ ബുക്ക് ട്രസ്റ്റിൽ പ്രസാധകനായിരുന്നു മലയാളത്തിന്റെ എം.ടി. തെരുവിന്റെ കൊട്ടകയായിരുന്ന രാധാ തിയറ്റർ പരിസരത്തായിരുന്നു എഴുത്തുകാരുടെ സംഗമം. കേരളത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചത് മിഠായിത്തെരുവിൽനിന്നാണ്. ‘വെസ്റ്റ് കോസ്റ്റ് സ്പെക്റ്റേറ്റർ’.  ചാംപ്യൻ എന്ന പേരിൽ മറ്റൊരു ഇംഗ്ലിഷ് പത്രം കൂടി ഇവിടെനിന്നു പ്രസിദ്ധീകരിച്ചിരുന്നു. പ്രദീപം പത്രം തെരുവത്ത് രാമൻ തുടങ്ങിയതും ഇവിടെനിന്ന്. നവയുഗം ദ്വൈവാരികയും ഇവിടെനിന്നു പ്രസിദ്ധീകരിച്ചിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്റെ അൽ അമീൻ പത്രത്തിന്റെ ആസ്ഥാനവും കുറെക്കാലം ഇവിടെയായിരുന്നു. 

മലബാർ സുകുമാരന്റെ കഥകളും ഉറൂബിന്റെ ഉമ്മാച്ചുവുമൊക്കെ ആദ്യം അച്ചടിച്ചതു തെരുവിലെ കെ.ആർ.ബ്രദേഴ്സ് പ്രസിൽ നിന്നാണ്. പി.കെ. ബ്രദേഴ്സ് ഒരുകാലത്ത് മലബാറിലെ പാഠപുസ്തകങ്ങളുടെ വിതരണക്കാരായിരുന്നു. എസ്.കെയുടെ യാത്രാസ്മരണകൾ പുറത്തിറക്കിയതും ഇവരാണ്. ഡെക്കാൻ പബ്ലിഷിങ് ഹൗസായിരുന്നു തെരുവിലെ ആദ്യ പ്രസാധനശാല.

എസ്.കെ, കെ.എ.കൊടുങ്ങല്ലൂർ, എം.ടി, എൻ.എൻ. കക്കാട്, അക്കിത്തം, പി. ഭാസ്കരൻ, ഉറൂബ്, തിക്കോടിയൻ, യു.എ.ഖാദർ, എം.വി.ദേവൻ, എൻ.വി.കൃഷ്ണവാരിയർ, എൻ.പി.മുഹമ്മദ്, കോഴിക്കോടൻ... ഒടുവിൽ പകുതിയിൽ പതറി നിർത്തിയൊരു കഥപോലെ പോയ ഷെൽവി വരെ തെരുവിന്റെ അക്ഷരങ്ങൾക്കു ഗരിമ പകർന്ന മാനസങ്ങളെത്ര.. 

MITTAI നവീകരിച്ച മിഠായിത്തെരുവിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ

കലയുടെ തെരുവ് 

കേരളം ജനിച്ച 1956 നവംബർ ഒന്നിനു മിഠായിത്തെരുവിലൂടെ കടന്നുപോയ ഘോഷയാത്ര ഇന്നും നഗരത്തിൽ പലരുടെയും മനസ്സിലുണ്ട്. ഹാർമോണിയവുമായി എം.എസ്. ബാബുരാജും, ഗായകനായി കോഴിക്കോട് അബ്ദുൽഖാദറും നടന്നുപോയൊരു യാത്ര. 

മിഠായിത്തെരുവിന്റെ ഗലികളിൽ ഗസലിന്റെയും ഖവ്വാലിയുടെയും ഈണമുണർന്നിരുന്നൊരു കാലമുണ്ടായിരുന്നു. ‌കേരള ബുക്ക് ഡിപ്പോയിലെ ജീവനക്കാരനായിരുന്ന ബേബി പിൽക്കാലത്ത് ‘ലിസ’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി മാറിയത് ഇവിടെനിന്ന്. ജോൺ ഏബ്രഹാമും അരവിന്ദനും സുരാസുവുമൊക്കെ ആത്മാവിനു തീ പകർന്നതും മറ്റെങ്ങുമല്ല. 

കോഴിക്കോട്ടെത്തുന്ന കലാകാരന്മാരുടെ ആസ്ഥാനമായിരുന്നു നാഷനൽ സ്റ്റുഡിയോയും മിറർ മാർട്ടും കുട്ടിക്കൃഷ്ണൻ വൈദ്യരുടെ സാഹിത്യ വൈദ്യശാലയും നീന സ്റ്റുഡിയോയും മോഡേൺ ബേക്കറിയുമൊക്കെ. പാട്ടെഴുത്തുകാരൻ പി.എം. കാസിം, എസ്.എം. കോയ, കോഴിക്കോട് അബ്ദുൽഖാദർ, കെ.രാഘവൻ, പി. ഭാസ്കരൻ തുടങ്ങിയവർ സംഗമിച്ചിരുന്നിടം. നെല്ലിക്കോട് ഭാസ്കരൻ, ബാലൻ കെ. നായർ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, കെ.പി.ഉമ്മർ തുടങ്ങിയ നടന്മാരുടെ കേന്ദ്രമായിരുന്നു ഈ തെരുവ്. ഒടുവിൽ ബാബുക്കായുടെ മകൻ തെരുവു കച്ചവടം നടത്തിയതും ഇവിടെ.

ഇടയ്ക്കെപ്പോഴോ കാബറെച്ചുവടുകളും ലഹരി പകർന്നു. നാഷനൽ സ്റ്റുഡിയോയുടെ ചുറ്റുവട്ടത്തുള്ള കലാകാരൻ വാസുപ്രദീപിന്റെ ആഹ്വാൻ ആർട്ടും പീതാംബർ സറ്റുഡിയോയുമൊക്കെ കണ്ട കനവുകളും നിനവുകളും നിറഞ്ഞ ഇശലുകളും രംഗങ്ങളുമെത്ര. 

MITTAI-WALKING

കോഴിക്കോടിന്റെ രുചി

വടക്കേയറ്റത്ത് സിപിഎ സ്റ്റോർസിൽനിന്നു തുടങ്ങും മിഠായിത്തെരുവിന്റെ രുചിവൈവിധ്യം. വിദേശ മിഠായികളുടെയും ബിസ്കറ്റുകളുടെയും രുചികളും കാരയ്ക്കയുടെയും മറ്റ് ഉണങ്ങിയ പഴങ്ങളുടെയും മധുരവുമൊക്കെയായി അങ്ങനെ തുടങ്ങാം. ബിരിയാണിയടക്കമുള്ള നോൺവെജ് വിഭവങ്ങളുമായി ലക്കി ഹോട്ടലുണ്ടായിരുന്നു പണ്ട്. 

എസ്കെയെ മോഹിപ്പിച്ച ബദാം സർബത്ത് കിട്ടിയിരുന്ന കൃഷ്ണമഹാരാജ് ഹൽവ സ്റ്റോറിലും തെരുവിന്റെ തെക്കേയറ്റത്തുള്ള ശങ്കരൻ ബേക്കറികളിലും മലബാർ ഹൽവ സ്റ്റോഴ്സിലും ന്യൂ ഓറിയന്റലിലുമൊക്കെയായി ഹൽവാ മധുരം. കൃഷ്ണ മഹാരാജിനു മുകളിലെ മഹാരാജ് ഹോട്ട്ബാറിൽ ചായയും ദോശയും. 

മോഡേൺ ബേക്കറിയും കോർട്ട് റോഡിലെ വീറ്റ് ഹൗസുമൊക്കെ ഓർമയിലെ രുചികളാണ്. ഹൽവയിൽ ഇതുപോലൊരു വൈവിധ്യം മറ്റൊരിടത്തും കിട്ടില്ല. പോയി പോയി പച്ചമുളകിന്റെ ഹൽവവരെയുണ്ട് തെരുവിലിപ്പോൾ. ആര്യഭവനിലെ നെയ് റോസ്റ്റും ടോപ് ഫോമിലെ കോഴിബിരിയാണിയും എന്നും കോഴിക്കോടിനു പ്രിയങ്കരം തന്നെ. 

പല വിശ്വാസങ്ങൾ

മലയാളികൾക്കു പുറമെ ഗുജറാത്തിയും മറാഠിയും തമിഴരും തെലുങ്കരും കൊങ്കിണികളും മാർവാടികളുമൊക്കെ ഈ തെരുവിലുണ്ട്. ദുർഗാദേവിക്ഷേത്രം, ജില്ലയിലെ ഏക ഹനുമാൻ കോവിൽ, മസ്ജിദ് ഉൾപ്പെടെ എല്ലാ വിശ്വാസികൾക്കും ഇവിടെ ഇടമുണ്ട്. പാഴ്സികളുടെ ശ്മശാനവും ഇവിടെത്തന്നെ. 

SM street നവീകരിച്ച മിഠായിത്തെരുവിലെ ബഞ്ചിൽ കോഴിക്കോട് ജില്ലാ കലക്ടർ യു.വി.ജോസും ഭാര്യ പീസമ്മയും.

എന്തും കിട്ടുമത്രേ, ഇവിടെ 

ലോകത്തെന്തു ചോദിച്ചാലും കിട്ടുമെന്നു പറയുന്ന കുന്നംകുളത്തിന്റെ മറ്റൊരു പതിപ്പാണു മിഠായിത്തെരുവ്. എണ്ണിയാലൊടുങ്ങാത്ത തുണിക്കടകൾ മാത്രമല്ല മിഠായിത്തെരുവിനെ അതാക്കുന്നത്. ബ്യൂട്ടി സ്റ്റോഴ്സും കണ്ണൂർ ഷോപ്പും പസഫിക് സ്റ്റോഴ്സും കൊളംബോ സ്റ്റോഴ്സും രാജാ വെറൈറ്റി ഹാളും ടീക്കെയുമൊക്കെയായിരുന്നു ഒരുകാലത്ത് മിഠായിത്തെരുവിന്റെ തുണിക്കടകൾ. പിന്നെ എറണാകുളം ടെക്സ്റ്റൈൽസ് വന്നു. അതിനിടയ്ക്കുണ്ട് ലോഹി സ്പോർട്സ്. വർഷങ്ങളുടെ പാരമ്പര്യമുള്ള ഇലക്ട്രിക്കൽ കടകൾ. പുസ്തകങ്ങളുമായി പി.കെ.ബ്രദേഴ്സും പി.വി.സ്റ്റോഴ്സും. സ്വാമിയുടെ കാപ്പിപ്പൊടിക്കട. 

ഇന്നു കടകളുടെ പൂരമാണ്. 1250–ലേറെ കടകളുണ്ടിന്നു തെരുവിൽ. രാത്രികാലങ്ങളിൽ വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന് അന്തംവിട്ടുപോകുന്ന തരത്തിലുള്ള വിളക്കുകളുള്ള കടകൾ. ഒരുകൊല്ലം കഴിഞ്ഞു പോകുമ്പോൾ മറ്റൊരു പേരിലാവുന്ന കടകൾ. 

ഞായറാഴ്ചകളിൽ സെക്കൻഡ് ഹാൻഡ് സാധനങ്ങളും പൂച്ചെടികളും മുതൽ മൊബൈൽ ഫോൺ വരെ വിൽക്കുന്ന ‘സൺഡേ മാർക്കറ്റ്’. ഈ തെരുവിൽ കിട്ടാത്തതൊന്നുമില്ല. ഇവിടെ കിട്ടാത്തതു വേറെവിടെയും കിട്ടാനുമിടയില്ല. 

മിഠായിയുടെ മധുരം മാത്രമല്ല മരുന്നിന്റെ ചവർപ്പു കൂടി ഈ തെരുവിലുണ്ടായിരുന്നു ഒരിക്കൽ. പല്ലുവേദനക്കാർക്കു പാറൻസ് ദന്തവൈദ്യാലയത്തിലെ പൽപ്പൊടിയുണ്ടായിരുന്നു. കുട്ടൻ ബ്രദേഴ്സ്, ജനത മെഡിക്കൽസ്, കൃഷ്ണ ബ്രദേഴ്സ്, കെമിസ്റ്റ്സ് ടു ഡ്രഗ്ഗിസ്റ്റ്സ്, വൈദ്യമഠം എന്നിവയൊക്കെ ഒരുകാലത്ത് കോഴിക്കോടിന്റെ ആതുര വ്യഥകളെ മാറ്റിയ സ്ഥാപനങ്ങളാണ്. 

ബാങ്കു ശാഖകളും നേരത്തെ ഇവിടെയുണ്ടായിരുന്നു. ഓഡിറ്റർമാർ, അച്ചുകൂടങ്ങൾ എന്നിവയൊക്കെ ഒരുകാലത്ത് ഈ തെരുവിന്റെ ഭാഗമായിരുന്നു. രഞ്ജിത വിലാസ് കാപ്പി ക്ലബ്, നെടുങ്ങാടിയുടെ കാലിക്കറ്റ് ഇലക്ട്രിക് കമ്പനി, അഹമ്മദ് മുഹമ്മദ് ഇബ്രാഹിമിന്റെ കേരള ഒപ്ടിക്കൽസ്, ഹിന്ദുസ്ഥാൻ വാച്ച് വർക്സ്, വിട്ടൽ റാവുവിന്റെ തുണിക്കട.. 

മിഠായിത്തെരുവ് ഹൃദയത്തോടു ചേർത്തുവച്ച പേരുകൾക്കവസാനമില്ല. 

മിഠായിത്തെരുവിന്റെ മാറ്റങ്ങൾ

∙ തെരുവിന്റെ കഥ പറഞ്ഞ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ മുതൽ മസ്ജിദ് വരെ 400 മീറ്റർ മുഴുവൻ കോബിൾ സ്റ്റോണുകൾ പതിച്ചു. 

∙ എസ്കെ പ്രതിമയ്ക്കു ചുറ്റും എസ്കെ സ്ക്വയറാക്കി കലാപരിപാടികൾക്ക് അവസരമൊരുക്കി. 

∙ കവാടത്തിലെ വശങ്ങളിൽ തെരുവിന്റെ കഥയിലെ ജീവസ്സുറ്റ ഭാഗങ്ങൾ കൊത്തിവച്ചു. 

∙ ബെഞ്ചുകളും കരിങ്കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങളുമൊരുക്കി. ഇപ്പോൾ അവിടെയിരുന്നു സമയം പോക്കുന്നവരുടെയും തെരുവിന്റെ കഥയുടെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കുന്നവരുടെയും തിരക്കാണ്. 

∙ തെരുവു നടന്നു കാണാനും സാധനങ്ങൾ വാങ്ങാനും 10 മുതൽ രാത്രി 10 വരെ ഗതാഗതം നിരോധിച്ചു. 

∙ രണ്ടറ്റത്തും ആകാശവിളക്കുകളൊരുക്കി. 

ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ആറരക്കോടിയോളം രൂപ ചെലവിട്ടാണ് ജില്ലാ ഭരണകൂടം  മിഠായിത്തെരുവിനെ പുതുക്കി ഒരുക്കിയത്. വർഷങ്ങളായി ഫയലിലുറങ്ങിയിരുന്ന മാറ്റങ്ങളെ പ്രാവർത്തികമാക്കിയതിനു മുന്നിട്ടുനിന്നത് കലക്ടർ യു.വി. ജോസ്. ഇടയ്ക്കിടെയുണ്ടായ തീപിടിത്തങ്ങൾകൊണ്ടു പുകപറ്റിയ തെരുവിനെ മിനുക്കിയെടുക്കാനുള്ള കലക്ടറുടെ ദൃഢനിശ്ചയവും വ്യാപാരികളുടെ സഹകരണവും മുതൽക്കൂട്ടായി. നിർമാണം പൂർത്തീകരിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. 

നെഞ്ചിലെ പാട്ടിന്റെ ഇശലുകളിലെ മധുരമാണു കോഴിക്കോടിനു മിഠായിത്തെരുവ്. സ്നേഹക്കൂടുതൽ കൊണ്ടാവും മിഠായിത്തെരുവെന്നു മുഴുവനായി കോഴിക്കോട്ടുകാർ വിളിക്കാറില്ല. മിഠായിത്തെരു.. അത്രമതി. 

കോഴിക്കോട്ടെ പുരുഷാരത്തെക്കാണണമെങ്കിൽ വൈകുന്നേരം മിഠായിത്തെരുവിലെത്തിയാൽ മതി. നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും രുചിവൈവിധ്യത്തിന്റെയും വിപണന മികവിന്റെയുമൊക്കെ നേർക്കാഴ്ചകളാണു മിഠായിത്തെരുവ് കോഴിക്കോട്ടെത്തുന്നവർക്കായി തുറന്നുവച്ചിരിക്കുന്നത്. 

പുനർജന്മമെടുത്തു പൈതൃകത്തെരുവിന്റെ മേലാപ്പിട്ടു ചിരിച്ചുനിൽക്കുകയാണു തെരുവ്. മുഖം മിനുക്കിയ തെരുവിലൂടെ അലസഗമനം നടത്തുമ്പോൾ വന്നു തൊടുന്ന കാറ്റിലുണ്ടാവും പല കിസ്സകൾ. കാതോർക്കുക, പതുക്കെ നീങ്ങുക. ഗന്ധങ്ങളറിഞ്ഞ്.. മനസ്സിൽ മിഠായിമധുരം നിറയുന്നതുവരെ.