Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചിട്ടും പോരാട്ടം തുടർന്ന് ‘ലേഡി ടാർസൻ!’

Author Details
Jamuna-Tudu ജമുന ടുഡു

രക്ഷാബന്ധൻ കരുതലിന്റെ വാഗ്ദാനമാണ്. ജീവനുള്ളിടത്തോളം കാലം നിന്നെ ഞാൻ സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പ്. സഹോദര സ്ഥാനത്ത് കരുതി കയ്യിൽ രക്ഷാബന്ധൻ അണിയിച്ചുകഴിഞ്ഞാൽ ആ വാഗ്ദാനം പാലിക്കാൻ മരണം വരെ ബാധ്യസ്ഥരാണ്. സഹോദരന്മാർ സഹോദരിമാരുടെ കയ്യിൽ കെട്ടുന്ന രക്ഷാമന്ത്രം. ഒഡീഷയിൽ നിന്നെത്തി ജാർഖണ്ഡിന്റെ മരുമകളായി മാറിയ ജമുനാ ‍ടുഡുവെന്ന മുപ്പത്തിയെട്ടുകാരി രക്ഷാബന്ധനു പുതിയ കീഴ്‌വഴക്കം തീർക്കുകയാണ്.

സംരക്ഷിക്കുന്നത് മനുഷ്യരെയല്ല, മരങ്ങളെയാണെന്നു മാത്രം. താൻ സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞ് രാഖി അണിയിച്ച ആയിരക്കണക്കിനു മരങ്ങളുടെ കാവൽക്കാരിയാണ് ജാർഖണ്ഡിലെ ലേഡി ടാർസനെന്ന് അറിയപ്പെടുന്ന ജമുന. മരങ്ങളെ കൂടെപ്പിറപ്പിനെപ്പോലെ സംരക്ഷിക്കുമെന്നു രാഖികെട്ടി പ്രതിജ്ഞയെടുക്കുന്ന അപൂർവ ആചാരത്തിന്റെ തണലിലാണ് ഇപ്പോൾ ഇൗസ്റ്റ് സിങ്ക്ബുവം ജില്ലയിലെ മുതൂർഖം ഗ്രാമത്തിന്റെ ജീവനും പച്ചപ്പുമെല്ലാം. 

മുതൂർഖം ഗ്രാമത്തിലെ സാൽ കാടുകളിലെ പതിനായിരക്കണക്കിന് മരങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്നത് അവർ അണിഞ്ഞിരിക്കുന്ന രാഖികൊണ്ടാണെന്നു പറഞ്ഞാൽ അതിശയോക്തി ഒട്ടുമില്ല. ആ രാഖികൾ കെട്ടിയതാകട്ടെ ഗ്രാമത്തിലെ ഒരുപറ്റം നിഷ്കളങ്കരായ സ്ത്രീകളും. 

മരങ്ങളോടുള്ള ക്രൂരതയിൽ മനംനൊന്ത്... 

റാഞ്ചിയിൽ നിന്ന് ഇരുനൂറു കിലോമീറ്റർ അകലെയുള്ള മുതൂർഖമിൽ ജമുന അറിയാതെ ഒരില പോലും വീഴില്ലെന്നാണ് അവസ്ഥ. മരങ്ങളെന്നുവച്ചാൽ ഇൗ ഗ്രാമീണ യുവതിക്ക് ജീവനാണ്, ജീവവായുവാണ്. വിറക് ശേഖരിക്കാനായി വനത്തിൽ പതിവായി പോയിരുന്ന ജമുനയെ മരങ്ങൾ വല്ലാതങ്ങ് ആകർഷിച്ചു. താങ്ങും തണലുമേകുന്ന മരങ്ങളോട് മനുഷ്യർ കാണിക്കുന്ന ക്രൂരത പരിഷ്കാരങ്ങൾ പേരിനുപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നാട്ടിൻപുറത്തുകാരിയെ വല്ലാതെ വേദനിപ്പിച്ചു. വനത്തിന്റെ മറവിൽ ചൂഷകവേഷവുമായി പലരും എത്തിയതോടെ മടിച്ചുനിന്നിട്ടു കാര്യമില്ലെന്നവർ തിരിച്ചറിഞ്ഞതോടെ തുടക്കമായത് നിലനിൽപ്പിനായുള്ള ചെറുത്തുനിൽപ്പ്. 

തുടക്കം അഞ്ചംഗ വനസുരക്ഷാ സമിതി 

ഗ്രാമത്തോട് ചേർന്നുള്ള 50 ഏക്കർ വനം മാഫിയ വെട്ടിനിരത്താൻ തുടങ്ങിയതോടെ ജമുനയ്ക്ക് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല. വെട്ടിനിരത്താൻ മഴുവുമായെത്തിവരുടെ മുന്നിലേക്ക് ചെറുത്തുനിൽപ്പിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദവുമായി രണ്ടു പതിറ്റാണ്ടു മുമ്പ് ജമുന ഇറങ്ങുമ്പോൾ കൂട്ടിനായുണ്ടായിരുന്നത് അഞ്ചു സ്ത്രീകൾ മാത്രം. 

1998ൽ വന സുരക്ഷാ സമിതി രൂപീകരിച്ച് മരങ്ങൾക്ക് രക്ഷാകവചമൊരുക്കാനിറങ്ങിയ ജമുനയ്ക്കു മുന്നിൽ പ്രതിസന്ധികളേറെയായിരുന്നു. മരങ്ങളുടെ ചുവട്ടിൽ കോടാലിവയ്ക്കാനെത്തിയവരെ ആട്ടിപ്പായിച്ചും രാഖി കെട്ടിയും പ്രതിജ്ഞയെടുത്തും മക്കളെപ്പോലെ മരങ്ങളെ സംരക്ഷിച്ചുതുടങ്ങിയ ജമുനയും വനസുരക്ഷാ സമിതിയും ഗ്രാമവാസികളുടെ മനസ്സിലേക്ക് സാവധാനം നടന്നടുക്കുകയായിരുന്നു.

Jamuna Tudu ജമുന

ഗ്രാമത്തിലെ മരങ്ങളെ പേരുചൊല്ലി വിളിക്കുന്ന ജമുനയുടെ നേതൃത്വത്തിലുള്ള വനസുരക്ഷാ സമിതി രാഖികെട്ടി എല്ലാ മരങ്ങളെയും വലയത്തിലാക്കാൻ തുടങ്ങിയതോടെ വനം മാഫിയ സകല തന്ത്രങ്ങളുമായി തിരിച്ചടിക്കാൻ തുടങ്ങി. വനസംരക്ഷണത്തിനിറങ്ങുന്നവരെ വിലക്കിയും ഭീഷണിപ്പെടുത്തിയും പണം നൽകിയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ. വീടു നോക്കിയിട്ടു മതി കാടു നോക്കലെന്നു പറഞ്ഞ് സ്വന്തക്കാർ വരെ വഴിമുടക്കാനെത്തിയിട്ടും തളരാതെ അവർ പിടിച്ചുനിന്നു. 

മരങ്ങളെ സ്നേഹിച്ചു; വരുംതലമുറയ്ക്കായി 

വെറും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആദിവാസിയായ ജമുന ശബ്ദിക്കുന്നത് വരുംതലമുറയ്ക്കു‌വേണ്ടിയാണ്. വന നശീകരണം മനുഷ്യരാശിക്ക് വരുത്തുന്ന വിപത്തുകളെക്കുറിച്ച് ഏറെ ബോധവതിയായ അവർ, മരങ്ങൾ ഇല്ലാതായാൽ മനുഷ്യരുടെ സ്വൈരജീവിതത്തിന് അറുതിയാവുമെന്നും ഗ്രാമത്തിൽ നിന്നു പലായനം ചെയ്യേണ്ടിവരുമെന്നും ഉദാഹരണ സഹിതം ഗ്രാമവാസികളെ പറഞ്ഞു ബോധ്യപ്പെടുത്തിയതോടെ വിസമ്മതവുമായി മുഖംതിരിച്ചു‌നിന്ന പലരും ചുവടുമാറ്റാൻ തുടങ്ങി. 

മരങ്ങളെ ആരാധിച്ചുപോന്ന ഒരു കുടുംബത്തിൽ ജനിച്ച് ജാർഖണ്ഡിലെത്തിയ ജമുന മക്കളെയും സഹോദരങ്ങളെയും പോലെ മരങ്ങളെയും സ്നേഹിച്ചു. ചെറിയ വീട്ടാവശ്യങ്ങൾക്കു പോലും മരങ്ങൾ വെട്ടി നശിപ്പിക്കുന്ന മുതൂർഖമിലെ രീതി ജമുനയെ വല്ലാതെ വേദനിപ്പിച്ചു. മാഫിയാ സംഘങ്ങളുടെ കാടുകയ്യേറ്റത്തിനു പിന്നാലെ ഗ്രാമവാസികളും കാടുകൾ വെട്ടിനിരത്താൻ തുടങ്ങിയതോടെ ജമുനയുടെ പോരാട്ടം കടുത്തതായി മാറി. 

മദ്യപിക്കാനായി മരം വെട്ടിയവർ 

പുരുഷന്മാർക്ക് മദ്യപിക്കാൻ‌ പണം കണ്ടെത്താനുള്ള എളുപ്പമാർഗമായിരുന്നു മരംവെട്ടി വിൽക്കൽ. മദ്യപാനത്തിനെതിരെ സ്ത്രീകളെ സംഘടിപ്പിച്ച് ജമുന വ്യാജവാറ്റുകാരെയും മദ്യപരെയും ഗ്രാമത്തിനു പുറത്തേക്ക് പായിച്ചതോടെയാണു കാര്യങ്ങൾ നേരായ വഴിയിലായത്. മരംവെട്ടിനെതിരെയും മദ്യപാനത്തിനെതിരെയും സേനാംഗങ്ങളുടെ നിരന്തരമായ പ്രയത്നങ്ങൾ പതുക്കെ പതുക്കെ ഫലംകണ്ടുതുടങ്ങിയത് സ്ത്രീകൂട്ടായ്മയ്ക്ക് ആവേശവും ആത്മവിശ്വാസവും പകർന്നു.

പത്തു വർഷത്തോളം നീണ്ട ബോധവൽക്കരണത്തിന്റെ പ്രതിഫലനമായി കൂടുതൽ സ്ത്രീകളെയും പുരുഷന്മാരെയും വനസുരക്ഷാ സേനയിലേക്ക് ചേർത്ത് ജമുനയും കൂട്ടാളികളും പോരാട്ടത്തിന്റെ വേരുകൾ ഗ്രാമത്തിലാകെ ആഴത്തിലേക്ക് പടർത്തി. മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് നിയമപ്രകാരവും ഗോത്രാചാരപ്രകാരവും കുറ്റകരമാണെന്നാണു ജമുന ഗ്രാമവാസികളോട് പറഞ്ഞത്. മാഫിയാ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കാൻ ആരും തയാറല്ലാത്ത അവസ്ഥയ്ക്കും ജമുന മാറ്റം വരുത്തി.

വന നശീകരണത്തിന്റെ വിപത്തുകൾ ഓരോന്നായി മുതൂർഖം ഗ്രാമവാസികളെ പറഞ്ഞും എഴുതിയും പഠിപ്പിച്ചു. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരാണ് വനനശീകരണമെന്ന വാദത്തിൽ ഉൗന്നിയായിരുന്നു പ്രവർത്തനം. തുടക്കത്തിൽ എതിർപ്പ് അതിരൂക്ഷമായിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം കെട്ടടങ്ങി. അഞ്ചുപേരിൽ തുടങ്ങിയ വനസുരക്ഷാ സേനയുടെ അംഗബലം ഇരുപത്തിയഞ്ചിൽ എത്തിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഒപ്പം മുളംകമ്പുകൊണ്ട് അമ്പും വില്ലും നിർമിക്കാനും അതുപയോഗിക്കാൻ പരിശീലനവും നൽകി വനസംരക്ഷണ സേന കാട്ടിലേക്ക് ഇറങ്ങിയതോടെ മഴുവുമായി മരങ്ങൾക്കുചുറ്റും മറഞ്ഞിരുന്നവർക്ക് കാടു വിട്ട് ഓടേണ്ടിവന്നു. 

ജീവനോടെ തീകൊളുത്താൻ നോക്കിയിട്ടും പിന്മാറാതെ 

വനം സംരക്ഷിക്കാനിറങ്ങിയ ഗ്രാമവാസികൾക്കെതിരെ തുടർച്ചയായി അക്രമം നടത്തിയാണു മാഫിയാ സംഘങ്ങൾ തിരിച്ചടിച്ചത്. സേനാംഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും വീടുകൾക്കും കൃഷിയിടങ്ങൾക്കും തീയിടാനും തുടങ്ങിയതോടെ പലരും ഭയന്നു പിന്മാറാനും ഗ്രാമം വിട്ട് രക്ഷപ്പെടാനും തയാറായി. അക്രമം അതിരുകടന്നപ്പോൾ ചെറുത്തുനിൽക്കാനാവാതെ തളർന്നവരെ ജമുന ധൈര്യം പകർന്നു കൂടെ നിർത്തി. ഒടുവിൽ ജമുനയെയും ഭർത്താവ് മാൻസിങ്ങിനെയും ജീവനോടെ ചുട്ടുകൊല്ലാൻ വരെ ശ്രമമുണ്ടായി. രണ്ടുതവണ ജീവൻ നഷ്ടപ്പെടുമെന്നുവരെയുള്ള അവസ്ഥയിൽ നിന്ന് അതിശക്തമായി തിരിച്ചുവന്ന അവർക്ക് ഓരോ ആപൽഘട്ടവും പകർന്നുനൽകിയ ആത്മവിശ്വാസം കരുത്തായി മാറി. 

മാഫിയകളുടെ തോക്കും ആയുധങ്ങളുമൊന്നും ഗ്രാമവാസികളുടെ ചെറുത്തുനിൽപ്പിനെ തളർത്താൻ ഉപകരിച്ചില്ല. തോക്കും കോടാലിയുമായി എത്തിയവർക്ക് വിഷംപുരട്ടിയ അമ്പുകളും മുളപ്പത്തലുകളും മറുപടി നൽകിയതോടെ പിന്മാറുകയല്ലാതെ മാർഗമില്ലാതായി. രണ്ടു പതിറ്റാണ്ടായി ജമുനയുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ പോരാട്ടത്തിന് ഒടുവിൽ ഫലംകണ്ടു. പരിശ്രമത്തിനൊടുവിൽ മുതൂർഖം മേഖലയിലെ 50 ഏക്കറിലെ മരങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന വനംവകുപ്പ് തയാറായി.

കാടു കാക്കാൻ ആറായിരം പേരുടെ സേന 

മരങ്ങളോടുള്ള സമീപനം നീതിപൂർവകമായിരിക്കണമെന്നു പറയുന്ന ജമുന, സ്വാഭാവികമായി വീഴുന്ന മരങ്ങളും തടികളും മാത്രം ഉപയോഗിക്കേണ്ട ആവശ്യമേ മനുഷ്യനുള്ളൂവെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഗ്രാമവാസികൾക്ക് കാട്ടിക്കൊടുത്തു. വന സുരക്ഷാ സേനയുടെ മുപ്പത് അംഗങ്ങൾ വീതമുള്ള 300 സംഘങ്ങൾ ഇപ്പോൾ മുതൂർഖം ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലാകെ സേന ദിവസവും മൂന്നു ഷിഫ്റ്റിലായി വന സംരക്ഷണത്തിനായി റോന്തുചുറ്റും. 

മരങ്ങൾക്കായുള്ള പോരാട്ടത്തിനിടയിൽ ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. 2013ൽ രാജ്യാന്തര ഗോഡ്ഫ്രേ ധീരതാ പുരസ്കാരം മുതൽ അടുത്തയിടെ ലഭിച്ച വുമൺ ട്രാൻസ്ഫോമിങ് അവാർഡ് വരെ നീളുന്നു ആ പട്ടിക. ജമുനയെക്കുറിച്ച് കേട്ടറിഞ്ഞ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി രാഷ്ട്രപതി ഭവനിലേക്ക് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.