കുടമണികളുടെ കിലുക്കമുള്ള കുതിരവണ്ടി. കുഞ്ഞുന്നാളിൽ നഗരം കാണാൻപോയ അതേ വണ്ടിയിൽ, ഓർമകളുടെ നരച്ച തിരശീലയ്ക്കു പിന്നിൽ വത്സലടീച്ചർ വീണ്ടും കയറിയിരുന്നു. നിഴലുറങ്ങുന്ന വഴികളിലൂടെ ഒരു മടക്കയാത്ര. കാറ്റത്തു ചിറകു വിരുത്തിയ തിരശീലയ്ക്കിടയിലൂടെ പഴയകാല കാഴ്ചകളോരോന്നും മനസ്സിൽ തെളിഞ്ഞു വരുന്നു. കോഴിക്കോട്ടെ എരഞ്ഞിപ്പാലവും കടന്നു കുതിരവണ്ടി കുതിക്കുകയാണ്. വയനാടൻ ചുരം കടന്ന് തിരുനെല്ലി, പാപനാശിനി, ബാവലിപ്പുഴ.. കടിഞ്ഞാണില്ലാത്ത മനോയാത്ര. ചിന്തയുടെ കിലുക്കം നിലച്ചു വണ്ടി മേരിക്കുന്നിലെ വീട്ടുപടിക്കൽ കിതച്ചു നിൽക്കുമ്പോൾ പിന്നിട്ടത് നീണ്ട 80 വർഷങ്ങൾ.
എഴുത്തും അധ്യാപക വൃത്തിയും ഗൃഹഭരണവും ചേർന്നു പ്രായമേറ്റിയ വത്സലയുടെ മുഖത്ത് സാഫല്യത്തിന്റെ നിറചിരി. സ്വീകരണമുറിയിലെ സോഫയിലിരുന്ന് അവർ ആദ്യം പറഞ്ഞത് വയസ്സിനെക്കുറിച്ചു തന്നെ. ‘ഔദ്യോഗിക രേഖപ്രകാരം ഈ ഏപ്രിൽ നാലിനു 80 വയസ്സാകും. പക്ഷേ, യാഥാർഥ ജനനത്തീയതി 1939 ഓഗസ്റ്റ് 28 ആണ്. കാഞ്ഞിരത്തിൽ എൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരുമ്പോൾ അവിടത്തെ അധ്യാപകനായിരുന്ന രാമൻനായർ ഊഹിച്ചെടുത്ത് റജിസ്റ്ററിൽ എഴുതിയത് 1938 ഏപ്രിൽ നാല് എന്നായിരുന്നു. അക്കാലത്തു മിക്കവരുടെയും ജനനത്തീയതി സ്കൂൾ മാഷ് നിശ്ചയിക്കുന്നതായിരുന്നല്ലോ. അതുകാരണം കാലാവധിക്ക് ഒരുവർഷം മുൻപേ എനിക്ക് അധ്യാപക ജോലിയിൽനിന്നു വിരമിക്കേണ്ടതായും വന്നു’.
കോഴിക്കോട് ഗവ. ട്രെയിനിങ് സ്കൂളിൽ പ്രധാന അധ്യാപികയായിരുന്ന പി.വത്സല 1993ൽ ആണ് വിരമിക്കുന്നത്. ഇപ്പോൾ ഭർത്താവ് എം.അപ്പുക്കുട്ടിക്കൊപ്പം വിശ്രമജീവിതം. മുക്കത്തുള്ള മകൾ ഡോ. മിനി ഇടയ്ക്ക് അച്ഛനമ്മമാരെ കാണാനെത്തും. എഴുത്തും പ്രസംഗവും കുടുംബകാര്യങ്ങളുമായി കഴിയുന്ന വത്സലയ്ക്കു രചനയുടെ പ്രതാപകാലം ഇന്നും പ്രചോദനമാണ്. നെല്ല്, ആഗ്നേയം, കൂമൻകൊല്ലി, നിഴലുറങ്ങുന്ന വഴികൾ, പാളയം, പേമ്പി, കണ്ണാമന്റെ പോത്തുകൾ, അരക്കില്ലം, പാളയം, ചാവേർ, തകർച്ച, ഗൗതമൻ, വിലാപം..എഴുത്തിന്റെ പത്തായം നിറയെ കഥകളും നോവലുകളും. സ്വീകരണമുറി മുഴുവൻ കയ്യടക്കി അവാർഡുകൾ, ഫലകങ്ങൾ, പഴയകാല ചിത്രങ്ങൾ, പുസ്തകങ്ങൾ...
വരുന്നു; വീണ്ടും ഒരു കിളിക്കാലം
എഴുത്തുകാരിയുടെ രണ്ടാം ബാല്യമായതിനാലാവും കുട്ടിക്കാലത്തെ ഓർമകൾക്കു സർഗവാസന കൂടുതൽ. മലാപറമ്പിലെ തറവാടായ കാനങ്ങോട്ടെ ബാല്യകാലം ‘കിളിക്കാലം’ എന്ന പേരിൽ നോവലാക്കുന്ന പണിപ്പുരയിലാണ് വത്സല. സ്കൂൾ ജീവിതവും മലബാറിന്റെ രാഷ്ട്രീയ ദശകളും പഴയ കുടുംബ കഥകളും അച്ഛൻ ചന്തുവും അമ്മ പത്മാവതിയുമെല്ലാം കഥയരങ്ങിലെത്തും. നാടു നിറയുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള കഥ എഴുത്തിനായി വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്. തൊഴിൽതേടി നമ്മുടെ നാട്ടിലെത്തിയ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ഭാഷഭേദങ്ങൾക്ക് അതീതമായ ദേശീയ ഐക്യത്തിന്റെ പ്രതിഫലനമാണെന്നാണ് വത്സലയുടെ വിലയിരുത്തൽ.
നെല്ലിലെ നല്ലെഴുത്ത്
അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴേ നല്ല വായനക്കാരിയായിരുന്ന വത്സല ഹൈസ്കൂൾ കാലത്തുതന്നെ കഥയും കവിതയും എഴുതിത്തുടങ്ങിയിരുന്നു. പിന്നീട് നോവലുകളും പിറന്നു. ആദ്യ നോവൽ ‘തകർച്ച’യായിരുന്നുവെങ്കിലും 1972–ൽ പ്രസിദ്ധീകരിച്ച ‘നെല്ലി’ലാണ് വത്സലയുടെ നല്ലെഴുത്തു വിളഞ്ഞത്.
അനുഭവങ്ങളുടെ വളക്കൂറിൽ വേരോടിയ അതിലെ വാക്കുകൾ വരച്ചിട്ടത് അതുവരെ ആരും കാണാത്ത ആദിവാസി ജീവിതം. തിരുനെല്ലിയിലെ കാടുകളിലും മലഞ്ചെരിവുകളിലും കഴിയുന്ന അടിയാൻമാരുടെ കഥ പറഞ്ഞ നെല്ല് മണ്ണിനെയും പെണ്ണിനെയും കൊള്ളയടിച്ച മേലാളുടെ ചെയ്തികളും വിളിച്ചു പറഞ്ഞു. വിശന്നു വലഞ്ഞ കാടിന്റെ മക്കൾ വികാരങ്ങളില്ലാതെ രണ്ടുകാലിൽ നടക്കുന്ന വയ്ക്കോൽ രൂപങ്ങളെപ്പോലെയായിരുന്നു. കല്ലിൽ കൊത്തിയ മട്ടിലുള്ള ഒരേ അച്ചിൽ വാർക്കപ്പെട്ട രൂപങ്ങൾ.
അവരുടെ ദുരവസ്ഥകൾ കാവ്യമാക്കിയ വത്സലയ്ക്കു പക്ഷേ, ഈയിടെ അട്ടപ്പാടിയിൽ കൊലചെയ്യപ്പെട്ട മധുവെന്ന ആദിവാസി യുവാവിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സു വേവുന്നുണ്ട്. ‘കാട്ടിൽ കഴിയുന്ന ആദിവാസികൾക്കു കൊടിയ വിശപ്പിൽനിന്ന് ഇപ്പോഴും മോചനമായിട്ടില്ലെന്നത് പരിതാപകരം തന്നെ. പത്രമാധ്യമങ്ങളിൽ മധുവിനെ കണ്ടപ്പോൾ പണ്ടു തിരുനെല്ലിയിൽ കണ്ടുമുട്ടിയ ചന്തുവെന്ന കുറിച്യനെയാണ് ഓർമ വന്നത്. കാട്ടിലെ തേനും മണ്ണുമായിരുന്നു വെളുത്തു സുന്ദരനായ അയാളുടെ ഭക്ഷണം. കാടിന്റെ ഇരുളറകളിൽനിന്ന് എപ്പോഴെങ്കിലും പുറത്തുവന്ന് എങ്ങോട്ടോ മറഞ്ഞുപോകുന്ന ചന്തു. എഴുത്തിന്റെ കാതലന്വേഷിച്ചു കാടും മേടും താണ്ടിയ വത്സല പഴയകഥകളും കഥാപാത്രങ്ങളും ഓർത്തെടുത്തു.
കണ്ടെഴുതിയ കഥാപാത്രങ്ങൾ
മരിച്ചുപോയ അമ്മയുടെ ക്രിയചെയ്യാൻ പാപനാശിനിയിലെത്തിയ രാഘവൻ നായരും അമ്പലക്കുന്നു വാര്യത്തെ സാവിത്രി വാരസ്യാരും സങ്കൽപ പാത്രങ്ങളായിരുന്നില്ല. ആദിവാസി ഊരിലെ പരിചയക്കാരായിരുന്നു. സാവിത്രി വാരസ്യാർക്ക് എന്നെക്കാൾ രണ്ടുവയസ്സു കൂടും. മാനന്തവാടിയിൽ താമസിക്കുന്ന അവർ ഇപ്പോഴും ഇടയ്ക്കിടെ ഫോൺ ചെയ്യാറുണ്ട്. ഈയിടെ അവരുടെ വീട്ടിൽ കാട്ടാന കയറി മൺകലം പുറത്തെറിഞ്ഞ് അതിലെ ചോറുതിന്ന വാർത്ത വൈകിയാണ് അറിഞ്ഞത്.
അവരെയെല്ലാം കാണാനും വിശേഷങ്ങൾ അറിയാനുമാണ് വർഷത്തിലൊരിക്കലെങ്കിലും മുടങ്ങാതെ തിരുനെല്ലിയിലേക്കുള്ള യാത്ര. ആഗ്നേയത്തിലെ നങ്ങേമ അന്തർജനം പാലക്കാട്ടെ ചിറ്റൂരിൽനിന്നു വയനാട്ടിലേക്കു കുടിയേറിയവരാണ്. മകൻ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയലിലടച്ചതോടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു സ്വദേശത്തേക്കുതന്നെ മടങ്ങിയ അവർ കുറച്ചുകാലം മുൻപു മരിച്ചു. അതിനുശേഷം വയനാട്ടിലെ അപ്പുവിന്റെ തറവാട്ടുവീട്ടിൽ പോയിരുന്നു’ മല്ലൻ, ക്ഷുരകൻ ഗോപാലൻ, തട്ടാൻ ബാപ്പു, കടക്കാരൻ സെയ്ത്, ശങ്കരൻകുട്ടി, പേമ്പി, പൗലോസ്, ബാലൻ നമ്പ്യാർ, അനന്തൻ മാസ്റ്റർ.. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ നേരിൽ കണ്ട സാധാരണ മനുഷ്യരുടെ തനിപ്പകർപ്പായി. മനസ്സിൽനിന്നു വേരറ്റുപോകാത്ത ഇത്തരം അടിയുറച്ച മാനുഷിക ബന്ധങ്ങളാണ് വത്സലയുടെ രചനകൾക്കു മിഴിവേറ്റുന്നത്.
നോവലുകളിലെ സ്ത്രീ കഥാപാത്രങ്ങളായ സാവിത്രി വാരസ്യാർ, നങ്ങേമ അന്തർജനം, സുനന്ദ, മാധവി, ദേവു, മാര, കുറുമാട്ടി എന്നിവരെല്ലാം തന്റേടികളായത് എഴുത്തുകാരിയുടെ ആത്മാംശം ഉൾക്കൊണ്ടാണ്.
അതിൽ നങ്ങേമയിലാണ് വത്സല കൂടുതലായും ആവാഹിക്കപ്പെട്ടത്. ദുരിതക്കയത്തിൽ മുങ്ങിക്കഴിയുന്ന ആദിവാസികളെ സഹായിക്കാനും അവകാശങ്ങൾക്കായി പോരാടുന്ന വിപ്ലവസംഘത്തെ പിന്തുണയ്ക്കാനുമുള്ള നങ്ങേമയുടെ സന്നദ്ധത വത്സലയുടെ മനോവികാരങ്ങൾ തന്നെ.
‘കുറ്റിയിൽ കെട്ടിയിട്ട പോത്തുകളെപ്പോലെ നരകിച്ചിരുന്ന ആദിവാസികളെ മേലാളുടെ ചൂഷണങ്ങളിൽ നിന്നു മോചിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും എഴുത്തിലൂടെ നടത്തിയ ശ്രമങ്ങൾ ഒരു പരിധിവരെ സഫലമായിട്ടുണ്ട്. വയനാടൻ കാടുകളിലെ വർത്തമാന ജീവിതാവസ്ഥകളെക്കുറിച്ച് എഴുതണമെന്ന് അവിടത്തെ സ്ത്രീകളടക്കമുള്ളവർ ഇപ്പോഴും ആവശ്യപ്പെടാറുണ്ട്. തിരുനെല്ലി യാത്രയിലൂടെ പഴയകാല സൗഹൃദങ്ങൾ വിളക്കിച്ചേർക്കുന്നതിൽ വത്സലടീച്ചർ ആനന്ദം കണ്ടെത്തുന്നു.
കഥക്കൂട്ടിന് പ്രകൃതിയും
കഥയെഴുത്തിൽ പ്രകൃതിയുടെ ഭാവവൈവിധ്യങ്ങളെ വളരെ സമർഥമായാണ് വത്സല സന്നിവേശിപ്പിക്കുന്നത്. നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിന്റെ തുടക്കം ‘നോക്കി നിന്ന പുളിമരം കണ്ണീർ വാർത്തു’ എന്നാണ്. അടികൊണ്ടു കരയുന്ന മാധവിയുടെ സങ്കടം വിവരിക്കാൻ ഇതിൽ കൂടുതലൊന്നും വേണ്ട.
താഴ്‍വരയിൽ കനത്ത ദുഃഖത്തോടെ മഴ കരഞ്ഞുകൊണ്ടിരുന്നു. ചീത്ത പുൽക്കുടിലുകളുടെ കൺപീലികളിലൂടെ നീർ വീണു (കൂമൻകൊല്ലി) വേനൽ പഴുപ്പിച്ച ഭൂമി മുൻപിൽ ചലനമറ്റുകിടന്നു (നിഴലുറങ്ങുന്ന വഴികൾ) തുടങ്ങി ഉദാഹരണങ്ങൾ ഏറെ.
പ്രകൃതിയുടെ വന്യഭാവങ്ങളും പച്ചപ്പും എന്നും അവരുടെ ഇഷ്ടപ്പെട്ട ക്യാൻവാസായി. അതിനുള്ളിൽ കഴിയുന്ന മനുഷ്യർ പ്രിയപ്പെട്ട കഥാപാത്രങ്ങളും. പ്രകൃതിയോടുള്ള സ്നേഹം വയനാടൻ വാസം മുതലേയുണ്ടെന്ന് ടീച്ചർ. ‘ന്യൂയോർക്കിലുള്ള മകൻ അരുണിന്റെ വീട് കാടിന്റെ നടുക്കാണ്. മുറ്റത്തു മാനുകൾ മേയാനെത്തും. അവിടെ പോകുമ്പോഴെല്ലാം ആ കാനന സൗന്ദര്യം വല്ലാതെ കൊതിപ്പിക്കാറുണ്ട്’.
പ്രിയം വായനക്കാരോട്
‘കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നിന്നൊരു പെൺകുട്ടി ഫോൺ ചെയ്തിരുന്നു. അവർ ഇരുപത്തിയഞ്ചാമത്തെ തവണയാണത്രേ എന്റെ നെല്ല് എന്ന നോവൽ വായിക്കുന്നത്. സന്തോഷം പങ്കിടാൻ വിളിച്ചതാണ്. അതുകേട്ടപ്പോൾ ഉണ്ടായ സന്തോഷത്തെക്കാൾ വലുതല്ല അവാർഡുകളൊന്നും. അതുപോലെ മിക്ക ദിവസങ്ങളിലും വായനക്കാരിൽ പലരും വിളിച്ചു വായനാനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്’. അവാർഡുകളും ബഹുമതികളും ഒട്ടേറെ ലഭിച്ചിട്ടുണ്ടെങ്കിലും വത്സല ഏറ്റവും അമൂല്യമായി കരുതുന്നത് ജനങ്ങളുടെ അംഗീകാരംതന്നെ.