മരിക്കുമെന്നുറപ്പായവനു ജീവൻ തിരിച്ചുനൽകിയ ദൈവം. രജീഷ്കുമാറിനും കുടുംബത്തിനും എസ്. റിയാസ് അങ്ങനെയാണ്. പത്തനംതിട്ട മൂഴിയാർ ഡാം സേഫ്റ്റി വിഭാഗം ഡ്രൈവറാണു രജീഷ്. റിയാസ്, അടൂർ കെഎപി (കേരള ആംഡ് പൊലീസ്) മൂന്നാം ബറ്റാലിയൻ കോൺസ്റ്റബിളും. പ്രളയകാലത്തു മൊട്ടിട്ട ആ ‘ജീവന്മരണ’ ബന്ധത്തെക്കുറിച്ച് അവർ പറഞ്ഞത്, കഴിഞ്ഞദിവസം സൗഹൃദം പുതുക്കാൻ ഒത്തുചേർന്നപ്പോൾ.
ഓഗസ്റ്റ് 17. കനത്ത മഴ, ഇരുട്ട്, ചുറ്റും കാട്ടുമൃഗങ്ങൾ.. വീണു കിടക്കുകയാണ് രജീഷ്. മൂഴിയാറിൽ നിന്ന് 20 കിലോമീറ്റർ അകലെ കക്കി ഡാം സൈറ്റിലായിരുന്നു ഡ്യൂട്ടി. ഉരുൾപൊട്ടലിൽ നാട്ടിൽ തന്റെ വീട് തകർന്നെന്നറിഞ്ഞപ്പോൾ അവിടേക്കു പുറപ്പെട്ടതാണ്. പക്ഷേ, വഴിയിൽ മണ്ണിടിഞ്ഞു റോഡ് തകർന്നു. കാട്ടുവഴിയിലേക്കു തിരിഞ്ഞപ്പോൾ മൃഗങ്ങളെ കണ്ടു പേടിച്ചോടി. വഴി തെറ്റി. കിലോമീറ്ററുകൾ ഓടിത്തളർന്നു, വീണുപോയി.
രജീഷിനെ കാണാതെ കെഎസ്ഇബി സഹപ്രവർത്തകർ പേടിച്ചു. ഫോണും കിട്ടുന്നില്ല. തിരച്ചിൽ പിറ്റേന്നത്തേക്കു മാറ്റാമെന്നു ഫയർഫോഴ്സും കയ്യൊഴിഞ്ഞപ്പോഴാണു റിയാസ് വന്നത്. എല്ലാവരും പിന്മാറിയ വഴിയിലൂടെ റിയാസ് നടന്നു. കൂട്ടിന്, കാട് പരിചയമുള്ള കെഎസ്ഇബി വാച്ചർ കാശിയും. രാത്രി ഉൾവനത്തിലൂടെ മൂന്നു കിലോമീറ്റർ പിന്നിട്ടപ്പോൾ രജീഷിനെ കണ്ടെത്തി. ബോധംകെട്ടു കിടക്കുന്നു.
തോളിൽ ചുമന്ന് ഒരു കിലോമീറ്റർ നടന്നു. അപ്പോഴേക്കും വീണ്ടും മണ്ണിടിഞ്ഞു വഴിയടഞ്ഞു. രജീഷിനെ റോഡരികിൽ ഇരുത്തി, റിയാസ് പൊലീസ് ഗാർഡ് റൂമിലേക്ക് ഓടി. തുടർന്ന്, എല്ലാവരുടെയും സഹായത്തോടെ രജീഷിനെ പുറത്തെത്തിച്ചു. മഴയിൽ മരവിച്ച രജീഷിന്റെ ശരീരം സാധാരണ നിലയിലാക്കാൻ റിയാസ് തന്നെ പ്രഥമ ശുശ്രൂഷ നൽകി. കഥ തീർന്നപ്പോൾ റിയാസിന്റെ വാക്കുകൾ; ഇങ്ങനെ എത്രയോ േപരാണു പ്രളയകാലത്ത് രക്ഷകരായത്. അങ്ങനെയല്ലേ മനുഷ്യർ വേണ്ടത്.