മകളുടെ നിക്കാഹ് കഴിഞ്ഞ് രണ്ടാം ദിവസം രാത്രി, ബന്ധുവീട്ടിലെ ചടങ്ങിനുശേഷം മടങ്ങുമ്പോഴാണു താജുദീനെയും കുടുംബത്തെയും രണ്ടു ജീപ്പുകളിലായി എത്തിയ പൊലീസ് തടഞ്ഞത്. മാല മോഷണക്കേസിലെ ചോദ്യം ചെയ്യലിനെന്ന പേരിൽ പൊലീസ് കൊണ്ടുപോയ താജുദീൻ പിന്നീട് പുറത്തിറങ്ങിയത് 54 ദിവസത്തിനുശേഷം. ഗൾഫിലെ ബിസിനസും മക്കളുടെ വിദ്യാഭ്യാസവും ഉൾപ്പെടെ എല്ലാം തകർന്ന, വേദനയും അപമാനവും നിറഞ്ഞ 54 ദിവസങ്ങൾക്കൊടുവിൽ പൊലീസ് അയാളോടു പറഞ്ഞു: ‘നിങ്ങൾ നിരപരാധിയായിരുന്നു’.
20 വർഷമായി ഖത്തറിൽ ചെറിയ ബിസിനസ്സുകൾ നടത്തുന്ന കണ്ണൂർ കതിരൂർ പുല്യോട് സിഎച്ച് നഗർ സ്വദേശി താജുദീൻ ജൂൺ 25ന് നാട്ടിൽ എത്തിയത് വലിയ സ്വപ്നങ്ങളുമായാണ്. മകളുടെ വിവാഹം, പുതുതായി വാങ്ങിയ വീടിന്റെ ഇടപാടുകൾ പൂർത്തിയാക്കുക, മകനു ഡിഗ്രിക്ക് ബാംഗ്ലൂരിൽ അഡ്മിഷൻ എടുക്കുക എന്നിവ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചെയ്തു തീർത്ത് ബാക്കിസമയം കുടുംബത്തോടൊപ്പം ചെലവഴിക്കുക. ജൂലൈ എട്ടിനു മകളുടെ നിക്കാഹ് കഴിഞ്ഞു. 10ന് രാത്രി കുടുംബത്തോടൊപ്പം പോകുമ്പോഴാണു വീടിനു സമീപം രണ്ടു ജീപ്പുകളിൽ കാത്തുനിന്ന സംഘം കൈ കാണിച്ചത്. കാറിൽ നിന്നിറങ്ങിയപ്പോഴാണ് അതു പൊലീസാണെന്നു മനസ്സിലായത്. ജീപ്പിന്റെ ടയർ ചെളിയിൽ പുതഞ്ഞെന്നും സഹായിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. താജുദീൻ പുറത്തിറങ്ങിയപ്പോൾ ചില പൊലീസുകാർ മൊബൈലിൽ ഫോട്ടോ എടുക്കാൻ തുടങ്ങി. ഇതെക്കുറിച്ച് ചോദിച്ച് അവരുമായി തർക്കമായപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന എസ്ഐ ചില സിസിടിവി ദൃശ്യങ്ങൾ താജുദീന്റെ ഭാര്യയെയും മകനെയും കാണിച്ചത്. സ്കൂട്ടറിൽ ഒരാൾ പോകുന്ന ദൃശ്യങ്ങളിലുള്ള വ്യക്തി ആരെന്നായിരുന്നു ചോദ്യം. താജുദീനാണെന്നു തോന്നുന്നതായി അവർ മറുപടി നൽകി.
ജൂലൈ 5ന് ചോരക്കളം എന്ന സ്ഥലത്തുവച്ചു വീട്ടമ്മയുടെ അഞ്ചരപ്പവൻ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദീനാണെന്നുമാണ് എസ്ഐ പറഞ്ഞത്. അബദ്ധം പറ്റിയതാണെങ്കിൽ മാലയ്ക്കു പകരം പണം കൊടുത്താൽ കേസ് ഒത്തുതീർപ്പാക്കാമെന്നുമായി പിന്നീട് നിലപാട്. നിരപരാധിത്വം കരഞ്ഞു പറഞ്ഞെങ്കിലും കസ്റ്റഡിയിൽ എടുക്കുകയാണെന്നു പറഞ്ഞ് താജുദീനെ അവർ കൊണ്ടുപോയി. തീരാത്ത കണ്ണീരിലേക്കും അപമാനത്തിലേക്കുമുള്ള യാത്രയാണ് അതെന്ന് ആ കുടുംബത്തിന് അന്നു മനസ്സിലായില്ല.
മാല പൊട്ടിച്ച ആളുടെ സിസിടിവി ദൃശ്യവുമായി സാമ്യം ഉണ്ടെന്ന പേരിലാണു താജുദീനെ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭീഷണിയും അനുനയവും മർദനവും ഉൾപ്പെടെ എല്ലാ മാർഗങ്ങളും പൊലീസ് സ്വീകരിച്ചു. സ്റ്റേഷനിൽ കാണാനെത്തിയ മകന്റെ വാച്ച് സംഭവസമയത്ത് താജുദീൻ ഇട്ടിരുന്നതാണെന്നു പറഞ്ഞ് പൊലീസുകാർ അഴിച്ചു വാങ്ങി. വസ്ത്രങ്ങൾ അഴിപ്പിച്ച് സ്റ്റേഷനിലെ ഒരു മൂലയിൽ ഇരുത്തുകയും മുഖത്ത് അടിക്കുകയും ഒക്കെ ചെയ്തെങ്കിലും അവിടെ തളർന്നാൽ ജീവിതത്തിൽ ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ താജുദീൻ കുറ്റം സമ്മതിച്ചില്ല.
സംഭവസ്ഥലത്ത് തെളിവെടുപ്പിനു കൊണ്ടുപോയപ്പോൾ മൂന്നുപേർ മാല പൊട്ടിച്ചയാൾ താജുദീനാണെന്നു പറഞ്ഞെങ്കിലും രണ്ടു പേർ സംശയം പ്രകടിപ്പിച്ചു. മാല പൊട്ടിച്ചയാൾക്ക് അൽപം കൂടി വണ്ണം ഉണ്ടായിരുന്നതാണു കാരണം. ഇതിനിടയിൽ മാല നഷ്ടപ്പെട്ട വീട്ടമ്മയുടെ കുടുംബത്തെയും താജുദീന്റെ കുടുംബത്തെയും സ്റ്റേഷനിൽ കൊണ്ടുവന്ന് ഒത്തുതീർപ്പിനും പൊലീസ് ശ്രമിച്ചു. അപമാനഭാരത്താൽ ഒരു ഘട്ടത്തിൽ തളർന്നു പോയ താജുദീന്റെ ഭാര്യ പണം നൽകാൻ സമ്മതിച്ചെങ്കിലും ഒത്തുതീർപ്പിനു വഴങ്ങിയാൽ പിന്നെ പൊലീസ് സ്റ്റേഷനിൽ നിന്നൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന താജുദീന്റെ വാക്കുകൾക്കു മുന്നിൽ അവർ അതു വേണ്ടെന്നുവച്ചു.
സംഭവം നടന്ന ദിവസം മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നതിന്റെ തെളിവുകൾ കുടുംബം എത്തിച്ചെങ്കിലും പൊലീസ് അതും കാര്യമാക്കിയില്ല. ബ്യൂട്ടീഷനും വിവാഹപ്പന്തൽ തയാറാക്കുന്ന സ്ഥാപനത്തിലെ സ്ത്രീയുമെല്ലാം താജുദീനെ കണ്ടതായി പറഞ്ഞെങ്കിലും ‘ദൃശ്യം’ സിനിമയുടെ മാതൃകയിൽ അതെല്ലാം താജുദീൻ സൃഷ്ടിക്കുന്ന കള്ളത്തെളിവുകളാണെന്നായിരുന്നു പൊലീസിന്റെ വാദം. മൊബൈൽ ഫോൺ ടവർ ലൊക്കേഷനും താജുദീന് അനുകൂലമായിരുന്നു. പ്രതി സഞ്ചരിച്ച സ്കൂട്ടറിനും പൊട്ടിച്ചെടുത്ത മാലയ്ക്കുമായി ഇതിനിടെ താജുദീന്റെ കുടുംബ വീട്ടിലുൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിദേശത്തു ബിസിനസുള്ള, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള ആൾ മകളുടെ വിവാഹത്തിനു രണ്ടുദിവസം മുൻപ് ഹെൽമറ്റ് പോലും ധരിക്കാതെ ഇങ്ങനെയൊരു കാര്യം ചെയ്യുമോ എന്ന താജുദീന്റെ ചോദ്യത്തിനും പൊലീസിനു മറുപടിയുണ്ടായിരുന്നു. മകളുടെ വിവാഹവും മകന്റെ വിദ്യാഭ്യാസവും വരുത്തിവച്ച സാമ്പത്തിക ബാധ്യത തീർക്കാൻ കുടുംബം അറിയാതെ താജുദീൻ സ്വീകരിച്ച മാർഗമായിരുന്നു മോഷണമെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഇതിനിടെ കോടതിയിൽ ഹാജരാക്കിയ താജുദ്ദീനെ റിമാൻഡ് ചെയ്ത്, തലശ്ശേരി സബ് ജയിലിലേക്കു മാറ്റി.
ഇതുവരെ ഒരു പെറ്റിക്കേസിൽ പോലും പ്രതിയാകാത്ത ഒരാൾ അങ്ങനെ ജയിലിലായി. ഭക്ഷണം പോലും കഴിക്കാൻ ആകാത്ത ദിവസങ്ങൾ. പ്രാർഥനയും കുടുംബത്തെക്കുറിച്ചുള്ള ചിന്തകളുമായിരുന്നു മനസ്സിൽ. ജാമ്യത്തിനു ശ്രമിച്ചെങ്കിലും താജുദീൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും വീണ്ടും സമാന കുറ്റങ്ങൾ ചെയ്യുമെന്നുമുള്ള പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ജാമ്യം ലഭിച്ചില്ല. എടച്ചേരിയിൽ നടന്ന മറ്റൊരു മാല മോഷണക്കേസിൽക്കൂടി താജുദീനെ കുടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തെളിവുകൾ ഉണ്ടാക്കാനാകാത്തതിനാൽ അതു നടന്നില്ല. ഒടുവിൽ 54 ദിവസത്തിനു ശേഷം ഹൈക്കോടതിയിൽ നിന്നാണു ജാമ്യം ലഭിച്ചത്. എങ്ങനെയും നിരപരാധിത്തം തെളിയിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു വീട്ടിലേക്കുള്ള തിരിച്ചുവരവ്.
താജുദീൻ ജയിലിൽ ആയിരുന്നപ്പോൾ ഭാര്യ പത്രസമ്മേളനം നടത്തി കാര്യങ്ങൾ പറഞ്ഞെങ്കിലും അതു കാര്യമായി ഗുണം ചെയ്തില്ല. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ക്യാംപെയ്നും ഇതിനിടെ നടന്നു. കൊണ്ടോട്ടി എംഎൽഎ ടി.വി.ഇബ്രാഹിമും പഴ്സനൽ സെക്രട്ടറിയും താജുദീന്റെ സുഹൃത്തുമായ ഷാഹുൽ ഹമീദ് മണ്ണാർക്കാടും നടത്തിയ ഇടപെടലുകളാണ് കേസിൽ ഗുണം ചെയ്തത്. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കുമെല്ലാം ഇവർ പരാതി നൽകി. സുഹൃത്തുക്കളുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങളിലുള്ള യഥാർഥ ആളെയും ഇതിനിടെ താജുദീൻ കണ്ടെത്തി. ഇയാളുടെ വിവരങ്ങൾ ഉൾപ്പെടെയാണു ഡിജിപിക്കു പരാതി നൽകിയത്. ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതിനും ഒരുമാസം സമയമെടുത്തു. ഒടുവിൽ എംഎൽഎ നേരിട്ടുപോയി ഡിജിപിയെ കണ്ടപ്പോഴാണ് താജുദീൻ നിരപരാധി ആണെന്നും പൊലീസിനു തെറ്റുപറ്റിയെന്ന റിപ്പോർട്ട് എത്തിയതായും അറിയിച്ചത്. കോടതിയിലും പൊലീസ് ഈ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അറസ്റ്റും 54 ദിവസത്തെ ജയിൽജീവിതവും തകർത്തത് താജുദീൻ എന്ന മനുഷ്യനൊപ്പം അയാളുടെ സ്വപ്നങ്ങളും ജീവിതവുമാണ്. ഗൾഫിൽ സമയത്തു മടങ്ങിപ്പോകാൻ കഴിയാതെ ബിസിനസിൽ നഷ്ടമുണ്ടായി. ബാംഗ്ലൂരിൽ അഡ്മിഷൻ എടുക്കേണ്ടിയിരുന്ന മകന്റെ ഈവർഷത്തെ പഠനം മുടങ്ങി. ‘കള്ളന്റെ മകൻ’ എന്നു മറ്റു കുട്ടികൾ കളിയാക്കിയതിനാൽ രണ്ടാം ക്ലാസ്സുകാരനായ ഇളയ മകൻ രണ്ടുമാസമായി സ്കൂളിൽ പോകുന്നില്ല. അധ്യാപകരെത്തി സ്കൂളിലേക്കു കൊണ്ടുപോയാലും അവൻ ഓടി വീട്ടിലെത്തുകയാണ്.
നിക്കാഹ് കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായെങ്കിലും മരുമകനും കുടുംബവും താജുദീന് ഒപ്പം ഉണ്ടായിരുന്നു. ഗൾഫിലെയും നാട്ടിലെയും സുഹൃത്തുക്കളും അയൽവാസികളുമെല്ലാം കുടുംബത്തിന്റെ കൂടെയായിരുന്നു.
‘ഇപ്പോൾ പൊലീസ് പറയുന്നു ഞാൻ പ്രതിയല്ലെന്ന്. ഇത്രയും നാൾ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആരാണു സമാധാനം പറയുക? ഇനി ആർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. പോരാട്ടത്തിന്റെ ഒന്നാം ഘട്ടമേ കഴിഞ്ഞിട്ടുള്ളൂ. നീതിയുടെ എല്ലാ വഴികളിലേക്കും നീങ്ങാനാണ് തീരുമാനം’– താജുദീൻ പറയുന്നു.
നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ ഇതിനു ശേഷമേ താജുദീന്റെ യാത്ര ഉണ്ടാകുകയുള്ളൂ. കോടതിയിൽ നിന്നു പാസ്പോർട്ട് തിരികെ ലഭിക്കുമ്പോൾ വീണ്ടുമൊരു യാത്ര. പുജ്യത്തിൽനിന്ന് എല്ലാം വീണ്ടും ആരംഭിക്കാനുള്ള പ്രവാസം.