2005 ൽ തന്റെ പതിനാറാം വയസ്സിലാണ് ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞ അവസ്ഥയിൽ എറണാകുളം ലിസി ആശുപത്രിയിൽ ശ്രുതി എന്ന പെൺകുട്ടി ആദ്യമായി എത്തുന്നത്. അന്നാണ് ഡോ. റോണി മാത്യുവിന്റെ നേതൃത്വത്തിൽ ആൻജിയോപ്ലാസ്റ്റിയിലൂടെ ഹൃദയധമനിയിലെ തടസ്സം നീക്കിയത്. ‘ടക്കയാസു’ (Takayasu) എന്നൊരു അസുഖം ശ്രുതിയെ

2005 ൽ തന്റെ പതിനാറാം വയസ്സിലാണ് ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞ അവസ്ഥയിൽ എറണാകുളം ലിസി ആശുപത്രിയിൽ ശ്രുതി എന്ന പെൺകുട്ടി ആദ്യമായി എത്തുന്നത്. അന്നാണ് ഡോ. റോണി മാത്യുവിന്റെ നേതൃത്വത്തിൽ ആൻജിയോപ്ലാസ്റ്റിയിലൂടെ ഹൃദയധമനിയിലെ തടസ്സം നീക്കിയത്. ‘ടക്കയാസു’ (Takayasu) എന്നൊരു അസുഖം ശ്രുതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2005 ൽ തന്റെ പതിനാറാം വയസ്സിലാണ് ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞ അവസ്ഥയിൽ എറണാകുളം ലിസി ആശുപത്രിയിൽ ശ്രുതി എന്ന പെൺകുട്ടി ആദ്യമായി എത്തുന്നത്. അന്നാണ് ഡോ. റോണി മാത്യുവിന്റെ നേതൃത്വത്തിൽ ആൻജിയോപ്ലാസ്റ്റിയിലൂടെ ഹൃദയധമനിയിലെ തടസ്സം നീക്കിയത്. ‘ടക്കയാസു’ (Takayasu) എന്നൊരു അസുഖം ശ്രുതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2005 ൽ തന്റെ പതിനാറാം വയസ്സിലാണ് ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞ അവസ്ഥയിൽ എറണാകുളം ലിസി ആശുപത്രിയിൽ ശ്രുതി എന്ന പെൺകുട്ടി ആദ്യമായി എത്തുന്നത്. അന്നാണ് ഡോ. റോണി മാത്യുവിന്റെ നേതൃത്വത്തിൽ ആൻജിയോപ്ലാസ്റ്റിയിലൂടെ ഹൃദയധമനിയിലെ തടസ്സം നീക്കിയത്.

‘ടക്കയാസു’ (Takayasu) എന്നൊരു അസുഖം ശ്രുതിയെ ബാധിച്ചിരിക്കുന്നതായി പല പരിശോധനകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. അമിതമായ രക്തസമ്മർദം, ഒരു വൃക്കയുടെ അഭാവം, ഇടതു കയ്യിലേക്കുള്ള രക്തധമനിയുടെ ചുരുക്കം ഇതെല്ലാം ശ്രുതിയിൽ കണ്ടു.

ADVERTISEMENT

പിന്നീടുള്ള വർഷങ്ങളിൽ ശ്വാസതടസ്സവുമായി പലതവണ ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന ചോദ്യത്തിനു മുൻപിൽ ശ്രുതിയും അവളുടെ സ്നേഹനിധികളായ മാതാപിതാക്കളും പകച്ചുനിന്നു. ഹൃദയത്തിന്റെ പ്രവർത്തനം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂ എന്നും ഉൾക്കൊള്ളാൻ അവർക്കു നാളുകൾ വേണ്ടിവന്നു.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തധമനികളിൽ ചുരുക്കമുണ്ടാക്കുന്ന സങ്കീർണമായ ‘ടക്കയാസു’ മൂലം ഹൃദയപരാജയം സംഭവിക്കുന്ന വ്യക്തികളിൽ ലോകത്ത് അപൂർവമായേ ഹൃദയം മാറ്റിവയ്ക്കൽ നടന്നിട്ടുള്ളൂ. രക്തധമനികളുടെ മോശമായ അവസ്ഥയും വൃക്കയുടെ പ്രവർത്തനക്കുറവുമെല്ലാം ഇത്തരമൊരു ശസ്ത്രക്രിയയിൽനിന്നു വൈദ്യശാസ്ത്രത്തെ പൊതുവേ പിന്തിരിപ്പിക്കുന്നു.

എങ്കിലും ആ പുഞ്ചിരിക്കുന്ന മുഖവും ദൈന്യഭാവത്തിലുള്ള നോട്ടവും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം സ്നേഹപരിലാളനകളും അവളുടെ ജീവനു നൽകുന്ന വലിയൊരു വിലയായി ആ ദൗത്യം ഏറ്റെടുക്കാൻ ഞങ്ങൾക്കു പ്രചോദനം നൽകി.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പ്രാരംഭ നടപടികൾക്കും പരിശോധനകൾക്കുമായി ശ്രുതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഹൃദയത്തിന്റെ പ്രവർത്തനം വെറും 18% മാത്രം. ജന്മനാ ഒരു വൃക്കയുമായുള്ള ജീവിതം. ഉള്ള വൃക്കയിലേക്കുള്ള രക്തസമ്മർദം പ്രതീക്ഷിച്ചതിലും കൂടുതൽ. എങ്കിലും ടക്കയാസു ബാധിതരിൽ ഏഷ്യയിൽ ആദ്യമായി നടത്തുന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്ന സാഹസത്തിനു ഞങ്ങൾ തയാറെടുത്തു.

ADVERTISEMENT

‘മൃതസഞ്ജീവനി’യിൽ പേരു റജിസ്റ്റർ ചെയ്തുള്ള കാത്തിരിപ്പായി പിന്നെ. 2013 സെപ്റ്റംബർ 23നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയായ നാൽപത്തിനാലുകാരന്റെ ഹൃദയമാണു ശ്രുതിക്കു ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ.ജയകുമാറിന്റെ സഹായത്തോടെ ലാലിച്ചന്റെ ഹൃദയം അടർത്തിയെടുത്ത് പൊലീസ് അകമ്പടിയോടെ കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള അതിവേഗയാത്ര. സമയം വൈകുന്നേരം നാലു മണി. സ്കൂൾ വിട്ട സമയത്തെ തിരക്കിനിടയിലൂടെ 53 മിനിറ്റു കൊണ്ട് ഞങ്ങൾ ലിസി ആശുപത്രിയിലെത്തി. ഞങ്ങൾ എത്തുമ്പോഴേക്കും ഓപ്പറേഷൻ തിയറ്റർ സജ്ജമായിക്കഴിഞ്ഞിരുന്നു.

ശ്രുതിയുടെ പരാജയപ്പെട്ട ഹൃദയം മുറിച്ചുമാറ്റി പുതിയ ഹൃദയം തുന്നിപ്പിടിപ്പിക്കുമ്പോൾ അവളുടെ ശരീരത്തിലെ മറ്റ് അവയവങ്ങൾ പുതിയ ഹൃദയത്തെ എങ്ങനെ സ്വീകരിക്കും എന്ന സന്ദേഹം ഞങ്ങളിൽ ശക്തമായിരുന്നു. ഏറ്റവും അലട്ടിയത് വൃക്കയുടെ പ്രവർത്തനമായിരുന്നു.

ശ്രുതി

പുതിയ ഹൃദയം തുന്നിച്ചേർത്ത ശേഷം ഹാർട്ട് ലങ് മെഷീനിൽനിന്നു ഹൃദയത്തെ വിഘടിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. വീണ്ടും ആ യന്ത്രത്തിന്റെ നിയന്ത്രണത്തിലായി അവളുടെ ഹൃദയവും ശ്വാസകോശവും. ഹൃദയത്തിന്റെ വലത്തേ അറ ഒരു ബലൂൺ പോലെ വികസിച്ച് പ്രവർത്തനരഹിതമാകുന്ന അവസ്ഥ. ശ്വാസകോശത്തിന്റെ അമിത സമ്മർദം താങ്ങാനാവാതെ ആ മാംസപേശികൾ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പലപ്പോഴും ഹൃദയദാതാവിന്റെ ഹൃദയധമനികളിൽ ചുരുക്കമുണ്ടോ എന്നറിയാതെയാണ് ഹൃദയം നാം സ്വീകരിക്കുക. ദാതാക്കൾ ചെറുപ്പക്കാരാണെങ്കിൽ പ്രത്യേകിച്ചും.

ഏതോ ഒരു നിയോഗം പോലെ, ഹൃദയത്തിന്റെ വലത്തേ രക്തധമനിയിൽ ചുരുക്കമുണ്ടാവാം എന്ന ചിന്ത മനസ്സിലൂടെ കടന്നുവന്നു. കാലിൽനിന്ന് ഒരു ധമനിയെടുത്തു ഹൃദയത്തിന്റെ വലത്തേ രക്തധമനിയിൽ ഒരു ബൈപാസ് കൂടി നിർവഹിച്ചു. അദ്ഭുതമെന്നേ പറയേണ്ടൂ, ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി; ശക്തിയോടെ, ശ്രുതിയുടെ നെഞ്ചിൽ ഒരു താളമായി, ജീവന്റെ പുതുനാളമായി.

ADVERTISEMENT

എന്നാൽ, വെല്ലുവിളികൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യത്തെ 48 മണിക്കൂറിനുള്ളിൽത്തന്നെ അവളുടെ വൃക്കയുടെ പ്രവർത്തനം നിശ്ചലമായി. രക്തസമ്മർദം സാധാരണ നിലയിൽ നിലനിർത്താൻ ഏറെ പണിപ്പെടേണ്ടിവന്നു. മാറ്റിവച്ച ഹൃദയത്തെ ശരീരം തിരസ്കരിക്കാതിരിക്കാൻ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായി, വൃക്കകളുടെ പ്രവർത്തനം ത്വരിതപ്പെടുത്താൻ സാധാരണ ഉപയോഗിക്കുന്ന ബലൂൺ പമ്പ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ.

ശ്രുതിക്കു ഡയാലിസിസ് ആവശ്യമാണെന്നു മാതാപിതാക്കളോടു പറയേണ്ടി വന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാകുന്ന വൃക്കപരാജയവും ഡയാലിസിസിന്റെ ആവശ്യകതയുമൊക്കെ, ശസ്ത്രക്രിയ പരാജയപ്പെടാനുള്ള വലിയ കാരണങ്ങളാണെന്ന് ഞങ്ങൾക്കെല്ലാം വ്യക്തമായി അറിയാമായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ, അവൾ കിടന്നിരുന്ന തീവ്രപരിചരണ വിഭാഗത്തിൽത്തന്നെ പല പ്രാവശ്യം ഡയാലിസിസ് നിർവഹിക്കേണ്ട സാഹചര്യമുണ്ടായി. ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥ. ആ പുഞ്ചിരിക്കുന്ന മുഖത്തെ ഭാവഭേദം ഞങ്ങൾക്കു താങ്ങാനാകുമായിരുന്നില്ല.

നാലു ദിവസത്തെ ഡയാലിസിസ് കഴിഞ്ഞപ്പോൾ മാറ്റങ്ങൾ കണ്ടുതുടങ്ങി. വൃക്കയുടെ പ്രവർത്തനം പതുക്കെ പുനരാരംഭിച്ചു. തീവ്രപരിചരണ വിഭാഗത്തിലെ ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം അവൾ പുതിയ ഹൃദയത്തെ സ്വീകരിക്കാൻ തുടങ്ങി. പിന്നെ വാർഡിലേക്കുള്ള മാറ്റം, മരുന്നുകളുടെ പ്രവർത്തനക്ഷമതയുടെ പരിശോധനകൾ, ഹൃദയത്തിലെ മാംസപേശികളുടെ ബയോപ്സി പരിശോധനകൾ... എല്ലാം ഒന്നിനു പിറകെ ഒന്നായി നടന്നു.

ഏകദേശം ഒരു മാസത്തിനു ശേഷം 2013 ഒക്ടോബർ 21ന് ആശുപത്രി വിടുമ്പോൾ, ഏഷ്യയിൽ ആദ്യമായി വിജയകരമായി ഹൃദയം മാറ്റിവയ്ക്കപ്പെട്ട ടക്കയാസു വ്യക്തിയായി ശ്രുതി.

ഒരു റിയൽ എസ്റ്റേറ്റ് ബ്യൂറോയിൽ ക്ലാർക്കായി ജോലി നോക്കിയിരുന്ന ശ്രുതി ആശുപത്രി വിടുമ്പോൾ അവളെ യാത്രയാക്കാൻ വന്നത് നടൻ ദുൽഖർ സൽമാനും സംവിധായകൻ രഞ്ജിത്തുമാണ്. ദുൽഖർ അവൾക്കു സമ്മാനിച്ചതോ, അവളുടെ ജോലി വീട്ടിലിരുന്നു ചെയ്യാനുള്ള ലാപ്ടോപ്പും.

ശ്രുതിമീട്ടി പുതിയ ഹൃദയവുമായി സ്വന്തം വീട്ടിലേക്കു മടങ്ങിയ ശ്രുതിയുടെ ജീവതാളത്തിനു ഭംഗം വരുത്തുന്ന പല സംഭവങ്ങളും ശസ്ത്രക്രിയയ്ക്കു ശേഷം അവളെ വളരെയധികം ബുദ്ധിമുട്ടിച്ചു. ഏകദേശം ഒരു വർഷത്തിനു ശേഷം പല്ലുവേദനയുമായി ആശുപത്രിയിൽ അഡ്മിറ്റായ ശ്രുതിയെ കണ്ടപ്പോൾ ഞങ്ങൾ ഭയന്നുപോയി. നീരു വന്ന് തിരിച്ചറിയാനാവാത്ത മുഖം. ഹൃദയത്തെ തിരസ്കരിക്കാതിരിക്കാൻ കഴിക്കുന്ന മരുന്നുകൾ ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുന്ന സാഹചര്യത്തിൽ ഈ അവസ്ഥയെ അവൾ എങ്ങനെ നേരിടുമെന്നു ഞങ്ങൾക്ക് ആശങ്ക തോന്നി. അവളുടെ ജീവനും ആരോഗ്യവും വീണ്ടും വിധിയുടെ തുലാസിൽ.

ഇത്തവണ അവളുടെ രക്ഷയ്ക്കെത്തിയത് ഞങ്ങളുടെ ഇഎൻടി സർജൻ ഡോ. റീന വർഗീസ്. വീണ്ടും സമയോചിതമായ ശസ്ത്രക്രിയ. ശക്തിയേറിയ ആന്റിബയോട്ടിക്കുകളുടെ പ്രവർത്തനം. ഏകദേശം രണ്ടാഴ്ച കൊണ്ട് ശ്രുതിയുടെ താളം തിരികെ കൊണ്ടുവരാൻ ഞങ്ങൾക്കു കഴിഞ്ഞു. ആശ്വാസം!

അവളുടെ ദുർഘടയാത്ര അവിടെ അവസാനിച്ചില്ല. ഹൃദയം തിരസ്കരിക്കപ്പെടുന്നു എന്ന ബയോപ്സി റിപ്പോർട്ടുകൾ വന്നു. ആശുപത്രിപ്രവേശം. അതിതീവ്രമായ മരുന്നുകളുടെ ആവശ്യകത. എല്ലാം ഒരു മന്ദഹാസത്തോടെ നേരിട്ടു ശ്രുതി. അവൾക്കു താങ്ങായി അമ്മ ശാന്തയും അച്ഛൻ ശശിയും സഹോദരി ഷാലുവും.

സാധാരണ പരിശോധനയുടെ ഭാഗമായി ചെയ്ത ആൻജിയോഗ്രാം ഞങ്ങളെ അതിശയിപ്പിച്ചു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയോട് അനുബന്ധിച്ചു വലതുവശത്തെ രക്തധമനിയിൽ ചെയ്തിരുന്ന ബൈപാസ് നൂറു ശതമാനം ഭംഗിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഇടതു രക്തധമനിയിൽ തൊണ്ണൂറു ശതമാനം ബ്ലോക്ക്. ഒരുപക്ഷേ, ആ ബ്ലോക്കുമായിട്ടായിരിക്കാം ശ്രുതി കഴിഞ്ഞ മൂന്നു വർഷവും സാധാരണ ജീവിതം നയിച്ചിരുന്നതെന്നു ഞങ്ങൾക്കു തോന്നി. 

അങ്ങനെ 2016 ഓഗസ്റ്റ് 17ന് ശ്രുതിയുടെ മാറ്റിവച്ച ഹൃദയത്തിലെ രക്തധമനി ചുരുക്കത്തിന് ഡോ. റോണി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു ആൻജിയോപ്ലാസ്റ്റി കൂടി ചെയ്തു. പിന്നീട് 2019ൽ ചെയ്ത ആൻജിയോഗ്രാമിൽ വലതു രക്തധമനിയിലെ ബൈപാസും ഇടതു രക്തധമനിയിലെ ആൻജിയോപ്ലാസ്റ്റിയും നൂറു ശതമാനവും ഭംഗിയായി പ്രവർത്തിക്കുന്നതു കണ്ടു. അദ്ഭുതമെന്നല്ലാതെ എന്തു പറയാൻ!

2013ലും 2019ലും അവളുടെ കാലുകളെ നീർക്കെട്ട് അലട്ടിയിരുന്നു. നടക്കാനാവാതെ, ജോലിക്കു പോകാനാവാതെ വീട്ടിലിരിക്കേണ്ടി വന്ന ആഴ്ചകൾ. മാംസപേശികൾക്കു രോഗബാധയും നീർക്കെട്ടും വന്നതിനാൽ മരുന്നുകൾ കഴിക്കേണ്ടിവന്ന നാളുകൾ. അതിനിടെ കാഴ്ചയ്ക്കുണ്ടായ തകരാർ പരിഹരിക്കാൻ 2015ൽ ഡോ. ലത മാത്യുവിന്റെ ചികിത്സ.

കഴിഞ്ഞ ദിവസം ചെവിയുടെ പിറകിലുണ്ടായ രോഗബാധയുടെ ചികിത്സയ്ക്കായി ശ്രുതിയെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോഴാണ് അവളുടെ ജീവിതത്തിലൂടെ ഞാനും എന്റെ സഹപ്രവർത്തകരും വീണ്ടും സഞ്ചരിച്ചത്. അവളുടെ ശസ്ത്രക്രിയ ആറു മണിക്കൂർ കൊണ്ടാണ് ഡോ. റീന വർഗീസും സഹപ്രവർത്തകരും ചേർന്നു പൂർത്തിയാക്കിയത്. ആ ശസ്ത്രക്രിയയ്ക്കു ശ്രുതിയുടെ വീട്ടുകാരിൽനിന്നു പണമൊന്നും വാങ്ങേണ്ടതില്ലെന്ന ആശുപത്രി ഡയറക്ടർ ഫാ.പോൾ കരേടന്റെ തീരുമാനം ഞങ്ങളെയെല്ലാം വളരെ സന്തോഷിപ്പിച്ചു.

അതീവ ഗുരുതരമായ ഒരു രോഗത്തെ ഇത്രയും ധൈര്യസമേതം അഭിമുഖീകരിച്ച വ്യക്തികളും കുടുംബങ്ങളും ഒരുപക്ഷേ, വളരെ വിരളമാകാം. അവരുടെ ആത്മവിശ്വാസവും ജീവിതത്തോടുള്ള അത്യധികമായ അഭിനിവേശവുമാണ് ആരും അസാധ്യമെന്നു കരുതുന്ന ഈ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഞങ്ങളുടെ ടീം അംഗങ്ങൾക്കു പ്രചോദനം നൽകിയത്. ശ്രുതി നടന്ന വഴികളും അതിജീവിച്ച പ്രതിബന്ധങ്ങളുമെല്ലാം നമുക്കെല്ലാവർക്കും ഒരു പ്രചോദനമായിരിക്കും.

അവളോടൊപ്പം സഞ്ചരിച്ച ഒട്ടേറെ സംഘടനകളും വ്യക്തികളുമുണ്ട്. ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം വർഷങ്ങളോളം അവൾ പ്രവർത്തിച്ച ഒരു റിയൽ എസ്റ്റേറ്റ് ബ്യൂറോ, പിന്നീട് അവളുടെ തന്നെ മേഖലയായ മുളന്തുരുത്തിയിലെ നീതി ലബോറട്ടറിയിലെ ടെക്‌നിക്കൽ ജോലി, ഇപ്പോൾ അവൾ ഫൊട്ടോഗ്രഫറായി ജോലി ചെയ്യുന്ന ആരക്കുന്നത്തെ ഡ്രീംസ് സ്റ്റുഡിയോ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ വാർഡ് മെംബർ കൂടിയായ ജെസി സന്തോഷ്, പൊതുപ്രവർത്തകരായ ബെന്നി പൊന്നാങ്കുഴി, ബിബി പൗലോസ്, എസ്എൻഡിപി ഭാരവാഹികളായ ഷാജി, നന്ദനൻ, ശിവരാമൻ, എന്നിവരും ഹാർട്ട് കെയർ ഫൗണ്ടേഷനുമെല്ലാം സമൂഹത്തിനു നൽകുന്ന സന്ദേശം എത്ര വലുതാണ്!

ആ സന്ദേശത്തിന്റെ കൈപിടിച്ചാണ് പുതിയ ഹൃദയവുമായി ശ്രുതി ഇപ്പോൾ എട്ടാം വർഷത്തിലേക്കു കടന്നിരിക്കുന്നത്.

തുടരും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT