സ്വാതന്ത്ര്യത്തിന്റെ പുലരി ഉദിക്കുന്നതു കാണാൻ നിമിഷങ്ങളെണ്ണി കാത്തിരുന്ന രാജ്യവും ജനതയും. 1947 ഓഗസ്റ്റ് 14; സമയസൂചികൾക്ക് വേഗം കുറഞ്ഞ ദിവസം. അന്നു രാത്രിയും പിറ്റേന്നുമായി മൂന്നിടങ്ങളിലായി നടന്ന സംഭവങ്ങളിലൂടെ ഒരു യാത്ര...India Independence, India Independence manorama news, India Independence Nehru

സ്വാതന്ത്ര്യത്തിന്റെ പുലരി ഉദിക്കുന്നതു കാണാൻ നിമിഷങ്ങളെണ്ണി കാത്തിരുന്ന രാജ്യവും ജനതയും. 1947 ഓഗസ്റ്റ് 14; സമയസൂചികൾക്ക് വേഗം കുറഞ്ഞ ദിവസം. അന്നു രാത്രിയും പിറ്റേന്നുമായി മൂന്നിടങ്ങളിലായി നടന്ന സംഭവങ്ങളിലൂടെ ഒരു യാത്ര...India Independence, India Independence manorama news, India Independence Nehru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യത്തിന്റെ പുലരി ഉദിക്കുന്നതു കാണാൻ നിമിഷങ്ങളെണ്ണി കാത്തിരുന്ന രാജ്യവും ജനതയും. 1947 ഓഗസ്റ്റ് 14; സമയസൂചികൾക്ക് വേഗം കുറഞ്ഞ ദിവസം. അന്നു രാത്രിയും പിറ്റേന്നുമായി മൂന്നിടങ്ങളിലായി നടന്ന സംഭവങ്ങളിലൂടെ ഒരു യാത്ര...India Independence, India Independence manorama news, India Independence Nehru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യത്തിന്റെ പുലരി ഉദിക്കുന്നതു കാണാൻ നിമിഷങ്ങളെണ്ണി കാത്തിരുന്ന രാജ്യവും ജനതയും. 1947 ഓഗസ്റ്റ് 14; സമയസൂചികൾക്ക് വേഗം കുറഞ്ഞ ദിവസം. അന്നു രാത്രിയും പിറ്റേന്നുമായി മൂന്നിടങ്ങളിലായി നടന്ന സംഭവങ്ങളിലൂടെ ഒരു യാത്ര...

1947 ഓഗസ്റ്റ് 14, രാത്രി 11 മണി 

ADVERTISEMENT

പാർലമെന്റ് മന്ദിരമെന്ന് ഇന്നു നാം വിളിക്കുന്ന ഡൽഹിയിലെ കൗൺസിൽ മന്ദിരത്തിൽ ഡോ.രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ അഞ്ചാം സമ്മേളനം ആരംഭിക്കുമ്പോൾ സ്വാതന്ത്ര്യത്തിന് ഒരു മണിക്കൂർ കൂടി. 

സുചേത കൃപലാനിയുടെ വന്ദേമാതരം ആലാപനത്തോടെ സമ്മേളനം ആരംഭിച്ചു. തുടർന്നു ഹിന്ദിയും ഉറുദുവും ചേർന്ന ഹിന്ദുസ്ഥാനിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തിൽ രാജേന്ദ്രപ്രസാദ് മൂന്നു ശക്തികളെ സ്മരിച്ചു – രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിധാതാവിനെ, സ്വാതന്ത്ര്യത്തിനുവേണ്ടി കൊലക്കയറിലേറിയ രക്തസാക്ഷികളെ, സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിയെ. 

മൂന്നാമത്തെ ശക്തിയായ വ്യക്തി ആ സമയം 1500 കിലോമീറ്റർ അകലെ കൽക്കട്ടയിലെ ഒരു വീട്ടിൽ ഉറക്കം വരാതെ ഇരിക്കുകയായിരുന്നു. ഇനിയുള്ള ഒരു മണിക്കൂറിനെ അദ്ദേഹം മറ്റൊന്നായാണു കണ്ടത് – രാജ്യവിഭജനത്തിന് ഒരു മണിക്കൂർ. 

വർഗീയാടിസ്ഥാനത്തിലുള്ള വിഭജനതീരുമാനവും തുടർന്നുനടന്ന കൂട്ടക്കൊലയും മഹാത്മജിയെ കൊടുംദുഃഖത്തിലേക്കു തള്ളിവിട്ടിരുന്നു. സ്വാതന്ത്ര്യദിന സന്ദേശത്തിനായി സമീപിച്ച റേഡിയോ റിപ്പോർട്ടറെ ‘‘ഞാൻ വരണ്ടുപോയി’’ (I have gone dry) എന്നു പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നു. 

ADVERTISEMENT

എങ്കിലും തന്റെ ഉപവാസസമരത്തെത്തുടർന്നു കൽക്കട്ടയിലെ വർഗീയലഹള അടങ്ങിയെന്നറിഞ്ഞപ്പോൾ മനസ്സിൽ ചെറിയൊരാഗ്രഹം ഉടലെടുത്തു – രഹസ്യമായി അതൊന്നുകണ്ട് ഉറപ്പുവരുത്തിയാലോ? 

അടുത്തമുറിയിൽ കിടന്നുറങ്ങുകയായിരുന്ന, തന്റെ സന്തതസഹചാരിയും യുപിഐ വാർത്താ ഏജൻസിയുടെ ലേഖകനുമായ ശൈലേൻ ചാറ്റർജിയെ വിളിച്ചുണർത്തി. ആരെയും അറിയിക്കാതെ 11 മണിയോടെ ഇരുവരും ഒരു കാറിൽ നഗരം ചുറ്റാനിറങ്ങി. തിരിച്ചറിയാതിരിക്കാൻ ബാപ്പു തലയിൽ തുണിയിടുകയും ചെയ്തു. (1996ൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ഫീച്ചറിനുവേണ്ടി അഭിമുഖം നടത്തിയപ്പോൾ ശൈലേൻ തന്നെയാണ് ഇക്കാര്യം ഈ ലേഖകനോടു പറഞ്ഞത്.) 

അതെ, രാഷ്ട്രം മുഴുവൻ സ്വാതന്ത്ര്യാഹ്ലാദത്തിൽ മുഴുകുമ്പോൾ രാഷ്ട്രപിതാവ് മുറിവേറ്റ ഹൃദയവുമായി തലയിൽ തുണിയിട്ടു തെരുവീഥികൾ ചുറ്റുകയായിരുന്നു. 

അവസാന മണിക്കൂറിൽ‌  മൗണ്ട്ബാറ്റണിന്റെ കുസൃതി 

ADVERTISEMENT

കൗൺസിൽ മന്ദിരത്തിൽനിന്നു കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെ ഗവൺമെന്റ് ഹൗസിൽ (ഇന്നത്തെ രാഷ്ട്രപതി ഭവൻ) തന്റെ പ്രസ് സെക്രട്ടറി അലൻ കാംപെൽ– ജോൺസണോടൊപ്പം പഠനമുറിയിലിരിക്കുകയായിരുന്ന അവസാനത്തെ വൈസ്രോയി മൗണ്ട്ബാറ്റണ് ആ ഒരു മണിക്കൂർ മറ്റൊന്നായിരുന്നു – ബ്രിട്ടിഷ് ഇന്ത്യയ്ക്ക് ആയുസ്സ് ഒരു മണിക്കൂർ കൂടി. 

സാമ്രാജ്യചിഹ്നങ്ങളെല്ലാം മേശപ്പുറത്തുനിന്നു വലിപ്പുകളിലേക്കും പെട്ടിയിലേക്കും മാറ്റിക്കൊണ്ട് അദ്ദേഹം ആലോചിച്ചു – വൈസ്രോയി എന്ന നിലയിൽ അവസാനമായി എന്തു ചെയ്യണം? 

ഒരു കുസൃതി തോന്നി. തന്റെ സുഹൃത്തും പാലംപൂർ എന്ന നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയുമായ ഒരു നവാബ് അദ്ദേഹത്തിന്റെ ഓസ്ട്രേലിയക്കാരിയായ ഭാര്യയ്ക്ക് ‘ഹൈനസ്’ പദവി നൽകണമെന്ന് അഭ്യർഥിച്ചിരുന്നതു മുൻ വൈസ്രോയി സമ്മതിക്കാതെ കിടക്കുകയായിരുന്നു. അതങ്ങു ചെയ്തുകളയാം. പൊടുന്നനെ സെക്രട്ടറിമാരെയും മറ്റു സ്റ്റാഫിനെയും വിളിച്ചുവരുത്തി വിളംബരരേഖയും സ്ക്രോളും (ചുരുൾ) തയാറാക്കാൻ പറഞ്ഞു. അതിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനോട് അദ്ദേഹം തട്ടിക്കയറി – ആരു പറഞ്ഞു? ഒരു മണിക്കൂർ കൂടി ഞാൻ വൈസ്രോയി ആണ്. 

1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജവാഹർലാൽ നെഹ്റു കൗൺസിൽ മന്ദിരത്തിൽ പ്രസംഗിക്കുന്നു. ചിത്രം: പിഐബി

12 മണിയടിക്കാൻ ‘നീണ്ട’ കാത്തിരിപ്പ് 

സഭയിൽ പ്രസാദിന്റെ ചെറുപ്രസംഗത്തിനുശേഷം രക്തസാക്ഷികളെ സ്മരിച്ചുകൊണ്ടു രണ്ടു മിനിറ്റ് നിശ്ശബ്ദത. തുടർന്ന് 12 മണിയടിക്കുമ്പോൾ അംഗങ്ങൾ എടുക്കേണ്ട പ്രതിജ്ഞാവാചകം അടങ്ങുന്ന പ്രമേയം അവതരിപ്പിക്കാൻ അധ്യക്ഷൻ രാജേന്ദ്ര പ്രസാദ്, ഇടക്കാല ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവിനോട് ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിച്ചുകൊണ്ടാണു നെഹ്റു തന്റെ പ്രസിദ്ധമായ ‘Long years ago we made a tryst with destiny...’ എന്നാരംഭിക്കുന്ന പ്രസംഗം നടത്തിയത്. 

പ്രമേയത്തെ പിന്തുണച്ചു രണ്ടുപേർ പ്രസംഗിച്ചു. ഒന്നാമൻ ചൗധരി ഖലീക്കുസ്സാമൻ (അദ്ദേഹം പിന്നീടു പാക്കിസ്ഥാനിലേക്കു കൂറുമാറി). രണ്ടാമൻ ഡോ.എസ്. രാധാകൃഷ്ണൻ. (അദ്ദേഹം ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായി.) 

പ്രമേയത്തിൽ എച്ച്.വി.കാമത്ത് ഒരു ഭേദഗതി ആവശ്യപ്പെട്ടിരുന്നത് അദ്ദേഹംതന്നെ പിൻവലിച്ചു. തുടർന്ന് പ്രതിജ്ഞ എടുക്കുന്നതെങ്ങനെയെന്നു പ്രസാദ് അംഗങ്ങൾക്കു വിശദീകരിച്ചുകൊടുത്തു. 

ഇനിയും അരമിനിറ്റ് ബാക്കി. സഭയിലാകെ നിശ്ശബ്ദത. ‘‘12 മണി അടിക്കട്ടെ...’’ – ആരോടെന്നില്ലാതെ പ്രസാദ് പറഞ്ഞതു സഭയിൽ ചെറിയൊരു ചിരി ഉയർത്തി. 

പാലംപൂർ നവാബിന്റെ പത്നിക്ക് ‘ഹൈനസ്’ പദവി നൽകുന്ന വിളംബരപ്രഖ്യാപനത്തിൽ വൈസ്രോയി തുല്യം ചാർത്തിയതോടെ മൗണ്ട് ബാറ്റൺ രാജകീയചിഹ്നങ്ങളെല്ലാം അഴിച്ചു പെട്ടിയിലാക്കി. സമയം 12 അടിക്കാൻ രണ്ടു മിനിറ്റ്.

കൽക്കട്ടയിലെ ബാലിഗഞ്ചിൽ തെരുവിൽ അർധരാത്രി സ്വാതന്ത്യ്രം ആഘോഷിക്കാനിറങ്ങിയ ജനക്കൂട്ടം അതുവഴിവന്ന കാർ തടഞ്ഞു. തലയിൽ മുണ്ടിട്ടിരുന്ന വ്യക്തിയെ ആരോ തിരിച്ചറിഞ്ഞു. ‘മഹാത്മാഗാന്ധി കീ ജയ്’ വിളി ഉയർന്നു. അവരുടെ നിർബന്ധത്തിനു വഴങ്ങി ബാപ്പു പുറത്തിറങ്ങി. അവരുടെ ഇടയിൽ എവിടെയോവച്ചായിരുന്നു തന്റെയും ബാപ്പുവിന്റെയും സ്വാതന്ത്ര്യനിമിഷമെന്നു മാത്രമേ ശൈലേനു മരണംവരെ ഓർമയുണ്ടായിരുന്നുള്ളൂ. 

ക്ലോക്കിൽ 12 അടിച്ചതോടെ അംഗങ്ങൾ രാജ്യസേവന പ്രതിജ്ഞയെടുത്തു. തുടർന്നു പ്രസാദ് പ്രഖ്യാപിച്ചു – ‘‘ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണം ഏറ്റെടുത്തതായി വൈസ്രോയിയെ അറിയിക്കാനും അങ്ങനെ മുറപ്രകാരം ഭരണമേറ്റെടുത്ത അസംബ്ലി 1947 ഓഗസ്റ്റ് 15 മുതൽ ഇന്ത്യയുടെ ഗവർണർ ജനറലായിരിക്കാൻ മൗണ്ട്ബാറ്റൺ പ്രഭുവിനോട് അഭ്യർഥിക്കുന്നതായി അറിയിക്കാനും ഞാൻ നിർദേശിക്കുന്നു.’’ 

നിർദേശം സഭ കയ്യടിച്ചു സ്വീകരിച്ചശേഷം, രാജ്യത്തെ വനിതകളെ പ്രതിനിധീകരിച്ച് ഹൻസാ മേത്ത ഔദ്യോഗിക ദേശീയപതാക സഭയ്ക്കു സമർപ്പിച്ചു. തുടർന്ന്, ചൈനീസ് അംബാസഡർ ഡോ. ചീയാ ലൂവെൻ ലോ അയച്ചുതന്ന കവിത സഭ സ്വീകരിക്കുന്നതായി പ്രസാദ് പ്രഖ്യാപിച്ചു. സാരേ ജഹാം സേ അച്ഛായുടെയും ജനഗണമനയുടെയും ഏതാനും വരികൾ ചൊല്ലിയശേഷം പിറ്റേന്ന് രാവിലെ 10 മണിക്കു ചേരാനായി സഭ പിരിഞ്ഞു. 

തെരുവിലെ ജനക്കൂട്ടത്തിൽ നിന്ന് എങ്ങനെയോ ഒടുവിൽ രക്ഷപ്പെട്ടു ബാപ്പുവും ശൈലേനും താമസസ്ഥലത്തു മടങ്ങിയെത്തി കിടന്നുറങ്ങിയപ്പോൾ മണി രണ്ടരയോളമായിരുന്നു. 

1947 ഓഗസ്റ്റ് 15ന് റെയ്സിന കുന്നിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ജനം.

വാക്കുകൾ ഇടറി പ്രസാദ്; കത്തു മറന്ന് നെഹ്റു 

സഭ പിരിഞ്ഞതോടെ രാജേന്ദ്ര പ്രസാദും നെഹ്റുവും സർദാർ പട്ടേലും മറ്റു നേതാക്കളും ഗവൺമെന്റ് ഹൗസിലേക്കു പുറപ്പെട്ടു. ഇന്നു വിജയ് ചൗക്ക് എന്നു വിളിക്കുന്ന ഗ്രേറ്റ് പ്ലേസിൽ തടിച്ചുകൂടിയിരുന്ന ജനാവലിയെ കടന്നു ഗവൺമെന്റ് ഹൗസിൽ അവർ എത്തിയപ്പോഴേക്കും രണ്ടുമണിയോളമായിരുന്നു. 

നേതാക്കന്മാരും ഉദ്യോഗസ്ഥരും പത്രക്കാരുമായി മൗണ്ട്ബാറ്റണിന്റെ പഠനമുറി നിറഞ്ഞുകവിഞ്ഞു. ഫൊട്ടോഗ്രഫർമാർ മേശപ്പുറത്തു വലിഞ്ഞുകയറി. ഒടുവിൽ എങ്ങനെയോ മൗണ്ട്ബാറ്റണും പ്രസാദും പരസ്പരം അഭിമുഖമായി നിന്നു. നെഹ്റുവാകട്ടെ ഒരു തുട മേശപ്പുറത്തുവച്ച് ഇരുന്നുകൊണ്ടു നിന്നു. 

സഭയുടെ രണ്ടു തീരുമാനങ്ങളും അധ്യക്ഷൻ ഔപചാരികമായി എഴുന്നേറ്റുനിന്നുകൊണ്ട് അറിയിക്കണം. പക്ഷേ, വികാരത്തള്ളലിൽ പ്രസാദിനു വാക്കുകൾ കിട്ടാതായി. വേഗം, ഓർമയുണ്ടായിരുന്ന വരികൾ നെഹ്റു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. സഭയുടെ അഭ്യർഥന താൻ സ്വീകരിക്കുന്നതായി മൗണ്ട്ബാറ്റൺ ഔപചാരിക മറുപടി നൽകി. രാവിലെ 8.30നു സത്യപ്രതിജ്ഞ നടത്താൻ തയാറെടുപ്പുകൾ നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. 

തുടർന്നു മുദ്രവച്ച ഒരു കവർ മൗണ്ട്ബാറ്റണെ നെഹ്റു ഏൽപിച്ചു. രാവിലെ ഗവർണർ ജനറലിനുശേഷം സത്യപ്രതിജ്ഞ ചെയ്യാനുള്ള നിയുക്തമന്ത്രിമാരുടെ പേരും വകുപ്പുകളും എന്നു പറഞ്ഞുകൊണ്ട്. 

എല്ലാവരും പോയശേഷം മൗണ്ട്ബാറ്റൺ കവർ തുറന്നു. കാലിയായിരുന്നു അത്. വെപ്രാളത്തിൽ ലിസ്റ്റ് അടങ്ങിയ കത്ത് കവറിലിടാൻ നെഹ്റു മറന്നുപോയിരുന്നു. 

നേതാക്കന്മാരെല്ലാം താമസിയാതെ വീടുകളിൽ സുഖനിദ്രയിലായി. എന്നാൽ ഡൽഹിയിലും രാജ്യത്താകമാനവും രാത്രിമുഴുവൻ ലക്ഷക്കണക്കിനു ജനങ്ങൾ തെരുവീഥികളിൽ, രണ്ടു നൂറ്റാണ്ടിനുശേഷം ലഭിച്ച സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു. ഒരു നഗരത്തിനു ലഭിക്കാവുന്ന എറ്റവും നല്ല നൈറ്റ് ലൈഫ് – യുവാവായിരിക്കെ അന്ന് ആഘോഷങ്ങളിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് നേതാവ് എം.ഫറൂഖി പിന്നീടൊരിക്കൽ പറഞ്ഞു. 

അങ്ങകലെ കൽക്കട്ടയിൽ, താമസിച്ചുറങ്ങിയിട്ടും ബാപ്പു രാവിലെ നാലു മണിക്ക് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങളും പ്രാർഥനയും കഴിഞ്ഞ് ശൈലേനോടു പറഞ്ഞു– ‘‘ഇന്ത്യ സ്വതന്ത്രയായി. എന്നാൽ എനിക്ക് ഇന്ന് ആഘോഷത്തിന്റെ ദിവസമല്ല. വളരെയധികം ഹിംസ നടന്നുകഴിഞ്ഞു. ഇന്നെനിക്ക് ഉപവസിക്കണം, എന്തുതരം സ്വാതന്ത്ര്യമാണിതെന്ന് എന്റെ മനസ്സാക്ഷിയോടു ചോദിച്ചു മനസ്സിലാക്കണം.’’ 

അതേ ഉപചാരങ്ങൾ; പക്ഷേ, അതേ ഇന്ത്യയായിരുന്നില്ല 

ഓഗസ്റ്റ് 15നു സൂര്യനുദിച്ചപ്പോഴും അന്നു കിംഗ്സ്‍വേ എന്നറിയപ്പെട്ടിരുന്ന രാജ്പഥിലും ഗ്രേറ്റ് പ്ലേസിലും കൗൺസിൽ മന്ദിരത്തിനു ചുറ്റും ലക്ഷക്കണക്കിനു ജനങ്ങളുണ്ടായിരുന്നു. ‘‘ഇത്രയും വലിയൊരു ജനാവലിയെ ഇതിനുമുൻപ് ഒരിക്കലും കണ്ടിട്ടില്ലെന്നാണ് അന്നു ഞാൻ സംസാരിച്ച എല്ലാവരും പറഞ്ഞത്,’’ മൗണ്ട് ബാറ്റൺ പിന്നീടു രേഖപ്പെടുത്തി. 

രാവിലെ എട്ടുമണിക്കു ഗവൺമെന്റ് ഹൗസിലെ ഡർബാർ ഹാളിൽ ചടങ്ങുകളാരംഭിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ഹീരാലാൽ കാനിയ, സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലിനെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ തയാറായി നിന്നു. 1858 മുതൽ 20 വൈസ്രോയിമാരുടെ സത്യപ്രതിജ്ഞയ്ക്ക് കേട്ട അതേ കാഹളശബ്ദം, അതേ ചടങ്ങുകൾ, അതേ ഉപചാരങ്ങൾ. കാഴ്ചയിൽ ഒന്നിനും മാറ്റമില്ല. 

എന്നാൽ കാതലായി എല്ലാം മാറിയിരുന്നു. ഇന്ത്യക്കാർ ഇന്ത്യക്കാരാൽ ഭരിക്കപ്പെടുന്ന സ്വരാജ് സംവിധാനത്തിലേക്ക് ഒരു രാത്രികൊണ്ട് ഇന്ത്യ മാറിയിരുന്നു. 

മാറ്റത്തോടൊപ്പം തുടർച്ച! അതാണ് ഇന്ത്യ. കച്ചവടക്കാരായി എത്തിയവർ ഭരണാധികാരികളായപ്പോൾ അവർക്കുമുൻപു ഭരിച്ച മുഗളരുടെ ശൈലികൾ സ്വീകരിച്ചപോലെ, ജനാധിപത്യ ഇന്ത്യയുടെ ഭരണാധികാരികൾ പഴയ ബ്രിട്ടിഷ് ഭരണാധികാരികളുടെ ശൈലി തുടരുന്നതിൽ ആരും ഒരപാകതയും കണ്ടില്ല. 

ശൈലിയിൽ മാത്രമല്ല, ഭരണസംവിധാനത്തിലും തുടർച്ച. മുഗൾ ഭരണകാലത്ത് രാജാ ടോഡർ മൽ തയാറാക്കിയ ഭരണസംവിധാനം വാറൻ ഹേസ്റ്റിങ്സിന്റെ കാലത്തെ റഗുലേറ്റിങ് ആക്ട് മുതൽ ഒട്ടേറെ നിയമങ്ങളിലൂടെ സ്വീകരിച്ചപോലെ, ഇന്നത്തെ ഭരണഘടനയുടെ കരടുരൂപമായി കണക്കാക്കപ്പെടുന്ന 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് വരെയുള്ള പല നിയമനിർമാണങ്ങൾ കാലാനുവർത്തിയായ പരിഷ്കാരങ്ങളിലൂടെ സ്വാംശീകരിക്കാൻ സ്വതന്ത്ര ഇന്ത്യയ്ക്കും മടിയില്ലായിരുന്നു. 

എന്നാൽ, ആ സമയത്ത് അതൊന്നുമായിരുന്നില്ല അവിടെ കൂടിയിരുന്നവരെ ഭയചകിതരാക്കിയത്. ഒരു പൊട്ടിത്തെറിശ്ശബ്ദമായിരുന്നു. ഒരു ഫൊട്ടോഗ്രഫറുടെ ഫ്ലാഷ് ബൾബ് പൊട്ടിത്തെറിച്ചു. 

ബ്രിട്ടന്റെ ദേശീയഗാനമായ ഗോഡ് സേവ് ദ് കിങ്, സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമാക്കാൻ നിർദേശിച്ചിരുന്ന ജനഗണമന എന്നിവയുടെ പശ്ചാത്തലത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ഹീരാലാൽ കാനിയ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി, മൗണ്ട് ബാറ്റൺ ഇന്ത്യൻ ഡൊമിനിയന്റെ ആദ്യത്തെ ഗവർണർ ജനറലായി അധികാരമേറ്റു. തുടർന്ന് പുതിയ ഗവർണർ ജനറൽ, ആദ്യ പ്രധാനമന്ത്രി നെഹ്റുവിനും തുടർന്ന് മറ്റു മന്ത്രിസഭാംഗങ്ങൾക്കും സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 

പീരങ്കിവെടി മുഴങ്ങി; ത്രിവർണപതാക ഉയർന്നു 

പുറത്ത് അപ്പോഴും വൻ ജനാവലിയുണ്ടായിരുന്നു. ചടങ്ങുകൾക്കുശേഷം അവരുടെ ഇടയിലൂടെ ഗവർണർ ജനറലിന്റെ കുതിരവണ്ടി കൗൺസിൽ മന്ദിരത്തിലേക്കു നീങ്ങിയപ്പോൾ ആവേശഭരിതരായ ജനങ്ങൾ വണ്ടി പൊക്കിയെടുത്തു. 

കൃത്യം പത്തുമണിക്കു രാജേന്ദ്രപ്രസാദും മൗണ്ട്ബാറ്റണും കൗൺസിൽ ഹാളിൽ പ്രവേശിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയുടെയും മറ്റു ലോകനേതാക്കളുടെയും ആശംസാകത്തുകൾ പ്രസാദ് വായിച്ചു. തുടർന്ന് പ്രസാദിന്റെ അഭ്യർഥന അനുസരിച്ച് ഗവർണർ ജനറൽ സഭയെ അഭിസംബോധന ചെയ്തു. പ്രസംഗം മോശമായിരുന്നുവെന്നാണു പറയപ്പെടുന്നത്. 

പുതുതായി തിരഞ്ഞെടുക്കപ്പെട്ടു രൂപീകരിക്കുന്ന സഭയെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന ഈ കീഴ്‌വഴക്കം ഇന്നുമുണ്ട്. 

രാജ്യം കീറിമുറിച്ചതിന്റെ പേരിലും വർഗീയക്കൊലകളുടെ പേരിലും വേദനിക്കുന്ന ബാപ്പുവിന്റെ ഹൃദയമിടിപ്പുകൾ 1500 കിലോമീറ്റർ കടന്ന് സഭയിലും മാറ്റൊലിക്കൊണ്ടു. മൗണ്ട് ബാറ്റണുശേഷം പ്രസംഗിച്ച പ്രസാദ് പറഞ്ഞു – ‘‘ഈ വിഭജനത്തിനായി നിർബന്ധിച്ചവർക്ക് ഇന്ത്യയുടെ ആന്തരികമായ ഏകത്വത്തെക്കുറിച്ച് ഒരു ദിവസം ബോധ്യം വരുമെന്നും നാമെല്ലാം ഒന്നാകുമെന്നും ആശിക്കുകയും പ്രാർഥിക്കുകയും ചെയ്യാം.’’ 

അകലെ പീരങ്കിവെടി. ‘‘കൗൺസിൽ മന്ദിരത്തിനു മുകളിൽ പതാക ഉയരട്ടെ,’’– ഗവർണർ ജനറൽ അനുമതി നൽകി. 

31 ആചാരവെടികളുടെ പശ്ചാത്തലത്തിൽ, തലേന്നു രാത്രി ഇന്ത്യയിലെ വനിതകളുടെ സമ്മാനമായി സഭയിൽ സമർപ്പിച്ച ത്രിവർണപതാക ജനപ്രതിനിധിസഭാ മന്ദിരത്തിനു മുകളിൽ ഉയർന്നു. ഓഗസ്റ്റ് 20നു വീണ്ടും ചേരാൻ സഭപിരിഞ്ഞു. 

അന്നുച്ചകഴിഞ്ഞ് ഇന്ത്യാ ഗേറ്റിനടുത്ത് ഗവർണർ ജനറൽ പതാക ഉയർത്തിയപ്പോൾ ചെറിയൊരു മഴ പെയ്തതായും മഴവിൽ പ്രത്യക്ഷപ്പെട്ടതായും പറയപ്പെടുന്നു.  പിറ്റേന്ന്, ഓഗസ്റ്റ് 16 രാവിലെ, റെഡ് ഫോർട്ടിൽ പതാക ഉയർത്തി നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തു. ആ കീഴ്‌വഴക്കവും എല്ലാ ഓഗസ്റ്റ് 15നും തുടരുന്നു. 

(1996ൽ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിൽ ശൈലേൻ ചാറ്റർജി, കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗങ്ങളായിരുന്ന എസ്.നിജലിംഗപ്പ, ചൗധരി രൺവീർ സിങ്, ലഹോറിൽ നിന്ന് അവസാനത്തെ തീവണ്ടിയിൽ എത്തിയ എഴുത്തുകാരൻ ഭിഷം സഹാനി, കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എം. ഫാറൂഖി, കോൺഗ്രസ് നേതാവ് സാദിഖ് അലി തുടങ്ങി സ്വാതന്ത്ര്യദിനചടങ്ങുകളിൽ പങ്കെടുക്കുകയും സാക്ഷികളാവുകയും ചെയ്ത ഒട്ടേറെ വ്യക്തികളുമായി സംസാരിച്ചും പഴയരേഖകൾ പരിശോധിച്ചും തയാറാക്കി, ദ് വീക്ക് വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ കുറിപ്പിനാധാരം.

English Summary: India Independence day: 3 importance incidence