പഠിക്കാൻ ഗ്രാമം വിട്ടു; ടീച്ചറായി തിരിച്ചെത്തി; ദ്രൗപദിയുടെ മനസ്സൊരു ഗ്രാമം
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള റായ്റംഗ്‌പുരിൽ നിന്നു വളഞ്ഞുപുളഞ്ഞു നീളുന്ന വഴിയുടെ അരികുചേർന്നു കിടക്കുന്ന ഗ്രാമമാണ് ഉപർബേദ. ഗ്രാമീണരിൽ ഭൂരിഭാഗവും സന്താൾ ഗോത്ര വിഭാഗക്കാർ. ഗ്രാമീണരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവിടെ നിന്നുള്ള Draupati Murmu, NDA, Presidential Candidate, BJP, Manorama News
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള റായ്റംഗ്‌പുരിൽ നിന്നു വളഞ്ഞുപുളഞ്ഞു നീളുന്ന വഴിയുടെ അരികുചേർന്നു കിടക്കുന്ന ഗ്രാമമാണ് ഉപർബേദ. ഗ്രാമീണരിൽ ഭൂരിഭാഗവും സന്താൾ ഗോത്ര വിഭാഗക്കാർ. ഗ്രാമീണരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവിടെ നിന്നുള്ള Draupati Murmu, NDA, Presidential Candidate, BJP, Manorama News
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള റായ്റംഗ്‌പുരിൽ നിന്നു വളഞ്ഞുപുളഞ്ഞു നീളുന്ന വഴിയുടെ അരികുചേർന്നു കിടക്കുന്ന ഗ്രാമമാണ് ഉപർബേദ. ഗ്രാമീണരിൽ ഭൂരിഭാഗവും സന്താൾ ഗോത്ര വിഭാഗക്കാർ. ഗ്രാമീണരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവിടെ നിന്നുള്ള Draupati Murmu, NDA, Presidential Candidate, BJP, Manorama News
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ വിജയത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ഈ ഗ്രാമം
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള റായ്റംഗ്‌പുരിൽ നിന്നു വളഞ്ഞുപുളഞ്ഞു നീളുന്ന വഴിയുടെ അരികുചേർന്നു കിടക്കുന്ന ഗ്രാമമാണ് ഉപർബേദ. ഗ്രാമീണരിൽ ഭൂരിഭാഗവും സന്താൾ ഗോത്ര വിഭാഗക്കാർ. ഗ്രാമീണരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവിടെ നിന്നുള്ള വഴികളെല്ലാം ഒരാളിലേക്കു നീളും; ദ്രൗപദി മുർമു. ഈ ഉൾനാടൻ ഗ്രാമത്തിന്റെ വളവും തിരിവുമില്ലാത്ത രക്ഷാവഴിയാണു ദ്രൗപദി. വിഷമഘട്ടങ്ങളിൽ ഉപർബേദക്കാർ പതിവായി ഉപയോഗിക്കുന്നൊരു വാചകമുണ്ട് – ‘നമുക്ക് ദീദിയോടു പറയാം’. രണ്ടു പതിറ്റാണ്ടിലേറെയായി താങ്ങും തണലുമായി നിൽക്കുന്ന ദ്രൗപദി അവർക്ക് ചേച്ചിയാണ്; ദ്രൗപദി ദീദി.
സന്താൾ വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി രാഷ്ട്രപതിയായാൽ അതു ചരിത്രമാകും; ഗോത്ര വിഭാഗക്കാരിയായ ആദ്യ രാഷ്ട്രപതി എന്ന പെരുമയിലേക്ക് അവർ തലയെടുപ്പോടെ കയറിനിൽക്കും.
പഠിക്കാൻ ഗ്രാമം വിട്ടു; ടീച്ചറായി മടങ്ങിയെത്തി
ഉപർബേദ ഗ്രാമമുഖ്യൻ നാരായൺ ടുഡുവിന്റെ മൂന്നു മക്കളിൽ മൂത്തയാളായ ദ്രൗപദിയുടെ ആദ്യ പേര് ദ്രൗപദി ടുഡു എന്നായിരുന്നു. ബാങ്ക് മാനേജർ ശ്യാംചരൺ മുർമുവുമായുള്ള വിവാഹത്തിനു ശേഷമാണു മുർമു എന്ന പേര് ദ്രൗപദി ഒപ്പം ചേർത്തത്. ദ്രൗപദിക്കു താഴെ രണ്ടു സഹോദൻമാർ – ഭഗത്ചരൺ ടുഡുവും തരണിസെൻ ടുഡുവും. ഭഗത്ചരൺ ഏതാനും വർഷം മുൻപ് മരിച്ചു.
ഉപർബേദ ഗ്രാമത്തിലെ സ്കൂളിൽ എട്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം അച്ഛന്റെ സഹോദരനൊപ്പം ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലായിരുന്നു ദ്രൗപദിയുടെ തുടർപഠനം. രമാദേവി കോളജിൽ നിന്നു ബിരുദമെടുത്ത ശേഷം ജൂനിയർ ക്ലാർക്ക് ആയി ജലസേചന വകുപ്പിൽ ജോലിക്കു കയറി. പിന്നാലെ, ശ്യാംചരണുമായുള്ള വിവാഹം. ഉപർബേദയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റായ്റംഗ്പുരിലെ ബാങ്കിലായിരുന്നു ശ്യാംചരണിനു ജോലി. ഭർത്താവിനൊപ്പം കഴിയാൻ ഭുവനേശ്വറിലെ ജോലി ഉപേക്ഷിച്ച് തൊണ്ണൂറുകളുടെ തുടക്കത്തിൽ ദ്രൗപദി റായ്റംഗ്പുരിലേക്കു വണ്ടി കയറി. അവിടെ അരോബിന്ദോ സ്കൂളിൽ ടീച്ചറായി.
മിഠായികളുമായി വരുന്ന ടീച്ചർ
സയൻസ് അധ്യാപികയായി 1992ലാണു ദ്രൗപദി അരോബിന്ദോ സ്കൂളിൽ ചേരുന്നത്. ‘കുട്ടികൾക്കു കൊടുക്കാൻ എല്ലാ ദിവസവും മിഠായികളുമായാണു ദ്രൗപദി ടീച്ചർ വന്നിരുന്നത്’ – ദ്രൗപദിക്കൊപ്പം ജോലി ചെയ്തിരുന്ന സ്കൂളിലെ അറ്റൻഡർ ദിലീപ് കുമാർ ഗിരി ഓർക്കുന്നു. ‘സ്വന്തം മക്കളെപ്പോലെയാണു ടീച്ചർ കുട്ടികളെ സ്നേഹിച്ചിരുന്നത്. പഠിപ്പിക്കാൻ വലിയ ഉൽസാഹമായിരുന്നു. മറ്റ് അധ്യാപകർ അവധിയെടുക്കുമ്പോൾ കണക്ക്, ഇംഗ്ലിഷ് വിഷയങ്ങളും പഠിപ്പിച്ചു. 1997ൽ രാഷ്ട്രീയത്തിലിറങ്ങുംവരെ ടീച്ചർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു’.
രാഷ്ട്രീയത്തിലേക്ക് മടിച്ചിറങ്ങിയ ദീദി
‘രാഷ്ട്രീയത്തിലിറങ്ങാൻ ദീദീക്ക് ആദ്യം മടിയായിരുന്നു’ – ദ്രൗപദിയുടെ ഇളയ സഹോദരൻ തരണിസെൻ പറയുന്നു. ‘മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെന്നഭ്യർഥിച്ച് ബിജെപി നേതാക്കൾ സമീപിച്ചപ്പോൾ ദീദി ആദ്യം ഒഴിഞ്ഞുമാറി. മൂന്നു മക്കളും ഭർത്താവുമുള്ള കുടുംബത്തിലെ തിരക്കുകൾ മാറ്റിവച്ച് രാഷ്ട്രീയത്തിലിറങ്ങാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ദീദിയുടെ നിലപാട്. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി മത്സരിക്കാൻ സമ്മതം മൂളി. ഭർത്താവ് ശ്യാംചരൺ ഉറച്ച പിന്തുണയുമായി ഒപ്പം നിന്നു’.
തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ അധ്യാപനം അവസാനിപ്പിച്ചു. ജനകീയ മുഖമായ ദ്രൗപദിയെ പാർട്ടി മുനിസിപ്പാലിറ്റി ഉപാധ്യക്ഷയാക്കി. രാഷ്ട്രീയത്തിന്റെ തിരക്കിനിടയിലും പഴയ സ്കൂളിലെത്താൻ ദ്രൗപദി സമയം കണ്ടെത്തി. സ്കൂളിലെ ആവശ്യങ്ങളെല്ലാം നടപ്പാക്കി. സ്കൂളിൽ സന്ദർശനങ്ങളിൽ പഴയ ശീലം അവർ മറന്നില്ല; അപ്പോഴും കയ്യിൽ കരുതുമായിരുന്നു കുട്ടികൾക്കായി മിഠായികൾ.
‘മിനിസ്റ്റർ ദീദി’
2000ത്തിലെ ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ റായ്റംഗ്പുരിൽ ദ്രൗപദിയെ ബിജെപി സ്ഥാനാർഥിയാക്കി. കന്നി മത്സരത്തിൽ കോൺഗ്രസിന്റെ ലക്ഷ്മൺ മാജിയെ തോൽപിച്ച് ദ്രൗപദി നിയമസഭയിലെത്തി. 2004ലെ തിരഞ്ഞെടുപ്പിലും ദ്രൗപദിയെത്തന്നെ പാർട്ടി രംഗത്തിറക്കി. വിജയമാവർത്തിച്ച അവർ ബിജെഡി – ബിജെപി സഖ്യ സർക്കാരിൽ റോഡ് ഗതാഗത വകുപ്പു മന്ത്രിയായി. ദ്രൗപദി ദീദി അങ്ങനെ നാട്ടുകാർക്കു മിനിസ്റ്റർ ദീദിയായി.
പാലമായി ദീദി
റായ്റംഗ്പുരിലും തന്റെ ഗ്രാമമായ ഉപർബേദയിലും ഒട്ടേറെ റോഡുകൾ നിർമിക്കാൻ ദ്രൗപദി മുൻകയ്യെടുത്തു. ഉപർബേദയിലെ നദി കരകവിഞ്ഞൊഴുകുമ്പോൾ കുട്ടിക്കാലത്ത് സ്കൂളിൽ പോകാനാകാതെ ദിവസങ്ങളോളം വീട്ടിൽ കഴിയേണ്ടി വന്നിട്ടുണ്ട് അവർക്ക്. നദിക്കു കുറുകെ പാലം നിർമിക്കാനുള്ള പദ്ധതിയാണു മന്ത്രിയെന്ന നിലയിൽ ദ്രൗപദി സ്വന്തം ഗ്രാമത്തിൽ ആദ്യം നടപ്പാക്കിയത്.
കുടുംബ വീടിരിക്കുന്ന സ്ഥലത്തു വൈദ്യുതിയെത്തിക്കാനുള്ള ശ്രമങ്ങൾ പക്ഷേ, വിജയിച്ചില്ല. ഈ സ്ഥലം വനമേഖലയാണെന്ന കാരണത്താൽ വൈദ്യുതി വകുപ്പ് അനുമതി നിഷേധിച്ചു. കഴിഞ്ഞ ദിവസം ദ്രൗപദിയെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാർ നേരിട്ടിടപെട്ട് ഇവിടേക്കു വൈദ്യുതിയെത്തിച്ചു.
നെഞ്ചുലച്ച് മരണങ്ങൾ
ദ്രൗപദി വിട്ടുനിന്ന 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റായ്റംഗ്പുർ മണ്ഡലം ബിജെപിയിൽ നിന്നു കോൺഗ്രസ് തിരിച്ചുപിടിച്ചു. രാഷ്ട്രീയത്തിന്റെ തിരക്കുകൾ വിട്ട് കുടുംബത്തിനൊപ്പം കഴിയാൻ വന്ന ദ്രൗപദിയെ പക്ഷേ, ജീവിതം വേദനയുടെ ആഴങ്ങളിലേക്കു വീഴ്ത്തി; കുടുംബത്തിൽ ഒന്നിനു പിറകെ ഒന്നായി മരണങ്ങൾ. അസുഖം ബാധിച്ച് മൂത്ത മകൻ ലക്ഷ്മൺ 2010 ഒക്ടോബറിൽ മരിച്ചു. വേദനയിൽ നീറിജീവിച്ച ദ്രൗപദിയുടെ നെഞ്ചുലച്ച് 2013 ജനുവരിയിൽ ഇളയ മകൻ സിപുൺ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു ശേഷം വിവാഹം നടക്കാനിരിക്കെയായിരുന്നു സിപുണിന്റെ മരണം. എല്ലാ ദുഃഖങ്ങളും പങ്കിട്ടെടുത്ത് ഒപ്പം നിന്നിരുന്ന ഭർത്താവ്് ശ്യാംചരൺ പിറ്റേ വർഷം ഹൃദയാഘാതം മൂലം മരിച്ചു. 4 വർഷത്തെ ഇടവേളയിൽ 2 ആൺമക്കളെയും ഭർത്താവിനെയും നഷ്ടമായി. വീട്ടിൽ ദ്രൗപദിയും ഇളയ മകൾ ഇതിശ്രീയും മാത്രമായി.
ദ്രൗപദി മാനസികമായി തകർന്ന നാളുകളായിരുന്നു അതെന്ന് സഹോദരൻ തരണിസെൻ ഓർക്കുന്നു. കണ്ണീരിൽ മുങ്ങിയ ദിനങ്ങൾ. രാജസ്ഥാനിലെ ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസിൽ അവർ അഭയം തേടി. അവിടത്തെ ധ്യാനം മനസ്സിനെ പിടിച്ചുനിർത്തി. സങ്കടക്കടലിൽ നിന്നു ജീവിതം പതിയെ കരകയറവേ, ഭരണപരമായ മറ്റൊരു ദൗത്യം 2015ൽ ദ്രൗപദിയെ തേടിയെത്തി – ജാർഖണ്ഡ് ഗവർണർ പദവി.
ഈ സ്കൂളിലുണ്ട്; ഉറ്റവരുടെ ഓർമകൾ
മകൾക്കൊപ്പം ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ രാജ്ഭവനിലേക്കു മാറിയെങ്കിലും ഭർത്താവിന്റെയും മക്കളുടെയും മരണമുണ്ടാക്കിയ വേദന ദ്രൗപദിയെ വിടാതെ പിന്തുടർന്നു. അവരുടെ ഓർമ നിലനിർത്താൻ ഗ്രാമത്തിൽ സ്മാരകം നിർമിക്കണമെന്നു മനസ്സിൽ കുറിച്ചു. 2016ന്റെ തുടക്കത്തിൽ ദ്രൗപദി അതിലേക്ക് ആദ്യ ചുവടുവച്ചു. സ്മാരകമായി പ്രതിമകൾ സ്ഥാപിക്കുന്നതിനു പകരം കുട്ടികൾക്കായി സ്കൂൾ നിർമിക്കാൻ തീരുമാനിച്ചു. ഭർത്താവിന്റെ ഗ്രാമമായ പഹാഡ്പുരിൽ അദ്ദേഹത്തിന്റെയും തന്റെയും പേരിലുള്ള വീടും സ്ഥലവും അതിനായി വിട്ടുനൽകി. ‘കയ്യിലുള്ള സ്ഥലം കളയണോ’ എന്നു ചോദിച്ചവരോട് തനിക്കും മകൾക്കും അവകാശപ്പെട്ട ഭൂമിയിൽ കുട്ടികൾ പഠിച്ചു വളരട്ടെ എന്നു ദ്രൗപദി മറുപടി നൽകി.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 6 മുതൽ 10 വരെയുള്ള ക്ലാസുകളുമായി 2016 ജൂണിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പഹാഡ്പുരിൽ പ്രൈമറി സ്കൂളുകൾ മാത്രമാണ് അക്കാലത്തുണ്ടായിരുന്നത്. പ്രൈമറി പൂർത്തിയാക്കിയ പലരും പഠനം ഉപേക്ഷിച്ചു. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കൂടി ലക്ഷ്യമിട്ടാണു സെക്കൻഡറി സ്കൂൾ സ്ഥാപിക്കാൻ ദ്രൗപദി തീരുമാനിച്ചത്.
ഗ്രാമത്തിൽ പലരുടെയും വീടുകളിൽ വൈദ്യുതിയില്ലാത്തത് പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയാമായിരുന്ന ദ്രൗപദി, കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന റസിഡൻഷ്യൽ മാതൃകയിലേക്കു സ്കൂൾ മാറ്റി. ആൺ, പെൺ ഹോസ്റ്റലുകൾ നിർമിക്കാൻ കൂടുതൽ സ്ഥലം വിട്ടുനൽകി. പഠനത്തിനായി മറ്റു ഗ്രാമങ്ങളിൽ നിന്നു കുട്ടികൾ അവിടേക്കെത്തി. പഠനത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ദ്രൗപദിക്കു നിർബന്ധമുണ്ടായിരുന്നു. കുട്ടികൾക്കൊപ്പം താമസിക്കാൻ അധ്യാപകർക്കും സ്കൂളിൽ സൗകര്യമൊരുക്കി. ജാർഖണ്ഡ് ഗവർണറായിരിക്കുമ്പോഴും മിന്നൽ പരിശോധനകൾക്കായി ദ്രൗപദി സ്കൂളിലെത്തി. ഭുവനേശ്വറിൽ ബാങ്ക് ഉദ്യോഗസ്ഥയായ മകൾ ഇതിശ്രീയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണു സ്കൂൾ നടത്തിപ്പിന്റെ ചുമതല.
സ്കൂൾ അങ്കണത്തിൽ ഭർത്താവിന്റെയും രണ്ടു മക്കളുടെയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ ചരമവാർഷികദിനത്തിൽ എല്ലാ തിരക്കുകളും മാറ്റിവച്ച് ദ്രൗപദി സ്കൂളിലെത്തും. ജീവിതവഴിയിൽ കൈവിട്ടുപോയ ഉറ്റവർക്കായി ദ്രൗപദി എന്നെന്നേക്കുമായി കാത്തുവച്ച സ്നേഹമാണ് ഇവിടെ പഠിച്ചുവളരുന്ന കുട്ടികൾ.
ആകാംക്ഷയോടെ കാത്തിരിപ്പ്
ഈ മാസം 18നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഉപർബേദയിലെ ഗ്രാമീണർ. ‘ദീദി ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. ഇതും ജയിക്കും’ – ദ്രൗപദിയുടെ ബന്ധുവായ ഭക്തചരൺ ആത്മവിശ്വാസത്തോടെ പറയുന്നു. തിരഞ്ഞെടുപ്പിനു മുൻപുള്ള ദിവസങ്ങളിൽ ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.
ഭരണത്തിന്റെ അധികാരകേന്ദ്രങ്ങളിലേക്ക് ഒട്ടേറെ പേരെ സംഭാവന ചെയ്ത ഗ്രാമമാണിത്. മുൻ മന്ത്രി കാർത്തിക് മാജി, മുൻ എംപിമാരായ സൽഖൻ മുർമു, ഭബേന്ദ്ര മാജി എന്നിവരുടെയെല്ലാം ജീവിതം തുടങ്ങിയത് ഈ ഗ്രാമീണർക്കൊപ്പമാണ്. തങ്ങളിലൊരാളായ ദ്രൗപദി രാജ്യത്തിന്റെ പ്രഥമ വനിതയാകാനുള്ള പോരാട്ടത്തിനു കച്ചമുറുക്കുമ്പോൾ, ഉപർബേദക്കാർ ആവേശത്തോടെ വിളിക്കുന്നു; ദീദി കീ ജയ്!
ദ്രൗപദി രാജ്യത്തിന്റെ ഒന്നാം നമ്പർ വനിതയായാൽ, ഉപർബേദ ഗ്രാമത്തെ ഇങ്ങനെ വിളിക്കാം; ഒന്നാം നമ്പർ ഗ്രാമം!
English Summary: Draupadi Murmu, Tribal Leader From Odisha And Former Jharkhand Governor, Is BJP-led NDA candidate for President