കരുതൽ പാകത്തിന്; സ്നേഹം ആവോളം!; അമ്മയുടെ കരുതൽ, അലന്റെ പോരാട്ടക്കഥ
ശാരീരിക വെല്ലുവിളികളോട് പൊരുതി അലൻ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായി. പാചക പാഠങ്ങൾക്കൊപ്പം അമ്മയുടെ കരുതൽ കൂടി ചേർന്നപ്പോൾ അതൊരു പോരാട്ടത്തിന്റെ കഥയായി...
ശാരീരിക വെല്ലുവിളികളോട് പൊരുതി അലൻ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായി. പാചക പാഠങ്ങൾക്കൊപ്പം അമ്മയുടെ കരുതൽ കൂടി ചേർന്നപ്പോൾ അതൊരു പോരാട്ടത്തിന്റെ കഥയായി...
ശാരീരിക വെല്ലുവിളികളോട് പൊരുതി അലൻ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായി. പാചക പാഠങ്ങൾക്കൊപ്പം അമ്മയുടെ കരുതൽ കൂടി ചേർന്നപ്പോൾ അതൊരു പോരാട്ടത്തിന്റെ കഥയായി...
ശാരീരിക വെല്ലുവിളികളോട് പൊരുതി അലൻ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായി. പാചക പാഠങ്ങൾക്കൊപ്പം അമ്മയുടെ കരുതൽ കൂടി ചേർന്നപ്പോൾ അതൊരു പോരാട്ടത്തിന്റെ കഥയായി...
സ്ക്രാംബിൾഡ് മസാല എഗ്
തയാറാക്കിയത്: അലൻ ജോസഫ്, രണ്ടാം വർഷ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി, ലൂർദ്മാതാ കോളജ്
∙ ചെറിയ സവാള -2 എണ്ണം
∙ തക്കാളി -2 എണ്ണം
∙ മുട്ട -4 എണ്ണം
∙ ഇഞ്ചി -ചെറിയ കഷണം
∙ പച്ചമുളക് -2 എണ്ണം
∙ കറിവേപ്പില -ആവശ്യത്തിന്
∙ ഉപ്പ് -ആവശ്യത്തിന്
∙ എണ്ണ -2 സ്പൂൺ
സവാളയും തക്കാളിയും കഴുകി ചെറിയ കഷണങ്ങളാക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സവാള ചേർത്തു വഴറ്റുക. ഇഞ്ചിയും പച്ചമുളകും ചേർക്കുക. തക്കാളി ചേർത്ത് ഇളക്കി വഴറ്റുക. ഉപ്പ് ആവശ്യത്തിനു ചേർക്കാം. നന്നായി വഴന്നു വരുമ്പോൾ 4 മുട്ട പൊട്ടിച്ചൊഴിക്കുക. മസാലയും മുട്ടയും നന്നായി യോജിപ്പിച്ച് ചെറുതീയിൽ ഫ്രൈ ചെയ്തെടുക്കണം. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
വായിച്ചു വരുമ്പോൾ ഇതൊരു സാധാരണ പാചകക്കുറിപ്പാണെന്നു തോന്നാം. പക്ഷേ, ഇതു തയാറാക്കിയത് ഒരു അസാധാരണ വ്യക്തിയാകുമ്പോൾ അത് അസാധാരണ പാചകക്കുറിപ്പായി മാറുമെന്നുറപ്പ്. ഇൗ മുട്ടക്കറിയിൽ അലൻ ജോസഫ് ചേർത്തിളക്കിയത് പച്ചക്കറിയും മുട്ടയും മുളകും മാത്രമല്ല, ഒരമ്മയുടെ 20 വർഷത്തെ പ്രയത്നവും ഒരു കുടുംബത്തിന്റെ സ്നേഹവും പ്രാർഥനയും പ്രതീക്ഷയുമാണ്. ഇൗ കറി വെറും കറി അല്ലാതാകുന്നതിന്റെ പിന്നിൽ 20 വർഷത്തെ ജീവിതകഥയുണ്ട്.
ആദ്യമകൻ ആൽബിക്ക് കൂട്ടെത്തുന്ന കുഞ്ഞിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ജോസ് മാനുവലും റിൻസി ജോസഫും. 1999 മുതൽ ഇരുവരും ദുബായിലാണ്. 2002 ഒക്ടോബറിലെ സ്കാനിങ് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, കുഞ്ഞിന് എന്തോ ഒരു കുഴപ്പം പരിശോധനയിൽ കാണുന്നുണ്ട്, വൈകല്യമുള്ള കുഞ്ഞിനെയാകാം നിങ്ങൾക്കു കിട്ടുന്നത്, എന്താണു ചെയ്യേണ്ടത്?. റിൻസിയും ജോസും മറ്റൊന്നും ആലോചിച്ചില്ല, കുഞ്ഞിനെ അവർ സന്തോഷത്തോടെ സ്വീകരിച്ചു. ചങ്ങനാശേരി നടയ്ക്കപ്പാടം മലേപ്പള്ളിയിലെ റിൻസി 2003 ഏപ്രിൽ രണ്ടിന് ആൺകുഞ്ഞിനു ജന്മം നൽകി. ഡോക്ടർ പറഞ്ഞു, കുട്ടിക്കു ഡൗൺ സിൻഡ്രോം ആണ്. കുട്ടിയുടെ ജനിതക വൈകല്യത്തെപ്പറ്റി റിൻസി പഠിച്ചു. 23 ജോഡി ക്രോമസോം ഉള്ളതിൽ 21-ാം ജോഡിയിൽ 3 എണ്ണം വരുന്ന ട്രൈസോമി 21 എന്ന അവസ്ഥയെപ്പറ്റി കൗൺസലിങ്ങിനു വന്ന ഡോക്ടർ വിശദമാക്കി. കുട്ടി വളർന്നു വലുതായാലും ഉണ്ടാകാത്ത ബൗദ്ധിക വളർച്ചയെപറ്റിയും പൂർണ ആശ്രയത്വത്തെപ്പറ്റിയും പറഞ്ഞു. ഏതൊരു സാധാരണ കുഞ്ഞിനെയും പോലെ അലനെ വളർത്തണം എന്നവർ തീരുമാനിച്ചു. ഡൗൺ സിൻഡ്രോമിൽ വളർച്ചയുടെ പടവുകൾ വൈകും. എന്നാൽ ആ പടവുകൾ മുൻപേ കയറാനായിരുന്നു റിൻസിയുടെ തീരുമാനം. നാലാം മാസത്തിൽ കുഞ്ഞുങ്ങൾ നിലത്തു നീന്തിത്തുടങ്ങും എന്നതിനാൽ മസിൽ വളർച്ച കുറവായ അലനെ മൂന്നാം മാസം മുതൽ അമ്മ അതിനായി പരിശീലിപ്പിച്ചു. രണ്ടര വയസ്സു കഴിഞ്ഞപ്പോൾ അലനെ പ്ലേ സ്കൂളിൽ ചേർത്തു. ഒന്നര വർഷത്തിനുശേഷം 2007ൽ എൽകെജിയിലേക്ക്, അവിടെ അലനു വേണ്ടി ഒരു ഷാഡോ ടീച്ചറെ നിയോഗിച്ചു. യുകെജിയിൽ ആറുമാസം കഴിഞ്ഞപ്പോൾ സ്കൂൾ അധികൃതർ കുട്ടിയെ ഡിഗ്രേഡ് ചെയ്ത് പ്ലേ ക്ലാസിലാക്കി. അതിനെത്തുടർന്ന് രണ്ടു വർഷം സ്പെഷൽ സ്കൂളിൽ. അവിടെ അലന്റെ പഠനം അത്ര സുഗമമല്ലാത്തതിനാൽ 2011 മുതൽ അലൻ സഹോദരങ്ങൾ പഠിക്കുന്ന ഇന്ത്യൻ സ്കൂളിൽ ചേർന്നു. അവിടെ അമ്മ റിൻസി തന്നെയായിരുന്നു ഷാഡോ ടീച്ചർ. റിൻസി തന്റെ നഴ്സിങ് ജോലി പൂർണമായും നൈറ്റ്ഡ്യൂട്ടിയിലേക്കു മാറ്റി. പകൽ അലനൊപ്പം ക്ലാസിലും രാത്രി ആശുപത്രിയിൽ ജോലിയും. 2–3 മൂന്നു മണിക്കൂർ മാത്രമായി ഉറക്കം പോലും. അലനു വേണ്ടി ആ അമ്മ ഒന്നാം ക്ലാസ് മുതലുള്ള പാഠങ്ങൾ വീണ്ടും പഠിച്ചു. സാധാരണ കുട്ടികളെ പോലെ പഠിക്കാനും മനസ്സിലാക്കാനും പറ്റാത്ത കുഞ്ഞിനായി പുതിയ പഠന രീതികൾ അവർ അവതരിപ്പിച്ചു. ജോലിയും കുഞ്ഞിന്റെ പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്തതിനാൽ ആറു മാസത്തിനുശേഷം 2011 ഒക്ടോബറിൽ റിൻസി ജോലി ഉപേക്ഷിച്ചു.
2014ൽ റിൻസി മൂന്നു മക്കളുമായി നാട്ടിലേക്ക് മടങ്ങി. നാട്ടിൽ സാധാരണ സ്കൂളിൽ പ്രവേശനത്തിനു ശ്രമിച്ചെങ്കിലും തടസ്സങ്ങൾ പലതായിരുന്നു. ചങ്ങനാശേരിയിലെ ഒരു സ്കൂളിൽ ഒരു വർഷം പഠനം. അതിനുശേഷം സൗകര്യാർഥം വീടിനടുത്തുള്ള സ്കൂളിലേക്ക് അലനെ മാറ്റി. എന്നാൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അവിടെ പഠിപ്പിക്കാൻ അധികൃതർ തയാറാകാഞ്ഞതിനെ തുടർന്ന് റിൻസി കലക്ടർക്കു പരാതി നൽകി. സാധാരണ സ്കൂളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു പ്രവേശനം നിഷേധിക്കരുത് എന്നു കലക്ടർ ഉത്തരവിട്ടു. 5ാം ക്ലാസ് മുതൽ അലൻ മല്ലപ്പള്ളി നിർമൽ ജ്യോതി സ്കൂളിൽ പഠനം തുടങ്ങി. എന്നും എപ്പോഴും ഒരു നിഴൽപോലെ ഒപ്പമുണ്ടായിരുന്ന അമ്മയെ ‘ഷാഡോ ടീച്ചർ’ എന്ന സ്ഥിതിയിൽ നിന്നും മാറ്റിയത് അവിടത്തെ പ്രിൻസിപ്പൽ നിർമല ദേവിയാണ്. മറ്റേതൊരു കുട്ടിയെക്കാളും നന്നായി ഞങ്ങൾ അലനെ നോക്കാം എന്ന അവരുടെ ഉറപ്പിൽ റിൻസി സ്കൂൾ വാതിൽക്കലെ കാത്തുനിൽപ് അവസാനിപ്പിച്ചു.
പരീക്ഷാർഥി പറയുന്ന കാര്യങ്ങൾ കേട്ടെഴുതുന്ന ‘സ്ക്രൈബ്’ സംവിധാനം അലൻ ഒരിക്കൽ പോലും ഉപയോഗിച്ചില്ല. പത്താം ക്ലാസിലെത്തിയപ്പോൾ സ്ക്രൈബ് സംവിധാനം ഉപയോഗിക്കാതിരിക്കാൻ പ്രത്യേക അനുമതി വേണം എന്നതിനാൽ അതിനായി ഉള്ള ഓട്ടമായിരുന്നു. NIOS – നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിനെപ്പറ്റി റിൻസി അറിഞ്ഞത് അപ്പോഴാണ്. 14 വയസ്സ് തികഞ്ഞവർക്ക് ഈ സ്കീമിൽ പരീക്ഷയെഴുതാം എന്നതനുസരിച്ച് അലൻ വീട്ടിലിരുന്നു പഠിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതി 61% മാർക്ക് നേടി. പ്ലസ്ടുവിന് 64% മാർക്ക്!. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു ചേരാനായിരുന്നു അലന്റെ ആഗ്രഹം. പിന്നീടുള്ള അന്വേഷണം അലനെ മനസ്സിലാക്കുന്ന ഒരു കോളജിനുവേണ്ടി ആയിരുന്നു. തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ്മാതാ കോളജ് ഡയറക്ടർ ഫാ. ഡോ.ടോമി പടിഞ്ഞാറേവീട്ടിൽ അലനെ സ്വീകരിച്ചു. കോഴ്സ് തുടങ്ങിയിട്ട് രണ്ടു വർഷം പിന്നിടുന്നു. ഇനി രണ്ടുവർഷം ബാക്കിയുമുണ്ട്. മകന്റെ പഠനത്തിനായി ചങ്ങനാശേരിയിൽ നിന്നു കുറ്റിച്ചലിലെ വാടകവീട്ടിലേക്കു താമസം മാറ്റിയ റിൻസി ആദ്യ രണ്ടു മാസം അലന്റെ ക്ലാസ് മുറിയിൽ കൂട്ടിരിക്കുമായിരുന്നു. പിന്നെ അലൻ തന്നെ പറഞ്ഞു അമ്മ ക്ലാസിൽ വരേണ്ട എന്ന്. പക്ഷേ റിൻസി ക്യാംപസിലേക്ക് എന്നും പോകും. അലന്റെ പാഠങ്ങൾ അറിയും, പഠിക്കും. മകനായി പാഠങ്ങളെ പോസ്റ്ററുകളാക്കിയും സ്ലൈഡുകളാക്കിയും മാറ്റും. അങ്ങനെ മകൻ നല്ല രുചിയുള്ള ഭക്ഷണത്തിന്റെ പാചകക്കുറിപ്പു തയാറാക്കുമ്പോൾ, കഴിഞ്ഞ 20 വർഷം കൊണ്ട് ആ അമ്മ തയാറാക്കിയ ഒരു പാചകക്കുറിപ്പുണ്ട്, സ്നേഹവും കരുതലുമാണ് അതിന്റെ മുഖ്യചേരുവകൾ.
English Summary : Allen became a hotel management student by battling against his physical challenges