രാത്രി. കൊടുങ്കാറ്റ് വീശി.. ഇടിവെട്ടി, പേമാരി തകർത്തു.. പക്ഷേ, അതൊന്നും ഇടുക്കി ചിന്നക്കനാലിൽ സിങ്കുകണ്ടത്ത്, കാട്ടാനകൾ കയറാതിരിക്കാൻ ചുറ്റും കിടങ്ങുകുഴിച്ച ‘ട്രഞ്ച് വീടി’നകത്തിരുന്ന് തേജാസിങ് പറഞ്ഞ ജീവിതകഥ കേട്ടിരുന്ന മക്കളും കൊച്ചുമക്കളും അറിഞ്ഞതേയില്ല. ആ ജീവിതകഥയിലെ ഇടിമിന്നൽ, കൊടുങ്കാറ്റ്, പേമാരി.. അതിനോളം പോന്നതായിരുന്നില്ല, പുറത്തു പ്രകൃതിയുടെ വിളയാട്ടം.

രാത്രി. കൊടുങ്കാറ്റ് വീശി.. ഇടിവെട്ടി, പേമാരി തകർത്തു.. പക്ഷേ, അതൊന്നും ഇടുക്കി ചിന്നക്കനാലിൽ സിങ്കുകണ്ടത്ത്, കാട്ടാനകൾ കയറാതിരിക്കാൻ ചുറ്റും കിടങ്ങുകുഴിച്ച ‘ട്രഞ്ച് വീടി’നകത്തിരുന്ന് തേജാസിങ് പറഞ്ഞ ജീവിതകഥ കേട്ടിരുന്ന മക്കളും കൊച്ചുമക്കളും അറിഞ്ഞതേയില്ല. ആ ജീവിതകഥയിലെ ഇടിമിന്നൽ, കൊടുങ്കാറ്റ്, പേമാരി.. അതിനോളം പോന്നതായിരുന്നില്ല, പുറത്തു പ്രകൃതിയുടെ വിളയാട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രി. കൊടുങ്കാറ്റ് വീശി.. ഇടിവെട്ടി, പേമാരി തകർത്തു.. പക്ഷേ, അതൊന്നും ഇടുക്കി ചിന്നക്കനാലിൽ സിങ്കുകണ്ടത്ത്, കാട്ടാനകൾ കയറാതിരിക്കാൻ ചുറ്റും കിടങ്ങുകുഴിച്ച ‘ട്രഞ്ച് വീടി’നകത്തിരുന്ന് തേജാസിങ് പറഞ്ഞ ജീവിതകഥ കേട്ടിരുന്ന മക്കളും കൊച്ചുമക്കളും അറിഞ്ഞതേയില്ല. ആ ജീവിതകഥയിലെ ഇടിമിന്നൽ, കൊടുങ്കാറ്റ്, പേമാരി.. അതിനോളം പോന്നതായിരുന്നില്ല, പുറത്തു പ്രകൃതിയുടെ വിളയാട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രി. കൊടുങ്കാറ്റ് വീശി.. ഇടിവെട്ടി, പേമാരി തകർത്തു.. പക്ഷേ, അതൊന്നും ഇടുക്കി ചിന്നക്കനാലിൽ സിങ്കുകണ്ടത്ത്, കാട്ടാനകൾ കയറാതിരിക്കാൻ ചുറ്റും കിടങ്ങുകുഴിച്ച ‘ട്രഞ്ച് വീടി’നകത്തിരുന്ന് തേജാസിങ് പറഞ്ഞ ജീവിതകഥ കേട്ടിരുന്ന മക്കളും കൊച്ചുമക്കളും അറിഞ്ഞതേയില്ല. ആ ജീവിതകഥയിലെ ഇടിമിന്നൽ, കൊടുങ്കാറ്റ്, പേമാരി.. അതിനോളം പോന്നതായിരുന്നില്ല, പുറത്തു പ്രകൃതിയുടെ വിളയാട്ടം.

രാമൻകുട്ടിക്കാലം

ADVERTISEMENT

രാമൻകുട്ടി മക്കളോടു പറഞ്ഞ ആ കഥ ഇങ്ങനെ: 1900–ാമാണ്ട് ചേർത്തലയിൽ ആശാരിപ്പറമ്പിൽ ശങ്കരന്റെ മകനായി ജനിച്ചു. അയ്യപ്പഞ്ചേരി സ്കൂളിൽ പഠിച്ചു. രാമൻകുട്ടിക്കൊപ്പം ഒരു ആഗ്രഹം വളർന്നു: ചേർത്തല ദേവീക്ഷേത്രത്തിൽ തൊഴണം. നാട്ടുരാജ്യമായ തിരുവിതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലും താഴ്ന്ന ജാതിക്കാർക്കു പ്രവേശനമില്ല. പലരും പറഞ്ഞു: നീ ആ മോഹം വിട്ടേക്കൂ! ദൂരെനിന്ന് ആരുംകാണാതെ ദേവിയെ തൊഴുതിരുന്ന രാമൻകുട്ടി 25 വയസ്സ് തികഞ്ഞ ദിവസം ഒരു സാഹസം ചെയ്തു: 

നേരെ ക്ഷേത്രക്കുളത്തിൽ പോയി കുളിച്ചു, തൊഴുതു. സവർണർ ചേർന്നു പിടികൂടി. വിചാരണ ചെയ്തു ജയിലിലടച്ചു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രാമൻകുട്ടി പോയത് ക്ഷേത്രത്തിലേക്ക്. കുളിച്ചു തൊഴുതു. ഒരു ദിവസമല്ല, ഏഴുനാൾ. കൊന്നു കളഞ്ഞേക്കുക! – ചില ‘നാട്ടുരാജാക്കന്മാർ’ വിധിച്ചു. ക്രൂര മർദനത്തിനുശേഷം ജീവനില്ലെന്നുറപ്പിച്ച് വൈക്കം കായലിൽ തള്ളി. രാമൻകുട്ടീ, നീ തീർന്നെടാ, തീർന്ന്!

ജലശയനം

ക്ഷേത്രപ്രവേശനത്തിനായുള്ള വൈക്കം സത്യഗ്രഹസമരം കൊടുമ്പിരി കൊണ്ടു നിൽക്കുന്ന കാലം. ഗാന്ധിജിയുടെ ഇടപെടലോടെ സമരം ദേശീയശ്രദ്ധ നേടി. പിന്തുണയുമായി സിഖ് അകാലികൾ വൈക്കത്തെത്തി. സമരത്തെ പിന്തുണച്ചെത്തുന്ന ജനത്തിനു ഭക്ഷണം നൽകുന്നതിന് ‘സൗജന്യ സിഖ് അടുക്കളകൾ’ തുറന്നു. അങ്ങനെയെത്തിയ സിഖുകാർ വൈക്കം കായലോരത്ത് ആ കാഴ്ച കണ്ടു. ഓളത്തിൽ ആടിയുലഞ്ഞ് യുവാവിന്റെ ശരീരം.

ADVERTISEMENT

അവരതു കരയ്ക്കടുപ്പിച്ചു. തണുത്തുമരവിച്ച ശരീരത്തിനുള്ളിലെവിടെയോ ഹൃദയത്തിന്റെ നേർത്ത ചിറകടി; ആത്മാവിന്റെ കുറുകൽ.. ദിവസങ്ങളോളം പരിചരിച്ചു. രാമൻകുട്ടി കണ്ണുതുറന്നു. ‘ദൈവങ്ങൾ’ ചുറ്റിലും നിൽക്കുന്നു. ആറടിപ്പൊക്കത്തിൽ, താടിയും മുടിയും നീട്ടിവളർത്തി, അരയിൽ കൃപാണവും കയ്യിൽ  ഉരുക്കുവളയുമിട്ട ദൈവങ്ങൾ. അവർ അവനോടു ചോദിച്ചു:  എന്താ നിന്റെ കഥ?

സുവർണതേജാ

സിഖ്കാരുടെ ഒരു കൂട്ടം പഞ്ചാബിലേക്ക് മടങ്ങിയപ്പോൾ ഒരാളെ കൂടെക്കൂട്ടി.  രാമൻകുട്ടി!.പഞ്ചാബിലെത്തിയപ്പോൾ ഒരു വലിയ സമുച്ചയം കാണിച്ചു കൊടുത്തിട്ടു പറഞ്ഞു: മനസ്സു നിറയെ തൊഴുതോളൂ... സുവർണക്ഷേത്രത്തിനു മുന്നിലാണു നിൽക്കുന്നതെന്നു തിരിച്ചറിഞ്ഞപ്പോൾ ക്ഷേത്രം കണ്ണിൽ നിന്നു മാഞ്ഞു. കണ്ണീരിന്റെ ചില്ലുപാളിക്കപ്പുറത്ത് സ്വർണമഞ്ഞുമൂടി ക്ഷേത്രം!

കാലിൽ, കടന്നുവന്ന കനൽക്കാലത്തിന്റെ ചൂടാറ്റി നിന്നു രാമൻകുട്ടി തൊഴുതു. മതിവരുവോളം. ദേശങ്ങൾക്കപ്പുറം ആ ഈഴവന്റെ ‘ക്ഷേത്രപ്രവേശനം ’. വൈക്കം കായലിൽ ഒഴുകിനടന്ന നേരം അവന്റെ  ഉള്ളിൽത്തികട്ടി. ഇവിടെ ജീവിക്കണം എന്നായി രാമൻകുട്ടി. മറുത്തൊന്നും പറഞ്ഞില്ല. സിഖ് മതക്കാർക്കു ഗുരു ഗോവിന്ദ് സിങ് നിശ്ചയിച്ച 5 അടയാളങ്ങളായ കര (ഉരുക്കുവള), കേശം, കംഖ (ചീപ്പ്), കശേര (വസ്ത്രം), കൃപാണം (കത്തി) ഇവയെല്ലാം സ്വീകരിച്ച് രാമൻകുട്ടി എഴുന്നേറ്റു നിന്നു.

ADVERTISEMENT

അവർ രാമൻകുട്ടിയെ വിളിച്ചു: 

തേജാ.., 

തേജാ സിങ്..! രാമൻകുട്ടി ആ വിളി മൂളിക്കേട്ടു. 

ഇങ്ങുദൂരെ, വൈക്കം കായലിലൂടെ ഒരു കാറ്റ് അപ്പോൾ മൂളിക്കടന്നുപോയി.

അമൃത് 

10 വർഷങ്ങൾക്കുശേഷം ചേർത്തലയിൽ ഒരു സിഖുകാരൻ വന്നിറങ്ങി. തേജാസിങ്!  

സിഖ് വേഷത്തിൽ ദേവീക്ഷേത്രത്തിൽ തൊഴുതു. രാമൻകുട്ടീ എന്നു  വിളിച്ചവരോടൊക്കെ തേജാസിങ്ങാണെന്നു പറഞ്ഞു. ആലപ്പുഴ സ്വദേശിനി പെലത്തറ വീട്ടിൽ രോഹിണിയെ വിവാഹം കഴിച്ചു കൂടെക്കൂട്ടി പഞ്ചാബിലേക്കു മടങ്ങി. രോഹിണിയുടെ പേര് ഉത്തം കൗർ എന്നായി. ഗുരുദ്വാരയിൽ സകുടുംബം താമസം. നാലുമക്കളും സിഖ് മതപ്രകാരം സുവർണക്ഷേത്രത്തിൽ പോയി വളർന്നു. അടയാളങ്ങളണിഞ്ഞു. ഉത്തംകൗർ പക്ഷേ, ഉള്ളിലുള്ള രോഹിണിയെ പറിച്ചെറിഞ്ഞില്ല. നാട്ടിൽപോയി ജീവിക്കണമെന്ന് ഇടയ്ക്കിടെ പറയും. 1936ൽ ക്ഷേത്രങ്ങൾ എല്ലാവർക്കുമായി തുറന്നു കൊടുത്തതോടെ തേജായും രോഹിണിയും 3 മക്കളും മടങ്ങി.

സിഖുകാർ തേജായെ തടഞ്ഞില്ല.  ആലപ്പുഴയിൽ ഒരു കയർ കമ്പനി ഇട്ടുകൊടുത്തു അവർ. അതിന് ‘ ഗുരു രാംദാസ് കയർവർക്സ് ’എന്നു പേരിട്ടു. അങ്ങനെ സിഖ് പേരിൽ കേരളത്തിൽ ഒരു കയർ കമ്പനി പിറന്നു. കമ്പനി പന്തലിച്ചു. അമേരിക്കയിലേക്ക് അടക്കം കയർ കയറ്റുമതി ചെയ്തു. ‘മൃതദേഹമായി ’ കായലിൽ ഒഴുകിനടന്ന നാട്ടിൽ തേജാസിങ് രാജാവായി.

രത്നകുമാരി

രണ്ടാം ജീവിതമഹായുദ്ധം

വിദേശത്തേക്കു കപ്പലിൽ അയയ്ക്കാൻ കയറുൽപന്നങ്ങൾ ശേഖരിച്ചുവയ്ക്കുമായിരുന്നു തേജാ. ബാങ്കിന്റെ ഗോഡൗണിലെത്തിച്ചാൽ അവർ കയറ്റിവിടും. ബാങ്കിലേക്കു പണം വരും. കയർ നൽകിയവർക്കു തേജാ അതിൽ നിന്നു വിലയും കൂലിയും നൽകും. ഇന്നത്തെ കോടികൾ മൂല്യമുള്ള കയർ ഉൽപന്നങ്ങൾ അങ്ങനെ ശേഖരിച്ചുവച്ചു. പക്ഷേ, ലോകത്ത് മറ്റൊന്നു സംഭവിച്ചു. രണ്ടാം ലോകയുദ്ധം. രാജ്യാന്തരവിപണി ബന്ധങ്ങളെല്ലാം നഷ്ടമായി. ചരക്ക് കപ്പൽ കാത്ത് തേജാ കരയിലിരുന്നു; വന്നില്ല.

അക്കാലത്ത് ആലപ്പുഴയിലും കൊടുങ്കാറ്റ് വീശി.. ഇടിവെട്ടി, പേമാരി തകർത്തു... ബാങ്കിന്റെ ഗോഡൗണിലിരുന്ന കയറുൽപന്നങ്ങളൊക്കെ തിന്നു മഴ വിശപ്പടക്കി. ഗുരുരാംദാസ് കയർ വർക്സ് കടത്തിൽ മുങ്ങി. ഒന്നുമില്ലാത്തവനായി വീണ്ടും വൈക്കം കായലോരത്ത് തേജാസിങ് വന്നു നിന്നു; ഒരു മൃതദേഹത്തിന്റെ മുഖഭാവത്തോടെ. രണ്ടാം ലോകയുദ്ധം മൂലമുള്ള പട്ടിണിമാറ്റാൻ, കൃഷി ചെയ്യാൻ കരുത്തുള്ളവന് ഇടുക്കിയിലെ ഏലമലക്കാടുകളിൽ സർക്കാർ സ്ഥലം പതിച്ചു കൊടുക്കുന്നു. ആ വഴിക്കു നീങ്ങാൻ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു. തേജാ സമ്മതം മൂളി. അപ്പോഴും വൈക്കം കായലിലൂടെ ഒരു കാറ്റ് മൂളിക്കടന്നു പോയി. !

സൂര്യനെല്ലിപ്പൂക്കൾ

ആനച്ചാലിലെ ജീവിതം പഠിക്കാൻ തേജായും നൂറോളം ചേർത്തലക്കാരും ഹൈറേഞ്ചിന്റെ പലയിടത്തായി കുടിയേറി. വസൂരിയും വന്യമൃഗങ്ങളുമുള്ള, പേമാരിയും കൊടുങ്കാറ്റുമുള്ള മലയോരത്ത് പതിച്ചുകിട്ടിയ അഞ്ചേക്കറിൽ കൃഷി ചെയ്തു ജീവിക്കുന്നതിനിടെ സിങ് ‘ആ സ്ഥലം’ കണ്ടു. അവകാശികൾ കരം അടയ്ക്കാതെ ഉപേക്ഷിച്ച നൂറേക്കർ; സൂര്യനെല്ലിയിൽ.

ചിന്നക്കനാൽ വില്ലേജിൽ സിങ് കാര്യങ്ങളന്വേഷിച്ചു. ചേർത്തല വയലാർ മരക്കാശേരിയിൽ ചീക്കുറോക്കി എന്നയാളുടെ സ്ഥലം. കരം അടച്ചില്ലെങ്കിൽ ഭൂമി അന്യാധീനപ്പെടും. അവരെ അന്വേഷിച്ചു കണ്ടുപിടിക്കാനും കരം അടയ്ക്കാനും ഉദ്യോഗസ്ഥർ പറഞ്ഞു..സിങ് ചേർത്തലയിലെത്തി അവരെ കണ്ടെത്തി. ആനക്കാട്ടിലെ നരകജീവിതത്തിലേക്ക് ഇല്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. അവർ സ്ഥലം തേജാസിങ്ങിന് എഴുതി നൽകി. കരമടച്ച് ആ സ്ഥലത്തിന്റെ അവകാശിയായി തേജാ. 53 ഏക്കർ പട്ടയഭൂമി; 50 ഏക്കറോളം കൈവശഭൂമി. 

കാടിനുള്ളിൽ ചെറിയ വീടുവച്ചു. 4 മക്കളെയും രോഹിണിയേയും കൂട്ടി ഹൈറേഞ്ചിലേക്കുള്ള തേജായുടെ യാത്ര ഇപ്പോഴും മകൾ രാജേന്ദ്രകുമാരിക്ക് (80) ഓർമയുണ്ട്. തേജാസിങ് സിഖ് വേഷത്തിൽ. പെട്ടിക്കുള്ളിൽ  പൈജാമയും ഗുരുഗ്രന്ഥങ്ങളും മറ്റും.  കുഞ്ചിത്തണ്ണിയിൽ കൊച്ചുവീടുണ്ടാക്കി. കുട്ടികളെ സ്കൂളിൽ ചേർത്തു. അൻപതേക്കറിനു ചുറ്റും ട്രഞ്ച് കുഴിച്ച്, ആന കടക്കാതെ ചെറുവീടു വച്ച് തേജാ അതിൽ കൂടി. നെല്ലും കപ്പയും കുരുമുളകും കൃഷി ചെയ്തു. പട്ടിണി മാറി ,തേജാ തെളിഞ്ഞു. 

സിഖ് മുതലാളി

ഇരുട്ടും പേമാരിയും പേടിപ്പിക്കുന്ന രാത്രികളെ തേജാ നേരിട്ടു. കാട്ടാന, കാട്ടുപന്നി, കരടി, പുലി ഇവയൊക്കെ ഇടയ്ക്കിറങ്ങും. തന്റെ ഭൂമിക്ക് ഫ്ലവർ എസ്റ്റേറ്റ് എന്നു പേരിട്ടു. തമിഴ് കൂലിക്കാരെ കൊണ്ടുവന്നു. അവർ ആ പരിസരത്തൊക്കെ താമസമാക്കിയതോടെ ഗ്രാമം രൂപപ്പെട്ടു. തലേക്കെട്ടും കൃപാണവുമൊക്കെയായി വരുന്ന മുതലാളിയെ അവർ ‘സിങ്കുമുതലാളി’ എന്നു വിളിച്ചു. കുടുംബം വളർന്നു; മക്കൾ എട്ടായി. 

വിജയകുമാരി, ശോഭ, ബലദേവ സിങ് എന്നീ മക്കൾ രോഗങ്ങളോടു ചെറുത്തുനിൽക്കാനാവാതെ മരിച്ചു. ബാക്കി 5 പേരിൽ ഇപ്പോൾ 2 പേർ ബാക്കി. രാജേന്ദ്രകുമാരിയും അനുജത്തി രത്നകുമാരിയും. മോഹൻ സിങ്, മനോഹർ സിങ്, ഗുരുദാസ് സിങ് തുടങ്ങിയ മക്കളൊക്കെ മരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എൻ.എം. ശ്രീകുമാർ, രമേഷ് സിങ് തുടങ്ങി തേജായുടെ കൊച്ചുമക്കളൊക്കെ ഇപ്പോഴും സിങ്ക്കണ്ടത്തുണ്ട്. 

പാപ്പാത്തിച്ചതി

ഏലം കൃഷിചെയ്യണമെന്ന ആഗ്രഹം തേജായെ പാപ്പാത്തിച്ചോലയിലെത്തിച്ചു. ഇവിടെ കാടുപിടിച്ചുകിടന്ന പത്തേക്കറിൽ കൃഷിചെയ്യാൻ അനുമതി വാങ്ങി കൃഷിയിറക്കി. വീടുവച്ച് കുടുംബം അവിടെയായി. മണ്ണുപൊന്നാക്കി ഏലം വിളഞ്ഞു. പ്രതീക്ഷയുടെ പതിൻമടങ്ങ് വിളവ്. അന്നത്തെ ദുരനുഭവം രാജേന്ദ്രകുമാരി ഓർമിച്ചു പറയുന്നു:

ആദായം ആയപ്പോൾ സ്ഥലമുടമകൾ വന്നു. അവകാശത്തർക്കമായി. തേജായോട് സ്ഥലം വിടാൻ നിർദേശിച്ചു. തേജാ ചെറുത്തു നിന്നു.  രാത്രിയുടെ മറവിൽ അവർ വീടിനു തീയിട്ടു.! വീട് തീവിഴുങ്ങി. ഗുരുഗ്രന്ഥം, കൃപാണം, ഗുരുഗ്രന്ഥം വയ്ക്കുന്ന പീഠം, പാത്രങ്ങൾ, പെട്ടികൾ, തേജായുടെയും മക്കളുടെയും പഞ്ചാബ് ഓർമയായി സൂക്ഷിച്ചുവച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം നശിച്ചു. നിധിപോലെ കരുതിയിരുന്ന, താൻ ആദ്യമായി സമാധാനത്തോടെ തൊഴുത സുവർണക്ഷേത്രത്തിന്റെ ഫോട്ടോയും ചാരമായി.

തപാലിലെത്തിയ കൃപാണം

തേജാ, സന്തോഷവും സങ്കടവും പങ്കുവയ്ക്കാറുള്ള പഞ്ചാബിലെ സിഖ് ഗുരുക്കന്മാർക്ക് എഴുതി. മറുപടി വന്നു. ഒരു കൃപാണം തപാൽ മാർഗം സൂര്യനെല്ലി പോസ്റ്റോഫിസിലേക്ക്  അയയ്ക്കുന്നു. കൃപാണം വന്നു. വിവരം ശത്രുക്കളറിഞ്ഞു. അവർ പോസ്റ്റോഫിസിലെത്തി ബഹളമായി. ആയുധമാണെന്നും തിരിച്ചയയ്ക്കണമെന്നും ആവശ്യം. കൈമുന്നിലെത്തിയ കൃപാണത്തിൽ ഒന്നു തൊടാൻ പോലുമാവാതെ തപാലാപ്പീസിനുമുന്നിൽ തേജാ പൊട്ടിക്കരഞ്ഞു. മനോവ്യഥയിലേക്കാണ് ഈ സംഭവം തേജായെ തള്ളിവിട്ടത്. കൃപാണവും ഗുരുഗ്രന്ഥവുമൊന്നുമില്ലാതെ, തയ്യൽക്കടയിൽ തയ്പിച്ചെടുത്ത ഒരു സിഖുവേഷം മാത്രമായി തേജാസിങ് ഒതുങ്ങിക്കൂടി.

പാപ്പാത്തിച്ചോല ഭൂമിത്തർക്കം കേസാക്കി. ഒരു വക്കീലെത്തി കേസ് വിജയിപ്പിച്ചു. പകരം സ്ഥലം 10 വർഷത്തേക്കു വക്കീലിനു തേജാ എഴുതിക്കൊടുത്തു. പക്ഷേ, വക്കീലിന്റെ കയ്യിൽ നിന്ന് എതിർകക്ഷികൾ തോട്ടം കൈവശപ്പെടുത്തി. ആദായം കൈവിട്ടു. പത്താംവർഷം തേജാ പാപ്പാത്തിച്ചോല മലകയറി. കരാർപ്രകാരം ഭൂമി തിരിച്ചു ചോദിച്ചു. ക്രൂരമർദനം ഫലം. കയ്യിലൊരു കൃപാണം പോലുമില്ലാത്ത സിഖ് വൃദ്ധൻ മർദനമേറ്റു വീണു. ഒരു വലിയ പാറയുടെ ചെരുവിൽ തേജായെ വലിച്ചെറിഞ്ഞു. വൈക്കം കായലിന്റെ ആഴത്തിലേക്കെന്നപോലെ പാതിജീവനുമായി പതിച്ചു. ഒരാഴ്ച; സിങ്ക്കണ്ടത്തെ വീടിന്റെ പടിവാതിൽക്കൽ വീണ്ടും തേജാ പ്രത്യക്ഷപ്പെട്ടു. 

കുടിയിറക്കം

എല്ലാം വിറ്റു കുടിയിറങ്ങാൻ തീരുമാനിച്ചു. അഡ്വാൻസ് വാങ്ങിയപ്പോൾ ശത്രുക്കൾ വീണ്ടും വന്നു. വിൽപനയ്ക്ക് സ്റ്റേ ഓർഡർ. തേജാ വീണ്ടും കോടതി കയറി. കത്തിപ്പോയതിന്റെ ബാക്കി രേഖകളെല്ലാം ഹാജരാക്കി. തൊടുപുഴക്കോടതി, പിന്നെ കോട്ടയം കോടതി, എറണാകുളം കോടതി... 75 വയസ്സുകാരൻ നടന്നു നടന്ന്, മാനസികമായി തളർന്നു. ഒടുവിൽ, ട്രഞ്ച് വീടിനുള്ളിൽ നിന്നു തേജാ പുറത്തിറങ്ങാതെയായി. സമയത്ത് ആഹാരം കഴിക്കില്ല. കുടൽപ്പുണ്ണ് പിടിപെട്ടു. മെലിഞ്ഞു. അപ്പോഴും സിഖുകാരന്റെ വേഷം മാത്രം തയ്പ്പിച്ച് ധരിച്ചു. പഞ്ചാബിലേക്കു മടങ്ങണം, അവിടെ ജീവിക്കണം –തേജാ ഇടയ്ക്കിടെ പിറുപിറുത്തു.

സിങ്കുകണ്ടം പി.ഒ

‘സിങ്ങുമുതലാളി’ ഇല്ലാതായതോടെ ഭൂമി മുറിച്ചു പലർക്കായി നൽകി. 200 കുടുംബങ്ങളുടെ ഗ്രാമമായി മാറി. ഫ്ളവർ എസ്റ്റേറ്റ്, സിങ്ങ്കാട് എന്നായിരുന്നു പേര്. അതു തമിഴന്മാർ പറഞ്ഞു പറഞ്ഞ് സിങ്കുകാടായി, പിന്നെ സിങ്ക് കണ്ടമായി. ആ പേരിൽ സിങ് ഒരു സിംഹമായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. നാടിനിപ്പോൾ ഒരു വിലാസമുണ്ട്; കൃപാണം കിട്ടാൻ തപാൽ ഓഫിസിനുമുന്നിൽ ദിവസങ്ങളോളം കാത്തുകിടന്നവന്റെ സ്വന്തം പേരിൽ. 

സിങ്കുകണ്ടം പി.ഒ.

സിഖ് മലയാള ചരിതം

1930കളിൽ ചേർത്തലയിൽ നിന്ന് ഒട്ടേറെ മലയാളികൾ പഞ്ചാബിൽ പോയി സിക്ക് മതം സ്വീകരിച്ചിരുന്നു. ക്ഷേത്രപ്രവേശനത്തിനും മറ്റും അനുമതിയില്ലാതെ മാറ്റിനിർത്തപ്പെട്ട ദുർബലവിഭാഗത്തിൽപ്പെട്ടവരായിരുന്നു അധികവും. പഞ്ചാബിൽത്തന്നെ തുടർന്നവരും സിക്കുമതം സ്വീകരിച്ച് വേഷഭൂഷാധികളുമായി നാട്ടിൽ തിരിച്ചെത്തിയവരുമുണ്ടായിരുന്നു. ഇതിൽ സർദാർ ജയസിങ് (കെസി കുട്ടൻ) ‘സിഖ് മലയാളി’കളുടെ സംഘാടനകനും നേതാവുമായി. പഞ്ചാബിൽ നിന്ന് സിഖുകാരുടെ സംഘം ഇവരോടൊപ്പം പലപ്പോഴായി എത്തുകയും കേരളത്തിൽ സിക്കുമത പ്രചാരണത്തിനു നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു. 

ദി ഖാത്സാ മാനുഫാക്ചറിങ് കമ്പനി, ഗുരുദ്വാരാ കോംപൗണ്ടിൽ കയർ ഫാക്ടറികൾ ഇവയൊക്കെ സിക്കുമതക്കാർ 1937ൽ സ്ഥാപിച്ചിരുന്നു. കേരളത്തിൽ നിന്നു പഞ്ചാബിൽ പോയി സിക്കുമതം സ്വീകരിച്ചവരിലെ അവസാനകണ്ണിയായ ഭൂപേന്ദ്രസിങ് 2004ൽ മരിച്ചതോടെ നേരിട്ടുള്ള ബന്ധം അവസാനിച്ചെങ്കിലും പിൻതലമുറക്കാരിലൂടെ ഇപ്പോഴും ആ ചരിത്രം വേരോടുന്നുണ്ട്. തേജാസിങ്ങിന്റെ വംശാവലിയിൽ സിഖ് പാരമ്പര്യം ഇപ്പോൾ പേരുകളിൽ മാത്രമായി; മക്കളുടെ പേരിലും നാടിന്റെ പേരിലും.

1980ലെ ക്രിസ്മസ് 80 വയസ്സ്

ആ ക്രിസ്മസ് തലേന്നു തേജാ പറഞ്ഞു. ഒരു ഫോട്ടോയെടുക്കണം. ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയുമായി സുഹൃത്തെത്തി. പൈജാമ ധരിച്ച്, കേശം അതിമനോഹരമായി കെട്ടി. നീണ്ട താടിയും മീശയും കംഖകൊണ്ടു ചീകിയൊതുക്കി തേജാ ക്യാമറയ്ക്കു മുന്നിലിരുന്നു. 

ചരിത്രത്തിലേക്കൊരു ക്ലിക്ക്! അതേവേഷത്തിൽ തേജാ ഉറങ്ങാൻ കിടന്നു. ഇരുളും പകലും ഇതൾവിരിഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് ഉറക്കം. പിന്നീട്, തേജാ വെളിച്ചത്തിലേക്ക് ഉണർന്നില്ല.! പടം പ്രിന്റടിച്ചു ഫൊട്ടോഗ്രഫർ പടികയറി വരുമ്പോൾ ട്രഞ്ച് വീടിന്റെ മണ്ണിൽ തേജായുടെ സംസ്കാരം നടക്കുകയാണ്. ആ ഫോട്ടോയാണു വായനക്കാരേ, ഈ പേജിൽ നിങ്ങൾ കാണുന്ന പഴയചിത്രം. 

English Summary:

Sunday Special about Sinkukandam near Chinnakanal got that name