നർഗീസ് ബീഗം എന്ന സ്നേഹമരുന്ന്
‘‘നമ്മൾ അനുഭവിക്കാത്തവ നമുക്കു കെട്ടുകഥകളാണ്. അങ്ങനെയൊരു കെട്ടുകഥയുടെ ലോകത്തേക്കാണ് അന്നു ഞാൻ ചെന്നത്. രോഗികളായ അച്ഛനമ്മമാർ, ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്ന രണ്ടു പെൺകുട്ടികൾ. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീടിനു ചുറ്റും കാടാണ്. ഇഷ്ടികകളിൽ വിണ്ടുകീറിയ മരം വച്ചുണ്ടാക്കിയ കട്ടിലിൽ പക്ഷാഘാതം വന്നു തളർന്ന ആ അച്ഛൻ കിടക്കുന്നു. ഞാൻ കൂടി ഇരുന്നപ്പോൾ കട്ട പൊടിഞ്ഞതാണോ എന്നറിയില്ല കട്ടിൽ ഒന്നുകൂടി താഴ്ന്നു. ഇടിഞ്ഞുവീഴാറായ അടുക്കളയിൽ കരിപുരണ്ട ഏതാനും പാത്രങ്ങളും തലേന്നു വച്ച കുറച്ചു കഞ്ഞിയും. റേഷനരികൊണ്ടുണ്ടാക്കിയ കഞ്ഞിയാണ്. സർക്കാർ ആശുപത്രിയിൽ നിന്നുള്ള മരുന്നുകൾ കട്ടിലിനരികിലുണ്ടായിരുന്നു. മൂത്തമകളുടെ കാതുപഴുത്തു പൊട്ടിയിട്ടുണ്ട്..’’
‘‘നമ്മൾ അനുഭവിക്കാത്തവ നമുക്കു കെട്ടുകഥകളാണ്. അങ്ങനെയൊരു കെട്ടുകഥയുടെ ലോകത്തേക്കാണ് അന്നു ഞാൻ ചെന്നത്. രോഗികളായ അച്ഛനമ്മമാർ, ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്ന രണ്ടു പെൺകുട്ടികൾ. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീടിനു ചുറ്റും കാടാണ്. ഇഷ്ടികകളിൽ വിണ്ടുകീറിയ മരം വച്ചുണ്ടാക്കിയ കട്ടിലിൽ പക്ഷാഘാതം വന്നു തളർന്ന ആ അച്ഛൻ കിടക്കുന്നു. ഞാൻ കൂടി ഇരുന്നപ്പോൾ കട്ട പൊടിഞ്ഞതാണോ എന്നറിയില്ല കട്ടിൽ ഒന്നുകൂടി താഴ്ന്നു. ഇടിഞ്ഞുവീഴാറായ അടുക്കളയിൽ കരിപുരണ്ട ഏതാനും പാത്രങ്ങളും തലേന്നു വച്ച കുറച്ചു കഞ്ഞിയും. റേഷനരികൊണ്ടുണ്ടാക്കിയ കഞ്ഞിയാണ്. സർക്കാർ ആശുപത്രിയിൽ നിന്നുള്ള മരുന്നുകൾ കട്ടിലിനരികിലുണ്ടായിരുന്നു. മൂത്തമകളുടെ കാതുപഴുത്തു പൊട്ടിയിട്ടുണ്ട്..’’
‘‘നമ്മൾ അനുഭവിക്കാത്തവ നമുക്കു കെട്ടുകഥകളാണ്. അങ്ങനെയൊരു കെട്ടുകഥയുടെ ലോകത്തേക്കാണ് അന്നു ഞാൻ ചെന്നത്. രോഗികളായ അച്ഛനമ്മമാർ, ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്ന രണ്ടു പെൺകുട്ടികൾ. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീടിനു ചുറ്റും കാടാണ്. ഇഷ്ടികകളിൽ വിണ്ടുകീറിയ മരം വച്ചുണ്ടാക്കിയ കട്ടിലിൽ പക്ഷാഘാതം വന്നു തളർന്ന ആ അച്ഛൻ കിടക്കുന്നു. ഞാൻ കൂടി ഇരുന്നപ്പോൾ കട്ട പൊടിഞ്ഞതാണോ എന്നറിയില്ല കട്ടിൽ ഒന്നുകൂടി താഴ്ന്നു. ഇടിഞ്ഞുവീഴാറായ അടുക്കളയിൽ കരിപുരണ്ട ഏതാനും പാത്രങ്ങളും തലേന്നു വച്ച കുറച്ചു കഞ്ഞിയും. റേഷനരികൊണ്ടുണ്ടാക്കിയ കഞ്ഞിയാണ്. സർക്കാർ ആശുപത്രിയിൽ നിന്നുള്ള മരുന്നുകൾ കട്ടിലിനരികിലുണ്ടായിരുന്നു. മൂത്തമകളുടെ കാതുപഴുത്തു പൊട്ടിയിട്ടുണ്ട്..’’
‘‘നമ്മൾ അനുഭവിക്കാത്തവ നമുക്കു കെട്ടുകഥകളാണ്. അങ്ങനെയൊരു കെട്ടുകഥയുടെ ലോകത്തേക്കാണ് അന്നു ഞാൻ ചെന്നത്. രോഗികളായ അച്ഛനമ്മമാർ, ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്ന രണ്ടു പെൺകുട്ടികൾ. ഇടിഞ്ഞു
പൊളിഞ്ഞു വീഴാറായ ആ വീടിനു ചുറ്റും കാടാണ്. ഇഷ്ടികകളിൽ വിണ്ടുകീറിയ മരം വച്ചുണ്ടാക്കിയ കട്ടിലിൽ പക്ഷാഘാതം വന്നു തളർന്ന ആ അച്ഛൻ കിടക്കുന്നു. ഞാൻ കൂടി ഇരുന്നപ്പോൾ കട്ട പൊടിഞ്ഞതാണോ എന്നറിയില്ല കട്ടിൽ ഒന്നുകൂടി താഴ്ന്നു. ഇടിഞ്ഞുവീഴാറായ അടുക്കളയിൽ കരിപുരണ്ട ഏതാനും പാത്രങ്ങളും തലേന്നു വച്ച കുറച്ചു കഞ്ഞിയും. റേഷനരികൊണ്ടുണ്ടാക്കിയ കഞ്ഞിയാണ്. സർക്കാർ ആശുപത്രിയിൽ നിന്നുള്ള മരുന്നുകൾ കട്ടിലിനരികിലുണ്ടായിരുന്നു. മൂത്തമകളുടെ കാതുപഴുത്തു പൊട്ടിയിട്ടുണ്ട്..’’
നിത്യേന കാണുന്ന കാഴ്ചകളിലൊന്നിനെക്കുറിച്ചാണ് നർഗീസ് ബീഗം പറയുന്നത്.
‘‘നിങ്ങൾക്ക് അത്യാവശ്യമായി എന്താണു വേണ്ടത്’’– ശ്വാസംമുട്ടൽ കാരണം നേരെചൊവ്വേ സംസാരിക്കാൻ പോലും കഴിയാത്ത ആ അമ്മയോടു ഞാൻ ചോദിച്ചു. ‘‘ ഒന്നും വേണ്ട, ഇത്ത ഞങ്ങളെ കാണാൻ ഇവിടെവരെയൊന്നു വന്നല്ലോ. അതുമതി’’. പ്രാരബ്ധവും നിസ്സഹായതയും വച്ച് പലതും ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിൽ ഒന്നും ആവശ്യപ്പെടാത്ത ആ അമ്മയുടെ ചിരിച്ച മുഖം എന്നെ വല്ലാതെ വിഷമിപ്പിച്ചു. സർക്കാർ അനുവദിച്ച സ്ഥലത്തു പാതിപണിയിൽ കിടക്കുന്ന അവരുടെ വീടിന്റെ പുനർനിർമാണം നടത്തി അവരെ അവിടേക്കു മാറ്റിയപ്പോഴാണ് എന്റെ മനസ്സൊന്നു തണുത്തത്’’.
ഇത് നർഗീസ് ബീഗം. കോഴിക്കോട്ടെ കോയാസ് ആശുപത്രിയിലെ നഴ്സ്. അവരവരുടെ കാര്യങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്ന ആളുകൾക്കിടയിൽ, അപരന്റെ വേദനയറിയാൻ ഒരു ബാഗും തോളിലിട്ട് ഇറങ്ങിയതാണ് നർഗീസ് ബീഗം. ആശുപത്രിയിലെ ജോലി കഴിഞ്ഞ് നർഗീസ് ഇറങ്ങുന്നതു സ്വന്തം വീട്ടിലേക്കല്ല, തലേദിവസം വരാമെന്നേറ്റ ഏതെങ്കിലും കിടപ്പുരോഗികളുടെ വീട്ടിലേക്കായിരിക്കും. അവിടെ ആശ്വാസവാക്കുകൾക്കായി, സാന്ത്വനത്തിനായി കാത്തിരിക്കുന്ന ഒരു നിരാലംബ കുടുംബമുണ്ടാകും.
കുരുവിക്കൂട്ടിലെ സ്നേഹം
മലപ്പുറം കാരാട് ‘കുരുവിക്കൂട്’ എന്ന വീട് അക്ഷരാർഥത്തിൽ കിളിക്കൂട് തന്നെയാണ്. ചുറ്റും ചെടികൾ പടർന്നുകിടക്കുന്ന വീട്ടുമുറ്റത്ത് എപ്പോഴും പലതരം കിളികളെ കാണാം. ഹംസക്കോയ–ഖമറുന്നിസ ദമ്പതികളുടെ മകളായ നർഗീസിനെ തേടി കിളിക്കൂട്ടിലേക്ക് എപ്പോഴും ആളുകൾ വന്നുകൊണ്ടിരിക്കും. ടി.പി. റോസിന എന്നാണു നർഗീസിന്റെ യഥാർഥ പേര്. കവിതയെഴുമ്പോൾ സ്വീകരിച്ച പേര് പിന്നീടു സ്ഥിരം പേരാക്കി. ചെറുപ്രായത്തിലേ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു നർഗീസിന്. രോഗബാധിതനായ പിതാവ് ഗൾഫ് ജോലി ഉപേക്ഷിച്ചു വന്നപ്പോൾ ഉമ്മ ഖദ്ദാമയായി (വീട്ടുജോലിക്കാരി) സൗദിയിലേക്കുപോയി. മൂന്നു സഹോദരങ്ങളെ നർഗീസിനെ ഏൽപിച്ചാണ് ഉമ്മ പോയത്. അതുവരെ കരിങ്കല്ലു തച്ചുടയ്ക്കുന്ന ജോലിയായിരുന്നു ഉമ്മ ഖമറുന്നീസയ്ക്ക്. ലക്ഷംവീട്ടിലെ പതിനെട്ടാം നമ്പർ വീട്ടിൽ പറക്കമുറ്റാത്ത മൂന്നു സഹോദരങ്ങൾക്കു കാവലാളായി നർഗീസ് കുടുംബഭാരം ഏറ്റെടുത്തു.
വിഎച്ച്എസ്‌സി പഠനശേഷം നഴ്സിങ് പൂർത്തിയാക്കി നർഗീസ് ചെമ്മാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ജോലിക്കു ചേർന്നു. 300 രൂപയായിരുന്നു ശമ്പളം. വെള്ള വസ്ത്രം ധരിച്ച് ആശുപത്രിയിൽ ജോലിക്കുപോകാൻ തുടങ്ങിയതോടെയാണ് ജീവിതമാകെ മാറിമറിയുന്നത്. എവിടെ നോക്കിയാലും കഷ്ടപ്പെടുന്ന കുറെ ആളുകൾ. ആശുപത്രി ബില്ലടയ്ക്കാൻ നെട്ടോട്ടമോടുന്നവർ, കൂട്ടിരിക്കാൻ ആളില്ലാതെ തനിച്ചാകുന്നവർ, മരണത്തോടു മല്ലിട്ടു ജീവിതം തള്ളിനീക്കുന്നവർ. അവർക്കൊക്കെ നഴ്സുമാർ എന്നാൽ വലിയ പ്രതീക്ഷയായിരുന്നു. കിട്ടുന്ന ശമ്പളം ഭക്ഷണത്തിനു മാത്രമേ തികയൂ എന്നറിയുമായിരുന്നെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ആ പണം സ്വരൂപിച്ചുവച്ചു. മരുന്നുവാങ്ങാൻ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ വേണ്ടിയാണ് ആ പണം ഉപയോഗിച്ചത്. ജോലിയിൽ നിന്നു ലഭിക്കുന്ന ഏക ആശ്വാസമായിരുന്നു ആ സഹായം.
പിന്നീട് ഫറോക്കിലെ കോയാസ് ആശുപത്രിയിലേക്കു മാറി.
മൂത്തമകളായതിനാൽ പെട്ടെന്നു വിവാഹം കഴിപ്പിച്ചയയ്ക്കേണ്ടതുണ്ട് രക്ഷിതാക്കൾക്ക്. നർഗീസിന്റെയും വിവാഹം നടന്നു. ആദ്യദിവസം തന്നെ അവളാ സത്യം മനസ്സിലാക്കി. ഭർത്താവ് മദ്യത്തിന് അടിമയാണ്!. വീട്ടുകാർ കൊടുത്ത സ്ത്രീധനവും നർഗീസിന്റെ ആഭരണം വിറ്റ പണം കൊണ്ടും അയാൾ മദ്യപിച്ചു. ‘മദ്യാസക്തനായ ഒരാളുടെ ഉപദ്രവം ഏറ്റുവാങ്ങി ഒരു പുഴുവായി ജീവിക്കുകയായിരുന്നു ഞാൻ’ എന്നാണ് അക്കാലത്തെക്കുറിച്ച് നർഗീസ് പറഞ്ഞത്. രണ്ടു മക്കളുടെ ഉമ്മയായി. എന്നെങ്കിലും ഭർത്താവിന്റെ മദ്യപാനാസക്തി കുറയുമെന്ന പ്രതീക്ഷയായിരുന്നു നർഗീസിന്. കട തുടങ്ങിയാൽ മദ്യപാനം നിർത്താമെന്ന് അയാൾ സമ്മതിച്ചു. അതിനുള്ള പണം സ്വരൂപിക്കാൻ അയാൾ കണ്ട വഴി നർഗീസിന്റെ വൃക്ക വിൽക്കുകയായിരുന്നു. അതിനും നർഗീസ് ഒരുക്കമായിരുന്നു. വൃക്ക ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് അയാളോടൊപ്പം മൂവാറ്റുപുഴയിലെ ഒരു ഏജന്റിനെ പോയി കണ്ടു. രണ്ടുപേരുടെ രക്തസാമ്പിൾ പരിശോധിച്ചെങ്കിലും യോജിക്കാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. അതോടെ അയാൾ കൂടുതൽ അക്രമാസക്തനായി. മദ്യപിച്ചു വന്നുള്ള ഉപദ്രവം കൂടി. ഒരുരാത്രിയിൽ പ്രഷർ കുക്കർകൊണ്ടാണ് അയാൾ തലയ്ക്കടിച്ചത്. അന്നുരാത്രി മക്കളെയും കൊണ്ടു രക്ഷപ്പെട്ടതാണ് ആ വീട്ടിൽ നിന്ന്. ദുരിതജീവിതം ഉപേക്ഷിച്ചെത്തിയ മകളെ ഉപ്പയും ഉമ്മയും സഹോദരങ്ങളും ചേർത്തുപിടിച്ചു. അവർതന്നെ നർഗീസിനും മക്കൾക്കുമായി ഒരു കുഞ്ഞുവീട് പണിതുകൊടുത്തു– അതാണ് ‘കുരുവിക്കൂട്’.
കുട്ടികളുടെ കാര്യം, ജോലി, ആശുപത്രിയിലെത്തുന്ന പാവപ്പെട്ടവർക്കു സഹായം എന്നിങ്ങനെയായി മുന്നോട്ടുപോകുമ്പോഴാണ് വയനാട്ടിലെ സർക്കാരിതര സംഘടനയായ അഡോറ (ഏജൻസി ഫോർ ഡവലപ്മെന്റൽ ഓപറേഷൻസ് ഇൻ റൂറൽ ഏരിയാസ്)യിലെ സെക്രട്ടറി തങ്കച്ചൻ അവിടേക്കു ക്ഷണിക്കുന്നത്. താഴേക്കിടയിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു സഹായിക്കാനായി ഒരുകൂട്ടം ചെറുപ്പക്കാർ തുടങ്ങിയതാണ് അഡോറ. നർഗീസ് ചെയ്യുന്ന സേവന പ്രവർത്തനം അറിഞ്ഞാണ് തങ്കച്ചൻ അഡോറയുടെ ചുമതലയേൽക്കാൻ നർഗീസിനോടു പറഞ്ഞത്.
വിദ്യാഭ്യാസത്തിനുള്ള സഹായം, ഭക്ഷണവിതരണം, മരുന്നുവിതരണം, ചികിത്സാ സഹായം, ശുദ്ധജലമെത്തിക്കൽ, വീടുനിർമിച്ചു നൽകൽ, സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുക എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനമേഖലയാണ് അഡോറയ്ക്കുള്ളത്. ഇതുവരെ 80 പേർക്കു പുതിയ വീടു നിർമിച്ചു നൽകി. കോളനികളിൽ പൂർത്തിയാക്കിയ നാൽപതോളം ശുദ്ധജല പദ്ധതികൾ ആയിരത്തോളം ആളുകളുടെ ജലക്ഷാമം പരിഹരിച്ചു. എംബിബിഎസ്, എൻജിനീയറിങ്, നഴ്സിങ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന അനാഥരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായമെല്ലാം അഡോറയാണു വഹിക്കുന്നത്. രോഗാവസ്ഥയിലുള്ള മുന്നൂറോളം പേർക്ക് മാസത്തിൽ മരുന്നും ഭക്ഷണവും എത്തിക്കുന്നു. കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണു അഡോറയുടെ പ്രവർത്തനം.
സ്നേഹ വസ്ത്രങ്ങളുടെ എയ്ഞ്ചൽസ്
വസ്ത്രങ്ങളും ചെരിപ്പുകളും മറ്റ് അവശ്യവസ്തുക്കളും സൗജന്യമായി നൽകുന്ന സ്ഥാപനമാണ് എയ്ഞ്ചൽ. ഫാഷൻ മാറിയതിന്റെയും നിറം കുറഞ്ഞതിന്റെയും പേരിൽ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ പലരും എയ്ഞ്ചൽസിലെത്തിക്കും. അതുപോലെ ടെക്സ്റ്റൈൽസുകാരും ഫാഷൻ മാറിയ വസ്ത്രങ്ങൾ നൽകും. ഒരിക്കൽ മാത്രം ഉപയോഗിച്ച ശേഷം അലമാരയിലേക്കു മാറ്റപ്പെടുന്ന വിവാഹ വസ്ത്രങ്ങളും പലരും ഇപ്പോൾ നൽകുന്നുണ്ടെന്ന് നർഗീസ് പറഞ്ഞു. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന വീടുകളിലെ കുട്ടികളാണ് ഇത്തരം വസ്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നത്. സുൽത്താൻ ബത്തേരിയിലെ എയ്ഞ്ചൽ ഷോറൂമിൽ ഇതിനു മാത്രമായി ഒരു സെക്‌ഷനുണ്ട്. അഞ്ചിടത്താണ് എയ്ഞ്ചൽസ് പ്രവർത്തിക്കുന്നത്. ഇതുപോലെ വീടുകളിലെ ഇലക്ട്രിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം എയ്ഞ്ചൽ വഴി ആവശ്യക്കാർക്ക് എത്തിക്കുന്നുണ്ട്.
നിത്യരോഗികളായവർക്ക് താമസിക്കാൻ ഒരുങ്ങുന്ന എയ്ഞ്ചൽ ഹോമാണ് അഡോറയുടെ പുതിയ പദ്ധതി. അഡോറയുടെ ട്രഷറർ സതീഷ് പന്താവൂർ അച്ഛൻ പന്താവൂർ പരമേശ്വരൻ നമ്പൂതിരിയുടെ ഓർമയ്ക്കായി വയനാട് കണിയാമ്പറ്റയിൽ വാങ്ങി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് എയ്ഞ്ചൽ ഹോം തുടങ്ങുന്നത്. അപകടത്തിൽ പരുക്കേറ്റോ, വീണോ നട്ടെല്ലിനു ക്ഷതമേറ്റ് ശരീരം തളർന്നുപോയവർക്ക് ഫിസിയോ തെറപ്പിയും ചികിത്സയും നൽകി അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരികയാണ് എയ്ഞ്ചൽ ഹോമിലൂടെ അഡോറ ലക്ഷ്യമിടുന്നതെന്ന് നർഗീസ് പറഞ്ഞു. ആറു കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
ജീവിതത്തിൽ ഒറ്റപ്പെടാതെ
സുഹൃത്തായ പാലക്കാട് ചെർപ്പുളശ്ശേരി സുബൈറിനെ പിന്നീട് നർഗീസ് വിവാഹം കഴിച്ചു. 2022 ഒക്ടോബറിൽ കാരാട് പള്ളിയിൽ നടന്ന ചടങ്ങിൽ മഹറായി നർഗീസ് ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ്. പാലക്കാട്ടെ ഒരാൾക്ക് പെട്ടിക്കട തുറക്കാൻ വേണ്ട പണം നൽകാനായിരുന്നു അത്.
ഫിദ.. കാൻസർ ബാധിച്ച് കാഴ്ച ശക്തി അനുദിനം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. കാഴ്ച മുഴുവനായും ഇല്ലാതാകുന്നതിനു മുൻപ് അവൾ നർഗീസിനോട് തന്റെ ആഗ്രഹം പറഞ്ഞു. ‘ബാപ്പയെ ഒന്നുകാണണം’. അവളെ ഗർഭിണിയായിരിക്കുമ്പോഴാണ് ബാപ്പ ഉമ്മയെ ഉപേക്ഷിച്ചത്. ഫിദയുടെ ആഗ്രഹം സഫലമാക്കാൻ നർഗീസ് സുഹൃത്തുക്കളോടു പറഞ്ഞു. ഒടുവിൽ അവളുടെ പിതാവിനെ തമിഴ്നാട്ടിൽ കണ്ടെത്തി. മധുരയിലെത്തി ഫിദയെ ഉപ്പയുടെ മുന്നിൽ നിർത്തി. അവൾക്കറിയാം ഇനിയൊരിക്കലും ആ മുഖം കാണാൻ കഴിയില്ലെന്ന്. കണ്ടാലും മനസ്സിലാകില്ലെന്ന്. ഈ ലോകം മുഴുവൻ തന്റെ കണ്ണിൽ നിന്നു മായുകയാണെന്ന്. ഉപ്പ ചേർത്തു നിർത്തുമ്പോൾ അവളുടെ മുഖത്തു തെളിഞ്ഞ പ്രകാശം മതി തനിക്ക് ജീവിതത്തിലുടനീളം വെളിച്ചമേകാൻ എന്ന് നർഗീസ് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.