പിളർപ്പിലെ മുറിവുകൾ; പിളരാത്ത കെപിഎസി കൂടുതൽ കരുത്തോടെ
കെപിഎസി എന്ന പ്രസ്ഥാനത്തോടും നാടക കലയോടും കലാപ്രേമികൾ മാത്രമല്ല, ചലച്ചിത്ര ലോകവും കാട്ടിയിരുന്ന ആദരവും പ്രതിപത്തിയും ഏറെ അനുഭവിച്ച് അറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. നടൻ സത്യനൊപ്പം മൂന്നുനാലു സിനിമകളിൽ ഞാൻ വേഷമിട്ടു. ആ അതുല്യ കലാകാരൻ എന്നെപ്പോലുള്ള നാടക കലാകാരന്മാരോട് കാട്ടിയിട്ടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല...’– ലീല ഓർത്തു.
കെപിഎസി എന്ന പ്രസ്ഥാനത്തോടും നാടക കലയോടും കലാപ്രേമികൾ മാത്രമല്ല, ചലച്ചിത്ര ലോകവും കാട്ടിയിരുന്ന ആദരവും പ്രതിപത്തിയും ഏറെ അനുഭവിച്ച് അറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. നടൻ സത്യനൊപ്പം മൂന്നുനാലു സിനിമകളിൽ ഞാൻ വേഷമിട്ടു. ആ അതുല്യ കലാകാരൻ എന്നെപ്പോലുള്ള നാടക കലാകാരന്മാരോട് കാട്ടിയിട്ടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല...’– ലീല ഓർത്തു.
കെപിഎസി എന്ന പ്രസ്ഥാനത്തോടും നാടക കലയോടും കലാപ്രേമികൾ മാത്രമല്ല, ചലച്ചിത്ര ലോകവും കാട്ടിയിരുന്ന ആദരവും പ്രതിപത്തിയും ഏറെ അനുഭവിച്ച് അറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. നടൻ സത്യനൊപ്പം മൂന്നുനാലു സിനിമകളിൽ ഞാൻ വേഷമിട്ടു. ആ അതുല്യ കലാകാരൻ എന്നെപ്പോലുള്ള നാടക കലാകാരന്മാരോട് കാട്ടിയിട്ടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല...’– ലീല ഓർത്തു.
കെപിഎസി എന്ന പ്രസ്ഥാനത്തോടും നാടക കലയോടും കലാപ്രേമികൾ മാത്രമല്ല, ചലച്ചിത്ര ലോകവും കാട്ടിയിരുന്ന ആദരവും പ്രതിപത്തിയും ഏറെ അനുഭവിച്ച് അറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. നടൻ സത്യനൊപ്പം മൂന്നുനാലു സിനിമകളിൽ ഞാൻ വേഷമിട്ടു. ആ അതുല്യ കലാകാരൻ എന്നെപ്പോലുള്ള നാടക കലാകാരന്മാരോട് കാട്ടിയിട്ടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല...’– ലീല ഓർത്തു.
‘മുടിയനായ പുത്രൻ’, ‘പുതിയ ആകാശം പുതിയ ഭൂമി’ തുടങ്ങിയ സിനിമകളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ ഷൂട്ടിങ് സെറ്റിൽ സത്യൻ എന്നോടും സഹപ്രവർത്തകരോടും കാട്ടിയിട്ടുള്ള സ്നേഹം അത്ര വലുതായിരുന്നു. അത് കെപിഎസി എന്ന മഹത്തായ പ്രസ്ഥാനത്തോടുള്ള ആദരം കൂടിയായിരുന്നുവെന്ന് പറയാനാണ് എനിക്കിഷ്ടം. അക്കാലത്ത് നായകനും നായികയ്ക്കും പ്രധാന താരങ്ങൾക്കു മാത്രമേ സെറ്റിൽ ഇരിക്കാൻ കസേര കിട്ടൂ. പക്ഷേ സത്യൻ കെപിഎസിയിൽ നിന്നു വന്നവർക്കും കസേര നൽകണമെന്നു നിർബന്ധം പിടിച്ചു. ‘ലീല വരൂ, ഇവിടെ വന്നിരിക്ക്...’ എന്നു പറഞ്ഞ് കസേര നീട്ടിയിട്ടു തന്ന സത്യന്റെ മുഖം ഇന്നും ഓർമയിലുണ്ട്. അന്ന് ഇന്നത്തെക്കാലത്തെപ്പോലെ കാരവൻ ഒന്നും ഇല്ലല്ലോ. കസേര തന്നെ വലിയ ആഡംബരം. കുടിക്കാൻ ജ്യൂസ് ഉൾപ്പെടെ നായകനും നായികയ്ക്കും കൊണ്ടുവരുമ്പോൾ അത് ഞങ്ങൾക്കും കിട്ടുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. കെപിഎസിയോടു മഹാനായ ആ കലാകാരൻ കാട്ടുന്ന ആദരവിന് ഞാൻ അപ്പോഴൊക്കെ മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞു. ആ പ്രസ്ഥാനമാണ് പിളർപ്പിന്റെ പടി വാതിൽക്കൽ നിൽക്കുന്നത്.
തോപ്പിൽ ഭാസി പറന്നെത്തി, പിളർപ്പ് ഒഴിവാക്കാൻ
‘കെപിഎസി ജനറൽ ബോഡി യോഗം ചേർന്നു വിമത പക്ഷത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്ന വിവരം അറിഞ്ഞ്, മദ്രാസിലായിരുന്ന തോപ്പിൽ ഭാസി സഖാവ് അടുത്ത ഫ്ലൈറ്റിൽ കയറി ബെംഗളൂരുവിൽ കെപിഎസി സംഘം താമസിച്ചിരുന്ന ഹോട്ടലിൽ എത്തി. എത്തിയ പാടേ അദ്ദേഹം കെപിഎസി അംഗങ്ങളെ മുഴുവൻ വിളിച്ചു കൂട്ടി. കെപിഎസി എന്തുകൊണ്ട് ഔദ്യോഗിക പക്ഷത്തോടൊപ്പം നിലയുറപ്പിക്കണം എന്നതിനെക്കുറിച്ചുള്ള സ്റ്റഡി ക്ലാസ് ആയിരുന്നു ആ പ്രസംഗം. ആ വിശദീകരണം കഴിഞ്ഞതോടെ മഞ്ഞുരുകിയതു പോലെയായി...’ കെപിഎസി ലീല ഓർക്കുന്നു.
‘കമ്യൂണിസ്റ്റ് പാർട്ടിയിലെ വിമത പക്ഷത്തോടൊപ്പം നിലയുറപ്പിച്ചിരുന്ന സുലോചനയും ഉമ്മറുമൊക്കെ തോപ്പിൽ ഭാസിയുടെ വിശദീകരണം കേട്ട് ഭാസിയുടെ നിലപാടിനൊപ്പം വന്നു. എനിക്കും ലളിതയ്ക്കും മറിച്ചൊരു നിലപാടുമില്ല. അതോടെ കെപിഎസി വീണ്ടും ഒറ്റക്കെട്ടായി’.
അതെക്കുറിച്ച് പിന്നീട് തോപ്പിൽ ഭാസി എഴുതി. ‘‘അടുത്ത ദിവസം രാവിലെ പ്ലെയിനിൽ ഞാൻ ബാംഗ്ലൂരിലെത്തി ജനറൽ ബോഡി വിളിച്ചുകൂട്ടി എന്റെ നിലപാട് വിശദീകരിച്ചു. അതിന്റെ രാഷ്ട്രീയ കാരണങ്ങളും വിശദമായി പറഞ്ഞു. കെ.പി.ഉമ്മർ ഉൾപ്പെടെയുള്ള സമിതിയംഗങ്ങൾ ചിന്താക്കുഴപ്പത്തിലായി. അവർക്കെന്നെ ഉപേക്ഷിക്കാൻ സാധ്യമല്ല. അവരവതരിപ്പിക്കുന്ന എല്ലാ നാടകങ്ങളും ഞാനെഴുതി സംവിധാനം ചെയ്യുന്നതാണ്. സമിതി എന്റെ നിലപാടിനെ ഏകകണ്ഠമായി അനുകൂലിച്ചു. അങ്ങനെ പാർട്ടി നേതൃത്വം അംഗീകരിച്ചിരുന്ന എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും പിളർന്നപ്പോൾ കെപിഎസി പിളർന്നില്ല’’.
കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് നേതാക്കളിലും പ്രവർത്തകരിലും ഉണ്ടാക്കിയതു കനത്ത ആഘാതമായിരുന്നു. ഭിന്നിപ്പിനെക്കുറിച്ച് തോപ്പിൽ ഭാസി പിന്നീട് എഴുതിയ ‘തെളിവിലെ യാഥാർഥ്യങ്ങൾ’ എന്ന ലഘുലേഖ അക്കാലത്ത് വ്യാപകമായ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കിയതെന്നും ചരിത്രം. ബൈജു ചന്ദ്രൻ എഴുതിയ ‘ജീവിത നാടകം– അരുണാഭം ഒരു നാടകകാലം’ എന്ന പുസ്തകത്തിൽ ഇതേക്കുറിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
‘തെളിവിലെ യാഥാർഥ്യങ്ങൾ’ ഇങ്ങനെ തുടർന്നു.
‘ പ്രിയപ്പെട്ട ഇഎംഎസ്, പ്രിയപ്പെട്ട എകെജി– രണ്ടു ചോദ്യങ്ങൾ ഞാൻ ചോദിച്ചു കൊള്ളട്ടെ...
1. ഒരു കമ്യൂണിസ്റ്റു പാർട്ടി ഘടകത്തിൽ നിന്ന് ഏതു സാഹചര്യത്തിലായാലും ഇറങ്ങിപ്പോക്ക് നടത്തുന്നത് ശരിയാണോ ?
2. ഏതു സാഹചര്യത്തിലായാലും ഒരു പാർട്ടി ഘടകത്തിന്റെ ഭൂരിപക്ഷ നടപടിയെ അനുസരിക്കാതെ അതിനെ വെല്ലുവിളിച്ചു കൊണ്ട് ഒരു സഖാവോ, ഏതാനും സഖാക്കളോ സമാന്തര പാർട്ടി പ്രവർത്തനം നടത്തുന്നത് നമ്മൾ ഇന്നോളം അനുസരിച്ചു പോന്ന സംഘടനാതത്വങ്ങൾക്കും പ്രമാണങ്ങൾക്കും ചേർന്നതാണോ ?
ബഹുമാനപ്പെട്ട സഖാക്കളേ, ഹൃദയവേദനയോടെ ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ. പലരും ആഗ്രഹിക്കുന്നതു പോലെ ഭിന്നിച്ച പാർട്ടി ഒന്നിച്ചുവെന്നു വിചാരിക്കുക. എന്നാലും നമുക്ക് നമ്മുടെ എതിരാളിയുടെ മുഖത്തു നോക്കി ഇനിയൊരിക്കലെങ്കിലും ‘ ഒറ്റക്കല്ലിൽ പണിതെടുത്ത പാർട്ടി’ എന്നു നമ്മുടെ പാർട്ടിയെപ്പറ്റി പറയാൻ ഇന്നു കഴിയുമോ ? പറഞ്ഞാൽ അതു സത്യമാവുമോ ? അച്ചടക്കത്തിന്റെ ഇരുമ്പുചട്ട ധരിച്ച പാർട്ടിയെന്ന് നമ്മുടെ പാർട്ടിയെപ്പറ്റി പറയുവാൻ ഇനി കഴിയുമോ ? പറഞ്ഞാൽ അതു സത്യമാവുമോ ? തെറ്റുകൾ പലതും രാഷ്ട്രീയപ്രവർത്തകർക്ക് വരും. പക്ഷേ, ഒരിക്കലും നികത്താനാവാത്ത തെറ്റുകൾ നിങ്ങളിൽ നിന്നു പ്രതീക്ഷിച്ചതല്ല...’
പിളരാത്ത കെപിഎസി കൂടുതൽ കരുത്തോടെ
കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് കെപിഎസിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ചുമതല കൂടി തോപ്പിൽ ഭാസി ഏറ്റെടുത്തു. പിളർപ്പിനെ അതിജീവിച്ച കെപിഎസിക്കായി എത്രയും പെട്ടെന്ന് പുതിയൊരു നാടകം കൂടി രംഗത്തെത്തിക്കേണ്ടതും അദ്ദേഹത്തിന്റെ വാശിയായി.
വർഷങ്ങളുടെ ഇടവേളകളിലാണ് തോപ്പിൽ ഭാസി സാധാരണ നാടകം എഴുതാറുള്ളത്. എന്നാൽ പാർട്ടിയുടെ പിളർപ്പിനു ശേഷവും കെപിഎസിയെ ഒന്നാം സ്ഥാനത്തു നിലനിർത്തുക എന്നത് വല്ലാത്തൊരു വാശിയായി അദ്ദേഹം ഏറ്റെടുത്തു. ‘കൂട്ടുകുടുംബം’ നന്നായി വേദികളിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആ വർഷം ‘തുലാഭാരം’ അരങ്ങിലെത്തിച്ചു. ‘അശ്വമേധ’ ത്തിന്റെ വൻ വിജയത്തിനു പിന്നാലെ ആ നാടകത്തിന്റെ രണ്ടാം ഭാഗവും തോപ്പിൽ ഭാസി എഴുതി– ‘ശരശയ്യ’.
1965 ആയപ്പോഴേക്കും, അതായത് പാർട്ടി പിളർന്ന് ഒരു വർഷത്തിനു ശേഷം കെപിഎസിയിൽ മറ്റൊരു പ്രതിസന്ധിയുണ്ടായി. ആദ്യ നാടകം മുതൽ നടിയായും ഗായികയായും അരങ്ങു വാണ സുലോചന കെപിഎസി വിട്ടു. സിനിമയിൽ ചില റോളുകൾ കിട്ടിയതോടെ കെ.പി.ഉമ്മറും പോയി. പക്ഷേ തളരാൻ കെപിഎസിയും തോപ്പിൽ ഭാസിയും തയാറായിരുന്നില്ല. ‘യുദ്ധകാണ്ഡം’ എന്ന നാടകത്തിലേക്ക് സുലോചനയ്ക്കു പകരം തങ്കമണി എന്ന വസന്തകുമാരിയെ കൊണ്ടുവന്നു. ‘മണി (സുലോചന) പോയപ്പോൾ പകരം ഞങ്ങൾ തങ്കമണിയെ കൊണ്ടുവന്നു’ എന്നാണ് ഇതെക്കുറിച്ച് കേശവൻ പോറ്റി സാർ പിന്നീട് പറഞ്ഞത്.
കാമ്പിശ്ശേരി പ്രസിഡന്റും തോപ്പിൽ ഭാസി സെക്രട്ടറിയും കേശവൻ പോറ്റി വർക്കിങ് സെക്രട്ടറിയുമായിരുന്ന കെപിഎസിയുടെ നേതൃത്വത്തിൽ അന്ന് എ,ബി ട്രൂപ്പുകൾക്കു രൂപം നൽകിയതും വലിയ പ്രത്യേകതയായിരുന്നു. കെപിഎസിയുടെ രണ്ടു ട്രൂപ്പുകൾ ഒരേ സമയം രണ്ടു നാടകങ്ങൾ കളിക്കും. ഒരു ടീം തോപ്പിൽ ഭാസിയുടെ ‘യുദ്ധകാണ്ഡം’ കളിച്ചപ്പോൾ ബി ടീം പൊൻകുന്നം വർക്കിയുടെ ‘ഇരുമ്പുമറ’ കളിച്ചു. ഇരു ട്രൂപ്പ് പരീക്ഷണം ഏറെക്കാലം മുന്നോട്ടു കൊണ്ടുപോയില്ല എന്നതു വേറെ കാര്യം.
ഒരു പൂവ് തന്നാൽ വാങ്ങുമോ...?
നാടകം കളിക്കാൻ ഓരോ ഇടത്തും ചെല്ലുമ്പോഴും നാടകപ്രേമികൾ കാണിക്കുന്ന സ്നേഹവും ആരാധനയും ഇന്നും ലീലയുടെ മനസ്സിലുണ്ട്. നാടകത്തിൽ നൃത്തം കളിക്കുന്ന കൊച്ചു പെൺകുട്ടിയായിരുന്നു ആദ്യ കാലങ്ങളിൽ ലീല. കുട്ടിത്തം മാറാത്ത നടിയുടെ നൃത്തം കണ്ട് നടിയെ നേരിട്ടു കാണാൻ നാടക വണ്ടി ചിലയിടങ്ങളിൽ നാട്ടുകാർ തടഞ്ഞ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ‘ലീലയെ ഒന്നു കണ്ടിട്ടു പൊയ്ക്കോളാം...’ എന്നു പറഞ്ഞു വണ്ടിക്കു കുറുകേ നിന്ന നാട്ടുകാർ !
നാടകം കളിക്കുന്ന സ്റ്റേജിനടുത്ത് കെപിഎസിയുടെ വാൻ എത്തുമ്പോൾ പലയിടത്തും പൊലീസ് അകമ്പടിയോടെയാണ് ഞങ്ങൾ നടീനടന്മാർ അണിയറയിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. അന്ന് നാടകക്കാർക്ക് അത്ര വിലയായിരുന്നു; ഇന്നത് സിനിമക്കാർ കൊണ്ടുപോയെങ്കിലും. ‘ മുടിയിൽ പിടിച്ചു വലിക്കുക, കയ്യിൽ കയറി പിടിക്കുക തുടങ്ങിയവയായിരുന്നു ആരാധകരുടെ സ്ഥിരം കലാപരിപാടികൾ. കൂട്ടത്തിൽ ഒരാൾ അടുത്തു വന്നു ചോദിച്ച ചോദ്യം ഇന്നും കാതിലുണ്ട്. ‘ ഒരു പൂവ് തന്നാൽ വാങ്ങുമോ...?’
പ്രതിഫലം 35 രൂപ
കെപിഎസിയുടെ പത്ത് നാടകങ്ങളിൽ അഭിനയിച്ചെങ്കിലും ആദ്യകാലങ്ങളിൽ എത്ര രൂപയായിരുന്നു പ്രതിഫലം എന്നു പോലും ലീലയ്ക്ക് ഓർമയില്ല. 20 രൂപയായിരുന്നുവെന്നാണ് കേൾവി. അതെല്ലാം പിതാവ് കുര്യാക്കോസ് ആണ് കൈകാര്യം ചെയ്തിരുന്നത്. അത്യാവശ്യം ചെലവിനുള്ളതു മാത്രം തരും. ഒടുവിൽ, ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന നാടകത്തിൽ അഭിനയിക്കുമ്പോൾ നാടകം ഒന്നിന് 35 രൂപയായി പ്രതിഫലം.
1970 ൽ വിവാഹത്തോടെ കെപിഎസി വിട്ട ലീല മൂന്നു വർഷം കഴിഞ്ഞ് നടൻ ആലുമ്മൂടന്റെ സമിതിയിൽ കളിക്കാനെത്തി. പിന്നെയും കെപിഎസി എന്ന വികാരം ലീലയുടെ മനസ്സിൽ ഇളകിക്കളിച്ചു കൊണ്ടേയിരുന്നു. 1986 ൽ, കെപിഎസി വിട്ട് ഒന്നര പതിറ്റാണ്ടിലേറെ പിന്നിട്ട് സമിതി ‘ഭഗ്നഭവനം’ നാടകം അരങ്ങിലെത്തിച്ചപ്പോൾ അതിലൊരു പ്രധാന വേഷം ചെയ്യാൻ ലീല തന്നെ വേണമെന്നു തോപ്പിൽ ഭാസി നിർബന്ധം പിടിച്ച കഥയോർക്കുമ്പോഴും ലീലയുടെ ഉള്ളം പിടയ്ക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം ചലച്ചിത്ര രംഗത്തേക്കു തിരിച്ചെത്തിയ ലീലയെത്തേടി ഇപ്പോൾ നല്ല കഥാപാത്രങ്ങൾ വരുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ എത്രകാലം വേണമെങ്കിലും ഈ രംഗത്തു തുടരാനാണ് ലീലയ്ക്ക് ഇഷ്ടം. ഡേവിഡ്–ലീല ദമ്പതികൾക്ക് 3 മക്കൾ. ഷെല്ലി, സാൻഡി, ടോണി.
(അവസാനിച്ചു)