പകരക്കാരിയായി ‘നിയമനം’, അഭിനയത്തികവിന്റെ നേർസാക്ഷ്യമായി അസാമാന്യ പ്രകടനങ്ങൾ; നടി കെപിഎസി ലീലയുടെ ജീവിതം
‘‘ജന്മിയുടെ കാര്യസ്ഥന്മാരും കൂലിക്കാരും ചേർന്ന് പരമുപിള്ളയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നു തേങ്ങയിടാൻ കയറുന്ന ഒരു രംഗമുണ്ട്. അപ്പോൾ പരമുപിള്ളയുടെ ഭാര്യ കല്യാണിയമ്മ ഒരു കത്താളുമായി രംഗത്തു വന്ന് അവരെ തടയുന്നു. കല്യാണിയമ്മ കത്താളു ചൂണ്ടിക്കൊണ്ട്, ‘ഛീ, ഇറങ്ങിനെടാ താഴോട്ട്... താഴോട്ടിറങ്ങാൻ ! ഒരെണ്ണത്തിനെയും ഞാൻ വിട്ടയയ്ക്കത്തില്ല. കാലു വെട്ടി ഞാൻ താഴെയിടും !
‘‘ജന്മിയുടെ കാര്യസ്ഥന്മാരും കൂലിക്കാരും ചേർന്ന് പരമുപിള്ളയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നു തേങ്ങയിടാൻ കയറുന്ന ഒരു രംഗമുണ്ട്. അപ്പോൾ പരമുപിള്ളയുടെ ഭാര്യ കല്യാണിയമ്മ ഒരു കത്താളുമായി രംഗത്തു വന്ന് അവരെ തടയുന്നു. കല്യാണിയമ്മ കത്താളു ചൂണ്ടിക്കൊണ്ട്, ‘ഛീ, ഇറങ്ങിനെടാ താഴോട്ട്... താഴോട്ടിറങ്ങാൻ ! ഒരെണ്ണത്തിനെയും ഞാൻ വിട്ടയയ്ക്കത്തില്ല. കാലു വെട്ടി ഞാൻ താഴെയിടും !
‘‘ജന്മിയുടെ കാര്യസ്ഥന്മാരും കൂലിക്കാരും ചേർന്ന് പരമുപിള്ളയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നു തേങ്ങയിടാൻ കയറുന്ന ഒരു രംഗമുണ്ട്. അപ്പോൾ പരമുപിള്ളയുടെ ഭാര്യ കല്യാണിയമ്മ ഒരു കത്താളുമായി രംഗത്തു വന്ന് അവരെ തടയുന്നു. കല്യാണിയമ്മ കത്താളു ചൂണ്ടിക്കൊണ്ട്, ‘ഛീ, ഇറങ്ങിനെടാ താഴോട്ട്... താഴോട്ടിറങ്ങാൻ ! ഒരെണ്ണത്തിനെയും ഞാൻ വിട്ടയയ്ക്കത്തില്ല. കാലു വെട്ടി ഞാൻ താഴെയിടും !
‘‘ജന്മിയുടെ കാര്യസ്ഥന്മാരും കൂലിക്കാരും ചേർന്ന് പരമുപിള്ളയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നു തേങ്ങയിടാൻ കയറുന്ന ഒരു രംഗമുണ്ട്. അപ്പോൾ പരമുപിള്ളയുടെ ഭാര്യ കല്യാണിയമ്മ ഒരു കത്താളുമായി രംഗത്തു വന്ന് അവരെ തടയുന്നു. കല്യാണിയമ്മ കത്താളു ചൂണ്ടിക്കൊണ്ട്, ‘ഛീ, ഇറങ്ങിനെടാ താഴോട്ട്... താഴോട്ടിറങ്ങാൻ ! ഒരെണ്ണത്തിനെയും ഞാൻ വിട്ടയയ്ക്കത്തില്ല. കാലു വെട്ടി ഞാൻ താഴെയിടും !
ഇതു പറയുകയും അഭിനയിക്കുകയും ചെയ്തു കഴിഞ്ഞപ്പോഴേക്കും കൊട്ടകയ്ക്കു പുറത്തു വടക്കുവശത്ത് ജനങ്ങൾ ചടപടാ നിലത്തു ചാടുന്ന ശബ്ദം കേട്ടു. (ടിക്കറ്റെടുത്തു) കൊട്ടകയിൽ കയറാതെ പുറത്തുള്ള ഒരു മരത്തിൽ കയറിയിരുന്നു നാടകം കണ്ട കുറെ ആളുകൾ കല്യാണിയമ്മയുടെ ശകാരം അവരുടെ നേർക്കാണെന്നു കരുതി ചാടിയിറങ്ങുകയായിരുന്നു...!!! ’’(‘ജീവിതച്ഛായകൾ എന്ന പുസ്തകത്തിൽ നാടകാചാര്യൻ ഒ.മാധവൻ).
1952 ൽ മഞ്ഞു വീഴുന്ന ആ ഡിസംബർ രാത്രിയിൽ കൊല്ലം ജില്ലയിലെ ചവറ തട്ടാശ്ശേരി മൈതാനത്ത് അരങ്ങും സദസ്സും അഴിമുഖം പോൽ ലയിച്ചു. കെപിഎസി യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം, പരമുപിള്ള ഉയർത്തിപ്പിടിച്ച കൊടി പോലെ കേരളക്കരയിൽ ചരിത്രമുയർത്തിയ രാത്രി.
പിന്നെയും 15 വർഷം കഴിഞ്ഞ്, അരങ്ങിൽ നായികയുടെ കരച്ചിലിനൊത്ത് സദസ്സിൽ ജനക്കൂട്ടം മാറത്തടിച്ച രാത്രിയും നമ്മൾ കണ്ടു. 1967 ൽ കായംകുളത്ത് കെപിഎസിയുടെ ‘തുലാഭാരം’ നാടകം തട്ടേൽക്കയറിയ രാത്രി. ഫാക്ടറി മുതലാളിയുടെ ഗുണ്ടകൾ തൊഴിലാളി നേതാവായ ഭർത്താവ് രാമുവിനെ കൊലപ്പെടുത്തുന്നതോടെ പറക്കമുറ്റാത്ത നാലു മക്കളുമൊത്ത് എന്തു ചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞ വിജയ എന്ന നായിക.
‘എനിക്കു മാപ്പ് തരണേ, രാമുവിന്റെ കുട്ടികൾ തെണ്ടികളായി വളരാൻ ഞാൻ സമ്മതിക്കുകയില്ല...’ എന്നു പറഞ്ഞു കുഞ്ഞുങ്ങൾക്ക് ചോറിൽ വിഷം കലർത്തിക്കൊടുത്ത് വിജയയും ജീവനൊടുക്കാനൊരുങ്ങുന്നു. ഓരോ ഉരുളയും കുട്ടികൾക്കു നീട്ടുമ്പോൾ സദസ്സിൽ നിന്നു മാറത്തടിച്ചു സ്ത്രീകൾ അപ്പാടെ വിളിച്ചു പറഞ്ഞു: ‘അയ്യോ, കുഞ്ഞുങ്ങളെ കൊല്ലരുതേ... ഞങ്ങൾ വളർത്തിക്കോളാം...’ സദസ്സിനു നടുവിൽ കണ്ണുനീർ തുടയ്ക്കാൻ പാടുപെട്ട് വിമ്മിക്കരഞ്ഞ് സംവിധായകനും; വലിയ തോപ്പി സഖാവ് എന്ന തോപ്പിൽ ഭാസി !
കാണികളെ കണ്ണീരിൽ കുളിപ്പിച്ച വിജയയുടെ അസാമാന്യ പ്രകടനത്തെക്കുറിച്ച് കേട്ടറിഞ്ഞ് അന്നു മന്ത്രിയായിരുന്ന എം.എൻ ഗോവിന്ദൻ നായർ നായികയ്ക്ക് കത്തെഴുതി: ‘ലീല മോളേ, തുലാഭാരത്തിലെ നിന്റെ അഭിനയത്തെക്കുറിച്ച് കേട്ട് എനിക്ക് നിന്നെ കണ്ട് അഭിനന്ദിക്കാതെ ഇവിടെ ഇരിക്കാൻ കഴിയുന്നില്ല. എത്രയും പെട്ടെന്നു തന്നെ നാടകം കാണും...’ ഓസ്കർ അവാർഡോളം അഭിമാനത്തോടെ പ്ലാങ്കുടിയിൽ കുര്യാക്കോസ് ലീല എന്ന കെപിഎസി ലീല ആ കത്ത് ഹൃദയത്തോടു ചേർത്തു വച്ചു. തുലാഭാരം പിന്നീട് സിനിമയായപ്പോൾ വിജയയുടെ വേഷം അഭിനയിച്ച ശാരദ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയതും ചരിത്രം.
‘മുടിയനായ പുത്രൻ’, ‘പുതിയ ആകാശം പുതിയ ഭൂമി’, ‘അശ്വമേധം’, ‘മൂലധനം’,‘ശരശയ്യ’, ‘യുദ്ധകാണ്ഡം’, ‘കൂട്ടുകുടുംബം’, ‘തുലാഭാരം’, ‘ജീവിതം അവസാനിക്കുന്നില്ല’, ‘ഭഗ്നഭവനം’ തുടങ്ങിയ കെപിഎസി നാടകങ്ങളിലും ഒട്ടേറെ സിനിമകളിലും വേഷമിട്ട ലീലയുടെ അരങ്ങോർമകൾ നിറഞ്ഞ സദസ്സിലാണ്. കെപിഎസി സുലോചന കെപിഎസിയിൽ ലീലയുടെ മുൻഗാമിയെങ്കിൽ കെപിഎസി ലളിത പിൻഗാമി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾക്ക് അർഹയായ ലീല ചുറുചുറുക്കോടെ അഭിനയ വേദികളിൽ ഇന്നും സജീവം.
പാമ്പാക്കുടയിലെ നർത്തകി
എറണാകുളം ജില്ലയിലെ പിറവത്തിനും മൂവാറ്റുപുഴയ്ക്കും ഇടയ്ക്കുള്ള പാമ്പാക്കുട എന്ന കൊച്ചുഗ്രാമം. കൊൽക്കത്ത തീസിസിന്റെ വിപ്ലവപാത തിരഞ്ഞെടുത്ത കമ്യൂണിസ്റ്റ് പ്രവർത്തകർ വേട്ടയാടപ്പെടുന്ന കാലം. നാട്ടിലെ വായനശാലയിലെ ലൈബ്രേറിയൻ കുര്യാക്കോസും ഭാര്യ മറിയാമ്മയും തികഞ്ഞ കമ്യൂണിസ്റ്റുകാർ. അവർക്കു മൂന്നു മക്കൾ. മൂത്തത് ലീല. പാമ്പാക്കുട ടൗണിൽ ചെറിയൊരു തുണിക്കട നടത്തിയിരുന്ന കുര്യാക്കോസ് നാട്ടിലെ സാംസ്കാരിക പ്രവർത്തകനുമാണ്. കോലഞ്ചേരി സ്വദേശി മറിയാമ്മയുടെ കുടുംബവും കമ്യൂണിസ്റ്റ് പാരമ്പര്യമുള്ളവർ.
ലീലയ്ക്ക് എട്ടോ പത്തോ വയസ്സുള്ളപ്പോൾ പിറവത്തെ കൊട്ടകയിൽ ‘ജീവിത നൗക’ സിനിമ കാണിക്കാൻ കുര്യാക്കോസ് കൊണ്ടുപോയി. സിനിമയിലെ ‘ആനത്തലയോളം വെണ്ണ തരാമെടാ...’ എന്ന പാട്ടും നൃത്തവും ലീലയുടെ ഉള്ളിൽ ഇടംപിടിച്ചു. സദാ ആ പാട്ടുപാടി ചുവടു വച്ച ലീലയുടെ നൃത്തസ്നേഹം കുര്യാക്കോസ് ശ്രദ്ധിച്ചു. പിന്നാലെ കൂത്താട്ടുകുളത്ത് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ വന്നു. നാടകം കാണാൻ കുര്യാക്കോസ് ലീലയെയും ഒപ്പം കൂട്ടി. നാടകത്തിലും പാട്ടുണ്ട്, നൃത്തമുണ്ട്.
എട്ടാം ക്ലാസ് പാസായപ്പോൾ ലീല കോഴിക്കോട് അന്നം എന്ന ഡാൻസ് ടീച്ചറുടെ അടുത്ത് നൃത്തപഠനത്തിനു ചേർന്നു. അന്നം ടീച്ചറുടെ ഗുരു കൂടിയായിരുന്ന കലാമണ്ഡലം അധ്യാപകൻ രാജരത്തിനം പിള്ളയുടെ നിർബന്ധത്തിൽ കുര്യാക്കോസ് പിന്നീട് ലീലയെ കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ചേർത്തു. രാജരത്തിനം പിള്ളയുടെ പാലക്കാട്ടെ വീട്ടിൽ താമസിച്ചു ഭരതനാട്യവും പഠിച്ചു. നാടകകൃത്തും സംഘാടകനുമായ എരൂർ വാസുദേവിന്റെ നേതൃത്വത്തിലുള്ള കേരള പ്രോഗ്രസീവ് തിയട്രിക്കൽ ആർട്സ് (കെപിടിഎ) പി.ജെ ആന്റണിയുടെ ‘മുന്തിരിച്ചാറിലെ കുറെ കണ്ണുനീർ’ നാടകം അരങ്ങിലെത്തിക്കാൻ ആലോചിക്കുന്ന കാലമാണത്. ലീലയെ നാടകത്തിലെ ട്രീസ എന്ന ഉപനായികയുടെ വേഷത്തിലേക്കു തിരഞ്ഞെടുത്തു. 1956 ഒക്ടോബർ 18 ന് കലൂർ ആസാദ് തിയറ്ററിൽ നാടകം അരങ്ങേറ്റം. ലീലയുടെയും അരങ്ങേറ്റം.
‘പ്രസവാവധി’യിൽ കെപിഎസി യിൽ
കൊച്ചിയിൽ നിന്നു കുര്യാക്കോസ് ലീലയെ കൈപിടിച്ചു കൊണ്ടു വരുന്നത് കൊല്ലത്തേക്കാണ്; കെപിഎസി സെക്രട്ടറിയും നായക നടനുമായ ഒ. മാധവന്റെ വീട്ടിലേക്ക്. ‘മുടിയനായ പുത്ര’ നിലേക്ക് ഒരു നടിയെ വേണം– ഒ. മാധവന്റെ നായക കഥാപാത്രമായ രാജന്റെ ഇളയ സഹോദരി കളീക്കലെ ശാരദയുടെ വേഷം. ആ വേഷം അഭിനയിക്കുന്ന മാധവന്റെ ഭാര്യ വിജയകുമാരി പ്രസവാവധിയിൽ പോകുന്ന ഒഴിവിലാണു പകരക്കാരിയായി ലീലയുടെ ‘നിയമനം’. താരമുഖങ്ങളായ കെ.എസ് ജോർജിനും കെപിഎസി സുലോചനയ്ക്കും പുറമേ തോപ്പിൽ കൃഷ്ണപിള്ള, ബിയാട്രീസ്, സി.ജി ഗോപിനാഥ്, കോട്ടയം ചെല്ലപ്പൻ ഉൾപ്പെടെയുള്ള പ്രമുഖരും നാടകത്തിലുണ്ട്. വിജയകുമാരി പറഞ്ഞു കൊടുത്തതു കേട്ടു പഠിച്ച് ലീല ശാരദയിലേക്കു പൊടുന്നനേ വേഷം മാറി; കെപിഎസിയിലെ ഏറ്റവും പ്രായം കുറഞ്ഞ നടി.
പിന്നീടിങ്ങോട്ട് കെപിഎസിയുടെ ചരിത്രം ലീലയുമായി ഇഴുകിച്ചേർന്നു നിന്നു. 1959 ൽ കെപിഎസി ‘പുതിയ ആകാശം പുതിയ ഭൂമി’ അരങ്ങിലെത്തിച്ചപ്പോൾ പ്രധാന വേഷങ്ങളിലൊന്ന് ലീലയ്ക്കു വേണ്ടി തോപ്പിൽ ഭാസി കരുതിവച്ചു. ‘പാൽക്കുടമൊക്കത്തേന്തിക്കൊണ്ടേ...’ എന്ന കെഎസ് ജോർജിന്റെയും ‘മനസ്സിൽ വിരിയും താമര മലരിൽ...’ എന്ന സുലോചനയുടെയും പാട്ടുകൾക്കൊപ്പം ചുവടുവച്ച ലീല അങ്ങനെ കെപിഎസി യുടെ അവിഭാജ്യ ഘടകം മാത്രമല്ല, പ്രധാന ആകർഷണവുമായി.
നെഹ്റു പറഞ്ഞു, വെരി നൈസ്...
1961 മാർച്ചിൽ ഡൽഹിയിൽ ഇപ്റ്റ സംഘടിപ്പിച്ച ഒരാഴ്ചത്തെ കെപിഎസി നാടകോത്സവം ലീലയുടെ മനസ്സിൽ അരങ്ങിലെ വലിയ പുരസ്കാരമായി തിളങ്ങുന്നു. കെപിഎസിയുടെ ആദ്യ ഡൽഹി യാത്ര. നാടകോത്സവത്തിന്റെ മൂന്നാം നാൾ ‘പുതിയ ആകാശം പുതിയ ഭൂമി’ അരങ്ങിലെത്തിയപ്പോൾ ലീല ഉൾപ്പെടെ നടീനടന്മാരുടെ കണ്ണുകൾ അറിയാതെ സദസ്സിന്റെ മുൻനിരയിലേക്കു നീണ്ടു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ഉപരാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണനും കാബിനറ്റ് മന്ത്രിമാരും ഉൾപ്പെടെ വൻ വിഐപി നിര മുന്നിൽ. കോൺഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദ മേനോനും സർദാർ കെഎം പണിക്കരുമൊക്കെ ഇടംവലം ഇരുന്നു നെഹ്റുവിനു സംഭാഷണങ്ങൾ പരിഭാഷപ്പെടുത്തിക്കൊടുത്തു. രണ്ടു രംഗങ്ങൾ കഴിഞ്ഞു മടങ്ങുമെന്നറിയിച്ചിരുന്ന നെഹ്റു കർട്ടൻ വീണിട്ടാണ് എഴുന്നേറ്റത്. ഗ്രീൻ റൂമിലെത്തിയ നെഹ്റു ഓരോ നടീനടന്മാരെയും അടുത്തു വിളിച്ച് അഭിനന്ദിച്ചു. കൂട്ടത്തിൽ ഇളയവളായ ലീലയുടെ കവിളിൽ തട്ടി നെഹ്റു പറഞ്ഞു: ‘വെരി നൈസ്...’
ലീലയുടെ നാടക ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വേഷം സമ്മാനിച്ചത് തുലാഭാരമാണ്. ലീല നൃത്തം ചെയ്യാത്ത ആദ്യ നാടകം. നിഷ്കളങ്കയായ കോളജ് കുമാരിയായും ആരോരും തുണയില്ലാത്ത യുവതിയായും ഭർത്താവിനെയും മക്കളെയും പ്രാണനു തുല്യം സ്നേഹിക്കുന്ന ഗ്രാമീണ സ്ത്രീയായും എല്ലാം നഷ്ടപ്പെട്ട മക്കൾക്കു വിഷം കൊടുത്ത് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന അമ്മയായും അരങ്ങിന്റെ മൂന്നു മണിക്കൂർ ലീല കവർന്നു. അഭിനയം കണ്ട് തോപ്പിൽ ഭാസി പറഞ്ഞതാണ് ലീലയ്ക്കുള്ള അടുത്ത സർട്ടിഫിക്കറ്റ്: ‘‘എന്തൊരു പ്രണയമാണിത് ! മനുഷ്യർക്കാർക്കെങ്കിലും ഇങ്ങനെ പ്രേമിക്കാൻ പറ്റുമോ ? ’’
സത്യനും മധുവിനും ഒപ്പം
‘നീലക്കുയിലി’ ലൂടെ മലയാളത്തിനു ദേശീയ പുരസ്കാരം നേടിത്തന്ന ചന്ദ്രതാര പ്രൊഡക്‌ഷൻസ് ആണ് ‘മുടിയനായ പുത്രൻ’ സിനിമയാക്കിയത്. സംവിധായകൻ രാമു കാര്യാട്ട്. കാമ്പിശ്ശേരി കരുണാകരൻ മുതൽ അടൂർ ഭവാനിയും ലീലയുമൊക്കെ സിനിമയിലും വേഷമിട്ടു. സത്യനും മിസ് കുമാരിയും അംബിക സുകുമാരനും ഉൾപ്പെടെയുള്ള താരപ്രഭയ്ക്കൊപ്പം ലീലയും തിളങ്ങി.
സത്യനും ബി.എസ് സരോജയും രാഗിണിയും പ്രധാന വേഷങ്ങളിലെത്തിയ‘പുതിയ ആകാശം പുതിയ ഭൂമി’ സിനിമയായപ്പോഴും നാടകത്തിലെ അതേ വേഷവുമായി ലീലയും ഉണ്ടായിരുന്നു. പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘അമ്മയെ കാണാൻ’ സിനിമയിൽ സത്യന്റെ അനുജത്തിയായും മധുവിന്റെ കാമുകിയുമായി ലീല വേഷമിട്ടു. 1968 ൽ ‘അധ്യാപിക’ എന്ന ചിത്രത്തിൽ തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, മധു, പത്മിനി, അംബിക എന്നിവർക്കൊപ്പവും പ്രധാന വേഷങ്ങളിലൊന്നിൽ ലീല ഉണ്ടായിരുന്നു.
കെപിഎസിയിൽ ഇടക്കാലത്ത് വാദ്യകലാകാരനായിരുന്ന േഡവിഡുമായി 1970 ലായിരുന്നു വിവാഹം. ഇതോടെ അഭിനയത്തിനു താൽക്കാലിക വിരാമമിട്ടു. പിന്നീട് നടൻ ആലുമ്മൂടന്റെ നാടക സമിതിയിൽ കളിക്കാനെത്തി. 1986 ൽ ‘ഭഗ്നഭവനം’ നാടകമാക്കിയപ്പോൾ തോപ്പിൽ ഭാസിയുടെ നിർബന്ധത്തിൽ കെപിഎസിയിലേക്കു മടങ്ങിയെത്തി.
കെപിഎസി ലളിത വിളിച്ചു, വീണ്ടും സിനിമയിലേക്ക്
2017 ൽ ഡേവിഡിന്റെ മരണശേഷം വീട്ടുകാര്യങ്ങളുമായി പൂർണമായും ഒതുങ്ങിയ ലീലയെത്തേടി ഒരുനാൾ പഴയ സഹപ്രവർത്തക കെപിഎസി ലളിതയുടെ വിളിയെത്തി. ലളിതയുടെ ചലച്ചിത്ര ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണമായിരുന്നു ആ വിളി. ജയരാജ് സംവിധാനം ചെയ്ത ‘രൗദ്രം 2018’ എന്ന സിനിമയിലേക്ക് ആ വിളി വഴിതുറന്നു– രഞ്ജി പണിക്കരുടെ നായികയായി. ജയരാജിന്റെ തന്നെ ‘സ്വർഗം തുറക്കുന്ന സമയം’, ഹരികുമാറിന്റെ ‘ജ്വാലാമുഖി’, ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്നിവയ്ക്കു പുറമേ ‘ഡിവോഴ്സ്’, ‘പൂവ്’, ‘പൂക്കാലം’, ‘ചീന ട്രോഫി’, ‘ലൗവ്‌ലി’, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഗെറ്റ് സെറ്റ് റെഡി’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണെങ്കിൽ ലീലയുടെ അഭിനയ ജീവിതം 75–ാം വർഷം ആഘോഷിക്കുന്ന കെപിഎസിയുടെയും ചരിത്രമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് കണ്ട കെപിഎസി യുടെ ചരിത്രം; കെപിഎസിയുടെ പിളർപ്പ് കണ്ട മലയാള നാടകവേദിയുടെയും ചരിത്രം.
(തുടരും)