‘സോറി സൺ, ഐ കുഡിന്റ് കീപ്പപ് മൈ പ്രോമിസ്’: രാജിവച്ചിട്ടും ഒഴിയാതെ എഫ്ബിഐ
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ എന്നെ വരവേൽക്കുവാൻ എഫ്.ബി.ഐ. സംഘം കാത്തിരിപ്പുണ്ടെന്ന് കരുതിയതല്ല. അമേരിക്കൻ പൗരന്മാർക്ക് ഇമിഗ്രേഷൻ നടപടികൾ വളരെ ലഘുവാണ്, പാസ്പോർട്ട് കാണിച്ചാൽ മാത്രം മതി. അതിലൊരു സീൽ അടിക്കുകപോലുമുണ്ടാകില്ല. മിനിറ്റു വച്ച് വിമാനമിറങ്ങുന്നയിടത്ത് ലഗേജ് കിട്ടാൻ ചിലപ്പോൾ മണിക്കൂറോളം കാത്തിരിക്കേണ്ടി വരും. വേറൊരു തൊന്തരവും ഈ എയർപോട്ടിലുണ്ട്. പെട്ടികൾ തള്ളി നീക്കാനുള്ള കാർട്ട് ഇവിടെ സൗജന്യമല്ല.
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ എന്നെ വരവേൽക്കുവാൻ എഫ്.ബി.ഐ. സംഘം കാത്തിരിപ്പുണ്ടെന്ന് കരുതിയതല്ല. അമേരിക്കൻ പൗരന്മാർക്ക് ഇമിഗ്രേഷൻ നടപടികൾ വളരെ ലഘുവാണ്, പാസ്പോർട്ട് കാണിച്ചാൽ മാത്രം മതി. അതിലൊരു സീൽ അടിക്കുകപോലുമുണ്ടാകില്ല. മിനിറ്റു വച്ച് വിമാനമിറങ്ങുന്നയിടത്ത് ലഗേജ് കിട്ടാൻ ചിലപ്പോൾ മണിക്കൂറോളം കാത്തിരിക്കേണ്ടി വരും. വേറൊരു തൊന്തരവും ഈ എയർപോട്ടിലുണ്ട്. പെട്ടികൾ തള്ളി നീക്കാനുള്ള കാർട്ട് ഇവിടെ സൗജന്യമല്ല.
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ എന്നെ വരവേൽക്കുവാൻ എഫ്.ബി.ഐ. സംഘം കാത്തിരിപ്പുണ്ടെന്ന് കരുതിയതല്ല. അമേരിക്കൻ പൗരന്മാർക്ക് ഇമിഗ്രേഷൻ നടപടികൾ വളരെ ലഘുവാണ്, പാസ്പോർട്ട് കാണിച്ചാൽ മാത്രം മതി. അതിലൊരു സീൽ അടിക്കുകപോലുമുണ്ടാകില്ല. മിനിറ്റു വച്ച് വിമാനമിറങ്ങുന്നയിടത്ത് ലഗേജ് കിട്ടാൻ ചിലപ്പോൾ മണിക്കൂറോളം കാത്തിരിക്കേണ്ടി വരും. വേറൊരു തൊന്തരവും ഈ എയർപോട്ടിലുണ്ട്. പെട്ടികൾ തള്ളി നീക്കാനുള്ള കാർട്ട് ഇവിടെ സൗജന്യമല്ല.
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ എന്നെ വരവേൽക്കുവാൻ എഫ്.ബി.ഐ. സംഘം കാത്തിരിപ്പുണ്ടെന്ന് കരുതിയതല്ല. അമേരിക്കൻ പൗരന്മാർക്ക് ഇമിഗ്രേഷൻ നടപടികൾ വളരെ ലഘുവാണ്, പാസ്പോർട്ട് കാണിച്ചാൽ മാത്രം മതി. അതിലൊരു സീൽ അടിക്കുകപോലുമുണ്ടാകില്ല. മിനിറ്റു വച്ച് വിമാനമിറങ്ങുന്നയിടത്ത് ലഗേജ് കിട്ടാൻ ചിലപ്പോൾ മണിക്കൂറോളം കാത്തിരിക്കേണ്ടി വരും. വേറൊരു തൊന്തരവും ഈ എയർപോട്ടിലുണ്ട്.
പെട്ടികൾ തള്ളി നീക്കാനുള്ള കാർട്ട് ഇവിടെ സൗജന്യമല്ല. സ്ലോട്ട് മെഷീനിലെന്നപോലെ ഒരു ഡോളർ നിക്ഷേപിച്ചാലേ കാർട്ട് സ്വന്തമാകൂ. കയ്യിൽ ചില്ലറയില്ലാതെ വിഷമിച്ചു നിൽക്കുമ്പോൾ ഒരു മദാമ്മ ചിരിച്ചുകൊണ്ട് അടുത്തു വന്നു. വോൾസ്ട്രീറ്റിലെ എക്സിക്യൂട്ടീവിനെപ്പോലെ വേഷമിട്ട ആ യുവതി എന്റെ പേരു വിളിച്ചതു കേട്ട് ഞാൻ ചെറുതായെങ്കിലും അമ്പരന്നു. സമനില വീണ്ടെടുത്ത് ഞാൻ മറുപടി നൽകി. ‘യെസ് ഐ ആം മധു നായർ, യൂ മസ്റ്റ് ബീ ഫ്രം എഫ്ബിഐ’
അവൾ തലകുലുക്കി. പെട്ടി എടുത്തുകൊണ്ട് അവളെ അനുഗമിക്കണമെന്നും പറഞ്ഞു. പെട്ടി എടുക്കാൻ കാർട്ട് വേണം, അതിനൊരു ഡോളർ തരാമോ എന്ന എന്റെ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല. പക്ഷേ, ഞാൻ വിട്ടില്ല. ‘കമോൺ ലേഡീ, ഇറ്റ് ഈസ് ഒൺലി വൺ ബക്ക്. യൂ ക്യാൻ പുട്ട് ഇറ്റ് ഇൻറ്റു എഫ്ബിഐ അക്കൗണ്ട്.’ കൂസലില്ലാത്ത എന്റെ പെരുമാറ്റം കണ്ട് വേറൊരാളിൽ നിന്ന് ഒരു ഡോളർ അവർ വാങ്ങിത്തന്നപ്പോഴാണ് അവൾ തനിച്ചല്ല, ഒരു സംഘം ഏജന്റുമാർ എന്നെ പിൻതുടരുന്നു എന്നു മനസ്സിലായത്.
എയർപോർട്ടിലെ ഒരു കുടുസു മുറിയിൽ എഫ്ബിഐക്കാർ രണ്ടു മണിക്കൂറോളം എന്നെ ചോദ്യം ചെയ്തു. ഇന്ത്യയിലേക്കു കുടുംബ സമേതമല്ലാതെ ധൃതി പിടിച്ചൊരു യാത്ര എന്തിനായിരുന്നു എന്നാണ് അവർക്കറിയേണ്ടിയിരുന്നത്. അമ്മയെ കാണാനെന്ന ഉത്തരം അവർക്കു തൃപ്തിയായില്ല. കാരണം അമ്മയ്ക്ക് അസുഖമൊന്നുമില്ലെന്നു ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നു. അമ്മയെ അമേരിക്കയിലേക്കു വരുത്തിക്കൂടെ എന്നായി അവരുടെ സംശയം. അതിനുള്ള പണം എഫ്ബിഐ തരുമോ എന്ന ചോദ്യം അവർ തമാശ ആയിത്തന്നെ കരുതി.
ഇന്ത്യൻ കുടുംബങ്ങളിലെ രക്തബന്ധത്തിന്റെ ചൂര് മനസ്സിലാക്കുവാൻ നിങ്ങൾക്കാർക്കും കഴിയില്ല എന്നുകൂടി ഞാൻ തുറന്നടിച്ചു. ഇന്ത്യയ്ക്കുപോകും വഴി എന്തിനാണു കുവൈത്തിൽ ഇറങ്ങിയതെന്നായിരുന്നു ഒരു അടുത്ത സംശയം. അവിടെക്കണ്ടവരുടെ വിവരങ്ങൾ ചോദിച്ചപ്പോൾ എന്റെ മറുപടി കേട്ടവർ പരസ്പരം നോക്കി. ആയിരത്തിൽപരം മലയാളികളെക്കണ്ടു എന്നായിരുന്നു എന്റെ ഉത്തരം, ഒരു മലയാളി കൂട്ടായ്മയിലായിരുന്നു എന്നത് വിശദീകരിച്ചപ്പോഴാണ് അവർക്ക് എന്റെ വക്ര ഉത്തരത്തിന്റെ പൊരുൾ മനസ്സിലാക്കിയത്. എന്റെ രണ്ടു പെട്ടികളും തുറന്നു വിശദമായി പരിശോധിച്ചു. ഒട്ടേറെ മലയാള പുസ്തകങ്ങൾ കണ്ടത് അവരിൽ കൗതുകമുണർത്തി. എന്തു പുസ്തകങ്ങളാണ് എന്ന ചോദ്യത്തിനു വായിച്ചു നോക്കാൻ ഞാൻ പറഞ്ഞത് അവർ തമാശയായി എടുത്തില്ല.
ഒരു വാറന്റ് പോലുമില്ലാതെ എന്നെ ഇവിടെ തടഞ്ഞുവച്ചിരിക്കുന്നതിന് നിയമനടപടി സ്വീകരിക്കുമെന്നു ഞാൻ ഭീഷണി മുഴക്കി. പുറത്ത് സരോജ മണിക്കൂറുകളായി കാത്തിരിക്കുന്നുണ്ടാകും എന്നായിരുന്നു എന്റെ ഉത്കണ്ഠ. എന്റെ വിദേശയാത്ര ചാരപ്രവർത്തനമാകുമെന്ന ധാരണയിൽ എന്നെ കൈയോടെ പിടിച്ച് തെളിവുണ്ടാക്കാൻ വന്നതാണ് എഫ്ബിഐ സംഘം. പുറത്തിറങ്ങി വന്ന എന്നെക്കണ്ടപ്പോൾ സരോജയ്ക്കു കരച്ചിൽ വന്നു. എന്തിനീ നൂലാമാലകളിൽ കുടുങ്ങി കുടുംബത്തെ മുൾമുനയിൽ നിർത്തുന്നു എന്ന അവളുടെ ചോദ്യത്തിന് എനിക്കു മറുപടി ഉണ്ടായില്ല.
എന്നെ എങ്ങനെയെങ്കിലും കുടുക്കാനുള്ള എഫ്ബിഐ ശ്രമം ഭാഗികമായി വിജയിച്ചു. ലീവിനു വേണ്ടി നൽകിയിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിലെ തീയതി പ്രശ്നമായി. പാവം ആന്ധ്രക്കാരി ഡോക്ടർ എന്നെ പരിശോധിച്ചു എന്നു രേഖപ്പെടുത്തിയിരുന്ന ദിവസം ഞാൻ അമേരിക്ക വിട്ടിരുന്നു. ഡോക്ടർക്കു പറ്റിയ ഈ സൂക്ഷ്മതക്കുറവ് ലഘുവായി കരുതാൻ എഫ്ബിഐ തയാറായില്ല. കള്ള സർട്ടിഫിക്കറ്റ് നൽകിയതിനു ഡോക്ടർക്കെതിരെ ക്രിമിനൽകുറ്റം ചുമത്തുമെന്ന് അവർ ഭീഷണിപ്പെടുത്തി. കേസായാലും വിചാരണ നടക്കുമ്പോൾ ഡോക്ടർ സർട്ടിഫിക്കറ്റിൽ തീയതി എഴുതിയ തെറ്റ് നിസ്സാരമായി ജഡ്ജി കരുതുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഡോക്ടർക്കെതിരെ എഫ്ബിഐ എന്ന ഫെഡറൽ പൊലീസിന് നേരിട്ട് കേസ് ചുമത്താനാവില്ലെന്നും എനിക്കറിയാമായിരുന്നു. പക്ഷേ, അവശ്യം വേണ്ടുന്ന നിയമസഹായം നേടാനുള്ള സാമ്പത്തിക ബാധ്യത എന്നെ അലട്ടി.
ഒരു പാവം ആന്ധ്രക്കാരി ഡോക്ടറെ ഈ നിയമ നൂലാമാലകളിലേക്കു വലിച്ചിഴയ്ക്കാൻ മനസ്സനുവദിച്ചില്ല. ഞാൻ എഫ്ബിഐ നിരീക്ഷണത്തിലാണെന്നത് കൊട്ടിഘോഷിക്കുന്നതും ഉചിതമല്ലെന്നു തോന്നി. എന്റെ മുന്നിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ജോലി രാജിവയ്ക്കുക. ഞാൻ അതുതന്നെ ചെയ്തു. ഒരു വാചകത്തിലുള്ള എന്റെ രാജിക്കത്ത് വാങ്ങുമ്പോൾ അഡ്മിറൽ വിഷണ്ണനായി മൊഴിഞ്ഞു. ‘സോറി സൺ, ഐ കുഡിന്റ് കീപ്പപ് മൈ പ്രോമിസ്’
സായ്പിന്റെ ആത്മാർഥതയിൽ എനിക്കു സംശയമുണ്ടായില്ല. എഫ്ബിഐ എന്ന ഭീമൻ പൊലീസ് സംവിധാനത്തിനു മുൻപിൽ അമേരിക്കൻ പ്രസിഡന്റുമാർ പോലും പകച്ചുപോയ ചരിത്രമാണ് ഈ നാടിനുള്ളത്. ലിൻഡൻ ജോൺസൺ പ്രസിഡന്റ് പദവിയിൽ നിന്നു റിട്ടയർ ചെയ്ത് ടെക്സസിലെ റാഞ്ച് ഹൗസിലിരുന്ന് പ്രസിദ്ധ ടെലിവിഷൻ ജേണലിസ്റ്റ് വാൾട്ടർ കോൺക്രൈറ്റിന് നൽകിയ അഭിമുഖത്തിൽ കെന്നഡി വധത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. എഫ്ബിഐയുടെ പൂർണനിയന്ത്രണം പ്രസിഡന്റിനില്ലായിരുന്നതിനാൽ കെന്നഡി വധത്തിനു പിന്നിലുണ്ടായിരുന്ന കരാളഹസ്തങ്ങൾ ആരുടേതാണെന്ന് അദ്ദേഹത്തിനുപോലും അറിയില്ലെന്ന് ഗദ്ഗദത്തോടെ പറഞ്ഞതോർത്തു. എഫ്ബിഐയുടെ മുന്നിൽ എന്നെ പ്രതിരോധിക്കാൻ കെൽപില്ലാതെ വിഷമിക്കുന്ന കോസ്റ്റ് ഗാർഡ് അഡ്മിറലിന്റെ നിസ്സഹായവസ്ഥയിൽ എനിക്കു സഹതാപം മാത്രം തോന്നി. സായ്പിനോട് യാത്ര പറയുമ്പോൾ എന്റെ ശബ്ദവും ഇടറിയിരുന്നു.
സർക്കാർ സർവീസിൽ നിന്നു രാജിവച്ചതോടെ പ്രശ്നങ്ങൾ ഒതുങ്ങിയെന്നും എഫ്ബിഐ എന്നെ വെറുതേ വിടുമെന്നും കരുതിയതു തെറ്റി. ഞാനൊരു പിടികിട്ടാപ്പുള്ളി സോവിയറ്റ് ചാരനാണെന്നവർ മുൻവിധിയിലെത്തിയിരുന്നു എന്നുവേണം കരുതാൻ. ചാരവൃത്തിയിൽ ഞാൻ പിടിക്കപ്പെട്ടവനല്ലെന്നും വിദേശി ബന്ധം ഞാൻ തന്നെയാണ് ഉത്തമ പൗരനെന്ന നിലയിൽ വെളിപ്പെടുത്തിയതെന്നും ഉള്ള കാര്യങ്ങൾ അവർക്കു പ്രശ്നമായില്ല. അവരുടെ സംശയം ഏതു സാഹചര്യത്തിലാണ് എനിക്കു കമ്യൂണിസ്റ്റ് സുഹൃത്തുക്കളുണ്ടെന്നത് റിപ്പോർട്ട് ചെയ്യാൻ നിർബന്ധിതമായതെന്നാണ്. ജീവനു ഭീഷണിയോ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാകാത്തതോ ആകാം കാരണമെന്ന നിഗമനത്തിലായി എഫ്ബിഐ. എങ്ങനെയും ഈ കേസിന്റെ ചുരുളുകളഴിക്കാൻ അവർ കച്ചകെട്ടിയിറങ്ങി.
ഒരു സ്പെഷ്യൽ സ്ക്വാഡ് ഉണ്ടാക്കി എന്റെ പണമിടപാടുകളും വിദേശ ബന്ധങ്ങളും അമേരിക്കയിലെ സുഹൃത്ത് ബന്ധങ്ങളും സദാചാര മൂല്യങ്ങളുമൊക്കെ വിശദമായി അന്വേഷിക്കാൻ ഉന്നതങ്ങളിൽ നിന്നു ക്ലിയറൻസ് കിട്ടിയ കാര്യം അവരെന്നെ അറിയിച്ചു. ഞാൻ കുറ്റം ഏറ്റു പറഞ്ഞാൽ ഈ സങ്കീർണമായ പീഡനത്തിൽ നിന്നു രക്ഷപ്പെടാമെന്നും അവർ പറഞ്ഞു. അന്വേഷണം നടക്കട്ടെ എന്നു ഞാൻ പറയുമ്പോൾ അങ്ങനെയെങ്കിലും ഈ കേസിന് ഒരു തീർപ്പുണ്ടാകുമെന്ന് ഞാൻ കരുതിയതും തെറ്റി. പൂർണമായി അന്വേഷണം നടത്തി അവസാനം തീർപ്പുണ്ടാകുമ്പോൾ എന്റെ നിരപരാധിത്വം അവർക്കു മനസ്സിലാകുമെന്നു വിചാരിച്ചു. പക്ഷേ, തെളിയാത്ത കേസുകൾ എക്കാലവും പരിഗണനയിൽത്തന്നെ ആയിരിക്കുമെന്നും ജീവിതാന്ത്യംവരെ എനിക്കു സംശയത്തിന്റെ മുൾമുനയിൽത്തന്നെ കഴിയേണ്ടിവരുമെന്നും അറിഞ്ഞപ്പോൾ അമേരിക്കയുടെ നീതി നിർവഹണ സംവിധാനത്തോടു പുച്ഛം തോന്നി.
അമേരിക്കൻ പൗരത്വം സ്വീകരിക്കുവാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു. ജന്മാന്തരങ്ങൾ ഇവിടെ കഴിഞ്ഞാലും ഞാൻ അന്യനായിരിക്കുമെന്ന ബോധമുണ്ടായി. ഉള്ളിന്റെയുള്ളിൽ സന്തോഷത്തിന്റെ നേരിയ അലകളും ഇളകിയത് എന്നെ അത്ഭുതപ്പെടുത്തി. നാട്ടിലേക്കു തിരിച്ചുപോകാൻ ഇതുതന്നെ അവസരം എന്നു തോന്നി. രണ്ടു ദശകങ്ങളിലെ പ്രവാസത്തിനു തിരശീല വീഴുന്നതു ഞാൻ മുന്നിൽക്കണ്ടു. ഇനി ആരവങ്ങളൊന്നുമില്ലാതെ അതു നടന്നുകിട്ടാനുള്ള ശ്രമങ്ങളിലായി ഞാൻ. പല സുഹൃത്തുക്കളുടെയും വീട്ടിൽ എഫ്ബിഐ എന്റെ വിവരങ്ങൾ തേടിയെത്തി. പലരും പരിഭ്രാന്തരായി എന്നെ വിളിച്ചു.
ചിലരെങ്കിലും കരുതിയിരിക്കണം ഞാനെന്തോ വലിയ കുറ്റകൃത്യം ചെയ്തതിനാൽ പിടിക്കപ്പെടാൻ പോവുകയാണെന്ന്. അവരൊക്കെ എന്നെ ഫോൺ ചെയ്യാൻ പോലും ഭയന്നു. എന്നാൽ ആപൽഘട്ടങ്ങളിൽ ഏതറ്റംവരെയും പോയി എന്നെ സഹായിക്കാൻ ആളുണ്ടാകുമെന്നും മനസ്സിലായി. അമേരിക്കൻ പൗരത്വം സ്വീകരിക്കുമ്പോൾ എനിക്കു സാക്ഷിയായി നിന്ന മോറിസ് എന്ന പോളിനേഷ്യൻ വംശജൻ എഫ്ബിഐക്കാരോട് തട്ടിക്കയറി എന്നു മാത്രമല്ല അവരെ പുളിച്ച തെറി വിളിക്കുകകൂടി ചെയ്തു എന്നെന്നെ വിളിച്ചറിയിച്ചു. ആറു മാസത്തോളം നീണ്ട എഫ്ബിഐ അന്വേഷണം ഒരിടത്തും എത്താതെ അവസാനിച്ചു എന്നു ഞാൻ മനസ്സിലാക്കിയത് അവർ പറഞ്ഞിട്ടു തന്നെയാണ്. എന്നെ വീണ്ടും കാണണമെന്ന് അവർ അറിയിച്ചപ്പോൾ ആദ്യമൊക്കെ ഞാൻ നിരസിച്ചു. ഇനി ഏതായാലും ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്ന ബോധത്തിൽ അവരെക്കാണാൻ ഞാൻ സമ്മതിച്ചു.
കൂടിക്കാഴ്ചയ്ക്ക് ഒന്നു രണ്ടു വ്യവസ്ഥകൾ കൂടി മുന്നോട്ടു വച്ചു. തനിച്ചല്ല, ഞാൻ ഭാര്യയുമായിട്ടായിരിക്കും വരിക. എഫ്ബിഐ ടീം ആയി വരേണ്ട. ഒരാൾ മാത്രം വന്നാൽ മതി. സിറ്റിയിലെ മുന്തിയ ഹോട്ടലിൽനിന്നു ഞങ്ങൾക്കു ഡിന്നർ വാങ്ങിത്തരണം. എഫ്ബിഐ എല്ലാം സമ്മതിച്ചു. ഹെംസ്‌ലി പാലസ് ഹോട്ടലിലെ രാജകീയ റസ്റ്ററന്റിൽ ഞങ്ങൾ ഒത്തുകൂടി. എഫ്ബിഐയുടെ ആളായി വന്നത് സരോജയ്ക്ക് നേരത്തേ പരിചയമുള്ള യുവ റിക്രൂട്ട് തന്നെയായിരുന്നു, എന്റെ വിവരങ്ങൾ തിരക്കി ഞാനില്ലാത്ത സമയത്ത് വീട്ടിൽ വന്നു സരോജയെ ചോദ്യം ചെയ്ത ഇളിഭ്യനായി പോയ അതേ ആൾ.
എന്തിനാണ് എന്നെ വീണ്ടും കാണാൻ എഫ്ബിഐ അതീവ താൽപര്യം കാണിച്ചത് എന്നറിയാൻ എനിക്കും കൗതുകമുണ്ടായിരുന്നു. എന്റെ ഭാവി പരിപാടികൾ എന്താകും എന്നതിനു വല്ല തുമ്പും കിട്ടുമോ എന്നതായിരുന്നു അവരുടെ ചിന്ത എന്നു സ്വൽപ നേരത്തെ സംഭാഷണത്തിൽ നിന്നു മനസ്സിലായി. ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിനെകുറിച്ച് യാതൊരു സൂചനയും നൽകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. എഫ്ബിഐക്കാരനെ ദിശതെറ്റിക്കാൻ മനഃപൂർവം ഞാനൊരു നമ്പറിട്ടു.
ഇന്ത്യയിലൊരു റോയൽ ഫാമിലിയിലെ അംഗമായ എനിക്കു പൈതൃകമായി കിട്ടിയ വസ്തുവകകളിലൊരു ഭാഗം വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് ബിസിസിനസിലേക്കു തിരിയാനാണു പ്ലാൻ എന്നു പറഞ്ഞപ്പോൾ സായ്പ് അദ്ഭുതം കൂറി. അമേരിക്കയിലെത്തി സർക്കാർ സർവീസ് മോഹിച്ചിറങ്ങിയത് ജീവിതത്തിലെ ഏറ്റവും വലിയ അമളി ആയിപ്പോയെന്നും അക്കാരണം കൊണ്ടാണ് എഫ്ബിഐയുടെ പീഡനത്തിന് ഇരയായതെന്നും ഉള്ള പരാതി കേട്ട് എഫ്ബിഐക്കാരൻ നിസ്സംഗത പാലിച്ചു. മിനിറ്റുകൾക്കുശേഷം അയാളുടെ മറുചോദ്യം എന്നെ അമ്പരപ്പിച്ചു. ‘നിങ്ങളും എഫ്ബിഐ. ഏജന്റാകാൻ അപേക്ഷിച്ച ആളല്ലേ?’
സംഗതി ശരിയാണ്. സിവിൽ സർവീസിൽ ചേരും മുൻപേ അമേരിക്കൻ പൗരത്വം സ്വീകരിച്ച ഉടനേ മറ്റു പല സർക്കാർ ഏജൻസികളിലെന്നപോലെ എഫ്ബിഐയിലേക്കും ഞാൻ ജോലിക്ക് അപേക്ഷിച്ചിരുന്നു. മാസങ്ങൾക്കുശേഷം ഫിസിക്കൽ ടെസ്റ്റിനു വിളിക്കപ്പെട്ടപ്പോഴേക്കും ഞാൻ സിവിൽ സർവീസിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യുക്കേഷനിൽ കംപ്യൂട്ടർ സ്പെഷ്യലിസ്റ്റായി ജോലിയും തുടങ്ങി. എന്റെ പൂർവകാല ചരിത്രം വള്ളിപുള്ളി വിടാതെ എഫ്ബിഐ ഫയലിൽ ഇടം നേടിയിരിക്കുന്നു എന്നു മനസ്സിലായി.
രണ്ടു ദശകങ്ങളോളം നീണ്ട പ്രവാസത്തിൽ ആദായനികുതിയിലടക്കമുള്ള ഒരു നിയമലംഘനത്തിന്റെയും കറ പുരളാത്ത രേഖകളായിരിക്കുമല്ലോ ആ ഏടുകൾ? ഇതൊക്കെ അപഗ്രഥിച്ചു പഠിച്ചിട്ടും എന്റെ നിരപരാധിത്വം വെളിപ്പെടുത്താൻ മടിക്കുന്ന അമേരിക്കൻ ഫെഡറൽ പൊലീസ് സംവിധാനത്തിന്റെ ചാലകശക്തി വർണവെറി തന്നെ ആയിരിക്കുമെന്നു മനസ്സിലാക്കി. എന്റെ മുന്നിലിരിക്കുന്ന യുവ സായ്പ് അതിന്റെ പ്രതീകമാണെന്നും എനിക്കു തോന്നി. എത്രയും പെട്ടെന്ന് ഈ ഡിന്നർ മീറ്റിങ് അവസാനിപ്പിക്കണമെന്നും തീരുമാനിച്ചു. അധികനേരം അവിടിരുന്നാൽ എന്റെ സമനിലതെറ്റി സായ്പിനോട് കർക്കശമായി സംസാരിക്കേണ്ടി വരുമോ എന്നു ഭയന്നു. അത്താഴം ധൃതിയിൽ കഴിച്ചിറങ്ങുമ്പോൾ സായ്പിന്റെ പതിവു യാത്രാമൊഴി തന്നെ ഉണ്ടായി. മറുപടിയായി വായിൽ വന്നത് ഇതാണ് ‘Hope not to see any one of you folks again in my life’
സായ്പിനോട് ഇത്ര ക്രൂരമായി പ്രതികരിക്കേണ്ടതില്ലെന്നു സരോജയ്ക്കു തോന്നി. അവൾ സായ്പിന്റെ കൈ പിടിച്ചു കുലുക്കി വിശദീകരിച്ചു. ‘You can't guess how much he hurt. Sorry for the harsh words’. തന്റേതല്ലാത്ത കുറ്റത്തിനു പഴി കേൾക്കേണ്ടി വന്ന സായ്പിനെ നോക്കി ഞാൻ കണ്ണിറുക്കി കാണിച്ചിട്ട് സ്ഥലം വിട്ടു.
എഫ്ബിഐ എന്റെ ഫയൽ എങ്ങനെ അവസാനിപ്പിച്ചുവെന്ന് ഞാൻ പിന്നീട് തിരക്കിയിട്ടില്ല. അമേരിക്ക എന്റെ മുന്നിൽ ഒരടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞിരുന്നു. നാട്ടിലേക്കു തിരിച്ചു പോകാനുള്ള തയാറെടുപ്പിലായി ഞാൻ. കാറുകൾ വിൽക്കുന്നതു തൊട്ട് ഒരു നൂറുകൂട്ടം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഒരു കാര്യത്തിൽ ഞാൻ ഉറച്ച തീരുമാനം തന്നെ എടുത്തു. ഒരു കാരണവശാലും എന്റെ കുട്ടികൾ ജനിച്ചു വളർന്ന ന്യൂയോർക്കിലെ വീട് വിൽക്കുന്നില്ലെന്ന്. അതിന്നും എന്റെ ഉടമസ്ഥതയിൽ തന്നെ.
നാട്ടിലെത്തി മാസങ്ങൾക്കുശേഷം ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ അമേരിക്കൻ പാസ്പോർട്ട് തിരിച്ചു നൽകി അമേരിക്കൻ സ്വപ്നം അവസാനിപ്പിച്ചു.
അവസാനിച്ചു.
(ഉടൻ പ്രസിദ്ധീകരിക്കുന്ന ‘സ്വപ്നജീവിതം’ എന്ന ആത്മകഥയിൽ നിന്ന്)