‘പറ്റിപ്പോയി സാറേ.....’; കൗമാരക്കാരന്റെ തിരോധാനം അന്വേഷിച്ചു, തെളിഞ്ഞത് ഇരട്ടക്കൊലപാതകം
18 വർഷം മുൻപ് കാണാതായ പതിമൂന്നുകാരനെ കണ്ടെത്താൻ അന്വേഷണത്തിനുള്ള കോടതി ഉത്തരവ് എന്റെ കൈകളിലിരുന്നു വിറച്ചു. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയ അച്ഛനും അമ്മയും ജീവനോടെയില്ല. മകനെ ഓർത്തു നെഞ്ചുപൊട്ടി മരിച്ച അവരുടെ ആത്മാവിന് നീതി കിട്ടാനെങ്കിലും അവന് എന്തു സംഭവിച്ചെന്നു കണ്ടെത്തണമെന്ന് മനസ്സ് പറഞ്ഞു. എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് എസ്പിയായിരിക്കെ 2013ലാണ് മഹാദേവൻ തിരോധാനക്കേസ് മുൻപിലെത്തിയത്.
18 വർഷം മുൻപ് കാണാതായ പതിമൂന്നുകാരനെ കണ്ടെത്താൻ അന്വേഷണത്തിനുള്ള കോടതി ഉത്തരവ് എന്റെ കൈകളിലിരുന്നു വിറച്ചു. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയ അച്ഛനും അമ്മയും ജീവനോടെയില്ല. മകനെ ഓർത്തു നെഞ്ചുപൊട്ടി മരിച്ച അവരുടെ ആത്മാവിന് നീതി കിട്ടാനെങ്കിലും അവന് എന്തു സംഭവിച്ചെന്നു കണ്ടെത്തണമെന്ന് മനസ്സ് പറഞ്ഞു. എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് എസ്പിയായിരിക്കെ 2013ലാണ് മഹാദേവൻ തിരോധാനക്കേസ് മുൻപിലെത്തിയത്.
18 വർഷം മുൻപ് കാണാതായ പതിമൂന്നുകാരനെ കണ്ടെത്താൻ അന്വേഷണത്തിനുള്ള കോടതി ഉത്തരവ് എന്റെ കൈകളിലിരുന്നു വിറച്ചു. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയ അച്ഛനും അമ്മയും ജീവനോടെയില്ല. മകനെ ഓർത്തു നെഞ്ചുപൊട്ടി മരിച്ച അവരുടെ ആത്മാവിന് നീതി കിട്ടാനെങ്കിലും അവന് എന്തു സംഭവിച്ചെന്നു കണ്ടെത്തണമെന്ന് മനസ്സ് പറഞ്ഞു. എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് എസ്പിയായിരിക്കെ 2013ലാണ് മഹാദേവൻ തിരോധാനക്കേസ് മുൻപിലെത്തിയത്.
18 വർഷം മുൻപ് കാണാതായ പതിമൂന്നുകാരനെ കണ്ടെത്താൻ അന്വേഷണത്തിനുള്ള കോടതി ഉത്തരവ് എന്റെ കൈകളിലിരുന്നു വിറച്ചു. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയ അച്ഛനും അമ്മയും ജീവനോടെയില്ല. മകനെ ഓർത്തു നെഞ്ചുപൊട്ടി മരിച്ച അവരുടെ ആത്മാവിന് നീതി കിട്ടാനെങ്കിലും അവന് എന്തു സംഭവിച്ചെന്നു കണ്ടെത്തണമെന്ന് മനസ്സ് പറഞ്ഞു. എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് എസ്പിയായിരിക്കെ 2013ലാണ് മഹാദേവൻ തിരോധാനക്കേസ് മുൻപിലെത്തിയത്.
1995 സെപ്റ്റംബർ 8നാണ് ചങ്ങനാശേരി മതുമൂല ഉദയാ സ്റ്റോർസ് ഉടമയായ വിശ്വനാഥൻ ആചാരിയുടെയും വിജയലക്ഷ്മിയുടെയും മകൻ മഹാദേവനെ (13) കാണാതാകുന്നത്. വൈകുന്നേരം വീട്ടിൽ നിന്ന് സമീപത്തെ കടയിലേക്കു പോയ മഹാദേവൻ പിന്നെ മടങ്ങിയെത്തിയില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം മഹാദേവൻ കസ്റ്റഡിയിലുണ്ടെന്നും പണം നൽകിയാൽ വിട്ടുതരാമെന്നും വിശ്വനാഥൻ ആചാരിക്ക് ഫോൺ വിളിയെത്തി.
തെളിവിനായി മഹാദേവന്റെ ചെരിപ്പും കാണാതാകുമ്പോൾ കയ്യിലുണ്ടായിരുന്ന വീട്ടിലെ സ്കൂട്ടറിന്റെ താക്കോലും അടുത്തുള്ളൊരു സ്ഥലത്ത് വച്ചിട്ടുണ്ടെന്നും പറഞ്ഞു. ചെരിപ്പും താക്കോലും കിട്ടിയതോടെ മകനെ പണത്തിനു വേണ്ടി ആരോ തട്ടിക്കൊണ്ടുപോയതാണെന്നു വിശ്വനാഥൻ വിശ്വസിച്ചു. പറഞ്ഞ സ്ഥലത്തു പണവുമായി കാത്തുനിന്നെങ്കിലും ആരും എത്തിയില്ല. പിന്നെയും പലവട്ടം പണം ആവശ്യപ്പെട്ടുള്ള ഫോൺ വിളികളും കത്തുകളും എത്തി.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പുരോഗതിയില്ലാതെ വന്നതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് എസ്പി നേരിട്ട് കേസ് അന്വേഷിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനിടെ മകനെ കണ്ടെത്താനാകാത്ത ദുഃഖം പേറി 11 വർഷം ജീവിച്ച വിശ്വനാഥൻ 2006 ൽ വീടിനു മുന്നിൽ കുഴഞ്ഞുവീണു മരിച്ചു. മകനെ കാണാതായതു മുതൽ കിടപ്പിലായിരുന്ന അമ്മ വിജയലക്ഷ്‌മി 2011ലും മരിച്ചു.
പൊലീസ് പോയ വഴിയേ വീണ്ടും
2013 ൽ ഈ കേസിന്റെ അന്വേഷണം വീണ്ടും തുടങ്ങി. വിശ്വസ്തരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു അന്വേഷണസംഘം രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. എസ്‌ഐ കെ.എഫ്. ജോബ്, സീനിയർ സിപിഒമാരായ പി.ജെ. സേവ്യർ, അഗസ്‌റ്റിൻ വർഗീസ്, കെ. ആർ. റെജി, സിപിഒമാരായ സജി ജോൺ, പി.ഐ. റഫീഖ് എന്നിവരായിരുന്നു സംഘത്തിൽ. മഹാദേവന്റെ തിരോധാനം പത്രങ്ങളിലൊക്കെ വാർത്തയാകുന്നതിനു മുൻപാണു പണം ആവശ്യപ്പെട്ടുള്ള കത്തുകളും ഫോൺവിളികളുമൊക്കെ വന്നത്.
വീട്ടിലെ ലാൻഡ്ഫോൺ നമ്പർ, വിലാസം എല്ലാം അറിയുന്ന ഒരാളാണ് പിന്നിലെന്ന് ഉറപ്പിച്ചു. കാണാതായ ദിവസം മഹാദേവൻ നടന്ന വഴിയിലൂടെ ഞങ്ങൾ വീണ്ടും നടന്നു. അവസാനം കണ്ട ഓരോരുത്തരുടെയും മൊഴി രേഖപ്പെടുത്തി. വീട്ടിൽ നിന്നിറങ്ങി അവൻ നടന്നുപോയ റൂട്ട് മാപ് തയാറാക്കി. ആ റൂട്ട് മാപ് മതുമൂലയിലെ ഒരു സൈക്കിൾ കടയ്ക്കു മുന്നിൽ അവസാനിച്ചു. അവിടെ വരെ മഹാദേവനെ കണ്ടവരുണ്ട്. പിന്നെ എങ്ങോട്ടു പോയി എന്നറിയില്ല. ആ സൈക്കിൾ കടയ്ക്കു ചുറ്റും ചുവന്ന മഷി കൊണ്ടൊരു വട്ടം വരച്ചു.
സൈക്കിൾ കടയിലെ ചോദ്യങ്ങൾ
വാഴപ്പള്ളി സ്വദേശിയായ ഹരികുമാർ എന്ന ഉണ്ണിയുടെ സൈക്കിൾ കടയാണത്. സൈക്കിളിന് കാറ്റടിക്കാനും നന്നാക്കാനുമൊക്കെയായി മഹാദേവൻ അവിടെ പോകാറുണ്ട്. പക്ഷേ കുറെക്കാലമായി കട അടഞ്ഞുകിടക്കുകയാണ്. ഉണ്ണിക്ക് കോട്ടയത്തുള്ള ഒരു കോൺട്രാക്ടറുടെ കീഴിൽ ജോലി കിട്ടിയതോടെയാണ് കട തുറക്കാതായതെന്ന് അയാളുടെ വീട്ടുകാരിൽ നിന്നറിഞ്ഞു. ഉണ്ണിയെ നിരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അന്വേഷണം അപ്പോഴേക്കും 6 മാസം പിന്നിട്ടിരുന്നു. അഗസ്റ്റിൻ, റെജി എന്നീ ഉദ്യോഗസ്ഥരെയാണു മഹാദേവന്റെ നാട്ടിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ നിയോഗിച്ചത്.
പാസ്റ്ററായും കരാറുകാരനുമായൊക്കെ ചമഞ്ഞ് അവർ പലരിൽ നിന്നായി വിവരം ശേഖരിച്ചു. ഇരുവരും ഉണ്ണിയുടെ പിന്നാലെ സഞ്ചരിച്ചു. കോട്ടയത്ത് കോൺട്രാക്ടറുടെ കീഴിൽ ജോലി ലഭിച്ചെന്ന് ഉണ്ണി വീട്ടുകാരോടു പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തി. രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന ഉണ്ണി നേരെ പോകുന്നത് ചിങ്ങവനത്തെ ഒരു ബാറിലേക്കാണ്. അവിടെ നിന്ന് മദ്യപിച്ചു കോട്ടയത്തേക്ക് പോകും. ദിവസക്കൂലിക്ക് എവിടെയെങ്കിലും പണിക്കു പോകും. രാത്രിയാകുമ്പോൾ മടങ്ങും. കുടുംബവുമായി വലിയ അടുപ്പമില്ല. ആഴ്ചയിൽ ഒരിക്കൽ കൂട്ടുകാരുമൊത്ത് സൈക്കിൾ കടയിൽ വച്ച് മദ്യപാനം. അതിനു മാത്രമാണ് ഇപ്പോൾ ആ കട തുറക്കുന്നത്. ആ മദ്യപാന സദസ്സു മാത്രമാണ് ഇനി ഉണ്ണിയിലേക്കു കടന്നുകയറാനുള്ള വഴിയെന്ന് ഞാൻ മനസ്സിലാക്കി. അതിലെ ഒരാളുമായി ഞാൻ നേരിട്ട് അടുപ്പം സ്ഥാപിച്ചു. പല വട്ടം മദ്യം വാങ്ങാനുള്ള പണം നൽകി.
മദ്യപാന സദസ്സിനിടെ ഉണ്ണി പറയുന്ന കാര്യങ്ങൾ ചികഞ്ഞെടുത്തു. മദ്യപിക്കുന്നതിനിടെ ഉണ്ണിയോടു ചില ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ഒരു ദിവസം അയാൾ പറഞ്ഞ ഒരു കാര്യത്തിൽ എന്റെ മനസ്സുടക്കി ‘‘ഉണ്ണിക്ക് എന്തോ വലിയ സങ്കടമുണ്ട്. പത്തു പതിനഞ്ച് വർഷം മുൻപ് എന്തോ അബദ്ധം പറ്റിയെന്നു പറയും’’.
ആ അബദ്ധം മഹാദേവന്റെ കൊലപാതകമാണോ? മഹാദേവനെ കാണാതായതിനു ശേഷമുള്ള ഉണ്ണിയുടെ ജീവിതരീതിയെപ്പറ്റി ഞങ്ങൾ വിശദമായി പഠിച്ചു. നിറയെ അസ്വാഭാവികതകൾ, കൂടിച്ചേരാത്ത കണ്ണികൾ. ശാസ്ത്രീയമായ ഒരു ചോദ്യം ചെയ്യലിൽ മനസ്സിലെ ആ സങ്കടം ഉണ്ണി ഞങ്ങളോടു പറഞ്ഞേക്കാം. അതിനുള്ള തയാറെടുപ്പായി പിന്നീട്.
ഇത്തരം കേസുകളിൽ നേരിട്ടുള്ള ചോദ്യങ്ങൾ പാടില്ലെന്നാണ് അനുഭവം. പ്രതി ആ ചോദ്യത്തിൽ കയറിപ്പിടിച്ച് അതിവേഗം വഴുതിമാറും. മറ്റെന്തെങ്കിലും വഴിയിലൂടെ അയാൾ സ്വയം കാര്യങ്ങൾ പറയുന്ന സാഹചര്യമൊരുക്കണം. ഞങ്ങൾ ഒരു പ്ലാൻ തയാറാക്കി. എഡിജിപി വിൻസൻ എം.പോളിനെ വിളിച്ച് അനുമതി തേടി. അന്വേഷണം തുടങ്ങി ഒരു വർഷമെത്താറാകുമ്പോൾ നിർണായകമായ ഒരു ഘട്ടത്തിലേക്കു കടക്കുകയാണ്.
ചോദ്യമുറിയിലെ മനഃശാസ്ത്രം
2014 ഫെബ്രുവരി 26ന് അന്വേഷണസംഘം ഉണ്ണി ഉൾപ്പെടെ 6 പേരെ കസ്റ്റഡിയിലെടുത്ത് കോട്ടയം പൊലീസ് ക്ലബ്ബിലെത്തിച്ചു. എല്ലാവരും ഉണ്ണിയുടെ മദ്യപാന സദസ്സുമായി ബന്ധമുള്ളവർ. ഉണ്ണിയൊഴികെ മറ്റ് 5 പേർക്കും കേസുമായി ബന്ധമില്ലെന്നു ഞങ്ങൾക്കറിയാം. പക്ഷേ ഉണ്ണിയെ സമ്മർദത്തിലാക്കുകയാണു ലക്ഷ്യം. പൊലീസ് ക്ലബ്ബിൽ വച്ച് ഉണ്ണിയൊഴികെ 5 പേരെയും ചോദ്യം ചെയ്തു. 4 പേരെ വിട്ടു. ഉണ്ണിയെയും മറ്റൊരാളെയും എറണാകുളം ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുവന്നു. അവിടെ വച്ച് അയാളെയും വിട്ടു. മറ്റുള്ളവരെ വിട്ടിട്ടും തന്നെ വിടാതായതോടെ ഉണ്ണി പതറി. ‘‘ഉണ്ണീ, കാര്യങ്ങളൊക്കെ ഞങ്ങൾക്കു മനസ്സിലായി. നീ പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞാൽ മതി’’ ഞങ്ങൾ ഒന്നു രണ്ടു തവണ ഉണ്ണിയോടു പറഞ്ഞു.
ചോദ്യം ചെയ്യൽ മുറിയിലും ഞാൻ ഉണ്ണിയോടു മഹാദേവനെക്കുറിച്ചു ചോദിച്ചില്ല. പകരം കോട്ടയത്ത് ജോലി കിട്ടിയത് ഉൾപ്പെടെ കഴിഞ്ഞ 19 വർഷത്തിനിടെ പലരോടായി ഉണ്ണി പറഞ്ഞ കള്ളങ്ങൾ അക്കമിട്ടു നിരത്തി. അതൊക്കെ എന്തിനായിരുന്നു എന്നു ചോദിച്ചു. ഉണ്ണിക്കു മറുപടിയില്ല. 10–15 വർഷം മുൻപു ഒരു കയ്യബദ്ധം പറ്റിയെന്ന് ഉണ്ണി പറഞ്ഞിരുന്നില്ലേ എന്നു ചോദിച്ചു. ആരോടു പറഞ്ഞെന്ന് ഉണ്ണിയുടെ മറുചോദ്യം. പറഞ്ഞ ആളുകളുടെ പേരുകൾ അക്കമിട്ടു നിരത്തി. അപ്പോൾ ഉണ്ണി ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. അതൊരു സൂചനയാണ്. എന്തോ തുറന്നുപറയാൻ തുടങ്ങുന്നതിനു മുൻപു പ്രതി വെള്ളം ചോദിച്ച അനുഭവം പല കേസുകളിലുമുണ്ട്. വെള്ളം കുടിച്ച ശേഷം ഉണ്ണി പറഞ്ഞു. ‘‘പറ്റിപ്പോയി സാറേ, കോനാരി സലിയെ ഞാൻ കൊന്നതാണ്’’? ഇത്തവണ ഞെട്ടിയത് ഞങ്ങളാണ്. കോനാരി സലിയോ അതാരാണ്.? പക്ഷേ ആ ഞെട്ടൽ പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു. ‘‘അതൊക്കെ ഞങ്ങൾക്കറിയാം നീ മഹാദേവന്റെ കാര്യം പറ’’?
ഉണ്ണി മുഖം താഴ്ത്തി. പിന്നെ പറഞ്ഞു തുടങ്ങി. സൈക്കിൾ റിപ്പയർ ചെയ്ത പണം നൽകാൻ കടയിലെത്തിയ മഹാദേവനെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കൈക്കലാക്കുന്നതിനായി കടന്നുപിടിച്ചു. എതിർത്തപ്പോൾ സമീപത്തെ വർക്‌ഷോപ്പിലേക്കു കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊന്നു. ഭാര്യാസഹോദരൻ പ്രമോദ്, സുഹൃത്ത് കോനാരി സലി എന്നിവരുടെ സഹായത്തോടെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ തള്ളി.
സ്കൂട്ടറിന്റെ താക്കോലും ചെരിപ്പുമൊക്കെ പല സ്ഥലത്തും കൊണ്ടുപോയി വച്ചതും മഹാദേവന്റെ വീട്ടിലേക്കു ഫോൺ ചെയ്തു പണം ആവശ്യപ്പെട്ടതും കോനാരി സലി ആയിരുന്നു. പക്ഷേ പണമൊന്നും കിട്ടിയില്ല. പതിയെ സലി കൊലപാതകത്തിന്റെ കാര്യം പറഞ്ഞു ഉണ്ണിയെ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ തുടങ്ങി. സലിയുടെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ മദ്യത്തിൽ സയനൈഡ് കലർത്തി നൽകി അയാളെയും കൊന്നു. മഹാദേവൻ മരിച്ച് ഒന്നര വർഷത്തിനു ശേഷമാണിത്.
പ്രമോദിന്റെ സഹായത്തോടെ മൃതദേഹം അതേ പാറമടക്കുളത്തിൽ തള്ളി. ഒട്ടേറെ അടിപിടിക്കേസുകളിൽ പ്രതിയായ സലി പൊലീസിനെ പേടിച്ച് എവിടെയോ ഒളിച്ചുതാമസിക്കുകയാണെന്നായിരുന്നു വീട്ടുകാർ കരുതിയിരുന്നത്. ഉണ്ണി കവർന്ന മഹാദേവന്റെ മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നു. അതിന്റെ രേഖകൾ പൊലീസ് കണ്ടെടുത്തു. പാറമടക്കുളത്തിലെ വെള്ളം വറ്റിച്ചു നടത്തിയ ആഴ്ചകളോളം നീണ്ട തിരച്ചിലിനൊടുവിൽ മഹാദേവന്റെ തലയോട്ടിയും സാലിയുടെ താടിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി.
രണ്ടു കൊലപാതകങ്ങളിലും സഹായിയായിരുന്ന പ്രമോദ് 2012 ൽ ശുചിമുറിയിൽ വീണു പരുക്കേറ്റ് മരിച്ചിരുന്നു. ഈ മരണത്തിലെ ദുരൂഹതയും ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും സംശയിക്കാവുന്ന തെളിവുകൾ ലഭിച്ചില്ല. വിചാരണ വേളയിൽ ജാമ്യത്തിലിറങ്ങിയ ഉണ്ണിയെ ഒരു വർഷം മുൻപു കോട്ടയത്തെ ഒരു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദ്യം കോനാരി സലി, പിന്നെ പ്രമോദ്, ഒടുവിൽ ഉണ്ണിയും; മഹാദേവനെ കൊലപ്പെടുത്തിയ കേസിലെ 3 പ്രതികളും ഇന്നു ജീവനോടെയില്ല.