പൂ വിരിയാത്ത, പൂവിളിയില്ലാത്ത, ചുറ്റിലും മഞ്ഞ് മാത്രമുള്ള ഒരിടത്ത്, ഒരു മലയാളിയുടെ ഓണാഘോഷം
ലോകമെങ്ങുമുള്ള മലയാളികളുടെ വീടുകളിൽ ഓണപ്പൂക്കൾ വർണങ്ങൾ നിറയ്ക്കുന്ന ഇന്ന്, ഒരിക്കലും പൂക്കൾ വിരിയരുതെന്നാഗ്രഹിക്കുന്ന ഒരിടത്തിരുന്ന് ഓണം ആഘോഷിക്കുകയാണ് ഒരു മലയാളി. അന്റാർട്ടിക്കയിലെ ലാഴ്സ്മാൻ ഹിൽസിലെ ഇന്ത്യൻ പര്യവേക്ഷണ, ഗവേഷണ കേന്ദ്രമായ ഭാരതിയിലുള്ള ഏക മലയാളി. കണ്ണൂർ ചെക്കിക്കുളം സ്വദേശി ഡോ.ശ്രീരാജ് തെക്കയിൽ.
ലോകമെങ്ങുമുള്ള മലയാളികളുടെ വീടുകളിൽ ഓണപ്പൂക്കൾ വർണങ്ങൾ നിറയ്ക്കുന്ന ഇന്ന്, ഒരിക്കലും പൂക്കൾ വിരിയരുതെന്നാഗ്രഹിക്കുന്ന ഒരിടത്തിരുന്ന് ഓണം ആഘോഷിക്കുകയാണ് ഒരു മലയാളി. അന്റാർട്ടിക്കയിലെ ലാഴ്സ്മാൻ ഹിൽസിലെ ഇന്ത്യൻ പര്യവേക്ഷണ, ഗവേഷണ കേന്ദ്രമായ ഭാരതിയിലുള്ള ഏക മലയാളി. കണ്ണൂർ ചെക്കിക്കുളം സ്വദേശി ഡോ.ശ്രീരാജ് തെക്കയിൽ.
ലോകമെങ്ങുമുള്ള മലയാളികളുടെ വീടുകളിൽ ഓണപ്പൂക്കൾ വർണങ്ങൾ നിറയ്ക്കുന്ന ഇന്ന്, ഒരിക്കലും പൂക്കൾ വിരിയരുതെന്നാഗ്രഹിക്കുന്ന ഒരിടത്തിരുന്ന് ഓണം ആഘോഷിക്കുകയാണ് ഒരു മലയാളി. അന്റാർട്ടിക്കയിലെ ലാഴ്സ്മാൻ ഹിൽസിലെ ഇന്ത്യൻ പര്യവേക്ഷണ, ഗവേഷണ കേന്ദ്രമായ ഭാരതിയിലുള്ള ഏക മലയാളി. കണ്ണൂർ ചെക്കിക്കുളം സ്വദേശി ഡോ.ശ്രീരാജ് തെക്കയിൽ.
ലോകമെങ്ങുമുള്ള മലയാളികളുടെ വീടുകളിൽ ഓണപ്പൂക്കൾ വർണങ്ങൾ നിറയ്ക്കുന്ന ഇന്ന്, ഒരിക്കലും പൂക്കൾ വിരിയരുതെന്നാഗ്രഹിക്കുന്ന ഒരിടത്തിരുന്ന് ഓണം ആഘോഷിക്കുകയാണ് ഒരു മലയാളി. അന്റാർട്ടിക്കയിലെ ലാഴ്സ്മാൻ ഹിൽസിലെ ഇന്ത്യൻ പര്യവേക്ഷണ, ഗവേഷണ കേന്ദ്രമായ ഭാരതിയിലുള്ള ഏക മലയാളി.
കണ്ണൂർ ചെക്കിക്കുളം സ്വദേശി ഡോ.ശ്രീരാജ് തെക്കയിൽ. ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം എന്ന ഗവേഷണ സ്ഥാപനത്തിൽ ടെക്നിക്കൽ ഓഫിസറാണ് ശ്രീരാജ്. പൂജ്യത്തിനും താഴെ 34 ഡിഗ്രി വരെ പോകുന്ന തണുപ്പിൽ, മഞ്ഞുമലകൾക്കും താഴ്‌വരകൾക്കുമിടയിലിരുന്ന് ശ്രീരാജും ഈ ഓണക്കാലം ആഘോഷമാക്കുകയാണ്.
അകലെ, അകലെ
ലാഴ്സ്മാൻ ഹിൽസിൽ ഇന്ത്യയ്ക്ക് 2 ഗവേഷണ കേന്ദ്രങ്ങളാണ് ഉള്ളത്. മൈത്രിയും ഭാരതിയും. ഭാരത സർക്കാരിന്റെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ (എൻസിപിഒആർ) നിയന്ത്രണത്തിലാണ് രണ്ടു കേന്ദ്രങ്ങളും. ദക്ഷിണാർധഗോളത്തിൽ, 76 ഡിഗ്രി രേഖാംശത്തിലാണു ശ്രീരാജ് ജോലി ചെയ്യുന്ന ഭാരതി സ്ഥിതി ചെയ്യുന്നത്.
ജന്മനാടായ ചെക്കിക്കുളം, വടക്കൻ അർധഗോളത്തിൽ ഭൂമധ്യരേഖയിൽ നിന്നു മാറി ഏതാണ്ട് ഇതേ (75 ഡിഗ്രി) രേഖാംശത്തിലാണ്. കേരളത്തിന്റെ നേർചുവട്ടിൽ നിന്ന് 8000 കിലോമീറ്റർ മാറിയുള്ള ഭാരതിക്കും കേരളത്തിനുമിടയിൽ വേറെ കരപ്രദേശമില്ല, ഇന്ത്യൻ മഹാസമുദ്രം മാത്രം. നാട്ടിൽ എന്ത് ആഘോഷമുണ്ടായാലും കാതങ്ങൾ താണ്ടി അലയടി ഇങ്ങ് അന്റാർട്ടിക്കയിലെത്താൻ ഇതും കാരണമായിരിക്കാമെന്ന് ശ്രീരാജ് പറയുന്നു.
മഞ്ഞത്തപ്പന്റെ ഓണം
വർണങ്ങൾ മാത്രമുള്ള നാട്ടിലെ ഓണത്തിൽ നിന്നു വെളുത്ത മരുഭൂമിയായ അന്റാർട്ടിക്കയിൽ എത്തുമ്പോൾ ഓണം വേറെ തരം അനുഭവമാകുമെന്നു ശ്രീരാജ് പറയുന്നു. മരുഭൂമികളിൽ ചെറുതായെങ്കിലും പച്ചപ്പുണ്ടാകും. പക്ഷേ, ആന്റാർട്ടിക്കയിൽ മരങ്ങളില്ല, ചെടികളും പൂക്കളുമില്ല. അതുകൊണ്ടു തന്നെ പൂക്കളവും ഇല്ല. വളരെക്കുറച്ചു മാത്രമേ ഉറച്ച ഭൂമി കാണാൻ പറ്റൂ.
ചുറ്റിലും ഹിമപാളികൾ മാത്രം. ഇവ വച്ച് പൂക്കളം ഒരുക്കാൻ പറ്റില്ല. മനുഷ്യ നിർമിത വസ്തുക്കൾ കൊണ്ട്, സ്റ്റേഷനു വെളിയിൽ ആഘോഷം നടത്താനും പറ്റില്ല. അതു കൊണ്ട് ഓണത്തപ്പനു പകരം ശ്രീരാജ് സൃഷ്ടിച്ചത് മഞ്ഞത്തപ്പനെയാണ്. 3 നേരം പോഷക സമൃദ്ധമായ ഭക്ഷണം സ്റ്റേഷനിൽ ലഭിക്കും. സാമ്പാറും മീൻകറിയും ഇഡ്ഡലിയും ദോശയും കോഴിക്കറിയും ആലു പറാത്തയുമൊക്കെ ഡൽഹിക്കാരനായ കുക്ക് രോഹിത് ഉണ്ടാക്കി കൊടുക്കും.
തണുപ്പിച്ചു സൂക്ഷിച്ച സാധനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ഓണസദ്യയിലേക്ക് എത്തുമ്പോൾ ഇത് ഒരു വലിയ പ്രശ്നമാണ്. വാഴയില ആലോചിക്കുകയേ വേണ്ട. ഉള്ള സാധനങ്ങൾ വച്ച് രോഹിതിന്റെ സഹായത്തോടെ സാമ്പാറും പായസവുമൊക്കെയായി ഒരു മിനി സദ്യക്കാണ് ആലോചന. സ്റ്റേഷനിലുള്ള എല്ലാവരും ചേർന്ന്, ഉള്ളതു കൊണ്ട് ഒരോണം.
പഠനം, വർഷം മുഴുവൻ
എൻസിപിഒആറിന്റെ നാൽപത്തിമൂന്നാം പര്യവേക്ഷണ സംഘത്തിന്റെ ഭാഗമായി 2023 നവംബറിലാണ് ശ്രീരാജ് ഭാരതിയിലെത്തുന്നത്. ശാസ്ത്ര നിരീക്ഷണ, പഠനങ്ങൾ വർഷം മുഴുവനുമുള്ളതിനാൽ ഭാരതിയുടെ മെയിൻ ക്യാംപിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക്, എല്ലാ ദിവസവും പോയി വരണം.
കേന്ദ്രത്തിലെ ജിയോമാഗ്നറ്റിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകരണങ്ങളുടെ ചുമതലയാണ് ശ്രീരാജിന്. ഇവിടത്തെ കാന്തികമണ്ഡലം, സൂര്യനിൽ നിന്നുള്ള കാന്തികമണ്ഡലത്തിനനുസരിച്ച് എങ്ങനെ മാറുന്നുവെന്നാണു പഠനവിഷയമാക്കുന്നത്. സ്പെയ്സ് വെതർ എന്ന പ്രത്യേക കാലാവസ്ഥയെ പറ്റി പഠിക്കുന്നതിനാണിത്.
ശാസ്ത്രജ്ഞരും എൻജിനീയർമാരും മെഡിക്കൽ, ലൊജിസ്റ്റിക്സ് ടീമുകളും അടക്കം 22 പേരാണ് നിലവിൽ ഭാരതിയിലുള്ളത്. പുറത്ത്, അന്തരീക്ഷ ഊഷ്മാവ് മിക്കപ്പോഴും പൂജ്യത്തിൽ നിന്നു 25–35 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും. ഭാരതിക്കകത്ത്, 24–26 സെൽഷ്യസും.
ചില്ലകളില്ലാത്ത പക്ഷികൾ
കാഴ്ചകൾ പലതുണ്ട്, ഭൂമിയുടെ തെക്കേയറ്റത്ത്. ചുറ്റും മരങ്ങളോ ചില്ലകളോ ഇല്ലെങ്കിലും പക്ഷികളുണ്ട്. പെൻഗ്വിനുകളും നീർനായകളുമുണ്ട്. മഞ്ഞിൽ തട്ടിത്തെറിക്കുന്ന വെയിൽപ്പരലുകൾ. തിളങ്ങുന്ന പ്രകാശപുഷ്പങ്ങളിലേക്കു സംക്രമിക്കുന്ന മഞ്ഞുപരപ്പ്. വൈകുന്നേരങ്ങളിലെ ആകാശം വർണക്കാഴ്ച തന്നെയാണ്. മേഘങ്ങളില്ലാത്ത രാത്രിയിലെ ധ്രുവദീപ്തിക്കു പകരം വയ്ക്കാൻ ലോകത്തു മറ്റൊരു കാഴ്ചയുണ്ടാകില്ല. ധ്രുവദീപ്തിയും നക്ഷത്രങ്ങളുമൊരുമിക്കുമ്പോൾ, അതൊരു മാന്ത്രികക്കാഴ്ചയാണ്.
കോടാനുകോടി നക്ഷത്രങ്ങൾക്കു കീഴിൽ, അനന്തമായ മഞ്ഞുതാഴ്‌വാരത്തിന്റെ ഓരത്ത് ആരുമത് നോക്കി നിന്നു പോകുമെന്ന് ശ്രീരാജ് പറയുന്നു. നവംബർ പകുതി മുതൽ ജനുവരി പകുതി വരെ ഇവിടെ സൂര്യൻ അസ്തമിക്കാറില്ല. ജൂൺ–ജൂലൈയിൽ ഉദിക്കാറുമില്ല! സൂര്യൻ ഉദിക്കാത്ത ദിവസങ്ങളിൽ പൂർണമായ ഇരുട്ടല്ല. ആകാശത്തു വെളിച്ചമുണ്ടാകും. നാട്ടിലെ ഉദയാസ്തമയങ്ങളിലെ ആകാശം പോലെ. നക്ഷത്രങ്ങളെ നല്ല തെളിമയോടെ കാണാൻ പറ്റും.
ലോകം ഇന്നു തിരുവോണപ്പൂക്കളമിടുമ്പോൾ ആന്റാർട്ടിക്കയിൽ ഒരു പൂവും വിടർന്നു കാണരുതെന്നാണു ശ്രീരാജ് ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നത്. ചെടി മുളയ്ക്കുന്നതും മരം വളരുന്നതും പൂവിടുന്നതും അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകിത്തീരുന്നതിന്റെയും പരിസ്ഥിതി മാറുന്നതിന്റെയും സൂചനകളായതു കൊണ്ടാണ് ഇത്. ആഗോളപരിസ്ഥിതിയിൽ നിർണായക പങ്കു വഹിക്കുന്ന അന്റാർട്ടിക്ക നിലനിൽക്കേണ്ടത് ലോകത്തിന്റെ മുഴുവൻ ആവശ്യമായതിനാൽ പൂവിളിയും പൂക്കളവുമില്ലാതെ അവിടെയുള്ളവർ ചേർന്നു എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുകയാണ്.ആയിരക്കണക്കിനു മഞ്ഞ് പൂക്കൾക്കിടയിൽ നിന്ന് മഞ്ഞണിഞ്ഞ ഒരു ഓണാശംസ.
ആന്റാർട്ടിക്കയിലെ ഇന്ത്യ
ഭൂഗോളത്തിന്റെ തെക്കെയറ്റത്ത് 1.4 കോടി ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അന്റാർട്ടിക്ക ഭൂഖണ്ഡം സ്ഥിതി ചെയ്യുന്നത്. 99.6 ശതമാനം പ്രദേശങ്ങളും മഞ്ഞു കൊണ്ടു മൂടിയ അന്റാർട്ടിക്കയുടെ ബാക്കിവരുന്ന 0.4 ശതമാനം പ്രദേശം അങ്ങിങ്ങായി ഉയർന്നുനിൽക്കുന്ന പർവതശിഖരങ്ങളാണ്. ഭൂമിയിലെ മഞ്ഞിന്റെ 90 ശതമാനവും ഇവിടെയാണ്. ഭൂമിയിലെ 80 ശതമാനം വരുന്ന ശുദ്ധജല സ്രോതസ്സും കൂടിയാണ് അന്റാർട്ടിക്ക ഉൾപ്പെടുന്ന ദക്ഷിണ ധ്രുവം. –68 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരി തണുപ്പ്.
വേനൽക്കാലത്ത് ഇത് –32 ഡിഗ്രി സെൽഷ്യസ് ആകും. അന്റാർട്ടിക്കയിൽ ഒരു രാജ്യത്തിനും അവകാശമില്ല. 1958 ഫെബ്രുവരിയിൽ പന്ത്രണ്ടു രാഷ്ട്രങ്ങൾ ചേർന്ന് ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് പൊതുശാസ്ത്രീയ പഠന പ്രക്രിയകൾ നടക്കുന്നത്. 1983ൽ സ്ഥാപിച്ച ദക്ഷിണ ഗംഗോത്രി എന്ന റിസർച് സ്റ്റേഷനിലൂടെയാണ് ഇന്ത്യ അന്റാർട്ടിക്കയിലെ പര്യവേക്ഷണത്തിന് തുടക്കം കുറിച്ചത്. പിന്നീട് മൈത്രി, ഭാരതി എന്നീ രണ്ടു സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു.