വീടു പറയും നാടിന്റെ കഥ
നൂറ്റാണ്ടുകളുടെ കയ്യൊപ്പു പതിഞ്ഞ ചരിത്ര പുസ്തകമാണ് മലപ്പുറം കൽപകഞ്ചേരിയിലെ മണ്ടായപ്പുറത്ത് തറവാട്. അതിന്റെ താളുകളിൽ സാമൂതിരി രാജാവും വെട്ടത്തു രാജവംശവുമുണ്ട്. ടിപ്പു സുൽത്താന്റെ പ്രതികാരം അഗ്നിയായി ആളിക്കത്തിയതിന്റെ അടയാളമുണ്ട്. ബ്രിട്ടിഷ് പട്ടാളത്തിന്റെ കുതിരക്കുളമ്പടി ശബ്ദമുണ്ട്. മത സൗഹാർദത്തിന്റെ സുന്ദരമായ കാഴ്ചകളും തിരുവിതാംകൂർ രാജവംശത്തിന്റെ ആതിഥ്യമര്യാദയുമുണ്ട്.
നൂറ്റാണ്ടുകളുടെ കയ്യൊപ്പു പതിഞ്ഞ ചരിത്ര പുസ്തകമാണ് മലപ്പുറം കൽപകഞ്ചേരിയിലെ മണ്ടായപ്പുറത്ത് തറവാട്. അതിന്റെ താളുകളിൽ സാമൂതിരി രാജാവും വെട്ടത്തു രാജവംശവുമുണ്ട്. ടിപ്പു സുൽത്താന്റെ പ്രതികാരം അഗ്നിയായി ആളിക്കത്തിയതിന്റെ അടയാളമുണ്ട്. ബ്രിട്ടിഷ് പട്ടാളത്തിന്റെ കുതിരക്കുളമ്പടി ശബ്ദമുണ്ട്. മത സൗഹാർദത്തിന്റെ സുന്ദരമായ കാഴ്ചകളും തിരുവിതാംകൂർ രാജവംശത്തിന്റെ ആതിഥ്യമര്യാദയുമുണ്ട്.
നൂറ്റാണ്ടുകളുടെ കയ്യൊപ്പു പതിഞ്ഞ ചരിത്ര പുസ്തകമാണ് മലപ്പുറം കൽപകഞ്ചേരിയിലെ മണ്ടായപ്പുറത്ത് തറവാട്. അതിന്റെ താളുകളിൽ സാമൂതിരി രാജാവും വെട്ടത്തു രാജവംശവുമുണ്ട്. ടിപ്പു സുൽത്താന്റെ പ്രതികാരം അഗ്നിയായി ആളിക്കത്തിയതിന്റെ അടയാളമുണ്ട്. ബ്രിട്ടിഷ് പട്ടാളത്തിന്റെ കുതിരക്കുളമ്പടി ശബ്ദമുണ്ട്. മത സൗഹാർദത്തിന്റെ സുന്ദരമായ കാഴ്ചകളും തിരുവിതാംകൂർ രാജവംശത്തിന്റെ ആതിഥ്യമര്യാദയുമുണ്ട്.
നൂറ്റാണ്ടുകളുടെ കയ്യൊപ്പു പതിഞ്ഞ ചരിത്ര പുസ്തകമാണ് മലപ്പുറം കൽപകഞ്ചേരിയിലെ മണ്ടായപ്പുറത്ത് തറവാട്. അതിന്റെ താളുകളിൽ സാമൂതിരി രാജാവും വെട്ടത്തു രാജവംശവുമുണ്ട്. ടിപ്പു സുൽത്താന്റെ പ്രതികാരം അഗ്നിയായി ആളിക്കത്തിയതിന്റെ അടയാളമുണ്ട്. ബ്രിട്ടിഷ് പട്ടാളത്തിന്റെ കുതിരക്കുളമ്പടി ശബ്ദമുണ്ട്.
മത സൗഹാർദത്തിന്റെ സുന്ദരമായ കാഴ്ചകളും തിരുവിതാംകൂർ രാജവംശത്തിന്റെ ആതിഥ്യമര്യാദയുമുണ്ട്. കാലത്തിന്റെ നേർസാക്ഷിയായി തലയുയർത്തി നിൽക്കുന്ന വീടിന് ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്കു ഒളിയിടമൊരുക്കിയ കഥയും പറയാനുണ്ട്. പഴയ വെട്ടത്തുനാടിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള മണ്ടായപ്പുറത്തു മൂപ്പന്മാരുടെ തറവാടാണു തൂണിലും തുരുമ്പിലും താഴിട്ടു പൂട്ടാനാകാത്ത ഒരായിരം ഓർമകൾ തുടിച്ചു നിൽക്കുന്ന ഈ വീട് .
തലമുറകളിലേക്കു നീളുന്ന വേരുകൾ
മണ്ടായപ്പുറത്തു തറവാടിന്റെ ചരിത്രം ഖനനം ചെയ്താൽ എത്തുക ഇന്നത്തെ തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന മേൽമുറി അച്ചിപ്രയിലെ വാധ്യാർ മനയിലാണ്. വെട്ടത്തു രാജവംശത്തിന്റെ കുലഗുരുക്കന്മാരായിരുന്നു വാധ്യാർമന നമ്പൂതിരിമാർ. മനയിലെ സഹോദരങ്ങളായിരുന്നു അഗ്നിശർമൻ നമ്പൂതിരിയും (അക്കിരാമൻ) വിഷ്ണു നമ്പൂതിരിയും. പെരിന്തൽമണ്ണ താലൂക്കിലെ മുള്ളിയാകുറിശ്ശി മണ്ടായപ്പുറത്തു വീട്ടിലെ സഹോദരിമാരെയാണു ഇവർ വിവാഹം കഴിച്ചത്. അക്കിരാമൻ ജാനകിയെയും വിഷ്ണു കുഞ്ഞുലക്ഷ്മിയെയും. അക്കിരാമൻ–ജാനകി ദമ്പതികൾക്കു പിറന്ന കുഞ്ഞിനു ഗോവിന്ദനെന്നും വിഷ്ണു–കുഞ്ഞുലക്ഷ്മി ദമ്പതികൾക്കു പിറന്ന കുട്ടിക്കു കൃഷ്ണനെന്നും പേരിട്ടു. ഇവർ ഗോവിന്ദ മേനോനെന്നും കൃഷ്ണ മേനോനെന്നും അറിയപ്പെട്ടു.
ആയിടയ്ക്ക് ഒരു ദിവസം വെട്ടത്തു രാജാവ് യാത്രാമധ്യേ വാധ്യാർ മനയിൽ വിശ്രമിക്കാൻ കയറി. ഗോവിന്ദന്റെയും കൃഷ്ണന്റെയും സാമർഥ്യത്തിൽ മതിപ്പു തോന്നിയ രാജാവ് അവരെ കൊട്ടാരത്തിലേക്കു അയയ്ക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടു. ആയോധന കലകളിലും തന്ത്രങ്ങൾ മെനയുന്നതിലും മിടുക്കു കാട്ടിയ കൃഷ്ണ മേനോൻ പിന്നീട് വെട്ടത്തുനാട്ടിലെ പ്രധാനമന്ത്രിയായി. അദ്ദേഹത്തിനും കുടുംബത്തിനു താമസിക്കാനായി രാജാവ് നിർമിച്ചു നൽകിയതാണു മണ്ടായപ്പുറത്തു തറവാട്. 1700കളുടെ രണ്ടാം പകുതിയിലാണിത്.
തീരദേശങ്ങൾ അന്നു കച്ചവടക്കാരായ അറബികളും യൂറോപ്യൻമാരും തമ്മിലുള്ള തർക്കങ്ങളാൽ സംഘർഷഭരിതമായിരുന്നു. തെക്കു ചേറ്റുവ മുതൽ വടക്കു താനൂർ വരെയുള്ള തീരദേശപരിപാലനത്തിന്റെ ചുമതല കൃഷ്ണമേനോനായിരുന്നു. അറബികളുമായുള്ള സൗഹൃദത്തിനൊടുവിൽ ഗോവിന്ദ മേനോനും കൃഷ്ണ മേനോനും ഇസ്‌ലാം മതം സ്വീകരിച്ചു. കൃഷ്ണ മേനോൻ മുഹ്‌യുദ്ദീൻ എന്നും ഗോവിന്ദ മേനോൻ മുഹമ്മദെന്നും പേരു മാറ്റി. മുഹ്‌യുദ്ദീൻ ലോപിച്ചു മൊയ്തീൻ ആയി. വെട്ടത്തു രാജാവ് ഇവർക്കു മൂപ്പൻ എന്ന സ്ഥാനപ്പേരു നൽകി. സി.ഗോപാലൻ നായരുടെ ‘മലയാളത്തിലെ മാപ്പിളമാർ’ എന്ന ഗ്രന്ഥത്തിൽ ഈ ചരിത്രം വായിക്കാം.
ഹൈദർ വരുന്നു, ടിപ്പുവും
മൈസൂർ രാജാവായിരുന്ന ഹൈദരലി കോഴിക്കോട് ലക്ഷ്യമാക്കി പട നയിച്ചെത്തുന്നത് അക്കാലത്താണ്. ഹൈദരുമായുള്ള സന്ധി സംഭാഷണത്തിനു സാമൂതിരി നിയോഗിച്ചവരിലൊരാൾ കൃഷ്ണ മേനോനായിരുന്നുവെന്ന് ‘കാലിക്കറ്റ് : ദ് സിറ്റി ഓഫ് ട്രൂത്ത് റിവിസിറ്റഡ്’ എന്ന ഗ്രന്ഥത്തിൽ എം.ജി.എസ്. നാരായണൻ എഴുതിയിട്ടുണ്ട്. സാമൂതിരിയിൽ നിന്നു ഭരണം പിടിച്ചെടുത്ത ഹൈദരലിക്കു കീഴിലും നികുതി പിരിവിന്റെ ചുമതല മൊയ്തീൻ മൂപ്പനായിരുന്നു. കൂറ്റനാട്, ചാവക്കാട്, വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലെ നികുതി പിരിച്ചെടുക്കുന്നതിനായി ഹൈദരലി മൊയ്തീൻ മൂപ്പനെ നിയോഗിച്ചതായി വില്യം ലോഗന്റെ ‘മലബാർ മാന്വലിൽ’ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈദരലിയുടെ മരണ ശേഷം ഭരണമേറ്റ ടിപ്പു സുൽത്താനു കീഴിലും മൊയ്തീൻ മൂപ്പൻ അതേ പദവിയിൽ തുടർന്നു.
ടിപ്പുവിന്റെ പ്രതികാരത്തീ
ടിപ്പുവിന്റെ നിർദേശപ്രകാരം ആദ്യ വർഷങ്ങളിൽ ഭീമമായ തുക മൊയ്തീൻ മൂപ്പൻ ശ്രീരംഗപട്ടണത്തെത്തിച്ചു. പട്ടാളക്കാർ നാട്ടിൽ അതിക്രമം കാണിക്കുന്നതിൽ വിയോജിപ്പുണ്ടായിരുന്ന മൂപ്പൻ ഇത് അവസാനിപ്പിക്കണമെന്നു ടിപ്പുവിനോട് ആവശ്യപ്പെട്ടു. എന്നാൽ, പട്ടാള മേധാവികൾ മൂപ്പനെതിരായ ആരോപണങ്ങളുമായി ടിപ്പുവിനു കുറ്റപത്രം നൽകി. ടിപ്പു പട്ടാളക്കാർക്കൊപ്പം നിന്നു. കർഷകരിൽ നിന്നു കനത്ത നികുതി പിരിച്ചെടുക്കുന്നതിലെ വിയോജിപ്പും മൂപ്പനെ ടിപ്പുവിൽ നിന്നകറ്റി. ശ്രീരംഗപട്ടണത്തേക്കു നികുതിയെത്താതായതോടെ ടിപ്പു പ്രതികാരത്തിനു കോപ്പു കൂട്ടി. മൂപ്പനെ പിടിച്ചുകെട്ടി കൊണ്ടുവരാൻ പട്ടാളത്തോട് ആവശ്യപ്പെട്ടു.
തന്ത്രശാലിയായ മൂപ്പൻ പട്ടാളവുമായി സന്ധിയിലേർപ്പെട്ടു. തന്നെ പിടിച്ചു ടിപ്പുവിനു മുന്നിൽ ഹാജരാക്കുന്നതു കൊണ്ടു ഫലമില്ലെന്നും പണം സ്വരൂപിക്കാനായി നടത്തുന്ന കുറിക്കല്യാണം കഴിഞ്ഞാൽ അതിലൂടെ ലഭിക്കുന്ന തുകയും കൊണ്ടുപോകാമെന്നും അവരെ ബോധ്യപ്പെടുത്തി. അതു വിശ്വസിച്ച പട്ടാളം അവിടെ തമ്പടിച്ചു. കാർത്തിക തിരുനാൾ രാമവർമയാണ് അന്ന് തിരുവിതാംകൂർ ഭരിക്കുന്നത്. ടിപ്പുവുമായി ഇടഞ്ഞതോടെ തിരുവിതാംകൂറിൽ അഭയം തേടുന്നതിനു മൂപ്പൻ അദ്ദേഹവുമായി ധാരണയിലെത്തിയിരുന്നു. മൊയ്തീൻ മൂപ്പനും മുഹമ്മദ് മൂപ്പനുമൊഴികെയുള്ളവർ പട്ടാളത്തിന്റെ കണ്ണുവെട്ടിച്ചു തിരുവിതാംകൂറിലേക്കു കടന്നു.
കുറികല്ല്യാണം നടത്താനായി വീടിന്റെ നാലു ഭാഗത്തും പന്തലിട്ടു. നാടെങ്ങും പ്രചാരം നൽകിയിരുന്നതിനാൽ വലിയ ജനക്കൂട്ടമെത്തി. വൻ തുകയും പിരിഞ്ഞുകിട്ടി. അതുമായി അർധരാത്രി മൊയ്തീൻ മൂപ്പനും മുഹമ്മദ് മൂപ്പനും തിരുവിതാംകൂറിലേക്കു പുറപ്പെട്ടു. രാവിലെ മൂപ്പനെത്തേടി മണ്ടായപ്പുറത്ത് വീട്ടിലെത്തിയപ്പോഴാണു പറ്റിക്കപ്പെട്ടതായി പട്ടാളത്തിനു മനസ്സിലായത്. രോഷം തീർക്കാനായി അവർ വീടിനു തീയിട്ടു. നാട്ടുകാർ ചേർന്നു തീകെടുത്തിയതിനാൽ പൂർണമായി നശിച്ചില്ല. വീട് പുനരുദ്ധരിച്ചെങ്കിലും ടിപ്പുവിന്റെ പട്ടാളത്തിന്റെ പ്രതികാരത്തീ പോയ കാലത്തിന്റെ മുദ്രയായി ഇപ്പോഴും തറവാട്ടിലെ മച്ചിൽ കാണാം.
ഏലൂരിലെ മൂപ്പൻ പെരുമ
മൂപ്പന്മാരെ വിട്ടു നൽകണമെന്നഭ്യർഥിച്ച് ടിപ്പു തിരുവിതാംകൂർ മഹാരാജാവിനു പലവട്ടം കത്തയച്ചതായി പി.ശങ്കുണ്ണി മേനോന്റെ ‘ എ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ’ എന്ന ഗ്രന്ഥത്തിൽ കാണാം. 1799ൽ ടിപ്പു കൊല്ലപ്പെട്ടതിനു പിന്നാലെ തിരുവിതാംകൂറിൽ നിന്നു മടങ്ങാനുള്ള ആഗ്രഹം മൂപ്പന്മാർ രാജാവിനെ അറിയിച്ചു. ഏലൂരിൽ പെരിയാർ തീരത്ത് കരമൊഴിവാക്കി മൂപ്പന്മാർക്കു ഭൂമി പതിച്ചു കൊടുത്തു. അവിടെ ‘അകായിൽ’ എന്ന വീടുവച്ചു മൂപ്പന്മാർ താമസമാക്കി.
തിരുവിതാംകൂറിൽ നിന്നു മടങ്ങവേ രാജാവ് സമ്മാനിച്ച വാളുകൾ ഇന്നും ഏലൂരിലെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. മൊയ്തീൻ മൂപ്പനും മുഹമ്മദ് മൂപ്പനും അവരുടെ ഭാര്യമാരും ഏലൂരിൽ താമസിക്കുന്നതിനിടെയാണു മരിച്ചത്. ഏലൂർ പള്ളിയിലാണു ഇവരെ കബറടക്കിയത്. മുഹമ്മദ് മൂപ്പന്റെ മക്കളായ ആലിമൂപ്പനും മൊയ്തീൻ മൂപ്പനും പിന്നീട് കൽപകഞ്ചേരിയിൽ തിരിച്ചെത്തി തറവാട്ടിൽ താമസം തുടങ്ങി.
സൗഹൃദത്തിന്റെ മഴവില്ലഴക്
കമ്യൂണിസ്റ്റ് നേതാക്കൾക്കു ഒളിയിടമൊരുക്കിയതിന്റെ ഓർമകളും മണ്ടായപ്പുറം തറവാടിന് പങ്കുവയ്ക്കാനുണ്ട്. കൊൽക്കത്ത തീസിസിനെത്തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ട കാലത്താണ് ഇഎംഎസ്, ഇ.കെ.ഇമ്പിച്ചി ബാവ തുടങ്ങിയ നേതാക്കൾക്കു തെക്കേതിൽ വീട് സുരക്ഷിത താവളമായത്.
പ്രദേശത്തെ പ്രധാന ഉത്സവമായ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട് ഉത്സവത്തിന്റെ തുടക്കം കുറിക്കുന്നതിനു മുൻപു നടത്തിപ്പുകാർ തറവാടു സന്ദർശിക്കുന്നതു ഇന്നും തുടരുന്ന പതിവാണ്. കൽപകഞ്ചേരിക്കു പുറമേ ഏലൂർ,അരുകുറ്റി, കണ്ണൂർ, ചെമ്പ്ര, ആലുവ എന്നിവിടങ്ങളിലെല്ലാം ഇന്നു മൂപ്പൻ കുടുംബങ്ങളുണ്ട്. അഡ്വ.ബാവ മൂപ്പനും അഹമദ് മൂപ്പനുമാണു നിലവിലെ മൂപ്പന്മാർ. സ്വാതന്ത്ര്യ സമര സേനാനി എം.എ. മൂപ്പൻ, കൊച്ചുണ്ണി മൂപ്പൻ, മദ്രാസ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന അഹമ്മദ് കുട്ടി മൂപ്പൻ, കോൺഗ്രസ് നേതാവായിരുന്ന മഠത്തിൽ അഹമ്മദ് കുട്ടി മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പൻ, അര നൂറ്റാണ്ടിലേറെയായി യുഎസിൽ ഡോക്ടറായി സേവനം ചെയ്യുന്ന ഡോ.മൊയ്തീൻ മൂപ്പൻ, എൻജിനീയർ അഹമ്മദ് മൂപ്പൻ തുടങ്ങി സാമൂഹിക,സേവന മേഖലകളിൽ മുദ്ര പതിപ്പിച്ച മൂപ്പന്മാരുടെ പട്ടിക നീണ്ടതാണ്.
ഓരോ വീടും ഓരോ കുടുംബത്തിന്റെ ചരിത്ര ശേഷിപ്പുകളാണ്. അപൂർവം ചില വീടുകൾ കഥ പറയുമ്പോൾ അതൊരു നാടിന്റെയും കാലത്തിന്റെയും ചരിത്രമായി മാറാറുണ്ട്. ഒരു വീട് കാലത്തിനു നേരെ തിരിച്ചുപിടിച്ച കണ്ണാടിയായി മാറുന്ന അത്യപൂർവ കഥയാണു മണ്ടായപ്പുറത്തിനു പറയാനുള്ളത്.