Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടിപ്പഠിച്ച ജീവിതം

Author Details
singer-rajesh രാകേഷ് രജനികാന്ത്

പ്രാഥമികകൃത്യങ്ങൾക്കുപോലും അമ്മയെ ആശ്രയിക്കുന്ന മൂപ്പത്തിനാലുകാരൻ, രാകേഷ്. പൂർണ അന്ധത, 41 മാസം പ്രായമുള്ള കുഞ്ഞിന്റെ മാനസിക വളർച്ച, ഓട്ടിസം, സംസാരവൈകല്യം, ശാരീരികവൈകല്യം....പക്ഷേ, ഇങ്ങനെയൊക്കെയുള്ള രാകേഷ് പാടുന്നത് മലയാളവും തമിഴും പഞ്ചാബിയുമടക്കം ആറു ഭാഷകളിൽ. ഇതുവരെ പാടിയത് എണ്ണൂറോളം വേദികളിൽ....

വിളക്കു തെളിയാത്ത കണ്ണുകൾ, ആടിയുലയുന്ന മനസ്സ്, അക്ഷരം തൊട്ടറിയാത്ത വിരലുകൾ, ഇഷ്ടത്തിനു വഴങ്ങാത്ത കൈകാലുകൾ..... എന്നിട്ടും സംഗീതസാമ്രാജ്യത്തിലേക്കു കയറിച്ചെല്ലാൻ അൽപംപോലും പ്രയാസമുണ്ടായില്ല ഈ യുവാവിന്. വഴങ്ങാത്ത കൈകൾ മേശയ്ക്കു മുകളിൽ പരത്തിവച്ചു ദ്രുതതാളമിട്ട്, സ്ഫുടമായി, ഏതു ഗായകരെയും വെല്ലുന്ന ശബ്ദത്തിൽ, രാകേഷ് രജനികാന്ത് ഈണത്തിൽ പാടുന്നു....

‘ഭജഗോവിന്ദം, ഭജഗോവിന്ദം..... ’

പ്രാഥമികകൃത്യങ്ങൾക്കുപോലും ഈ 34–ാം വയസ്സിലും അമ്മയെ ആശ്രയിക്കുന്ന രാകേഷിന്റെ ആശുപത്രി രേഖകൾ നമുക്ക് ഇങ്ങനെ വായിക്കാം: പൂർണ അന്ധത, 41 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മാനസിക വളർച്ച, ഓട്ടിസം, സംസാരവൈകല്യം, ശാരീരികവൈകല്യം.
പക്ഷേ 1940 കളിൽ കൊല്ലത്തേക്കു കുടിയേറിയ ഗുജറാത്തി കുടുംബത്തിലെ അംഗമായ രാകേഷ് പാടുന്നത് മലയാളവും തമിഴും പഞ്ചാബിയുമടക്കം ആറു ഭാഷകളിൽ. അതും ഒന്നോ രണ്ടോ പാട്ടല്ല, ഇതുവരെ പാടിയത് എണ്ണൂറോളം വേദികളിൽ. കച്ചേരിയും അവതരിപ്പിക്കുന്നു. രണ്ടു മണിക്കൂറോളം 15 പാട്ടുകളെങ്കിലും മടിയില്ലാതെ, മനസ്സിന്റെ അലോസരങ്ങളില്ലാതെ പാടും.

വിശക്കുന്നുവെന്നോ വേദനിക്കുന്നുവെന്നോ ഇപ്പോഴും പറയാനറിയാത്ത, ഭക്ഷണം സമയം തെറ്റിയാൽ അമ്മയെപ്പോലും അക്രമാസക്തനായി ഉപദ്രവിക്കുന്ന രാകേഷ് നിശ്ശബ്ദം കീഴടങ്ങുന്നതു സംഗീതത്തിനു മുന്നിൽമാത്രം. സംഗീതം മാത്രം വരമായിത്തന്ന ദൈവത്തിനുള്ള സമർപ്പണമാവാം, ഏറെയും പാടുന്നതു ഭക്തിഗാനങ്ങൾ. ഒപ്പം പഴയ ഹിന്ദി ഗാനങ്ങളും.

rakesh-family രാകേഷ് രജനികാന്ത്, അച്ഛൻ ആർ. രജനികാന്ത്, അമ്മ കുസും രജനികാന്ത്, ഇളയച്ഛൻ കൃഷ്ണകുമാർ എന്നിവർക്കൊപ്പം ചിത്രം: രാഹുൽ ആർ. പട്ടം

വീട്, ശക്തികുടീരം

‘അവൻ കാരണമാണ് ഞങ്ങൾ ഇന്നും ഒരു കുടുംബമായി നിൽക്കുന്നത് ’– രാകേഷിന്റെ അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ആർ.രജനികാന്ത് പറയുന്നു. കൊല്ലം ലക്ഷ്മിനടയിൽ ഒൻപതു കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന ശക്തി കുടീർ എന്ന വീടാണു രാകേഷിന്റെ ശക്തി. കണ്ണിനു കണ്ണായി, ഉറച്ച മനസ്സായി, വാക്കും ഭാഷയുമായി ഒപ്പമുണ്ട് അമ്മ കുസും രജനികാന്ത് അടക്കമുള്ള കുടുംബാംഗങ്ങൾ. വീട്ടിലെ എല്ലാ വഴിയും രാകേഷിനു കാണാപ്പാഠമാണ്. പടികളിറങ്ങിയും കയറിയും ഓരോ നിലയിലുമെത്തും. വീട്ടിലെ കൊച്ചുകുട്ടികൾ ഓരോരുത്തരെയും തൊട്ടറിയാം.

പാട്ടിലേക്ക് പിച്ചവച്ച്....

മുത്തച്ഛൻ ഗിരിധർലാൽ റാംജിയാണ് കുടുംബത്തിൽ ആദ്യമായി പിറന്ന പേരക്കുട്ടിയുടെ വൈകല്യം ആദ്യം അറിയുന്നത്. ‘ജനിച്ചു മൂന്നുമാസമായതോടെയാണു കാഴ്ചയ്ക്കു പ്രശ്നമുണ്ടെന്നു തിരിച്ചറിയുന്നത്. പിന്നീടു തിരുവനന്തപുരത്തു വിശദപരിശോധനയ്ക്കു കൊണ്ടുപോയി. കുഞ്ഞ് പൂർണമായും അന്ധനാണെന്ന് അറി‍ഞ്ഞത് അന്നാണ്.’– രജനികാന്ത് പറയുന്നു. ആശുപത്രിയിൽനിന്ന് രാകേഷിനെയും കൊണ്ടു വീടെത്തും വരും മുത്തച്ഛൻ കരഞ്ഞു.

പിന്നീടു ചികിൽസകളുടെ കാലം. മുംബൈയിലും ഗുജറാത്തിലും അടക്കം കൊണ്ടുപോയി. മാനസികവൈകല്യം കൂടി ശക്തിയാർജിച്ചതോടെ പരിശോധനയും കടുത്തതായിരുന്നു. മരുന്നുകുത്തിവച്ചു മയക്കി വേണം കണ്ണു പരിശോധിക്കാൻ. ആയുർവേദവും പരീക്ഷിച്ചു. ഒടുവിൽ കോയമ്പത്തൂരിലെത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞു: ‘എന്നും ഇങ്ങനെ കൊണ്ടുവരണ്ട, ഫലമില്ല’.

ചികിൽസയ്ക്കായി രാകേഷിന്റെ 16–ാമത്തെ വയസ്സുവരെ, തുടർന്ന് ഓട്ടം അങ്ങനെ നിന്നു. പത്തരവയസ്സിലാണു മെല്ലെയെങ്കിലും നടക്കാൻ തുടങ്ങിയത്. കളിപ്പാട്ടങ്ങളോടൊന്നും താൽപര്യമില്ലാത്ത കുട്ടിക്കു മുത്തച്ഛൻ ടേപ് റെക്കോർഡർ വാങ്ങിനൽകി. രണ്ടുദിവസം കൊണ്ടു കസെറ്റിന്റെ ടേപ് വലിച്ചഴിച്ച്, ടേപ് റെക്കോർഡർ പൊട്ടിച്ചു തിരികെക്കൊടുക്കും. എങ്കിലും മുത്തച്ഛൻ വീണ്ടും പാട്ടുപെട്ടികൾ വാങ്ങിനൽകി.

ഒടുവിൽ 2005 ൽ സഹോദരി ആരതിയുടെ വിവാഹത്തിനു മുത്തച്ഛൻ എല്ലാവർക്കും ഒരു ‘സർപ്രൈസ്’ കൊടുത്തു. ചടങ്ങിൽ‌ രാകേഷ് ആറു പാട്ടുകൾ പാടി. വീടിന്റെ അകത്തളങ്ങളിൽ വ്യക്തമല്ലാത്ത ഒച്ചകൾ പുറപ്പെടുവിച്ച്, ഇഷ്ടമുള്ളയിടത്തു പ്രാഥമികകൃത്യങ്ങൾ നിർവഹിച്ച്, സ്വയം ഒരു കാര്യവും ചെയ്യാനറിയാത്ത കുട്ടി അന്നു താരമായി. അതൊരു നിയോഗമായിരുന്നു. ഏറെ പ്രിയപ്പെട്ട കൊച്ചുമകനെ പാട്ടിന്റെ തണലോരത്തു ചേർത്തുനിർത്തി തൊട്ടടുത്ത വർഷം മുത്തച്ഛൻ വിടപറഞ്ഞു.

പാട്ടുമാത്രം....

പിന്നീടിന്നോളം പാട്ടിന്റെ വഴിയിൽ രാകേഷിനൊപ്പം നടക്കുന്നത് ഇളയച്ഛൻ കൃഷ്ണകുമാറാണ്. 2007 ൽ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ അരങ്ങേറ്റം. രാകേഷ് പാടാത്ത പ്രമുഖ ക്ഷേത്രങ്ങൾ കുറവാണ്. ആദിശങ്കരാ ഓർക്കസ്ട്ര രൂപീകരിച്ച് ഇന്ത്യയിലും വിദേശത്തും അടക്കമുള്ള വേദികളിലെല്ലാം രാകേഷിനെ എത്തിക്കാൻ മുൻപിൽ നിൽക്കുന്നത് ഇളയച്ഛൻതന്നെ.

സന്തോഷം വന്നാലോ സങ്കടം വന്നാലോ സ്വന്തം കൈ കടിച്ചു മുറിവേൽപ്പിക്കുന്ന, ഭക്ഷണം ഒരുമിനിറ്റ് വൈകിയാൽപ്പോലും അലറി ബഹളം വയ്ക്കുന്ന രാകേഷ് പാട്ട് എവിടെക്കേട്ടാലും ശാന്തനാകും. സമീപത്തെ പള്ളിയിലെ ബാങ്ക് വിളിയുടെ സമയത്ത് അതുകേൾക്കാൻ നേരത്തെ സിറ്റൗട്ടിൽ സ്ഥാനം പിടിക്കും. മാത്രമല്ല, സ്ഫുടതയോടെ അത് ഏറ്റുചൊല്ലും.
ഒരുപ്രാവശ്യം പഠിക്കുന്ന പാട്ട് പിന്നീടു മറക്കുകയേയില്ല. ഓർക്കസ്ട്ര തെറ്റില്ല.

ഗാനമേളയ്ക്കുപോകും മുൻപ് പ്രാക്ടീസിന്റെ ആവശ്യവുമില്ല. നരേന്ദ്ര മോദിയുടെയും ലതാ മങ്കേഷ്കറുടെയും ശബ്ദം ഏതു മിമിക്രി കലാകാരനെയും പോലെ അവതരിപ്പിക്കുകയും ചെയ്യും. വീട്ടിലും ആരെയും അനുകരിക്കും.ഗായകന്റെ പ്രതിഫലം വാങ്ങാതെയാണു സംഗീതപരിപാടികൾ നടത്തുന്നത്.

‘പാട്ട് ദൈവത്തിനുള്ള അവന്റെ സമർപ്പണമാണ്’ എന്ന് അച്ഛൻ പറയുന്നു. സംഗീതപരിപാടികൾ ഉള്ള ദിവസം വളരെ നേരത്തേ ഉണർന്ന് അമ്മയുടെ സഹായത്തോടെ ഒരുങ്ങി തനിയെ വീടിന്റെ പൂമുഖത്തു വന്നിരിക്കും. ഇപ്പോൾ ഉമയനല്ലൂർ ഗോവിന്ദരാജിന്റെ ശിക്ഷണത്തിലാണ് സംഗീതപഠനം. മുകുന്ദൻ, വൈശാഖ് എന്നിവർ ഓർക്കസ്ട്ര ടീമിൽ പിന്തുണയേകുന്നുണ്ട്.

കസേരയിലിരുന്ന്, പതിയെ മുന്നോട്ടും പിന്നോട്ടും ആടി, വെളുത്ത പാട വീണ കണ്ണുകളിറുക്കിയടച്ച്, രാകേഷ് പാടിത്തുടങ്ങുന്നു, ഏറെയിഷ്ടമുള്ള പാട്ട്:
എന്ന തവം ശെയ്ദനൈ...യശോദാ......
എങ്കും നിറൈ പരബ്രഹ്മം അമ്മാ.....
ഊണിലും ഉറക്കത്തിലും കൈയെത്തും ദൂരെ മകനുണ്ടെന്ന് ഉറപ്പാക്കി, അവന്റെ ശബ്ദത്തിനു കാതോർത്തു ജീവിക്കുന്ന അമ്മ രാകേഷിനോടു ചേർന്നുനിന്നു.