Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയെരിഞ്ഞ ഓർമകൾ

90-THATHRI-KAVADAM-5-col കൽപകശ്ശേരി മനയുടെ കവാടം ഇവിടെയായിരുന്നു.

കേരള ചരിത്രത്തിലെ എക്കാലത്തെയും വിവാദ നായികയായ താത്രിക്കുട്ടിയെന്ന സാവിത്രി അന്തർജനം. ചാരിത്രദോഷമെന്ന പരാതിയെത്തുടർന്നു വിചാരണയും വിധിപ്രസ്താവവും കഴിഞ്ഞ് ഭ്രഷ്ടയാക്കപ്പെട്ടവൾ. 1905 ജൂലൈ 13 എന്നാണു രേഖകളിൽ. 111 വർഷം കഴിയുന്നു.

അലഞ്ഞുനടക്കുന്ന താത്രിക്കുട്ടിയെ കല്ലിൽ ആവാഹിച്ചു കുടിവയ്ക്കണമെന്ന ഒരാവശ്യം നേരത്തേയുണ്ട്. സ്ത്രീശക്തിയുടെ പ്രതീകമായ ആ സ്മരണകളെ കൂട്ടിയിണക്കണമെന്ന ആവശ്യവുമുണ്ട്. ഇതിലേതാണു നടക്കാനിരിക്കുന്നത്? ഉത്തരം തിരഞ്ഞ് അവരുടെ ജന്മനാടായ ആറങ്ങോട്ടുകരയിലേക്ക്...

കൽപകശ്ശേരി ഇല്ലപ്പറമ്പ്

പാലക്കാട്–തൃശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഗ്രാമമാണ് ആറങ്ങോട്ടുകര. പാലക്കാട്–ഗുരുവായൂർ റോഡിൽ പട്ടാമ്പി കൂട്ടുപാതയിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ വഴി ചെറുതാകുന്നു. ടാറിട്ട റോഡാണ്. ഇരുവശത്തും വിശാലമായ പാടങ്ങളുടെ പച്ചപ്പ്. തണൽ മരങ്ങളെത്തഴുകുന്ന തണുത്ത കാറ്റ് ആറങ്ങോട്ടുകരയിലേക്കു സ്വാഗതം പറയുന്നു.

തിരുമിറ്റക്കോട് പഞ്ചായത്ത് താണ്ടി ദേശമംഗലത്തേക്കുള്ള വഴിയിൽ തളി റോഡ് ഇറങ്ങിച്ചെല്ലണം. വഴി അവസാനിക്കുന്നതു കാർത്യായനിദേവീ ക്ഷേത്രത്തിനു മുന്നിലാണ്. അപൂർവമായ വാസന്തീലതകൾ ക്ഷേത്ര ശ്രീകോവിലിനു പന്തലൊരുക്കുന്നു.

ക്ഷേത്രത്തിലേക്കു തിരിയുന്ന വഴിക്ക് അഭിമുഖമായ ആളൊഴിഞ്ഞ പറമ്പ്. പ്രതാപങ്ങളുറങ്ങുന്ന കൽപകശ്ശേരി ഇല്ലപ്പറമ്പാണത്. ഇവിടെയാണു കുറിയേടത്തു താത്രി ജനിച്ചുവളർന്നത്.


മനയെക്കുറിച്ചുള്ള ഓർമകൾ മാത്രമാണു ബാക്കി. അതും മങ്ങിത്തുടങ്ങിയിരിക്കുന്നു. നാലേക്കർ വിസ്തൃതിയുള്ള സ്ഥലമാണിത്. വെട്ടുകല്ലു പാകിയ ഭിത്തികളും കരിങ്കൽപ്പടവുകളുമൊക്കെയുണ്ടായിരുന്നു ഇല്ലത്തിന്. രണ്ടു കിണറുകൾ. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കുളങ്ങൾ. നാഗത്താന്മാരെ കുടിവച്ച സർപ്പക്കാവ്, പടുകൂറ്റൻ വൃക്ഷങ്ങൾ അതിരിട്ടിരുന്നു.

ഇതൊക്കെ പഴയകാല ഓർമകളാണ്. ഇന്നു മനയില്ല. ഭ്രഷ്ടിനെത്തുടർന്ന് ഇല്ലത്തിനു തീയിട്ടശേഷം അവശേഷിച്ചവർ തിരിഞ്ഞുനോക്കാതെ നടന്നുപോയത്രേ. ഒരു കാരണവർ ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കി. പ്രതാപസ്മരണകളെ തീ വിഴുങ്ങുന്നതു കണ്ടു ബോധരഹിതനായി വീണു. നാടുവിട്ടു പോയിട്ടും മരണം വരെ അഗ്നിഭയം ഒരു പ്രഹേളികയായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നുവെന്നു കഥ.

ആറങ്ങോട്ടുകര വാര്യത്തിന്റെ ഉടമസ്ഥതയിലാണ് ഇല്ലപ്പറമ്പ് ഇന്ന്. കുളങ്ങൾ തൂർന്നുപോയി. നാഗത്താന്മാരെ പാതിരിക്കുന്നത്തു മനയ്ക്കലേക്ക് ആവാഹിച്ചു മാറ്റി. പഴയകാലത്തിന്റെ അവശിഷ്ടമായുള്ളതു വിശാലമായ കിണറാണ്. കാവിന്റെ അവശിഷ്ടങ്ങളുമുണ്ട്. സമീപത്തായി ഒരു കരിങ്കൽ വിഗ്രഹം. ഈ പറമ്പിൽ ഒരു പടുകൂറ്റൻ വൃക്ഷം ഉണ്ടായിരുന്നുവത്രേ.

നാൽപതടി ഉയരം. പിറകുവശത്തായി കൂറ്റൻ പുളിമരം. രാത്രിയിലെ നിശ്ശബ്ദതയിൽ ഇരുളുറഞ്ഞ ഇല്ലപ്പറമ്പിലെ പുളിമരത്തിലിരുന്നു കാലൻകോഴി കൂവും. പുളിമരം മുറിച്ചപ്പോൾ നത്തുകളും കാലൻകോഴികളും കുടിയൊഴിഞ്ഞു പോയി. ഇപ്പോൾ വിജനതയുടെ നിശ്ശബ്ദത. ഇതിനുസമീപത്തെ കുറച്ചുസ്ഥലം വാങ്ങി സ്മാരകം നിർമിക്കാനുള്ള ആലോചനകളാണു പുരോഗമിക്കുന്നത്.

കുറിയേടത്ത് താത്രി സ്മാരകം

ആറങ്ങോട്ടുകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാഠശാല ട്രസ്റ്റിന്റെ പ്രവർത്തകരാണു സ്മാരകത്തിന്റെ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതിനായി ഇല്ലത്തിനു സമീപമുള്ള നാൽപതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി. കുറിയേടത്തു താത്രിയുടെ പേരിൽ ഒരു സമുച്ചയമാണു ലക്ഷ്യമിടുന്നത്.

90-THATHRI--MANA-5-col കൽപകശ്ശേരി ഇല്ലപ്പറമ്പ് കാടുപിടിച്ച നിലയിൽ. കുറിയേടത്ത് താത്രി ജനിച്ചു വളർന്ന മന ഈ പറമ്പിലായിരുന്നു. ചിത്രങ്ങൾ: ധനേഷ് അശോകൻ

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശ്രയ കേന്ദ്രമായി ഈ കെട്ടിടം പ്രവർത്തിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടു ചെറുകിട വ്യവസായ യൂണിറ്റുകൾ, കുട്ടികൾക്കു കലാരൂപങ്ങൾ അഭ്യസിക്കാനുള്ള കേന്ദ്രം, തിയറ്റർ, ആയുർവേദ വിഭാഗം എന്നിവയാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.

 പ്രവർത്തനം വിപുലീകരിക്കുന്നതിനായി കൂടുതൽ സ്ഥലം വാങ്ങുന്ന കാര്യം ഭാവിയിൽ പരിഗണിക്കും. പാഠശാല ട്രസ്റ്റിനു കീഴിൽ ഇപ്പോൾ കൃഷിപാഠശാലയും കലാപാഠശാലയുമുണ്ട്. 25 ഏക്കറിൽ ജൈവ നെൽകൃഷിക്കു പുറമെ പച്ചക്കറി–പയർ വർഗങ്ങളും കൃഷി ചെയ്യുന്നു. കലാപാഠശാലയുടെ നേതൃത്വത്തിൽ കുറിയേടത്തു താത്രിയുടെ കഥ ആസ്പദമാക്കിയുള്ള ‘ഓരോരോ കാലത്തിലും’ എന്ന നാടകം ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചു.

സ്മാർത്ത വിചാരം


1905ൽ ആണ് പിന്നീടു ലോകം ചർച്ചചെയ്ത സ്മാർത്ത വിചാരം നടന്നത്. അതീവ സുന്ദരിയായിരുന്നത്രെ താത്രി. കഥകളി, സംഗീതം എന്നിവയിലുള്ള അറിവും പാണ്ഡിത്യവും മുഖമുദ്രയായി. ചെറുപ്രായത്തിൽ തൃശൂർ ജില്ലയിലുൾപ്പെട്ട തലപ്പിള്ളി താലൂക്കിലെ ചെമ്മന്തട്ട കുറിയേടത്തില്ലത്തെ രണ്ടാമൻ രാമൻ നമ്പൂതിരിക്കു വേളികഴിച്ചു നൽകി. വരനു പ്രായം 60. പിൽക്കാലത്ത് അദ്ദേഹംതന്നെയാണു ചാരിത്രദോഷം ആരോപിച്ചത്. തുടർന്ന് അന്നത്തെ നാട്ടാചാരമനുസരിച്ചു കൊച്ചി രാജാവിന്റെ അനുമതിയോടെ അതു തെളിയിക്കാൻ സ്മാർത്ത വിചാരം നടത്തി. വട്ട ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയായിരുന്നു സ്മാർത്തൻ.

കുറ്റം ഏറ്റുപറഞ്ഞ താത്രി തന്നോടൊപ്പം തെറ്റുചെയ്തവരെക്കൂടി വിചാരണ ചെയ്തു ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു. അത് അംഗീകരിക്കപ്പെട്ടു. അവർ പേരുകൾ പറഞ്ഞു തുടങ്ങി. തെളിവുകളും ഹാജരാക്കി. ആരോപണ വിധേയരായവർ തങ്ങളാലാവും വിധം പ്രതിരോധിച്ചു. എന്നാൽ താത്രി പറഞ്ഞ അടയാളങ്ങൾ ഓരോന്നും കൃത്യമെന്നു തെളിഞ്ഞുകൊണ്ടിരുന്നു. സമൂഹ മനഃസാക്ഷി ഇളകി. ഇനി ആര്? മത, ജാതി ഭേദമന്യേ പല കുടുംബങ്ങളിലും മിന്നൽപിണരുകളുണ്ടായി. അവശേഷിച്ചവരുടെ മനസ്സുകളിൽ ആധി നിറഞ്ഞു.

കനത്തസുരക്ഷയിൽ മൂന്നിടത്തായി ഏഴുമാസം നീണ്ട വിചാരണയ്ക്കിടെ ഓരോ പേരായി വിളിച്ചുപറഞ്ഞു. സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ളവർ അതിലുണ്ടായിരുന്നു. കലാകാരന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 64 പേർ... ഇനി അറുപത്തി അഞ്ചാമന്റെ ഊഴം.

ഒരു മോതിരം ഉയർത്തിപ്പിടിച്ചു താത്രി ചോദിച്ചുവത്രേ; ‘ഈ പേരുകൂടി പറയേണ്ടതുണ്ടോ?’
 
വിചാരണയും വിധി പ്രസ്താവവും അവിടെ അവസാനിച്ചു.

വിചാരണയ്ക്കിടെ രണ്ടുപേർ മരിച്ചുപോയി. ഒരാളെ കണ്ടെത്താനായില്ല. കുറിയേടത്തു താത്രിയും ഒപ്പം കുറ്റാരോപിതരും ഭ്രഷ്ടരായി അവരിൽ പലരെയുംപറ്റി പിന്നീടൊന്നും കേട്ടില്ല.

താത്രി പിന്നീടു കടങ്കഥയായി. ആ പ്രമേയത്തെ ചുറ്റിപ്പറ്റി കഥയും കവിതയും നോവലും നാടകങ്ങളും സിനിമകളും പിറന്നു. അവർക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ടായി.

ചരിത്രാന്വേഷകർ കൽപകശ്ശേരിയിലേക്കും കുറിയേടത്തില്ലത്തേക്കും നിരന്തരയാത്രകൾ നടത്തി. എന്നാൽ ആ സ്ത്രീയുടെ തിരോധാനം മാത്രം ദുരൂഹമായി തുടർന്നു.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോഴും കുറിയേടത്തു താത്രിയെന്ന യുവതി ഒരു മോതിരം ഉയർ‌ത്തിപ്പിടിച്ച് അധികാരകേന്ദ്രങ്ങളുടെ നേരെ നടത്തിയ പ്രതിരോധം ഇന്നും സമൂഹ മനഃസാക്ഷിയിൽ അലയൊലികളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ അനന്തരഫലം കൂടിയാണ് ഇവിടെ ഉയരാനിരിക്കുന്ന സ്മാരകം.