ബേത്‌ലഹമിന്റെ അമ്മനക്ഷത്രം

ബേത്‌ലഹം അഭയഭവനു മുന്നിൽ അന്തേവാസികൾക്കൊപ്പം മേരി ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഇത് ഒരു ക്രിസ്മസ് കഥയല്ല. പക്ഷേ, ഈ കഥയിൽ ബേത്‌ലഹമുണ്ട്, മേരിയുണ്ട്, നക്ഷത്രവിളക്കുകളുണ്ട്, കാലിത്തൊഴുത്തു പോലുമുണ്ട്. ഈ കഥയ്ക്ക് രണ്ടായിരം വർഷങ്ങളുടെ പഴക്കമില്ല. പക്ഷേ, രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഉദിച്ച ഒരു ദിവ്യനക്ഷത്രത്തിന്റെ പ്രഭ ഇതിലുടനീളം പ്രകാശം പരത്തുന്നു.

എതാണ്ട് അൻപതു വർഷം മുൻപുള്ള ഒരു ക്രിസ്മസ് കാലം. രാത്രി പത്തുമണിയോടടുത്തു. അങ്കമാലിക്കടുത്ത് കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ ദേവാലയത്തോടു ചേർന്നുള്ള മേനാച്ചേരി വീടിന്റെ വാതിൽ അടച്ചുപൂട്ടിയിരുന്നു. ഗൃഹനാഥയായ മറിയയും അവരുടെ മക്കളും ഉറങ്ങാൻ കിടന്നിരുന്നു.

കിടക്കപ്പായിൽ ഇരുന്ന് പതിവുപോലെ അന്നും മറിയ മക്കൾക്കു കഥ പറഞ്ഞുകൊടുത്തു. പൂർണഗർഭിണിയായ ഭാര്യയുമായി താമസിക്കാൻ ഇടംതേടി വീടുകളും സത്രങ്ങളും കയറിയിറങ്ങിയ യൗസേപ്പിന്റെ കഥ. കാരുണ്യത്തിന്റെ തരിപോലും എങ്ങും കാണാതായപ്പോൾ കാലിത്തൊഴുത്തിൽ കിടന്നു പ്രസവിക്കേണ്ടിവന്ന ബേത്‌ലഹമിലെ കന്യാമറിയത്തിന്റെ കഥ...

അപ്പൻ ഉറുമീസ് ഈറ്റവെട്ടാനായി മലകയറുന്ന ദിവസങ്ങളിൽ കുഞ്ഞുങ്ങൾക്കു ധൈര്യമേകാൻ ആ അമ്മയ്ക്കു പറയാനറിയാവുന്നതു ബൈബിൾ കഥകൾ മാത്രമാണ്. നിത്യവും കേട്ടുകേട്ട് മനസ്സിൽ പതിഞ്ഞ ക്രിസ്മസ് കഥ തന്നെയാണ് അന്നും മറിയയുടെ മൂത്തമകൾ പത്തുവയസ്സുകാരി മേരിയെയും അവളുടെ കുഞ്ഞനുജത്തിമാരെയും ഉറക്കിയത്.
അധികസമയം കഴിഞ്ഞില്ല, വാതിലിൽ അസാധാരണമായ താളത്തിലുള്ള മുട്ടു കേട്ട് മറിയ എഴുന്നേറ്റു. കൂടെ മേരിയും.

മേരിയാണു വാതിൽ തുറന്നത്. വിളക്കുമായി മറിയ പിന്നാലെ വന്നു. റാന്തൽവിളക്കിന്റെ ദീപം ഉയർത്തി നോക്കുമ്പോൾ ആദ്യം കാണുന്നത് ഒരു കൊച്ചുകുഞ്ഞിന്റെ മുഖമാണ്. ജനിച്ചിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ലാത്ത ഒരു മാലാഖക്കുഞ്ഞ് തന്റെ അമ്മയുടെ കൈകളിൽ കിടന്നു നേർത്ത പുഞ്ചിരിയോടെ ഉറങ്ങുന്നു.
റാന്തൽ വിളക്കിൽ ആ യുവതിയുടെ മുഖം തെളിഞ്ഞു. നാട്ടിൽ കണ്ടുപരിചയമുണ്ട്. പക്ഷേ, അടുപ്പമൊന്നുമില്ല.
ആരാണ്, എന്തുപറ്റി, എന്താണീ അസമയത്ത്?

മേരി എസ്തപ്പാൻ

ചോദ്യങ്ങൾക്കൊക്കെ കരഞ്ഞുകൊണ്ട് അവർ മറുപടി പറഞ്ഞു: കുഞ്ഞുണ്ടായിട്ടു നാലു ദിവസമേ ആയിട്ടുള്ളു. തന്റെ കുഞ്ഞല്ലെന്നു പറഞ്ഞ് ഭർത്താവ് ഉപദ്രവിക്കുന്നു. നിവർത്തിയില്ലാതെ വീടുവിട്ടിറങ്ങിയതാണ്. ഇന്നൊരു രാത്രി തങ്ങാൻ അനുവദിക്കണം.
മറിയ്ക്കു പക്ഷേ, ആ അപേക്ഷ സ്വീകരിക്കാനാകുമായിരുന്നില്ല. ‘‘ചെറിയ വീടാണ്. എനിക്കും മക്കൾക്കും തന്നെ വേണ്ടത്ര സ്ഥലമില്ല. കൂടാതെ ഭർത്താവിന്റെ സഹോദരങ്ങളും മാതാപിതാക്കളുമുണ്ട്. ഇതിനിടയ്ക്ക് ഒരാളെ കൂടി എങ്ങനെ?

മാത്രമല്ല, ഇവിടെ താമസിപ്പിച്ചാൽ, നിങ്ങളുടെ ഭർത്താവ് വഴക്കുകൂടാൻ ഇങ്ങോട്ടുവരും. വേറെയെവിടെയെങ്കിലും പൊയ്ക്കോളൂ’’– മറിയ യുവതിക്കുമുന്നിൽ വാതിൽ ചാരി.
യുവതി നിസ്സഹായയായി തിരിഞ്ഞുനടന്നു. പക്ഷേ, അപ്പോഴേക്കും കുഞ്ഞുമേരി അമ്മയോടു ചോദിച്ചു: ‘‘അടുത്തെവിടെയെങ്കിലും കാലിത്തൊഴുത്തുണ്ടോ അമ്മേ?’’
ആ ചോദ്യം മറിയയുടെ കണ്ണുതുറപ്പിച്ചു. മകളുടെ ആഗ്രഹം പോലെ അവർ ആ യുവതിയെ തിരിച്ചുവിളിച്ചു.

മേരി തന്നെ പായ വിരിച്ചു. കുടിക്കാൻ വെള്ളം കൊടുത്തു. വെള്ളമൊഴിച്ചുവച്ചിരുന്നു കഞ്ഞി ചൂടാക്കി ചമ്മന്തി ചേർത്തു വിളമ്പിക്കൊടുത്തു. സഹോദരങ്ങൾക്കൊപ്പം കൂടുതൽ പറ്റിച്ചേർന്നു കിടക്കുമ്പോഴും, തന്റെ പായയിലും തലയണയിലുമാണല്ലോ ആ അമ്മയും കുഞ്ഞും കിടക്കുന്നതെന്നോർത്ത് മേരി ആനന്ദപുളകിതയായി.
അഭയംകൊടുക്കുന്നതും വിശപ്പകറ്റുന്നതും ഇത്രയേറെ സുഖം ലഭിക്കുന്ന അനുഭവമാണെന്നു മേരി ആദ്യമായി തിരിച്ചറിഞ്ഞു.

അന്നത്തെ പത്തുവയസ്സുകാരി മേരി ഉറുമീസ് ഇന്നു മേരി എസ്തപ്പാനാണ്. ആ പിഞ്ചുകുഞ്ഞിന് അൻപതിനടുത്തു പ്രായമായിട്ടുണ്ടാവും. ആ യുവതി വാർധക്യത്തിന്റെ പിടിയിലായിട്ടുണ്ടാവും. ചിലപ്പോൾ അവരുടെ വേദനകളൊക്കെ നിത്യതയിൽ ഇല്ലാതായിട്ടുമുണ്ടാവും.

പക്ഷേ, കാലം ഇത്രയേറെക്കഴിഞ്ഞിട്ടും ഇപ്പോഴും ആ അമ്മയെയും കുഞ്ഞിനെയും ഓർക്കുമ്പോൾ മേരിയുടെ കണ്ണുനിറയും. കാരണം കണ്ണീരിലാണു ദൈവസ്നേഹം കുടികൊള്ളുന്നതെന്നു മേരി ആദ്യമായി പഠിച്ചത് അവരിലൂടെയാണ്.
അന്ന് ആ അമ്മയ്ക്കും കുഞ്ഞിനും അഭയംകൊടുത്ത മേരി പിന്നീട് തന്റെ ജീവിതത്തിൽ അഭയമേകി കൂടെത്താമസിപ്പിച്ചവരുടെ എണ്ണം ആയിരത്തിലേറെ വരും!
1000 പേരോ?

അതെ, ഒട്ടും അതിശയോക്തിയ‌ല്ല. പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിലെ ‘ബേത്‌ലഹം അഭയഭവൻ’ ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. ഇതെഴുതുമ്പോൾ മേരിക്കൊപ്പം ബേത്‌ലഹമിലുള്ളത് 391 പേരാണ്. ഇതു നിങ്ങൾ വായിക്കുമ്പോഴേക്ക് ആ സംഖ്യ ചിലപ്പോൾ 400 കടന്നിട്ടുണ്ടാവും. കാരണം, ഓരോ ദിവസവും മേരിയുടെ സ്നേഹഭവനത്തിലേക്ക് പുതിയ അന്തേവാസികൾ എത്തിക്കൊണ്ടേയിരിക്കുന്നു. 18 വർഷം കൊണ്ട് ആയിരത്തിലേറെ മാനസിക രോഗികളെയാണു തന്റെ കൂടെ താമസിപ്പിച്ച് മേരി ശുശ്രൂഷിച്ചത്.

ഒരുപാടു പേർ രോഗം ഭേദമായി പുതിയ ജീവിതമാർഗങ്ങളിലേക്കു കടന്നു. മറ്റു ചിലർ വാർധക്യകാലം പിന്നിട്ട് നല്ലമരണം ഏറ്റുവാങ്ങി, ചിലർ ഇപ്പോഴും മേരിയുടെ സ്നേഹത്തണലിൽ കഴിയുന്നു...
തെരുവുകളിൽ നിന്നു പൊലീസുകാരും നാട്ടുകാരും സന്നദ്ധസംഘടനകളുമൊക്കെ കൊണ്ടുവരുന്ന മാനസികരോഗികളാണു ബേത്‌ലഹമിലെ അന്തേവാസികളിൽ ഏറെയും. ചിലരെ സ്വന്തം വീട്ടുകാർ തന്നെ കൊണ്ടുവരുന്നു.

മക്കൾ തെരുവിലേക്കിറക്കി വിടുന്ന മാതാപിതാക്കൾ, ബന്ധുക്കൾ ഉപേക്ഷിക്കുന്ന മനോരോഗികൾ, വീടോ നാടോ എവിടെയാണെന്നു പോലും ഓർമയില്ലാതെ അലഞ്ഞുതിരിയുന്നവർ...
ഇവരൊക്കെ എങ്ങനെയാണു മേരിയുടെ ജീവിതത്തിലേക്കു കടന്നുവന്നത്?
ഇനി ആ കഥ പറയാം. ബേത്‌ലഹമിലെ കാലിത്തൊഴുത്തിന്റെയല്ല; കാലിത്തൊഴുത്തിലും ദുർബലമായൊരു കോഴിക്കൂട്ടിൽ പിറന്ന ബേത്‌ലഹമിന്റെ കഥ.
ഇരുപത്തിയൊന്നാം വയസ്സിൽ വിവാഹിതയായ മേരി മൂന്നു മക്കളുടെ അമ്മയായ ശേഷമാണ് ഈ സംഭവം നടക്കുന്നത്.

കൂവപ്പടിയിലുള്ള ഭർതൃവീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം അത്യാവശ്യം സാമൂഹിക സേവനവും രാഷ്ട്രീയ പ്രവർത്തനവുമൊക്കെയായി മേരി നാട്ടിലെങ്ങും സജീവസാന്നിധ്യമായി നിൽക്കുന്ന സമയം. ഇന്നേക്ക് 18 വർഷം മുൻപ്.
മക്കളുമൊന്നിച്ച് ഒരാഴ്ച നീണ്ട ഒരു ധ്യാനത്തിനു പോയശേഷം വീട്ടിലേക്കു മടങ്ങാനായി ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു മേരി. അടുത്തുള്ള ഒരു ബേക്കറിയിൽനിന്നു കുട്ടികൾക്കു കഴിക്കാൻ പലഹാരം വാങ്ങിക്കൊടുത്തശേഷം പണം കൊടുക്കാനൊരുങ്ങുമ്പോഴാണു ഒരു വിലാപം കേട്ടത്. ‘പശിക്കണമ്മാ...’

തിരിഞ്ഞുനോക്കിയപ്പോൾ ഏതാണ്ട് എൺപതിനടുത്തു പ്രായമുള്ള ഒരു വികൃതരൂപം. ജഡപിടിച്ച നീണ്ട മുടിയും താടിയും. മുഷിഞ്ഞുനാറിയ, കീറിയ ഷർട്ട്. ചെളിപിടിച്ചു വികൃതമായ മുണ്ടിന്റെ തുമ്പ് നിലത്തിഴയുന്നു. കയ്യിൽ ചപ്പുചവറുകൾ നിറഞ്ഞ ഒരു ചാക്ക്. തമിഴിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ബേക്കറിയിലെ ജോലിക്കാരൻ ആ തമിഴനെ ഓടിച്ചുവിടാൻ ശ്രമിച്ചു. കടത്തിണ്ണയിൽ നിന്നിരുന്ന ചിലർ തമാശകാട്ടാനെന്നവണ്ണം അടിക്കാനോങ്ങി. ആരോ ഒരാൾ മണ്ണുവാരി എറിഞ്ഞു.

‘‘കാശു ഞാൻ തരാം. ആ അപ്പച്ചന് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.’’ - മേരി ബേക്കറിക്കാരനോടു പറഞ്ഞു. കേട്ടഭാവം കാണിക്കാതെ ബേക്കറിക്കാരൻ തമിഴനെ ഓടിച്ചുവിട്ടു. ചാക്കുകെട്ടും വലിച്ചുകൊണ്ട് അയാൾ നടന്നുനീങ്ങുന്നതു മേരി നോക്കിനിന്നു. എന്താണു ചെയ്യുക? വിശക്കുന്നവർക്ക് ആഹാരം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ പ്രാർഥിച്ചിട്ടോ ധ്യാനം കൂടിയിട്ടോ എന്തുകാര്യം? പക്ഷേ, കാശു തരാമെന്നു പറഞ്ഞിട്ടുപോലും ആഹാരം കൊടുക്കാൻ ബേകൂട്ടാക്കുന്നില്ലെങ്കിൽ എന്തുചെയ്യാൻ?

ആഹാരം പൊതിഞ്ഞുവാങ്ങി, അയാളുടെ പിന്നാലെ പോയി കൊടുത്താലോ? പക്ഷേ, ഇത്രയും വൃത്തികെട്ട രൂപത്തിലുള്ള ഒരാളെ എങ്ങനെ? അയാൾ എതുതരം ആളാണെന്ന് എങ്ങനെയറിയും? കൂടെ മക്കളുമുണ്ട്. അവരെ അയാൾ ഉപദ്രവിച്ചാലോ? റോഡിലും വഴിവക്കിലെ കടത്തിണ്ണകളിലുമൊക്കെ നോക്കിനിൽക്കുന്നവർ എന്തുവിചാരിക്കും? അവർ തന്നെ നോക്കി പരിഹസിച്ചു ചിരിക്കില്ലേ?
ഇങ്ങനെ പലവിധ ചിന്തകളിലായി മേരി.
പെട്ടെന്ന്, ധ്യാനസ്ഥലത്തുനിന്നു കേട്ട ഒരു ബൈബിൾ വാക്യം മേരിയുടെ മനസ്സിലേക്ക് ഓടിയെത്തി. ‘എനിക്കു വിശന്നു. നീ എനിക്ക് ആഹാരം തന്നില്ല...’

മനുഷ്യനെ പരീക്ഷിക്കാൻ ദൈവം പലരൂപത്തിൽ വരും. ഇതു തനിക്കുള്ള ദൈവത്തിന്റെ പരീക്ഷണമാണോ? ആണെന്നുതന്നെ മേരിക്കു തോന്നി.
ഭക്ഷണം പൊതിഞ്ഞുവാങ്ങി മേരി തമിഴനു പിന്നാലെ ഓടി. അതിശയത്തോടെ തുറിച്ചുനോക്കിയശേഷം അയാൾ അതു വാങ്ങി നിമിഷങ്ങൾകൊണ്ടു കഴിച്ചുതീർത്തു.
‘‘പേരെന്താ...?’’
‘‘പീറ്റർ....’’

പെട്ടെന്ന് എവിടെനിന്നോ കിട്ടിയ മനക്കരുത്തിൽ മേരി ചോദിച്ചു. ‘എന്റെ കൂടെ വരുന്നോ?’
വരുന്നുവെന്നു പീറ്റർ തലയാട്ടി. പക്ഷേ, എങ്ങോട്ടുകൊണ്ടുപോകും? എങ്ങനെ?
പേടിച്ചുകരഞ്ഞു നിൽക്കുന്ന മക്കളെ മൂന്നുപേരെയും ധ്യാനസ്ഥലത്തു തിരികെ ഏൽപിച്ചശേഷം മേരി പീറ്ററിനെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ബസിൽ തന്റെ അടുത്തുതന്നെ പീറ്ററിനെയും ഇരുത്തി.

ബസ് സ്റ്റോപ്പിൽനിന്നു ഭക്ഷണം കൊടുത്തപ്പോൾ അതിശയത്തോടെയും പുച്ഛത്തോടെയും പരിഹാസത്തോടെയും അറപ്പോടെയുമൊക്കെ മേരിയെ നോക്കിയപോലുള്ള കണ്ണുകൾ ബസ്സിലുമുണ്ടായിരുന്നു. വീടിനടുത്ത് ഇറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്കു നടന്നപ്പോൾ അത്തരം കണ്ണുകളുടെ എണ്ണം കൂടിക്കൂടിവന്നു.
‘ധ്യാനത്തിനു പോയ മേരി ഭ്രാന്തുപിടിച്ച്, ഒരു ഭ്രാന്തനെയും കൊണ്ടുവന്നിരിക്കുന്നു...!’
നാട്ടിലെങ്ങും പാട്ടായി. ഒരുപാടു ചോദ്യങ്ങൾ ഓടിവന്നു.

ഈ ഭ്രാന്തനെ എന്തിനാണ് ഇങ്ങോട്ടുവിളിച്ചുകൊണ്ടു വന്നിരിക്കുന്നതെന്നായി വീട്ടുകാരും. ചെറിയ വീടാണ്. അവിടെ എല്ലാവർക്കുമൊപ്പം ഒരു ഭ്രാന്തനെ താമസിപ്പിക്കാൻ പറ്റില്ല– നാട്ടുകാരിൽ ചിലരും ഇടപെട്ടു. പക്ഷേ, മേരി ഉറച്ചുതന്നെനിന്നു. താൻ എവിടെയോ അവിടെ ഈ അപ്പച്ചനും ഉണ്ടാവും. ഇടവക വികാരി ഫാ. തോമസ് മേനാച്ചേരി, ഫാ. ജോർജ് പുത്തൻപുര തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടന്നു.

കോഴികളെ വളർത്താനായി പണിത ഒരു ചെറിയ ഷെഡ് മേരിയുടെ വീടിനോടു ചേർന്ന് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. അതു തൂത്തുവൃത്തിയാക്കിയെടുത്തു പീറ്ററിനെ അവിടെ താമസിപ്പിക്കാൻ മേരി തീരുമാനിച്ചു. മനസ്സില്ലാമനസ്സോടെ മറ്റുള്ളവരും അത് അംഗീകരിച്ചു.
മേരിതന്നെ പീറ്ററിനെ കുളിപ്പിച്ച്, വേഷം മാറ്റി.

ജീവിതത്തിൽ അന്നുവരെ വൃത്തിയില്ലാത്തതെന്തെങ്കിലും കണ്ടാൽ അറപ്പോടെ മുഖം തിരിച്ചിരുന്ന മേരി മറ്റുള്ളവരെ സ്നേഹിക്കുന്നതിനെക്കാൾ ശുദ്ധിയുള്ളതൊന്നുമില്ലെന്ന് അന്നാദ്യമായി അനുഭവിച്ചറിഞ്ഞു. കാഴ്ചക്കാർ കൂടിക്കൂടി വന്നു. വന്നവരൊക്കെ കുറ്റപ്പെടുത്തി, പരിഹസിച്ചു. എല്ലാവരോടുമായി മേരി തന്റെ നിലപാടു വ്യക്തമാക്കി: ‘‘ആരുമില്ലാത്ത ഒരു പാവമാണ്. ഇയാളെ സംരക്ഷിക്കാനാണ് എന്റെ തീരുമാനം. ദൈവത്തെയോർത്ത് ആരും ഇതിൽ ഇടപെടരുത്.’’
‘‘ആരുമില്ലാത്ത ഒരുപാട് പേർ ഇനിയുമുണ്ട്. അവരെയൊക്കെ നീ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരുമോ?’’ - ആരോ ശകാരത്തിനൊപ്പം ചോദിച്ചു.
‘‘വരും’’ - മേരിയുടെ മറുപടി ഉറച്ചതായിരുന്നു.

മേരി ആ പറഞ്ഞതു വെറുതെയായിരുന്നില്ലെന്നു തെളിയാൻ‌ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. അന്നുതന്നെ, വൈകിട്ട് അഞ്ചുമണിയോടടുത്തു കോഴി ഷെഡ്ഡിലെ അഭയഭവനിലേക്കു രണ്ടാമത്തെ അന്തേവാസിയെത്തി– മോളി. ഏകസഹോദരൻ നാടുവിട്ടുപോയതോടെ അനാഥയായ മോളിയെ ചിറ്റപ്പനാണു കൊണ്ടുവന്നത്. മാനസികാസ്വാസ്ഥ്യമുള്ളവരെ സംരക്ഷിക്കാൻ ഒരു വനിത തയാറായ വാർത്ത മണിക്കൂറുകൾകൊണ്ടു ഗ്രാമങ്ങൾക്കപ്പുറത്തേക്കു പറന്നെത്തിയിരുന്നു!

മോളിയെയും മേരി ഇരുകയ്യും നീട്ടി സ്വീകരിച്ചു. പീറ്ററിനും മോളിക്കുമൊപ്പം അന്നു രാത്രി ആ കോഴി ഷെഡ്ഡിൽ അന്തിയുറങ്ങുമ്പോൾ മേരി തന്റെ പുതിയ ജീവിതലക്ഷ്യത്തിന് ഒരു പേര് തിരഞ്ഞു. നക്ഷത്രവിളക്കു തൂക്കിയിട്ടിരിക്കുന്ന ഒരു പുൽക്കൂടാണു മനസ്സിലേക്ക് ഓടിയെത്തിയത്. ദിവസങ്ങൾക്കുള്ളിൽ, കരുണയുള്ള ഒരുപറ്റം ആളുകളുടെ പിന്തുണയിൽ, 1998 ജനുവരി അഞ്ചിന്, ‘ബേത്‌ലഹം’ പിറന്നു. അന്നു മുതൽ മേരി തെരുവിലേക്കിറങ്ങി. വഴിയിൽ അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന മാനസിക രോഗികളെയും അനാഥരെയുമെല്ലാം വിളിച്ചുകൊണ്ടുപോന്നു. ദിവസങ്ങൾക്കുള്ളിൽ ബേത്‌ലഹം നിറഞ്ഞു.

എല്ലാവർക്കും ഭക്ഷണം ഒരുക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഭർത്താവിന്റെ അമ്മയുടെ പിന്തുണയുണ്ടായിരുന്നു മേരിക്ക്. പക്ഷേ, വീട്ടിൽനിന്നു മാത്രം ഇത്രയും പേർക്ക് ദിവസവും ഭക്ഷണം എടുക്കുക സാധ്യമല്ലെന്നു വന്നതോടെ മേരി അയൽക്കാരിലേക്കു തിരിഞ്ഞു. പച്ചക്കറിയും ചക്കയും കപ്പയുമൊക്കെയായി അയൽക്കാരെല്ലാം മേരിയെ സഹായിച്ചു.

കോഴി ഷെഡ് നിറഞ്ഞുകവിഞ്ഞതോടെ കൂടുതൽ രോഗികളെ കൊണ്ടുവരിക അസാധ്യമായി. ദിവസച്ചെലവുകൾക്കായി പലരിൽനിന്നും വാങ്ങിയ കടങ്ങളും പെരുകി. തന്റെ ജീവിതലക്ഷ്യം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവരുമോ എന്നോർത്തു മേരിയുടെ ഉറക്കം നഷ്ടപ്പെട്ടു.
മുന്നോട്ടുപോകുക അസാധ്യമെന്നു തോന്നിയ ദിവസങ്ങളിലൊന്നിലാണു ഫാ. റോബർട്ട് കാളാര എന്ന മിഷൻ വൈദികൻ ബേത്‌ലഹം സന്ദർശിക്കുന്നത്. രോഗികളുടെ അവസ്ഥ കണ്ടു മനസ്സലിഞ്ഞ അച്ചൻ പുതിയൊരു സ്ഥലത്തേക്കു ബേത്‌ലഹമിനെ പറിച്ചുനടാൻ മേരിയെ സഹായിച്ചു.

സ്തീകൾക്കും പുരുഷൻമാർക്കും വെവ്വേറെ താമസസ്ഥലങ്ങളാണ് ഇപ്പോഴുള്ളത്. നാനൂറോളം പേർക്കുള്ള താമസസൗകര്യം, ഇവരുടെയെല്ലാം മൂന്നു നേരത്തെ ഭക്ഷണം, വസ്ത്രങ്ങൾ, ഒരു ദിവസം മാത്രം ഏതാണ്ട് 25,000 രൂപയുടെ മരുന്ന്, മറ്റു ചെലവുകൾ....
എങ്ങനെയാണ് ഇവയൊക്കെ ഒരു സ്ത്രീ ഒറ്റയ്ക്കു മുന്നോട്ടു കൊണ്ടുപോകുന്നത്? ഇതിനൊക്കെ എവിടെനിന്നാണു പണം കിട്ടുന്നത്? വല്ലപ്പോഴും മാത്രം സർക്കാരിൽനിന്നു കിട്ടുന്ന തുച്ഛമായ സഹായംകൊണ്ട് ഇത്രവലിയൊരു സ്ഥാപനം എങ്ങനെയാണു പിടിച്ചുനിൽക്കുന്നത്?

മേരിയുടെ കാരുണ്യപ്രവൃത്തികളെപ്പറ്റി ആദ്യമായി കേൾക്കുന്നവർക്ക് ഇത്തരം സംശയങ്ങൾ തോന്നാം. എന്നാൽ, ഒരു‌രൂപയുടെപോലും വിദേശഫണ്ടിങ് ഇല്ലാതെയാണു ബേത്‌ലഹം പ്രവർത്തിക്കുന്നത് എന്നു കേൾക്കുമ്പോൾ ആ സംശയം അതിശയമായി മാറും.
‘‘കരുണയുള്ള ഒരുപാട് നല്ല മനസ്സുകൾ നമുക്കു ചുറ്റുമുണ്ട്. അവരുടെ മുന്നിൽ കൈനീട്ടുന്നതിന് എനിക്കൊരുമടിയുമില്ല’’ – മേരി പറയുന്നു. ‘‘ഒരിക്കൽ ഒരുവീട്ടിൽ ചെന്നപ്പോൾ ഒരു സ്ത്രീ ചോദിച്ചു. നിങ്ങളെ കണ്ടിട്ടു നല്ല ആരോഗ്യമുണ്ടല്ലോ. ജോലി ചെയ്തു ജീവിച്ചുകൂടേ, എന്തിനാ ഇങ്ങനെ തെണ്ടുന്നത് എന്ന്... ഞാൻ പറഞ്ഞു, ജോലി ചെയ്തു ജീവിച്ചിരുന്നപ്പോ എനിക്കു മൂന്നു മക്കളേ ഉണ്ടായിരുന്നുള്ളൂ, ഇന്നു മക്കൾ നാനൂറുപേരാണ് എന്ന്.

അവർക്ക് അതിശയമായി. പിന്നീട്, എന്നെപ്പറ്റി അന്വേഷിച്ചറിഞ്ഞിട്ടാവണം, അവർ ബേത്‌ലഹമിൽ നേരിട്ടുവന്നു സഹായം തന്നു.’’
മുന്നോട്ടു പോകാൻ പണമില്ലാതെ വലയുന്ന ദിവസങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട്. പക്ഷേ, ഇക്കാലത്തിനിടയ്ക്കു പണമില്ലാത്തതിന്റെ പേരിൽ ഒരു ദിവസം പോലും മേരിക്കു തന്റെ മക്കളെ പട്ടിണിക്ക് ഇരുത്തേണ്ടിവന്നിട്ടില്ല.

അവശ്യസമയങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇത്തരം ഇടപെടലുകളുടെ ഒരുപാടുകഥകൾ പറഞ്ഞു, മേരി. അവയിലൊന്ന് ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിലേതാണ്. ‘‘ഒരു മാസത്തെ റമസാൻ നോമ്പ് മുടക്കംവരുത്താതെ എടുത്ത അന്തേവാസികളുണ്ട്. അവർക്കു പെരുന്നാളിന് എന്തെങ്കിലും കാര്യമായി ഉണ്ടാക്കിക്കൊടുക്കണമെന്നു കരുതിയിരുന്നു. പക്ഷേ, എങ്ങനെയോ മറന്നുപോയി.

എനിക്കു വലിയ വിഷമമായി. പത്തുമണിയായപ്പോൾ ഒരു ഫോൺകോൾ. ഭക്ഷണവുമായി വരട്ടേ എന്നു ചോദിച്ചാണു വിളി. അന്തേവാസികൾക്കു സദ്യ നേരത്തേ ബുക്ക് ചെയ്യുന്നവരുണ്ട്. അവരിൽ ആരെങ്കിലുമാണോ എന്നു ഞാൻ ഡയറി എടുത്തു നോക്കി. പക്ഷേ, ഡയറിയിൽ ആരുടെയും പേരില്ല. സ്ഥിരം ആളുകളെയെല്ലാം വിളിച്ചുനോക്കി. അവരാരുമല്ല. 12 മണിയായിട്ടും ആരെയും കാണാനുമില്ല.

ആരെങ്കിലും പറ്റിക്കാനായി വിളിച്ചതാവും എന്നു കരുതിയിരിക്കുമ്പോൾ ഒരു വണ്ടി വന്നു നിന്നു. മൂന്നു ചെമ്പ് ബിരിയാണിയുമായി കുറെ ചെറുപ്പക്കാർ. അന്വേഷിച്ചപ്പോൾ അവർ ആദ്യമായി വരുന്നവരാണ്. പെരുന്നാളിന് എവിടെയെങ്കിലും കുറച്ചു ഭക്ഷണം കൊടുക്കണമെന്നു തോന്നി. അങ്ങനെ കൊണ്ടുവന്നതാണെന്നു പറഞ്ഞു. സന്തോഷംകൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി. ഇതു ദൈവത്തിന്റെ ഇടപെടൽ അല്ലെങ്കിൽ പിന്നെയെന്താണ്?

‘‘ഇവർക്കെല്ലാം പകരംകൊടുക്കാൻ ഞങ്ങൾക്കു പ്രാർഥന മാത്രമേയുള്ളൂ. ഞങ്ങളെല്ലാവരും ചേർന്നു പ്രാർഥിക്കും. മതത്തിന്റെ വേർതിരിവുകളില്ലാതെയുള്ള പ്രാർഥന. അനാഥരുടെയും രോഗികളുടെയും പ്രാർഥനകൾ എല്ലാ ദൈവങ്ങളും ഒന്നിച്ചു കേൾക്കും’’– മേരി പറയുന്നു.

‘‘നമ്മുടെ വേദനകൾക്കു വേഗത്തിൽ പരിഹാരമുണ്ടാകാനുള്ള വഴി മറ്റുള്ളവരുടെ പ്രാർഥനയാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. നമുക്കു വേണ്ടി പ്രാർഥിക്കുന്നതിനെക്കാൾ മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതാണ് കൂടുതൽ സ്വീകരിക്കപ്പെടുന്നത്. മറ്റുള്ളവർ നമുക്കുവേണ്ടി പ്രാർഥിക്കണമെങ്കിൽ നമ്മൾ അവർക്കുവേണ്ടി ജീവിക്കണം. ഉരുകിത്തെളിയുന്ന ഒരു മെഴുകുതിരിപോലെ പ്രകാശം പരത്തണം’’ – മേരി പറയുന്നു.

‘‘ബേത്‌ലഹം മുന്നോട്ടു പോകുന്നത് ഒരുപാട് നല്ല മനസ്സുകളുടെ സഹായത്താലാണ്. അരിയും സാധനങ്ങളും തരുന്നവരുണ്ട്, മരുന്നു വാങ്ങിത്തരുന്നവരുണ്ട്, കുടിവെള്ളം ലോറിയിൽ കൊണ്ടുവന്നു തരുന്നവരുണ്ട്... വിവാഹവും പിറന്നാളും പോലുള്ള ആഘോഷസമയത്തു ബേത്‌ലഹമിലെ അന്തേവാസികൾക്കു സദ്യ നൽകുന്നവരും ഏറെ.

‘‘സാമ്പത്തിക സഹായം മാത്രമല്ല, രോഗികളെ ശുശ്രൂഷിക്കാൻ നേരിട്ടുവരുന്നവരും ഒരുപാടുണ്ട്. ജോലിയിൽനിന്നു വിരമിച്ചശേഷം ബേത്‌ലഹമിനുവേണ്ടി സേവനം ചെയ്യുന്നവരാണിവർ. സ്ഥിരം ജീവനക്കാർ 21 പേരുണ്ട്. ഒൻപതു നഴ്സുമാരും നാല് എംഎസ്ഡബ്ല്യുക്കാരുമുണ്ട്. യോഗ അഭ്യസിപ്പിക്കാനും സ്ഥിരം ടീച്ചർ വരുന്നുണ്ട്. നാലു സർക്കാർ ഡോക്ടർമാരാണു രോഗികളെ നോക്കാനായി പലദിവസങ്ങളിലായി എത്തുന്നത്.

പൊലീസുകാരാണു ബേത്‌ലഹമിലേക്കു പുതിയ അന്തേവാസികളെ കൊണ്ടുവരുന്നത്. നാട്ടുകാരും അടുത്തുള്ള ഓട്ടോക്കാരുമൊക്കെയാണ് ഏതു പ്രതിസന്ധി ഘട്ടത്തിലും ഓടിയെത്തുന്നത്.’’
ഇത്രയധികം കാരുണ്യമനസ്സുകൾ നമ്മുടെ നാട്ടിലുണ്ടോ...?
നമുക്കു സംശയം തോന്നാം. പക്ഷേ, മേരിക്ക് ഒരു സംശയവുമില്ല. അതു തെളിയിക്കാൻ ഒരു അനുഭവം കൂടി അവർ പങ്കുവച്ചു.

‘‘രണ്ടാഴ്ച കൂടുമ്പോൾ തൃശൂരിൽനിന്ന് ഒരു സംഘം ആളുകളെത്തും. തൃശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റിൽ കച്ചവടം നടത്തുന്ന സമ്പന്നരായ ബിസിനസുകാരുടെ ഒരു കൂട്ടായ്മയാണത്. ബേത്‌ലഹമിലെ എല്ലാ അന്തേവാസികളുടെയും മുടി വെട്ടുന്നതും ഷേവ് ചെയ്തു വൃത്തിയാക്കുന്നതും ഇവരാണ്.’’
ഈ ബിസിനസുകാർ നേരിട്ടോ?

‘‘അതേ. അന്തേവാസികളെ കുളിപ്പിച്ച് അവർക്കൊപ്പം ഭക്ഷണവും കഴിച്ചിട്ടാണ് അവർ മടങ്ങുക. സമ്പന്നരായ ഇവർക്ക് ഇതിന്റെ ആവശ്യമെന്താണെന്നു തോന്നാം. കുറച്ചു കാശു സംഭാവന തന്നിട്ടുപോയാലും മതിയല്ലോ. പക്ഷേ, ഒരുതവണപോലും മുടങ്ങാതെ അവർ എത്തുന്നു. മാനസികരോഗികളായ തെരുവിന്റെ മക്കൾക്കു മുടി വെട്ടിക്കൊടുത്തും ക്ഷൗരം ചെയ്തും അവർ സമൂഹത്തോടുള്ള തങ്ങളുടെ കടമ നിർവഹിക്കുന്നു. ഒരു പബ്ലിസിറ്റിക്കുമല്ല. ഇതുവരെ അവരെക്കുറിച്ച് ഒരിടത്തും ഒരു വാർത്തപോലും വന്നു കണ്ടിട്ടില്ല.

മാനസിക രോഗികളും തങ്ങളെപ്പോലെതന്നെ ഈ നാടിന്റെ അവകാശികളാണെന്ന ചിന്ത. അതു മാത്രമാണ് അവരെ ഈ വലിയ നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നത്’’– മേരി പറ​ഞ്ഞുനിർത്തി. മേരിയെപ്പോലെ, തൃശൂരിലെ ബിസിനസുകാരെ പോലെ, മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുമ്പോഴല്ലേ കരുണ പിറക്കുന്നത്?
സത്യത്തിൽ അതല്ലേ തിരുപ്പിറവി?
(ബേത്‌ലഹം അഭയഭവൻ ഫോൺ: 04842641374)