ബെയ്‌ജിങ്∙ മതപണ്ഡിതനു മുന്നിൽ പുകവലിക്കാൻ ‘ധൈര്യം കാട്ടാതിരുന്ന’ കമ്യൂണിസ്റ്റ് പാർട്ടി പ്രാദേശിക നേതാവിനെ ചൈന തരംതാഴ്ത്തി. ഉയിഗുർ വംശജരായ മുസ്‌ലിംകൾക്കു ഭൂരിപക്ഷമുള്ള ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലാണു സംഭവം.
തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഭീരുത്വം മൂലമാണു സിൻജിയാങ്ങിലെ ഹോട്ടാൻ ഗ്രാമത്തിലെ പാർട്ടി നേതാവ് ജലീൽ മട്‌നിയാസ് മതപണ്ഡിതർക്കു മുന്നിൽ പുകവലി ഒഴിവാക്കിയതെന്നാരോപിച്ചാണ് അച്ചടക്കനടപടി.
സിൻജിയാങ്ങിലെ ശക്തമായ മതചിന്തയാണ് ഇതിനു കാരണമെന്നും ഇതിനെതിരെ പോരാടേണ്ട നേതാവ് അതിനു വഴങ്ങിയതു ശരിയായില്ലെന്നും പാർട്ടി നിരീക്ഷിക്കുന്നു. ചൈനീസ് ഭരണകൂടത്തിനെതിരെ ഉയിഗുർ വംശജർ സിൻജിയാങ് മേഖലയിൽ സായുധ പ്രക്ഷോഭത്തിലാണ്.